July 16, 2026 |
Share on

തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊല: കവിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം, പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അറസ്റ്റിനായി പ്രതിഷേധം ശക്തം

ചെന്നൈയിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ എഞ്ചിനീയറായിരുന്നു കവിന്‍

തമിഴ്‌നാട് തിരുനെല്‍വേലിയില്‍ ദുരഭിമാനക്കൊലയുടെ ഇരയായ ദളിത് യുവാവ് കവിന്‍ സെല്‍വഗണേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീതി ഉറപ്പാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ശക്തമാകുന്നു. കവിന്‍ പ്രണയത്തിലായിരുന്ന സുഭാഷിണിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യണമെന്നാണ് കവിന്‍ സെല്‍വഗണേഷിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

ചെന്നൈയിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു കവിന്‍. സുഭാഷിണിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത് വരെ കവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി കവിന്റെ മൃതദേഹം തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സുഭാഷിണിയുടെ പിതാവ് ശരവണനും മാതാവ് കൃഷ്ണകുമാരിയും തമിഴ്നാട് സ്‌പെഷ്യല്‍ പോലീസ് (ടിഎസ്പി) സബ് ഇന്‍സ്‌പെക്ടര്‍മാരാണ്. കവിന്റെ കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ശരവണനെയും കൃഷ്ണകുമാരിയെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടും അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ മടിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. ശരവണന്‍ മണിമുത്താറിലെ തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയനിലും കൃഷ്ണകുമാരി രാജപാളയത്തെ ബറ്റാലിയനിലും സബ് ഇന്‍സ്‌പെക്ടര്‍മാരായി സേവനമനുഷ്ഠിക്കുകയായിരുന്നു. കൊലപാതകം അന്വേഷിക്കുന്ന തിരുനെല്‍വേലി സിറ്റി പോലീസ് ഇന്നലെ ദമ്പതികളെ ചോദ്യം ചെയ്തിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരനായ സുര്‍ജിത്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കൊലയ്ക്ക് പിന്നില്‍

ജൂലൈ 27-ന് കവിനും കുടുംബവും തിരുനെല്‍വേലിയിലെ കെടിസി നഗറിലുള്ള ഒരു ആശുപത്രിയിലായിരുന്നു. കവിന്റെ അമ്മ തമിഴ്‌ശെല്‍വിയുടെ പിതാവിനെ കാണാനാണ് കുടുംബം ആശുപത്രിയിലെത്തിയത്. ഈ സമയത്ത് സുഭാഷിണിയുടെ എസ് സുര്‍ജിത്ത് ആശുപത്രിയിലെത്തി കവിനെ സുഭാഷിണിയുടെ മാതാപിതാക്കള്‍ക്ക് കാണണമെന്ന് പറഞ്ഞ് സഹോദരന്‍ സുര്‍ജിത്ത് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കവിന്റെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്.

കുറച്ചുകഴിഞ്ഞ്, കവിന്റെ അമ്മ തമിഴ്‌ശെല്‍വിയും മറ്റുള്ളവരും ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കവിനും സുര്‍ജിത്തും റോഡില്‍ നില്‍ക്കുന്നത് കണ്ടു. അവര്‍ അടുത്തേക്ക് ചെന്നപ്പോള്‍, സുര്‍ജിത്ത് ജാതീയമായി അധിക്ഷേപിക്കുകയും കവിന്‍ തന്റെ സഹോദരിയെ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആക്രോശിക്കുകയും ചെയ്തു. ‘സുര്‍ജിത്ത് ഞങ്ങളെ ചീത്ത വിളിക്കുന്നതിനിടയില്‍ പെട്ടെന്ന് തന്നെ പിന്നില്‍ നിന്ന് വാളെടുത്ത് കവിനെ വെട്ടാന്‍ ശ്രമിച്ചു. കവിന്‍ സുര്‍ജിത്തിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ കൈക്ക് വെട്ടേറ്റു. കവിന്‍ ഓടി, സുര്‍ജിത്ത് അവനെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം കൊണ്ടുപോകാനും സ്ഥലം വിടാനും അവന്‍ എന്നോട് പറഞ്ഞു’ തമിഴ്‌ശെല്‍വി തന്റെ പരാതിയില്‍ വ്യക്തമാക്കി.

