June 26, 2026 |
Share on

എയർ ഇന്ത്യ വിമാനദുരന്തം: മൃതദേഹങ്ങൾ മാറി, പരാതിയുമായി ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബങ്ങൾ

ഒന്നിലധികം പേരുടെ ശരീരഭാഗങ്ങൾ കൂട്ടിച്ചേർത്ത നിലയിലായിരുന്നു

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറി നൽകിയതായി പരാതി. രണ്ട് കുടുംബങ്ങളാണ് ഈ ഗുരുതര ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. മൃതദേഹം മാറിപ്പോയതിനാൽ ഒരു കുടുംബത്തിന് സംസ്കാര ചടങ്ങ് മാറ്റിവെക്കേണ്ടി വന്നതായും വിവരമുണ്ട്. വ്യോമയാന അഭിഭാഷകൻ ജെയിംസ് ഹീലി-പ്രാറ്റിനെ ഉദ്ധരിച്ച് ഗാർഡിയനാണ് ഈ വിവരം പുറത്തുവിട്ടത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലണ്ടൻ സന്ദർശനത്തിന് മുന്നോടിയായാണ് ഈ വെളിപ്പെടുത്തൽ.

ഒരു കുടുംബത്തിന് ലഭിച്ച ശവപ്പെട്ടിയിൽ അജ്ഞാതനായ യാത്രക്കാരന്റെ മൃതദേഹമാണ് ഉണ്ടായിരുന്നത്. മറ്റൊരു കുടുംബത്തിന് ലഭിച്ചതാകട്ടെ, ഒന്നിലധികം പേരുടെ ശരീരഭാഗങ്ങൾ കൂട്ടിച്ചേർത്ത നിലയിലായിരുന്നു. ഈ പിഴവുകൾ കാരണം പല കുടുംബങ്ങൾക്കും സംസ്കാരച്ചടങ്ങുകൾ മാറ്റിവെക്കേണ്ടി വന്നു. ലണ്ടൻ കൊറോണർ ഡോ. ഫിയോണ വിൽകോക്സ്, തിരിച്ചയച്ച മൃതദേഹങ്ങളിലെ ഡിഎൻഎയും കുടുംബങ്ങൾ നൽകിയ സാമ്പിളുകളും തമ്മിൽ ഒത്തുനോക്കി പരിശോധിച്ചപ്പോഴാണ് ഈ തെറ്റുകൾ വ്യക്തമായത്.

“കഴിഞ്ഞ ഒരു മാസമായി ഞാൻ ഈ ദുരിതത്തിലായ ബ്രിട്ടീഷ് കുടുംബങ്ങളുടെ കൂടെയുണ്ടായിരുന്നു. അവർക്ക് ആദ്യം വേണ്ടത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചുകിട്ടുക എന്നതാണ്. അവരിൽ ചിലർക്ക് തെറ്റായ ശരീര ഭാഗങ്ങളാണ് ലഭിച്ചത്, ഇത് അവരെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. രണ്ടാഴ്ചയായി ഈ പ്രശ്നം തുടരുകയാണ്. കുടുംബങ്ങൾക്ക് ഒരു വിശദീകരണം ലഭിക്കാൻ അർഹതയുണ്ടെന്ന് ഞാൻ കരുതുന്നു,” അഭിഭാഷകൻ ജെയിംസ് ഹീലി-പ്രാറ്റ് പറഞ്ഞു.സംഭവത്തിൽ കൊറോണറിനും പ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ട്.

തൻ്റെ അധികാരപരിധിയിൽ ഒരു അജ്ഞാത വ്യക്തിയുടെ മൃതദേഹം ഉള്ളതിനാൽ കൊറോണർ ഡോ. ഫിയോണ വിൽകോക്സും പ്രതിസന്ധിയിലാണെന്ന് അഭിഭാഷകൻ ജെയിംസ് ഹീലി-പ്രാറ്റ് പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ വിൽകോക്സ് തയ്യാറായില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ തങ്ങളുടെ എംപിമാരുമായും, വിദേശകാര്യ ഓഫീസുമായും, പ്രധാനമന്ത്രിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും ഓഫീസുകളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഹീലി-പ്രാറ്റ് അറിയിച്ചു. വിഷയത്തിൽ എയർ ഇന്ത്യയിൽ നിന്നും അവരുടെ അടിയന്തര പ്രതികരണ കരാറുകാരിൽ നിന്നും ഔദ്യോഗിക പ്രതികരണം തേടുകയാണെന്ന് അഭിഭാഷകൻ അറിയിച്ചു.

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനിടെയാണ് തകർന്നു വീണത്. പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ എൻജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയും കത്തിയമരുകയുമായിരുന്നു.

ക്യാബിൻ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്താനായത്. വിമാനത്താവളത്തിന് സമീപമുള്ള ബി.ജെ. മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നു വീണത്. പ്രദേശവാസികളും, വിമാനം തകർന്നുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിൻ്റെ ആഘാതം വർദ്ധിപ്പിച്ചു.

content summary: Air India Crash, British Families Received Incorrect Remains

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×