June 26, 2026 |
Share on

ധർമ്മസ്ഥലയിൽ സംസ്കരിച്ചത് 400ലധികം തിരിച്ചറിയാത്ത മൃതദേഹങ്ങൾ, തെളിവ് ഔദ്യോഗിക രേഖകൾ

പത്മലത കേസ് അന്വേഷണം തടഞ്ഞത് കോൺഗ്രസായിരുന്നു

വീരേന്ദ്ര ഹെ​ഗഡെ ഭരിക്കുന്ന സാമ്രാജ്യത്തെ വിറപ്പിച്ച വെളിപ്പെടുത്തലായിരുന്നു ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളി നടത്തിയത്. എന്നാൽ കേസിലെ പരാതിക്കാരനും സാക്ഷിയുമായ ശുചീകരണ തൊഴിലാളിയുടെ അറസ്റ്റ് കേസിൽ വഴിത്തിരിവായിരിക്കയാണ്. അനന്യ ഭട്ടിന്റെ തിരോധാനം സംബന്ധിച്ച തന്റെ വെളിപ്പെടുത്തൽ നുണക്കഥയാണെന്ന സുജാത ഭട്ടിന്റെ പ്രഖ്യാപനം കൂടി വന്നതോടെ കേസിൽ ധർമ്മാധികാരി വീരേന്ദ്ര ഹെഗഡെ നിരപരാധിയാണെന്നും ജനം വിധിയെഴുതി കഴിഞ്ഞു.

എന്നാൽ ഇതോടെ വിവാദങ്ങളുടെയും പരാതികളുടെയും കെട്ടടങ്ങുമെന്ന് വിചാരിക്കണ്ട. സൌജന്യ, പത്മലത അങ്ങനെ ഹെഗഡെയ്ക്കെതിരെ വ്യക്തമായ തെളിവുകകളുണ്ടായിട്ടും വർഷങ്ങളായി ഇരുട്ട് മൂടികിടക്കുന്ന നിരവധി കേസുകളാണ് ഇപ്പോഴും നിലവിലുള്ളത്. ഇതോടെ ആ കേസുകളും വ്യാജമാണെന്ന് വിധിയെഴുതുമോ എന്ന ചോദ്യങ്ങളുമുയരുന്നുണ്ട്.

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ തെറ്റാണെന്ന് തന്നെയിരിക്കട്ടെ. എന്നാൽ 2000 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ഏതാണ്ട് 400ലധികം തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ബൽത്തങ്കടി താലൂക്കിൽ നിന്നും ചുറ്റുവട്ടത്ത് നിന്നും ലഭിച്ചിട്ടുണ്ട് അതിന് ആര് ഉത്തരം പറയുമെന്ന് ചോദിക്കുകയാണ് ബെല്‍ത്തങ്കടി താലൂക്കിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ സെക്രട്ടറി വിഷ്ണു മൂര്‍ത്തി. അവയിൽ ഭൂരിപക്ഷവും 15നും 25നും ഇടയിലുള്ള പെൺകുട്ടികളുടേതാണ്. ഇവയുടെ വിശദാംശങ്ങൾ പഞ്ചായത്തിന്റെയും പൊലീസിന്റെയും ഔദ്യോ​ഗിക രേഖകളിലുണ്ട്. യുഡിആർ അഥവ അൺ ഐഡന്റിഫൈഡ് ഡെഡ്ബോഡീസ് എന്ന് പേരിലാണ് അവയെ രേഖകളിൽ പട്ടികപ്പെടുത്തിയിട്ടുള്ളതെന്നും വിഷ്ണു മൂർത്തി ഭട്ട് വ്യക്തമാക്കി.

ഇവയ്ക്ക് പിന്നിൽ ആരാണെന്ന് അവർ ഉത്തരം പറയേണ്ടതല്ലേ. അവർക്കൊക്കെ എന്ത് സംഭവിച്ചുവെന്ന് ഇതുവരെ ആർക്കും അറിയില്ല. 2008 മെയ് 6ന് ധർമ്മസ്ഥലയിൽ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും കുഴിച്ചിടുകയും ചെയ്തിരുന്നുവല്ലോ. ശരി, സുജാത ഭട്ടിന്റെയും ശുചീകരണ തൊഴിലാളിയുടേയും വെളിപ്പെടുത്തലുകൾ തെറ്റാണെന്ന് വാദത്തിൽ അവർ ഉറച്ച് നിന്നാലും വ്യക്തമായ തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് പത്മതലത കേസിലെ സത്യം പുറത്തുവരുന്നില്ലെന്നും വിഷ്ണു മൂർത്തി ഭട്ട് ചോദിക്കുന്നു.

