June 26, 2026 |
Share on

ധർമ്മസ്ഥല അന്വേഷണം: SIT തലവന്റെ ഡെപ്യൂട്ടേഷൻ വിവാദത്തിൽ

പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടർനടപടികൾ നിർണായകമാണ്

ധർമ്മസ്ഥലയിലെ കൂട്ട കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തുന്ന അന്വേഷണം നിർണായക ഘട്ടത്തിലെത്തിനിൽക്കെ, SIT തലവൻ പ്രണബ് മൊഹന്തിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിച്ചത് പുതിയ ചർച്ചകൾക്ക് വഴിതുറന്നു. രാജ്യത്തുടനീളമുള്ള 35 ഐപിഎസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡെപ്യൂട്ടേഷൻ പട്ടികയിൽ കർണാടകയിൽ നിന്ന് ഇടം നേടിയ ഏക ഉദ്യോഗസ്ഥനാണ് മൊഹന്തി.

മൊഹന്തിയുടെ ഈ മാറ്റം അന്വേഷണത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതേസമയം, കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിഷയത്തിൽ പ്രതികരിച്ചു. “കേന്ദ്ര ഡെപ്യൂട്ടേഷനിൽ ആയിരിക്കുമ്പോൾ പോലും, അല്ലെങ്കിൽ അദ്ദേഹത്തെ മാറ്റേണ്ടി വരുമ്പോൾ, ഉദ്യോഗസ്ഥന് SIT കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് ഞങ്ങൾ ചർച്ച ചെയ്യും. നിയമം അനുവദിക്കുകയാണെങ്കിൽ, അദ്ദേഹം തുടരും, അല്ലെങ്കിൽ അതേ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് പകരം വരും,” എന്ന് മന്ത്രി വ്യക്തമാക്കി.

SIT ഉദ്യോഗസ്ഥർ പരിശോധന നടത്തിയ പ്രദേശങ്ങളിൽ നിന്ന്, മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചില്ലെങ്കിലും ചില സ്വകാര്യ വസ്തുക്കൾ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ വസ്തുക്കൾ കേസുമായി ബന്ധപ്പെട്ടതാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. കാണാതായ മെഡിക്കൽ വിദ്യാർത്ഥിനി അനന്യ ഭട്ടിന്റെ അമ്മയുടെ അഭിഭാഷകൻ എൻ. മഞ്ജുനാഥ്, ഖനന സ്ഥലങ്ങളിൽ നിന്ന് പാൻ കാർഡുകളും എടിഎം കാർഡുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഇത് അന്വേഷണത്തിൽ നിർണായകമായ സൂചനകളാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുറമെ പുരുഷന്മാരും കൊല്ലപ്പെട്ടതായാണ് ശുചീകരണ തൊഴിലാളി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പല കൊലപാതകങ്ങളും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും, മൃതശരീരങ്ങൾ മറവ് ചെയ്‌തില്ലെങ്കിൽ കൊലപ്പെടുത്തെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാളുടെ മൊഴിയിൽ പറയുന്നു.

ധർമ്മസ്ഥല കേസിന്റെ ദുരൂഹത നീക്കുന്നതിൽ SIT യുടെ തുടർനടപടികൾ നിർണായകമാണ്. പുതിയൊരു ഉദ്യോഗസ്ഥൻ ചുമതലയേൽക്കുകയാണെങ്കിൽ, കേസിന്റെ സങ്കീർണ്ണതകൾ മനസ്സിലാക്കാനും നിലവിലെ അന്വേഷണ സംഘവുമായി യോജിച്ച് പ്രവർത്തിക്കാനും സമയമെടുക്കും. മൊഹന്തിയുടെ മാറ്റം അന്വേഷണത്തിന്റെ വേഗതയെയോ ദിശയെയോ ബാധിക്കുമോ എന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും, നിയമപരമായ സാധ്യതകൾ പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നാണ് വിവരം.

content summary: SIT Chief Pranab Mohanty’s Central Deputation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×