ഇക്കഴിഞ്ഞ ജൂലൈ 4-നാണ് 1995 മുതല്‍ 2014വരെ ധര്‍മസ്ഥലയിലെ മഞ്ജുനാഥ് ക്ഷേത്രത്തില്‍ ശുചീകരണ തൊഴിലാളി ആയിരുന്ന ഒരു യുവാവ് രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. തൊഴിലാളിയുടെ മൊഴി പ്രകാരം പ്രസ്തുത കാലയളവില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം പേരുടെ ശവശരീരങ്ങള്‍ ധര്‍മസ്ഥലയില്‍ ക്ഷേത്രത്തിന്റെ ചുറ്റിലുമുള്ള പൊന്തക്കാടുകളില്‍ കുഴിച്ചിട്ടിട്ടുണ്ട് എന്നാണ്. ക്ഷേത്രം ഭാരവാഹികളുമായി ബന്ധമുള്ള ഒരു ക്ഷേത്ര ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്തത് എന്നും പശ്ചാത്താപവും ദൈവകോപവും മൂലമാണ് ഈ വൈകിയ വേളയില്‍ എങ്കിലും ഇത് തുറന്നു പറയുന്നതെന്നും അദ്ദേഹം പറയുന്നു. നേത്രാവതി നദിയുടെ പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കുന്ന ജോലിയാണ് ഇയാള്‍ ചെയ്തുകൊണ്ടിരുന്നത്. 1998 മുതലാണ് അവിടെ നഗ്നരായ സ്ത്രീകളുടെ മൃതദേഹങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആദ്യം അവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് വിവരം സൂപ്പര്‍വൈസറെ അറിയിക്കുകയായിരുന്നു. എന്നാല്‍ സൂപ്പര്‍വൈസര്‍ ഇയാളെ മര്‍ദിക്കുകയും മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ ഉത്തരവിടുകയും ചെയ്തു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധര്‍മ്മസ്ഥല ക്ഷേത്രം അഥവാ നീതിയുടെ ആരാധനാലയം
ദക്ഷിണ കന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കിലെ നേത്രാവതി നദിക്ക് സമീപത്തതായി 800 വര്‍ഷത്തോളം പഴക്കമുള്ള വളരെ പ്രശസ്തമായ ഒരു മത സ്മാരകമാണ് ധര്‍മ്മസ്ഥല. ഈ ക്ഷേത്രത്തിലെ പ്രധാന ദേവന്‍ ശിവലിംഗത്തിന്റെ രൂപം സ്വീകരിച്ച മഞ്ജുനാഥേശ്വരനാണ്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട വളരെ രസകരമായ ഒരു കഥയുണ്ട്. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്ന പ്രദേശം ബെല്‍ത്തങ്ങാടിയിലെ കുടുമ എന്ന ചെറിയ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബിര്‍മന്ന പെര്‍ഗഡെ എന്ന വളരെ പ്രശസ്തനായ ഒരു ജൈന ബണ്ട് മേധാവി നെല്ലിയാടി ബീഡുവിലെ ഈ വീട്ടില്‍ ഭാര്യ അമ്മു ബല്ലാള്‍ത്തിയോടൊപ്പം താമസിച്ചിരുന്നു ഒരു നല്ല ദിവസം, ധര്‍മ്മദേവന്റെ നാല് കാവല്‍ മാലാഖമാര്‍ മനുഷ്യരായി വേഷംമാറി അവരുടെ വീട്ടില്‍ പ്രവേശിച്ചു. ധര്‍മ്മപ്രചാരണത്തിലും പ്രസംഗത്തിലും അവര്‍ പ്രാവീണ്യം നേടിയിരുന്നു. പെര്‍ഗഡെ നാല് ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചതിനുശേഷം, ശരിയായ ആചാരങ്ങള്‍ നിര്‍വഹിക്കാന്‍ ബ്രാഹ്‌മണ പുരോഹിതന്മാരെ ക്ഷണിച്ചു. പുരോഹിതന്മാര്‍ പെര്‍ഗഡെയോട് ദൈവങ്ങള്‍ക്ക് സമീപം ഒരു ശിവലിംഗം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട്, ഈ പ്രധാന ഘടനകള്‍ക്ക് ചുറ്റും ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു. ഇങ്ങനെ നിരവധി ഐതിഹ്യങ്ങള്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലവില്‍ ഉണ്ട്.