സുഭാഷിണിയുടെ കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കവിന്‍ നേരത്തെ സഹോദരനെ അറിയിച്ചിരുന്നെങ്കിലും നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും തമിഴ്‌ശെല്‍വി കൂട്ടിച്ചേര്‍ത്തു. അതേസമയം, സുര്‍ജിത്ത് കവിനെ ആക്രമിക്കുന്നതിന് മുന്‍പ് അവന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, തമിഴ്‌ശെല്‍വിയുടെ സഹോദരന്‍ രവി ഇക്കാര്യം തള്ളിയതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നടന്നത് ദുരഭിമാനക്കൊല

കവിന്റെ ബന്ധുക്കള്‍ പറയുന്നതനുസരിച്ച്, സിദ്ധ ഡോക്ടറായ സുഭാഷിണിയുമായി കവിന്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. ദളിത് യുവാവുമായുള്ള ബന്ധത്തെ സുഭാഷിണിയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. തമിഴ്‌നാട്ടിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ദേവേന്ദ്ര കുല വെള്ളാള സമുദായക്കാരനാണ് കവിന്‍. അതേസമയം, സുഭാഷിണിയുടെ കുടുംബം തേവര്‍ സമുദായത്തിലെ മറവര്‍ ഉപജാതിയില്‍പ്പെട്ടവരാണ്.

നഷ്ടപരിഹാരം നിഷേധിച്ച് കുടുംബം

തിരുനെല്‍വേലി ജില്ലാ ഭരണകൂടം അനുവദിച്ച സാമ്പത്തിക സഹായം കവിന്റെ കുടുംബം നിരസിച്ചു. പട്ടികജാതി/പട്ടികവര്‍ഗ്ഗ നിയമപ്രകാരം കവിന്റെ കുടുംബത്തിന് ആറ് ലക്ഷം രൂപയായിരുന്നു ജില്ലാ ഭരണകൂടം സാമ്പത്തിക സഹായം അനുവദിച്ചത്. തഹസില്‍ദാര്‍ ഈസൈവാണിയും ആദി ദ്രാവിഡര്‍ വെല്‍ഫെയര്‍ തഹസില്‍ദാര്‍ രാധാകൃഷ്ണനും ചേര്‍ന്ന് നല്‍കിയ ചെക്ക് കവിന്റെ അമ്മ തമിഴ് സെല്‍വി നിരസിച്ചു. ‘മകന്റെ കൊലപാതകത്തിന് വേണ്ടത് നീതിയാണ്, നഷ്പരിഹാരമല്ല’ കവിന്റെ പിതാവ് സി. ചന്ദ്രശേഖര്‍ പോലീസിനോട് പറഞ്ഞു.

കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരുന്നതിനായി കവിന്റെ ബന്ധുക്കള്‍ തിരുനെല്‍വേലി റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സന്തോഷ് ഹദിമണിയെ കണ്ട് കവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

കവിന്റെ കൊലപാതകത്തില്‍ എന്‍ടികെ നേതാവ് സീമാനും, വിസികെ നേതാവ് തോല്‍ തിരുമാവളവനും അപലപിച്ചു. പുതിയ തമിഴകം സ്ഥാപകന്‍ ഡോ. കെ. കൃഷ്ണസ്വാമി, അതിവേഗ നീതി ആവശ്യപ്പെട്ട് ജൂലൈ 31-ന് തിരുനെല്‍വേലി ജംഗ്ഷനില്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. ‘ദുരഭിമാനക്കൊലകള്‍’ തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. Tamil Nadu honor killing: protests intensify for the arrest of the girl’s parents

Content Summary: Tamil Nadu honor killing: protests intensify for the arrest of the girl’s parents

Leave a Reply

Your email address will not be published. Required fields are marked *

×