കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ലേയില്‍ വന്‍ പ്രതിഷേധം. സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രക്ഷോഭകരാണ് ലേയുടെ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ബിജെപി ഓഫീസ് കത്തിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പോലീസുകാര്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് കണ്ണീര് വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചതായി പോലീസ് അറിയിച്ചു.
ലേ അപെക്സ് ബോഡിയുടെ (LAB) യുവജന വിഭാഗം സെപ്റ്റംബര്‍ 10 മുതല്‍ 35 ദിവസത്തെ നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത 15 പേരില്‍ 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.
പ്രക്ഷോഭം ശക്തിപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒക്ടോബര്‍ 6-ന് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലഡാക്കിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ 2023 ജനുവരി 2-ന് ഒരു ഉന്നതതല സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ലഡാക്ക് അപെക്സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും (KDA) സംയുക്തമായാണ് പ്രക്ഷോഭം നടത്തുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ലഡാക്കില്‍ കേന്ദ്ര ഭരണത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. തങ്ങളുടെ ഭൂമി, സംസ്കാരം, വിഭവങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും നല്‍കണമെന്നാണ് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെടുന്നത്.
2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിച്ചപ്പോഴാണ് ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയത്. അന്ന്, സോനം വാങ്ചുക്ക് ഉള്‍പ്പെടെ ലേയിലെ പലരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനകം, ലെഫ്റ്റനന്റ് ഗവര്‍ണറുടെ കീഴിലുള്ള ഭരണം ഒരുതരം ‘രാഷ്ട്രീയ ശൂന്യത’ സൃഷ്ടിച്ചതായി ജനങ്ങള്‍ മനസ്സിലാക്കി.
ഈ അതൃപ്തി വലിയ പ്രതിഷേധങ്ങള്‍ക്കും നിരാഹാര സമരങ്ങള്‍ക്കും വഴിതെളിയിച്ചു. ബുദ്ധമത ഭൂരിപക്ഷമുള്ള ലേയിലെയും മുസ്ലീം ഭൂരിപക്ഷമുള്ള കാര്‍ഗിലിലെയും രാഷ്ട്രീയ, മത സംഘടനകള്‍ ആദ്യമായി ലഡാക്ക് അപെക്സ് ബോഡി (LAB), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (KDA) എന്നീ കൂട്ടായ്മകളിലൂടെ ഒന്നിച്ചു.
ഇതേത്തുടര്‍ന്ന്, ലഡാക്കിന്റെ ആവശ്യങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചു. എന്നാല്‍ തുടര്‍ന്നു നടന്ന ചര്‍ച്ചകളൊന്നും ഫലവത്തായില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ലഡാക്കി പ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ എന്നിവ സംബന്ധിച്ച തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞതായി നേതാക്കള്‍ ആരോപിച്ചതോടെ ചര്‍ച്ച പരാജയപ്പെട്ടു.
ലഡാക്കിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കും സമരത്തില്‍ പങ്കാളിയാണ്. കഴിഞ്ഞ 14 ദിവസമായി അദ്ദേഹം നിരാഹാരത്തിലാണ്. ‘ലേയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഒരിക്കല്‍ ശാന്തമായിരുന്ന ലഡാക്ക് ഇന്ന് സര്‍ക്കാരിന്റെ പരാജയപ്പെട്ട കേന്ദ്രഭരണ പരീക്ഷണത്തില്‍ നിരാശയിലാണ്. സംഭാഷണങ്ങള്‍ പുനരാരംഭിക്കാനും സംസ്ഥാന പദവിയും ആറാം ഷെഡ്യൂളും ഉടന്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ തയ്യാറാവണം. ജനങ്ങള്‍ ശാന്തരായിരിക്കണം,’ കാര്‍ഗില്‍ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാര്‍ഗിലി എക്സില്‍ കുറിച്ചു.
Content Summary: Demand for statehood for Ladakh, police and protesters clash
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.