ക്ഷേത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ദമ്പതികളായ ബിര്‍മന്ന പെര്‍ഗഡെയും അമ്മു ബല്ലാള്‍ത്തിയും ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിമാരാണ്. കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങള്‍ക്ക് വ്യത്യസ്ത പദവികളോ സ്ഥാനങ്ങളോ നല്‍കിയിട്ടുണ്ട്. മൂത്ത അംഗം ധര്‍മ്മ അധികാരി അല്ലെങ്കില്‍ ചീഫ് അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുകയും ഹെഗ്ഗഡെ എന്ന പദവി നേടുകയും ചെയ്യുന്നു. സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുക എന്നതാണ് പ്രധാനമായും അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇത് തുടരുന്നു. എന്നിരുന്നാലും, ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടിരിക്കുന്ന നിലവിലെ വ്യക്തി വീരേന്ദ്ര ഹെഗ്ഗഡെയാണ്. ഡോ. വീരേന്ദ്ര ഹെഗ്ഗഡെയുടെ കീഴിലുള്ള ക്ഷേത്ര സമിതിക്ക് പ്രശ്നങ്ങളില്‍ പങ്കുണ്ടെന്നാണ് പലരും ആരോപിക്കുന്നത്.
ആരാണ് വീരേന്ദ്ര ഹെഗ്ഗഡെ?
ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ട്രസ്റ്റായ ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥലയുടെ നിലവിലെ ധര്‍മ്മാധികാരി (തലവന്‍) ആണ് വീരേന്ദ്ര ഹെഗ്ഗഡെ. അദ്ദേഹം തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച് ധര്‍മ്മാധികാരി, പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ വിദഗ്ദ്ധന്‍, തത്ത്വചിന്തകന്‍, മനുഷ്യസ്നേഹി എന്നീ ബഹുമുഖ വ്യക്തിയായി സ്വയം നിര്‍വചിക്കുന്നു.
1968 ല്‍ 20 വയസ്സുള്ളപ്പോള്‍ ഹെഗ്ഗഡെ ധര്‍മ്മാധികാരിയായി. കുടുംബപരമായ അവകാശത്തിന്റെ ഭാഗമായി 1968 ഒക്ടോബറില്‍, പത്തൊമ്പതാം വയസിലാണ് വീരേന്ദ്ര ഹെഗ്ഗഡെ ധര്‍മസ്ഥല ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായത്. 1993ല്‍ രാഷ്ട്രപതി ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ രാജര്‍ഷി പുരസ്‌കാരം നല്‍കി. ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന 2000ല്‍ സാമൂഹിക പ്രവര്‍ത്തനത്തിനും സാമൂഹിക സൗഹാര്‍ദ്ദത്തിനും വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി. ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന 2009ല്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടകരത്‌നം പുരസ്‌കാരം നല്‍കി. 2015ല്‍ മോദി സര്‍ക്കാരിന്റെ കാലത്ത് പത്മവിഭൂഷണും സമ്മാനിച്ചു.
നീതിയുടെ ആരാധനാലയത്തില്‍ അനീതി വിളയാടുമ്പോള്‍
‘എന്റെ മകളുടെ എല്ലെങ്കിലും തരു, അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനാണ്’ ഒരമ്മ സ്വതന്ത്ര ഇന്ത്യയുടെ നാണംകെട്ട ദുര്‍മുഖത്ത് നോക്കി ഉറക്കെ വിലപിക്കുകയാണ്. കോളേജ് വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ കൂട്ടുകാരൊത്ത് യാത്രയ്ക്ക് പോയ മകള്‍ കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വെച്ചാണ് ദുരൂഹമായി അപ്രത്യക്ഷയായത്. സ്‌കൂള്‍ ടീച്ചര്‍ വേദവല്ലി, വിദ്യാര്‍ത്ഥിനിയായ പദ്മലത, മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അനന്യ ഭട്ടിന്റെ തിരോധാനം, നാരായണ-യമുന ദമ്പതികളുടെ ഇരട്ടകൊലപാതകം, 17 വയസ്സുള്ള സൗജന്യ എന്ന കുട്ടിയുടെ കൊലപാതകം (പതിമൂന്ന് വര്‍ഷംമുമ്പ് കര്‍ണാടകത്തെ ഇളക്കിമറിച്ച കേസാണ്, സിബിഐ അന്വേഷിച്ചിട്ടും പ്രതികളിലേക്കെത്താതെ, തേഞ്ഞുമാഞ്ഞുപോയ കേസ്) തുടങ്ങിയ അതിക്രൂര കുറ്റ കൃത്യങ്ങളുടെയെല്ലാം പശ്ചാത്തലം ധര്‍മസ്ഥലം ആണ്. ഇവയൊന്നും കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നും ശക്തമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും വ്യക്തമാണ്. അതിന്റെ തെളിവ് ആണ് ധര്‍മസ്ഥല-പുദുവെട്ടു, കല്ലേരി, ബോളിയാര്‍ തുടങ്ങിയ വനമേഖലകളില്‍ കണ്ടെത്തിയിട്ടുള്ള അജ്ഞാത മൃതദേഹങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടേത് കൂടുതലും ചുട്ടതും വികൃതമാക്കപ്പെട്ട അവസ്ഥയിലോ ആയിരുന്നെന്നും വെളിവാക്കപ്പെട്ടിട്ടുണ്ട്. ചെറിയൊരു നഗരത്തില്‍ ഇത്രയധികം അസാധാരണമായ കൊലപാതകങ്ങള്‍ കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നു. ലൈംഗിക പീഡനം, ആസിഡ് ആക്രമണം, തെളിവുകള്‍ നശിപ്പിക്കുന്നതിനായി ശവശരീരങ്ങള്‍ വികൃതമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചതായി മാധ്യമങ്ങള്‍ നേരിട്ട് റിപ്പോട്ട് ചെയ്യുന്നു. അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും ശവക്കുഴികള്‍ കണ്ടെത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ നേതൃതം നല്‍കാമെന്നും വെളിപ്പെടുത്തല്‍ നടത്തിയ ആ തൊഴിലാളി സമ്മതിച്ചിരിക്കുകയുമാണ്.
