സമൂഹത്തിൽ മതസ്പർധയുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്ന് വിദ്യാഭ്യാസം തന്നെ വഴിമുട്ടിയിരിക്കുന്ന മലയാളി പെൺകുട്ടിയുടെ നിസഹായതയാണ് അഭിഭാഷകനായ അഡ്വ. സി.ഷുക്കൂർ തിങ്കളാഴ്ച പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാകുന്നത്. മുസ്ലീം വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസമെന്ന അവകാശം ലംഘിക്കപ്പെട്ട വിഷയം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
ഇക്കഴിഞ്ഞ മെയിൽ ഹോസ്റ്റലിലെ ശുചിമുറിയിൽ ഹിന്ദിയിൽ “ഹിന്ദുസ്ഥാൻ നഹീഹെ മുസ്ലിം ബോലെ” എന്നു എഴുതിയെന്നാരോപിച്ചാണ് മുസ്ലിം വിഭാഗത്തിൽപ്പെട്ട പെൺകുട്ടിക്കെതിരെ പൊലീസ് 352 (2) ബിഎൻഎസ്എസ് പ്രകാരം കുറ്റം ചുമത്തുന്നത്. ചുമരെഴുത്ത് ഹോസ്റ്റൽ അധികാരികൾ മായ്ച്ച് കളയുകയും ചെയ്തിരുന്നു. എന്നാൽ അതിനിടയിൽ ആ ചുമരെഴുത്ത് ചിലർ ഫോട്ടോ എടുത്തു പൊലീസിൽ അറിയിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്താണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പെൺകുട്ടിയുടെ ഭാവിക്ക് ദോഷമായി കാര്യങ്ങൾ വരാൻ സാധ്യതയുള്ളത് കൊണ്ടാണ് വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും ഒരു വിദ്യാർത്ഥിനിയുടെ പഠനം മുടക്കാനുള്ള തരത്തിലുള്ള കുറ്റമല്ല ആരോപിക്കപ്പെട്ടിട്ടുള്ളതെന്നും അഡ്വ. സി.ഷുക്കൂർ അഴിമുഖത്തോട് പറഞ്ഞു. വിഷയത്തിൽ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും അഡ്വ. സി.ഷുക്കൂർ കൂട്ടിച്ചേർത്തു.
‘ഏത് സംസ്ഥാനത്താണ് സംഭവം നടന്നതെന്ന് എനിക്ക് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല. കേരളത്തിലെ പ്രഗത്ഭരായ ഒരു എംഎൽഎയും എംപിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പരാമർശിക്കപ്പെടുന്ന സംസ്ഥാനത്തെ ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു എംഎൽഎയും ഇടപെട്ടിട്ടുണ്ട്. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വളരെ ക്രൂരമായ നിലപാടാണ് ഉണ്ടായിരിക്കുന്നത്.
പെൺകുട്ടിയെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് വരെ നൽകിയിട്ടുണ്ട്. പെൺകുട്ടി എഴുതി എന്ന് അവകാശപ്പെടുന്ന വാക്യം അപ്പോൾ തന്നെ ഹോസ്റ്റൽ അധികൃതർ മായ്ച്ച് കളഞ്ഞു. അവിടെയുണ്ടായിരുന്നെന്ന് പറയുന്ന ചുമരെഴുത്തിൻ്റെ ഫോട്ടോ ഉപയോഗിച്ചിട്ടാണ് പെൺകുട്ടിയുടെ കൈയ്യെഴുത്താണിതെന്ന് അവകാശപ്പെടുന്നത്. നിലവിലുള്ള ഫോറൻസിക് സാധ്യത ഉപയോഗിച്ച് ചുമരിലുള്ള കൈയ്യെഴുത്തും കടലാസിലുള്ള കൈയ്യെഴുത്തും ആരുടേതാണെന്നുള്ളത് കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടാണ്. ഒരു ഫോട്ടോയാണ് തെളിവായി ഇവർ ഉയർത്തിക്കാട്ടുന്നത്. അതിന് എത്രത്തോളം വിശ്വാസ്യതയുണ്ടെന്ന് തെളിയിക്കേണ്ടതും അത്യാവശ്യമാണ്. തന്റെ പേരിൽ ഉന്നയിക്കുന്ന ആരോപണം പെൺകുട്ടി നിഷേധിച്ചിട്ടുമുണ്ട്. എന്നിട്ടും പെൺകുട്ടിയെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് പൊലീസും കോളേജ് അധികൃതരുമെല്ലാം സ്വീകരിച്ചിരിക്കുന്നത്. ഇനി കോളേജിലേക്ക് വരേണ്ടതില്ല എന്നാണ് അവരും അറിയിച്ചിരിക്കുന്നത്.