ഹെ​ഗഡെയുടെ സഹോദരന് ഇതിൽ പങ്കുണ്ടെന്ന കാര്യത്തിന് കൃതൃമായ സാക്ഷിയും തെളിവുകളുമുണ്ട്. അതുപോലെ എങ്ങുമെത്താതെ പോയ മറ്റൊരു കേസാണ് സൗജന്യ കേസ്. ശുചീകരണ തൊഴിലാളിയുടെ വാദങ്ങൾ തെറ്റാണെന്ന വെളിപ്പെടുത്തലിൽ ഹെ​ഗഡെ നിരപരാധിയെന്ന് വിധിയെഴുതാൻ പറ്റില്ല. ഈ കേസുകളൊന്നും അന്വേഷിക്കാൻ എന്താണ് ആരും തയ്യാറാവാത്തത്. പത്മലത കേസിലെ അന്വേഷണം പോലും അന്ന് തടഞ്ഞത് കോൺ​ഗ്രസ് എംഎൽഎമാരായിരുന്നുവെന്നും വിഷ്ണു മൂർത്തി ഭട്ട് പറഞ്ഞു.

കർണ്ണാടകയിലെ കീരിടമില്ലാത്ത രാജാവ്. അങ്ങനെയാണ് പലരും വീരേന്ദ്ര ​ഹെ​ഗഡെയെ വിശേഷിപ്പിക്കുന്നത്. ഒരു സംസ്ഥാനം മുഴുവനായി അയാളുടെ കാൽചുവട്ടിലാണ്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഹെ​ഗഡെ. അയാൾക്ക് വേണ്ടി പാദസേവ ചെയ്യാനും തയ്യാറായി നിരവധി ആളുകളാണ് ഹെ​ഗഡെ സാമ്രാജ്യത്തിന് മുന്നിൽ നിരന്ന് നിൽക്കുന്നത്. എന്നാൽ ആ സാമ്രാജ്യത്തിന്റെയും ​​ഹെ​ഗഡെയെന്ന സർവ്വാധികാരിയുടെയും പതനത്തിലേക്കാണ് മഞ്ജുനാഥ ​ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടിയത്.

സൗജന്യ കേസ്, പത്മലത തട്ടിക്കൊണ്ടു പോകൽ, അനന്യ ഭട്ട് കേസ്, അങ്ങനെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലൂടെ ​നിരവധി കേസുകളാണ് വീണ്ടും ചർച്ചയായത്. 2012ലാണ് ധർമ്മസ്ഥലയിൽ 17 വയസ്സുകാരി സൗജന്യ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നത് 12 വർഷം പിന്നിട്ടിട്ടും കേസിൽ ഇതുവരെ നീതി ലഭിച്ചിട്ടില്ല.

തിരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് എസ്ഡിഎം കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പത്മലതയെ ​ഹെ​ഗഡെയുടെ ആളുകൾ ​തട്ടിക്കൊണ്ടു പോകുന്നത്. കോളേജ് കഴിഞ്ഞ് വൈകിട്ട് സുഹൃത്തുകള്‍ക്കൊപ്പം ധര്‍മ്മസ്ഥലയില്‍ ബസിറങ്ങിയത് ആയിരുന്നു പത്മലത. പ്രിന്‍സിപ്പളായിരുന്ന പ്രഭാകരെന്ന വ്യക്തിയും വീരേന്ദ്ര ഹെഗഡെയുടെ സഹോദരന്‍ ഹര്‍ഷേന്ദ്ര കുമാറും കാറിലുണ്ടായിരുന്നത്. എല്ലാവരുടെയും മുന്നില്‍ വച്ചായിരുന്നു പത്മലതയെ കൊണ്ടുപോയത്. വർഷങ്ങൾക്കുള്ളിൽ ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കേസുകൾ വീണ്ടും ചർച്ചയാകുമ്പോൾ തന്റെ സാമ്രാജ്യം തകരുമെന്ന് ​ഹെ​ഗഡെ ഭയക്കുന്നുണ്ട്. ഹെഗഡെയുടെ നിരപരാധിത്വം പ്രഖ്യാപിച്ചാൽ നീതി ലഭിക്കാതെ പോകുന്നത് ഇവർക്കെല്ലാം ആവും.

content summary: Over 400 unidentified bodies buried in Dharmasthala, official documents confirm; Congress blocked the Padmalatha case probe

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×