ധര്‍മ്മസ്ഥല കേസ് കൂടുതല്‍ ദുരൂഹമാകുന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരും, പോലീസും, കര്‍ണാടകയിലെ മാധ്യമങ്ങളുമാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തല്‍ ദൃക്സാക്ഷി നേരിട്ട് നടത്തി രണ്ടാഴ്ചകള്‍ക്ക് ശേഷവും ഒരു ചെറു വിരലനക്കാന്‍ അധികാരികള്‍ തയ്യാറായില്ല. അതിനു പകരം എട്ടാം ക്ലാസുകാരന്റെ കോമണ്‍സെന്‍സിനു പോലും നിരക്കാത്ത ഒരു ന്യായ വാദം കര്‍ണാടക പോലീസ് നിരത്തി. എസ്‌കവേഷന്‍ ചെയ്തു കഴിഞ്ഞാല്‍ ആള്‍ നാടുവിടാന്‍ സാധ്യതയുണ്ട് എന്ന അപഹാസ്യമായ വാദമായിരുന്നു അത്. അതിനു പുറമെ ധര്‍മസ്ഥലയിലെ മജിസ്‌ട്രേട്ട് വെളിപ്പെടുത്തല്‍ നടത്തിയ യുവാവിനെ ഒരു വക്കീലിന്റെ സാന്നിധ്യം പോലും ഇല്ലാത്ത ഇല്ലാതെ 1.30 മണിക്കൂര്‍ ചോദ്യം ചെയ്തതായും വാര്‍ത്തകള്‍ പുറത്ത് വന്നു. മാധ്യമങ്ങളാകട്ടെ (കര്‍ണാടകയിലെ) ഒരു 100 ബ്രേക്കിംഗ് ന്യൂസിനു, അര ഡസന്‍ അന്തി ചര്‍ച്ചകള്‍ക്കും സ്‌കോപ് ഉണ്ടായിരുന്ന അതീവ ഗുരുതരമായ ഈ വിഷയത്തെ പൂര്‍ണമായും കയ്യൊഴിഞ്ഞു.
വീരേന്ദ്ര ഹെഗ്ഗഡെയും കുടുംബ ട്രസ്റ്റിന്റെ രാജവാഴ്ചയും
മഞ്ജുനാഥ ക്ഷേത്രം ഒരു കുടുംബ ട്രസ്റ്റിന്റെ പേരിലുള്ളതാണ്, വര്‍ഷം നാല്‍പ്പതു ലക്ഷത്തിലധികം ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നു എന്നാണ് ഏകദേശ കണക്ക്, അവിടെ കുമിഞ്ഞുകൂടുന്ന സ്വത്തുക്കള്‍ ഒരു കുടുംബത്തിലേക്കാണ് ചെന്നെത്തുന്നത് യാതൊരു ഓഡിറ്റും ഇല്ലാതെ, അതിനാല്‍ ഈ കുടുംബമാണ് ധര്‍മസ്ഥല നിയന്ത്രിക്കുന്നത്, പോലീസോ എന്തിന് സര്‍ക്കാരുകള്‍ പോലും തൊടാന്‍ ഭയക്കുന്ന ഒരു കൂട്ടരാണിവര്‍.