മുസ്ലീം വിഭാഗത്തിൽപ്പെട്ട ഒരു മലയാളി പെൺകുട്ടിയുടെ വിദ്യാഭ്യാസം എന്ന അവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ആരും തന്നെ ഇതിൽ പ്രതികരിക്കുന്നില്ലയെന്നതാണ് മറ്റൊരു കാര്യം. കാരണം വിഷയം ഇതുവരെയും ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്നുള്ള അംഗമല്ല അവൾ. എന്നിട്ടും നന്നായി പഠിച്ച് എഞ്ചിനീയറിങ്ങ് കോളേജിൽ അഡ്മിഷൻ നേടി. അങ്ങനെയൊരു കുട്ടിയുടെ അവകാശം നിഷേധിക്കപ്പെടാൻ പാടില്ലല്ലോ. വേണമെങ്കിൽ ഹൈക്കോടതിയിൽ പോയി ഓർഡർ വാങ്ങി വരാനാണ് കോളേജിൽ നിന്നും അറിയിച്ചിരിക്കുന്നത്.
21 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്. വീട്ടിൽ നിന്ന് മാറി നിന്ന് വിദ്യാഭ്യാസം നടത്തുന്ന ഒരു പെൺകുട്ടിയെ ഒറ്റപ്പെടുത്തുന്ന തരത്തിലാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്. പെൺകുട്ടിക്ക് ജാമ്യം നേടിക്കൊടുത്ത വക്കീലും സംസാരിക്കാൻ തയ്യാറായിട്ടില്ല.
ജൂലൈ 5ന് പൊലീസ് നൽകിയ നോട്ടീസിൽ കുട്ടിയെ അറസ്റ്റ് ചെയ്തിട്ടില്ലായെന്നാണ് പറയുന്നത്. മൊബൈൽ ഫോൺ പിടിച്ചു വെച്ചിട്ടു മാസം 2 കഴിഞ്ഞു. അതും തിരിച്ചു കൊടുക്കുന്നില്ല. പെൺകുട്ടിയെ സംബന്ധിച്ചടുത്തോളം വളരെ വിഷമകരമായ ഒരു ഘട്ടത്തിൽ കൂടിയാണ് കടന്നുപോകുന്നത്.

സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനത്തെ സർക്കാരും വിദ്യാഭ്യാസമന്ത്രിയുമാണ് ഇതിൽ ഇടപെടേണ്ടത്. അല്ലെങ്കിൽ ഹൈക്കോടതി വഴി പെൺകുട്ടിക്ക് നീതി ലഭിക്കണം. ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടായക്കുന്ന തരത്തിലുള്ള ആശയവിനിമയങ്ങൾ നടത്തുന്നതിനെയാണ് 353(2) ഭാരതീയ ന്യായസംഹിതയിൽ ഉൾപ്പെടുത്തുന്നത്. ഹിന്ദുസ്ഥാൻ നഹീഹെ മുസ്ലിം ബോലെ എന്നാണ് എഴുതിയത് എന്നാണ് പറയുന്നത്. ഇതിൽ ദേശവിരുദ്ധത എന്താണെന്ന് പോലും എനിക്ക് മനസിലാകുന്നില്ല. ഇന്ത്യ എന്നാണ് നമ്മുടെ രാജ്യത്തിന്റെ പേര്. ഹിന്ദുസ്ഥാൻ എന്നത് സംഘപരിവാറിന്റെ വാദമല്ലേ? സംഘപരിവാറിന്റെ ഒപ്പം നിൽക്കുക എന്നതല്ല ഒരു ജനാധിപത്യ രാജ്യത്തെ മതേതര ഗവൺമെന്റിന്റെ ഉത്തരവാദിത്തം.
പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിനോട് അയാളുടെ കോളേജ് അധികൃതർ വളരെ മാന്യമായല്ലേ പെരുമാറിയത്. ഒരു വർഷത്തോളം ജയിലിൽ കിടന്ന് തിരിച്ചെത്തിയ അലന് പരീക്ഷ എഴുതാനുള്ള അവസരമെല്ലാം ഒരുക്കിനൽകിയിരുന്നു. അലനോട് സ്ഥാപനം കാണിച്ച കരുണ കാണാതിരിക്കാനാകുന്നതല്ല. പെൺകുട്ടി തന്നെയാണ് എഴുതിയതെന്ന് പറഞ്ഞാൽ പോലും ഒരു വിദ്യാർത്ഥിയുടെ പഠനം മുടക്കാനുള്ള തരത്തിലുള്ള തെറ്റ് ആ കുട്ടിയുടെ മേൽ വരുന്നില്ല. സംഘപരിവാറിന്റെ സ്വാധീനം എത്രത്തോളം ഈ സംസ്ഥാനത്തെ പൊലീസുകാരിലുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്, അഡ്വ. സി.ഷുക്കൂർ അഴിമുഖത്തോട് പറഞ്ഞു.
കന്യാ സ്ത്രീകൾക്ക് നേരെയുള്ള വേട്ടയാടൽ പോലെ ഗൗരവം ഉള്ള വിഷയമാണ് നിലവിൽ ഉയർന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ കേരളത്തിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
Content Summary: Advocate C. Shukkur responds to the case of a Muslim girl accused of writing texts inciting religious hatred
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.