June 26, 2026 |
Share on

ധർമ്മസ്ഥല; എൻഐഎ അന്വേഷണം വേണ്ട, ബിജെപിയുടെ ആവശ്യം തള്ളി കർണാടക സർക്കാർ

കേസന്വേഷണം ശരിയായ ദിശയിലാണ്

ധർമ്മസ്ഥല കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന ബിജെപിയുടെ ആവശ്യം തള്ളി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. നിലവിൽ കർണ്ണാടക പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമാണെന്നും എൻഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ജി പരമേശ്വര വ്യക്തമാക്കി. കർണാടക സർക്കാർ ഈ കേസ് അന്വേഷിക്കാൻ നിലവിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലുള്ള കേസന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും ജി പരമേശ്വര വ്യക്തമാക്കി. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനും സർക്കാർ ഇവർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായാണ് വ്യക്തമാക്കുന്നത്.

ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിനും ഹെഗ്‌ഗഡെ കുടുംബത്തിനും എതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ബിജെപി നേതാക്കളും മറ്റുള്ളവരും ആരോപിച്ചിരുന്നു. വിവാദത്തിന് പിന്നിൽ വലിയ ​ഗൂഢാലോചനയുണ്ടെന്നും, ഇതിന് വിദേശ ഫണ്ടിം​ഗ് ലഭിച്ചിരിക്കാമെന്നും ബിജെപി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാന പോലീസിലുള്ള വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ആ ആവശ്യം കർണാടക സർക്കാർ നിരസിച്ചു.

നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടതായി മഞ്ജുനാഥ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഈ കേസ് വിവാദമായത്. വെളിപ്പെടുത്തലിന് പിന്നാലെ ഇയാൾ കോടതിയിൽ ഹാജരാക്കിയ തലയോട്ടി 40 വർഷം പഴക്കമുള്ള ലബോറട്ടറി മാതൃകയാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

തന്റെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ നൽകിയ മൊഴിയിൽ പരാതിക്കാരനായ സി.എൻ. ചിന്നയ്യ നൂറുകണക്കിന് മൃതദേഹങ്ങൾ മറവുചെയ്ത സ്ഥലത്തുനിന്നാണ് തലയോട്ടി ലഭിച്ചതെന്ന് അവകാശപ്പെട്ടിരുന്നു. ഈ മൊഴി വലിയ കോലാഹലങ്ങൾ സൃഷ്ടിക്കുകയും ക്ഷേത്രനഗരിയിലെ 17 സ്ഥലങ്ങളിൽ തിരച്ചിൽ നടത്താൻ ഇടയാക്കുകയും ചെയ്തു. ശനിയാഴ്ച ചിന്നയ്യയെ എസ്ഐടി അറസ്റ്റ് ചെയ്യുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു.

തലയോട്ടി എങ്ങനെയാണ് സംഘടിപ്പിച്ചതെന്നും കോടതിയിൽ തെളിവായി ഹാജരാക്കിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഞായറാഴ്ച ചിന്നയ്യയെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. ഭയപ്പെട്ട നിലയിലായിരുന്ന അദ്ദേഹം ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. തനിക്ക് തലയോട്ടി നൽകിയ ആളുകളിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചിന്നയ്യ എസ്ഐടി ഉദ്യോഗസ്ഥരോട് പറഞ്ഞു. ചിന്നയ്യയുടെ മൊബൈൽ ഫോണിനായും എസ്ഐടി തിരച്ചിൽ നടത്തുന്നുണ്ട്. ജൂലൈ 11ന് തലയോട്ടിയുമായി കോടതിയിൽ ഹാജരാകുന്നതിന് മുൻപ് ഇയാളുടെ കൂട്ടാളികൾ ഫോൺ കൈക്കലാക്കിയതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു. അറസ്റ്റിന് മുൻപുള്ള ആഴ്ചകളിൽ തന്റെ അഭിഭാഷകന്റെ നിർദേശപ്രകാരം ചിന്നയ്യ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയിരുന്നു. ഇത് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്ഐടി കരുതുന്നു.

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സുജാത ഭട്ടിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരുന്നു. 2001ൽ ധർമ്മസ്ഥല ക്ഷേത്രപരിസരത്ത് വച്ച് തന്റെ മകളെ കാണാതായതായാണ് സുജാത ഭട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്ക് അങ്ങനൊരു മകളില്ലെന്നാണ് സുജാത ഭട്ട് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

1998-നും 2014-നും ഇടയിൽ താൻ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ മറവ് ചെയ്തതായി ഇയാൾ SIT-യോട് പറഞ്ഞിരുന്നു. സംശയിക്കുന്ന 15 സ്ഥലങ്ങളിൽ, ആറാമത്തെ സ്ഥലത്ത് നിന്ന് ഒരു പുരുഷന്റെ അസ്ഥികൂടം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്.

content summary: Karnataka home minister dismisses NIA probe into Dharmasthala case

Leave a Reply

Your email address will not be published. Required fields are marked *

×