ധര്‍മ്മസ്ഥലയില്‍ ഒരു പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത് പോലും 2016 – ലോ മറ്റോ ആണെന്ന് തിരിച്ചറിയുമ്പോഴാണ് ഈ ട്രസ്റ്റിന്റെ പവര്‍ തിരിച്ചറിയുന്നത്. ആ ക്ഷേത്ര പരിസരത്തെ പോലീസും കോടതിയും, ആരാച്ചാരുമെല്ലാം ആ ട്രസ്‌റ് തന്നെ എന്ന് ചുരുക്കം.
ഒരു ജൈന ക്ഷേത്രമായത് കൊണ്ടാണ് സര്‍ക്കാര്‍ മഞ്ജുനാഥ ക്ഷേത്രം ഏറ്റെടുക്കാത്തതെന്ന വാദം ശരി വെച്ചാല്‍ പോലും ചില പ്രശ്‌നങ്ങളുണ്ട്. ജൈനനായ ഹെഗ്ഗഡെയുടെ ഒപ്പം ക്ഷേത്രകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ധര്‍മസ്ഥലയിലെ ഇതര ബ്രാഹ്‌മണ കുടുംബങ്ങളാണ് എന്നൊരു യാഥാര്‍ഥ്യം കൂടി ഉണ്ട്.
കളക്റ്റിവിസ്റ്റ്-ഗോത്രീയ രാഷ്ട്രീയം (Tribal-collectivist politics) മസ്‌കുലാനിറ്റി, സവര്‍ണ്ണത, ഫാഷിസ്റ്റ് പ്രവണത, അങ്ങനെയുള്ള കണ്‍സര്‍വേറ്റിവ് -ഫാര്‍ റൈറ്റ് സവിശേഷതകള്‍ എല്ലാം ധര്‍മ്മസ്ഥല കേസിലുണ്ട്. മുകളില്‍ സൂചിപ്പിച്ച വിരേന്ദ്ര ഹെഗ്ഗഡെയുടെ പ്രൊഫൈല്‍ വായിച്ചാല്‍ വ്യക്തമാകുന്ന ഒരു ചിത്രം മാറി മാറി വരുന്ന ഓരോ സര്‍ക്കാരുകള്‍ക്കും അയാള്‍ പ്രിയങ്കരന്‍ ആണ് എന്നതാണ്. 1968 – ല്‍ അധികാരത്തിലേറിയ ഹെഗ്ഗഡെ ഇന്നും തുടരുന്നു എന്നത് തന്നെ അധികാര ഭ്രമത്തിന്റെയും, ഫ്യുഡല്‍ ബോധത്തിന്റെയും ബാക്കി പത്രം ആണ്. ധര്‍മസ്ഥലയില്‍ ഇപ്പോള്‍ നടക്കുന്ന കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ എങ്ങും ഹെഗ്ഗഡെയുടെ പേരില്ലെങ്കിലും സ്വയം സാമൂഹ്യ സേവകന്‍ എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹം ട്രസ്റ്റിന്റെ അധിപന്‍ എന്ന നിലയില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥന്‍ ആണ്. ധര്‍മ്മസ്ഥലത്തെ പ്രദേശ വാസികളും ഏറെക്കുറെ ഹെഗ്ഗഡെയോട് അടുപ്പമുള്ളവരും, അനുയായികളും ആയത് കൊണ്ട് തന്നെ ഇതൊരു സങ്കീര്‍ണമായ വിഷയമായി തീരുന്നുണ്ട്.
