June 26, 2026 |
Share on

ധർമ്മസ്ഥല: അന്വേഷണ സംഘം കണ്ടെത്തിയ ഐഡി കാർഡുകൾ നെലമംഗലയിലെ കുടുംബത്തിന്റേത്

13 സ്ഥലങ്ങളിൽ ഒന്നാമത്തേതിൽ നടത്തിയ പരിശോധനയിലാണ് കാർഡുകൾ കണ്ടെത്തിയത്

കർണാടകയിലെ ധർമ്മസ്ഥലയിൽ രഹസ്യമായി മൃതദേഹങ്ങൾ മറവുചെയ്തതായി മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ എടിഎം കാർഡും പാൻ കാർഡും നിർണായക തുമ്പായി. ഈ കാർഡുകൾ ബെംഗളൂരുവിനടുത്ത് നെലമംഗലയിലെ ഒരു കുടുംബത്തിന്റേതാണെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

എസ്‌ഐ‌ടി നടത്തിയ അന്വേഷണത്തിൽ, എടിഎം കാർഡ് സിദലക്ഷ്മ എന്ന സ്ത്രീയുടെതാണെന്നും, പാൻ കാർഡ് അവരുടെ മകൻ സുരേഷിന്റെതാണെന്നും വ്യക്തമായി. സുരേഷ് മദ്യപാനം കാരണം മാർച്ച് മാസത്തിൽ മരിച്ചിരുന്നു. ധർമ്മസ്ഥല സന്ദർശനത്തിനിടെ സുരേഷിന് കാർഡുകൾ നഷ്ടപ്പെട്ടതായും, അവ നേത്രാവതി നദിയുടെ തീരത്ത് അടിഞ്ഞുകൂടിയതാണെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മദ്യപാന ശീലം കാരണം മകനെ പലപ്പോഴും വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നതായി സിദലക്ഷ്മ മൊഴി നൽകി.

“അഞ്ച് വർഷം മുൻപ് ഞങ്ങൾ കുടുംബത്തോടൊപ്പം ധർമ്മസ്ഥലയിൽ പോയിരുന്നു. അന്ന് എന്റെ എടിഎം കാർഡ് ഉപയോഗിച്ചത് അവനാണ്. ആ സമയത്താണ് കാർഡുകൾ നഷ്ടപ്പെട്ടെന്ന് അവൻ പറഞ്ഞത്. എടിഎം കാർഡ് നഷ്ടപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ അത് ബ്ലോക്ക് ചെയ്തു,” സിദലക്ഷ്മ പറഞ്ഞു.

നേരത്തെ, മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച 13 സ്ഥലങ്ങളിൽ ഒന്നാമത്തേതിൽ നടത്തിയ പരിശോധനയിലാണ് കാർഡുകൾ കണ്ടെത്തിയത്. അഴുകിയ ചുവപ്പ് ബ്ലൗസ്, പാൻ കാർഡ്, എടിഎം കാർഡ് എന്നിവ ഏകദേശം 2.5 അടി താഴ്ചയിൽ നിന്ന് ലഭിച്ചതായി അഭിഭാഷകൻ എൻ. മഞ്ജുനാഥ് പറഞ്ഞിരുന്നു. ഈ കണ്ടെത്തലുകൾ അന്വേഷണത്തിന് പുതിയ വഴി തുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതിനിടെ, ആറ് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥലങ്ങളിൽ നിന്ന് അവശിഷ്ടങ്ങൾ ഒന്നും ലഭിച്ചില്ല. എന്നാൽ, ആറാമത്തെ സ്ഥലത്ത് നിന്ന് അസ്ഥികൂടത്തിന്റെ ഭാഗങ്ങളും വസ്ത്രങ്ങളും കണ്ടെത്തി. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. മൃതദേഹങ്ങൾ മറവുചെയ്യാൻ തന്നെ നിർബന്ധിച്ചെന്നും, പോലീസിനെ സമീപിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശുചീകരണ തൊഴിലാളി നേരത്തെ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 4-ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

content summary: SIT Identifies Owner of Cards Found at Dharmasthala Burial Site

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×