June 26, 2026 |
Share on

ധർമ്മസ്ഥല കേസ്: 20 ഉദ്യോഗസ്ഥർ കൂടി സംഘത്തിലേക്ക്, അന്വേഷണം ഇന്ന് ആരംഭിക്കുമോ?

സൗമ്യലത ഐപിഎസ് സംഘത്തിൽ നിന്ന് പിൻമാറി

കർണാടകയിലെ ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്തെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ച് കർണാടക സർക്കാർ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലേക്ക് (SIT) 20 പോലീസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി ഉത്തരവിറക്കി. ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമഗളൂരു എന്നീ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പുതുതായി അന്വേഷണ സംഘത്തിന്റെ ഭാഗമാകുന്നത്.

നേരത്തെ, സംസ്ഥാന സർക്കാർ നാല് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി SIT രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിൽ നാലംഗ ഐപിഎസ് സംഘത്തെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സംഘത്തിൽ നിന്ന് രണ്ട് പേർ പിൻമാറുകയാണെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

സൗമ്യലത ഐപിഎസ് ആണ് സംഘത്തിൽ നിന്ന് പിൻമാറിയവരിൽ ഒരാളെന്നാണ് വിവരം. എസ്‌ഐടി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പിൻവാങ്ങൽ, വ്യക്തിപരമായ കാരണങ്ങളാൽ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

നിലവിൽ, പ്രത്യേക അന്വേഷണ സംഘത്തിലേക്ക് (SIT) 20 അധിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കർണാടക ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ഡോ. എം.എ. സലീം ആണ് ഉത്തരവിട്ടിരിക്കുന്നത്.

മംഗളൂരു ഡിസിആർഇ എസ്പി സി.എ. സൈമൺ , ഉഡുപ്പി സിഇഎൻ സ്റ്റേഷനിലെ ഡിഎസ്പി എ.സി. ലോകേഷ് എന്നിവരെയും അന്വേഷണ സംഘത്തിൽ നിയമിച്ചിട്ടുണ്ട്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഡോ. പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘം പ്രാരംഭ നടപടികളുടെ ഭാഗമായി ഇന്ന് ധർമ്മസ്ഥല സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധർമ്മസ്ഥല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് SIT രൂപീകരിച്ചത്.

പുതിയ SIT ഘടന

അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ പ്രധാന നേതൃത്വം നൽകും. രണ്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ. ക്രിമിനൽ അന്വേഷണത്തിൽ പരിചയസമ്പന്നരായ ആറ് പോലീസ് ഇൻസ്പെക്ടർമാർ. താഴേത്തട്ടിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി എട്ട് സബ് ഇൻസ്പെക്ടർമാർ. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും പ്രാദേശിക കേസുകളെക്കുറിച്ചുമുള്ള പരിചയം കണക്കിലെടുത്ത് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ നിന്നാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വിപുലീകരണം ധർമ്മസ്ഥലയിലെ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

content summary: Dharmasthala Special Investigation Team

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×