രാഷ്ട്രീയ ഇടപെടലുകള്‍
ധര്‍മ്മസ്ഥല സംഭവവുമായി ബന്ധപ്പെട്ടു സിപിഐ എംപി പി സന്തോഷ് കുമാര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച കത്തില്‍ ഇങ്ങനെ പറയുന്നു ‘ഇത് ഒറ്റപ്പെട്ട കുറ്റകൃത്യങ്ങള്‍ അല്ല ശക്തരായ ക്രിമിനല്‍ സംഘങ്ങളാണ് ഇതിന് പിന്നിലെന്നും ഉറപ്പാണ്. ആക്ടിവിസ്റ്റുകള്‍, വിവരാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, അന്വേഷണം ആവശ്യപ്പെട്ട കുടുംബങ്ങള്‍ എന്നിവര്‍ക്ക് നേരെയുള്ള ഭീഷണി, അതിക്രമം, അധികാര ദുരുപയോഗം തുടങ്ങിയ കാര്യങ്ങളും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. നിരവധിയായ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും പരാതികള്‍ നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു വിശ്വസനീയമായ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തയ്യാറായിട്ടില്ല. ഒരു അവലോകന കമ്മറ്റിയെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ രൂപീകരണ നടപടികള്‍ വൈകിപ്പിച്ചിരിക്കുകയാണ്. പ്രാദേശികമായി വളരെ ശക്തമായ സ്വാധീനം പുലര്‍ത്തുന്ന ക്രിമിനല്‍ ശക്തികള്‍ അന്വേഷണത്തെ തടസപ്പെടുത്തുന്ന സാഹചര്യത്തില്‍ വിശ്വസനീയമായ അന്വേഷണത്തിനായി എന്‍.ഐ.എയ്ക് ഈ കേസ് കൈമാറേണ്ടത് അത്യാവശ്യമാണ്. ധര്‍മ്മസ്ഥലയുടെ ആത്മീയ പവിത്രത സംരക്ഷിക്കപ്പെടേണ്ടതാണ്. ഇന്ത്യയിലുടനീളം ഭക്തര്‍ ആരാധിക്കുന്ന പുണ്യനഗരം ഭയം, സംശയം എന്നിവയാല്‍ കളങ്കിതമാകരുത്. കുറ്റവാളികളെ കണ്ടെത്തി, ശിക്ഷ ഉറപ്പാക്കേണ്ടണ്ടത് ധര്‍മ്മസ്ഥലയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്ന നമ്മുടെ കടമയാണ്. ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം’ കത്തില്‍ പറയുന്നു.
ധര്‍മസ്ഥല; കര്‍ണാടക സര്‍ക്കാര്‍ ഉറപ്പാക്കുന്നത് ഹെഗ്ഗഡെയുടെ നീതി മാത്രമോ?
മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വേണമെന്ന സമ്മര്‍ദ്ദം വിവിധ മേഖലകളില്‍ നിന്നും ശക്തമായതോടെ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള തീരുമാനം കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു. ഡിജിപി പ്രണബ് മൊഹന്തി അന്വേഷണത്തിന് നേതൃത്വം നല്‍കും. അതെ സമയം മുതിര്‍ന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് എസ്ഐടി വേണമെന്ന് നിവേദനം നല്‍കിയിരുന്നു. വന്‍ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളാണ് കുറ്റകൃത്യങ്ങള്‍ ചെയ്തതെന്നാണ് പരാതി. നിഷ്പക്ഷവും, കര്‍ശനവുമായ അന്വേഷണം വേണം. സമഗ്ര ഫോറന്‍സിക് പരിശോധന, അതിന്റെ വീഡിയോ ചിത്രീകരണം തുടങ്ങിയ അഞ്ചിന ആവശ്യങ്ങളും സംഘം ഉന്നയിച്ചിരുന്നു.
പിന്‍കുറിപ്പ്
ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും മതവും വിശ്വാസങ്ങളും നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു. വിഭജനത്തിനും അതിനുശേഷം അടുത്ത ദശകങ്ങളിലും പലതരത്തില്‍ ജാതിയും മതവും പരോക്ഷമായും പ്രത്യേക്ഷമായും ജനാധിപത്യ സംവിധാനത്തില്‍ ഇടപെടാന്‍ തുടങ്ങി. സ്വതന്ത്ര വീക്ഷണമുള്ള സര്‍ക്കാരുകള്‍ ഭരണത്തിലേറുമ്പോഴും യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ സമവാക്യങ്ങളില്‍ ജാതിമത ഇടപെടലുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഇന്ത്യന്‍ പൊതുബോധം അത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്.
മനുഷ്യത്വ വിരുദ്ധതയ്ക്കും, ക്രൂരതകള്‍ക്കും, നിഗൂഢതകളും പേര് കേട്ടവയാണ് ഇന്ത്യയിലെ പല മത സ്ഥാപനങ്ങളും എന്നത് പരസ്യമായ രഹസ്യമാണ്. ഭക്തിയും വിശ്വാസവും ആരാധനയും ഈശ്വരനും തന്നില്‍തന്നെ അന്തര്‍ലീനമാണ് എന്ന് ഉത്‌ഘോഷിച്ച ഒരു ചിന്താധാരയുടെ മേല്‍വിലാസം ഉപയോഗിച്ചാണ് ധര്‍മ്മസ്ഥല യിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് വൈരുധ്യം. ധര്‍മ്മസ്ഥല അഥവാ നീതിയുടെ ആരാധനാലയം ഇന്ന് അനീതിയുടെ പൊന്നാപുരം കോട്ടയായി മാറിയിരിക്കുന്നു എന്നാണു സമകാലിക സംഭവവികാസങ്ങള്‍ നമ്മളോട് പറയുന്നത്. The Injustices happening in The Dharmasthala burial case.
Content Summary; The Injustices happening in The Dharmasthala burial case
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.