June 26, 2026 |
Share on

ഒരു കലാകാരനെയും ബാൻ ചെയ്യാൻ ഫെഡറേഷന് അധികാരമില്ല, രൺവീർ സിം​ഗിന് എതിരെയുള്ള വിലക്ക് പിൻവലിച്ച് സിനിമ സംഘടന

ഡോൺ 3 എന്ന ചിത്രത്തിൽ നിന്ന് അവസാന നിമിഷം പിന്മാറി എന്ന് ചൂണ്ടിക്കാട്ടിയാണ് രൺവീറിനെതിരെ മെയ് 25 ന് ഫിലിം ബോഡി വിലക്ക് ഏർപ്പെടുത്തിയത്.

ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയ്സ്. ഡോൺ 3 എന്ന ചിത്രത്തിൽ നിന്ന് അവസാന നിമിഷം പിന്മാറി എന്ന് ചൂണ്ടിക്കാട്ടിയാണ് രൺവീറിനെതിരെ മെയ് 25 ന് ഫിലിം ബോഡി വിലക്ക് ഏർപ്പെടുത്തിയത്. നിർമാണക്കമ്പനിയായ എക്‌സൽ എന്റർടെയ്ൻമെന്റ് ആണ് രൺവീറിനെതിരേ സംഘടനയെ സമീപിച്ചത്. സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ, ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് വിലക്ക് പിൻവലിച്ചതെന്ന് എഫ്ഡബ്ല്യുഐസിഇ പ്രസിഡന്റ് ബി. എൻ. തിവാരി അറിയിച്ചു. വിലക്കിനെതിരെ രൺവീർ സിംഗ് കഴിഞ്ഞ ദിവസം സംഘടനയ്ക്ക് നിയമപരമായ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ എഫ്ഡബ്ല്യുഐസിഇ ചീഫ് അഡ്വൈസർ അശോക് പണ്ഡിറ്റ്, രൺവീർ സിംഗിന്റെ നിയമപരമായ നോട്ടീസിന് തങ്ങളുടെ ലീഗൽ ടീം കൃത്യമായ മറുപടി നൽകുമെന്ന് വ്യക്തമാക്കി. തങ്ങൾക്ക് ആരെയും സിനിമയിൽ നിന്ന് പൂർണ്ണമായി വിലക്കാനുള്ള നിയമപരമായ അധികാരമില്ലെന്നും രൺവീറുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരോധനം എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ മാധ്യമങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു പ്രത്യേക വ്യക്തിയുമായി പ്രവർത്തിക്കുന്നതിനെതിരെ മാത്രമേ FWICE അംഗങ്ങളെ ഉപദേശിക്കാൻ കഴിയൂ എന്നും ആരെയും അവരുടെ തൊഴിൽ പിന്തുടരുന്നതിൽ നിന്ന് തടയാൻ കഴിയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രൺവീർ സിംഗ് അയച്ച നോട്ടീസ് ഫെഡറേഷന്റെ നിയമസംഘം പരിശോധിക്കുകയാണെന്നും ഉചിതമായ നിയമ മാർഗങ്ങളിലൂടെ പ്രതികരിക്കുമെന്നും അശോക് പണ്ഡിറ്റ് സ്ഥിരീകരിച്ചു.

ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ഡോൺ 3’യിൽ നിന്നും അവസാന നിമിഷം രൺവീർ പിന്മാറിയതിനെ തുടർന്നാണ് മെയ് 25-ന് സംഘടന താരത്തിനെതിരെ വിലക്ക് പ്രഖ്യാപിച്ചത്. രൺവീർ തങ്ങളുമായി മൂന്ന് ചിത്രങ്ങൾക്കുള്ള കരാറിൽ ഏർപ്പെട്ടിരുന്നതായി നിർമാണക്കമ്പനി പരാതിയിൽ പറയുന്നു. 45 കോടി നഷ്ടപരിഹാരമായി നൽകണമെന്നാണ് നിർമാണക്കമ്പനിയുടെ ആവശ്യം. കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് രൺവീർ സിംഗ് ഡോൺ 3-ൽ നിന്നും അപ്രതീക്ഷിതമായി പിന്മാറിയത്. രൺവീറിനെതിരെയുള്ള സംഘടനയുടെ നീക്കത്തിനെതിരെ നടി കങ്കണ റണാവത്, സംവിധായകൻ രാം ഗോപാൽ വർമ്മ, നിർമ്മാതാവ് നിഖിൽ ദ്വിവേദി തുടങ്ങിയ പ്രമുഖർ രംഗത്തെത്തിയിരുന്നു. കൂടാതെ, പ്രമുഖ നിർമ്മാതാവ് ടി. പി. അഗർവാൾ ഈ വിലക്കിനെ ചോദ്യം ചെയ്ത് ബോംബെ സിവിൽ കോടതിയെ സമീപിച്ചതും സംഘടനയെ പ്രതിരോധത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×