July 04, 2026 |
Share on

അതൊരു ചെറിയ നടന്റെ പടമല്ലേ’; പേര് വെട്ടിയപ്പോള്‍ സിനിമ സംഘടന നേതാവ് ചോദിച്ചതാണ്

സുരേഷ് ഗോപി ചിത്രത്തിന് വേണ്ടി സമരം ചെയ്യുന്നവര്‍ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നത്തെ അവഗണിച്ചു കളഞ്ഞവരാണ്

2024 ല്‍ മലയാളത്തില്‍ ഇറങ്ങിയൊരു സിനിമ. ആ സിനിമയ്ക്ക് അണിയറക്കാര്‍ നിശ്ചയിച്ചിരുന്ന പേര് ‘ഒരു ഭരത സര്‍ക്കാര്‍ ഉത്പന്നം’ എന്നായിരുന്നു. എന്നാല്‍ അതേ പേരില്‍ ആ സിനിമയ്ക്ക് തിയേറ്റുകളില്‍ എത്താന്‍ സാധിച്ചില്ല. പേരിലെ ‘ ഭാരത’ ഒഴിവാക്കേണ്ടി വന്നു.

2025 ല്‍ മറ്റൊരു സിനിമയും അതേ പ്രശ്‌നം നേരിടുകയാണ്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന പേരില്‍ നിന്നും ‘ ജാനകി’ ഒഴിവാക്കണം. സെന്‍സര്‍ ബോര്‍ഡിന്റെ പിടിവാശിക്കെതിരേ മലയാളത്തിലെ സിനിമ സംഘടനകള്‍ സമരത്തിലാണ്.

എന്നാല്‍ ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ ഭാഗമായവര്‍ക്ക് അവരുടെ ചിത്രം തിയേറ്ററില്‍ ‘ ഒരു സര്‍ക്കാര്‍ ഉത്പന്നം’ മാത്രമായി റിലീസ് ചെയ്യേണ്ടി വന്നപ്പോള്‍ ഇവിടുത്തെ സിനിമ സംഘടനകള്‍ എന്തു ചെയ്തു?

‘അതൊരു ചെറിയ നടന്റെ പടമല്ലേ’ എന്ന് നിസ്സാരവത്കരിച്ചു.

ഇന്നവര്‍ കത്രിക കുപ്പത്തൊട്ടിയിലേക്കെറിഞ്ഞു.

സുരേഷ് ഗോപി ചിത്രത്തിന്റെ പേര് വിവാദത്തില്‍ തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് ചലച്ചിത്ര പ്രവര്‍ത്തകര്‍ ‘ ആക്ഷന്‍ പാക്കഡ്’ പ്രതിഷേധമാണ് നടത്തിയത്. തലസ്ഥാനത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലുള്ള കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫിസിന് മുന്നില്‍, എഎംഎംഎയും ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ സംവിധായകരും നടീനടന്മാരും അടക്കം നൂറു കണക്കിന് ചലച്ചിത്ര പ്രവര്‍ത്തകരും, രാഷ്ട്രീയ, യുവജന സംഘടന പ്രതിനിധികളും പങ്കെടുത്തു. സെന്‍സര്‍ ബോര്‍ഡ് ഓഫിസിന് മുന്നില്‍ ഫിലിം റോള്‍ നാട കെട്ടി മുറിക്കാനെന്ന പ്രതീതിയില്‍ കത്രികകള്‍ നീട്ടി, ആ കത്രികള്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞായിരുന്നു സിനിമാക്കരുടെ പ്രതിഷേധം.

Janaki vs state of Kerala and Oru Bharatha sarkar Ulpannam; Title change controversies

സമരത്തിനിറങ്ങിയ സിനിമക്കാര്‍ പൊതുവായി പറഞ്ഞ ചില കാര്യങ്ങളുണ്ട്; ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കലാസമൂഹത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം, ഈ സമരം കേരളത്തില്‍ മാത്രം ഒതുങ്ങില്ല, കേന്ദ്രമന്ത്രിയുടെ സിനിമയായതുകൊണ്ടല്ല സമരത്തിന് ഇറങ്ങിയത്…

ഒരു വര്‍ഷം മുമ്പ് ഇറങ്ങിയ ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയ്ക്കും ഇതേ തടസങ്ങളായിരുന്നു നേരിട്ടത്. അന്ന് എഎംഎംഎയും ഫെഫ്കയും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമെല്ലാം എന്ത് ചെയ്തു?

അന്ന് തങ്ങളുടെ വിഷമം പറഞ്ഞ്, ഇടപെടണമെന്ന് അപേക്ഷിച്ച ഭാരത സര്‍ക്കാര്‍ ഉത്പന്നത്തിന്റെ അണിയറ പ്രവര്‍ത്തകരോട് സിനിമ സംഘടനയിലെ നേതാവ് പറഞ്ഞത്, ‘അതൊരു ചെറിയ നടന്റെ പടമല്ലേ’ എന്നായിരുന്നു. ആ വേദന ഉള്ളില്‍ ഇപ്പോഴുമുണ്ട് ആ ‘ചെറിയ’ സിനിമയുടെ ഭാഗമായിരുന്നവര്‍ക്ക്.

‘മാധ്യമങ്ങളും, പ്രേക്ഷകരും നല്‍കിയ പിന്തുണയല്ലാതെ സിനിമ മേഖലയില്‍ നിന്നോ, സംഘടനകളില്‍ നിന്നോ കാര്യമായ പിന്തുണ ഉണ്ടായില്ല’ ഈ നിരാശ പങ്കുവച്ചുകൊണ്ട്, ഭാരത് സര്‍ക്കാര്‍ ഉത്പന്നത്തിന്റെ ഭാഗമായിരുന്ന വ്യക്തി ഓര്‍മിപ്പിക്കുന്ന യാഥാര്‍ത്ഥ്യമുണ്ട്; ‘പ്രതിഷേധങ്ങള്‍ക്ക് എല്ലാം ഒരേ സ്വഭാവമാണ്’.

അവര്‍ ഇപ്പോഴത്തെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ‘ഞങ്ങള്‍ക്ക് ആ അവസ്ഥ മനസിലാകും, അതിലൂടെ കടന്നു പോയവരാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഒരിക്കലും കത്തി വയ്ക്കാന്‍ പാടില്ല. അതിനെതിരേ എല്ലാവരും ഒന്നിച്ചു നില്‍ക്കണം, പക്ഷഭേദം പാടില്ല. അന്ന് ഞങ്ങളെ ആരും ഓര്‍ത്തില്ല, ഈ സംഘടനകളില്‍ നിന്ന് ഒരാള്‍ പോലും വിളിച്ചില്ല’.

‘ഞങ്ങള്‍ക്ക് അന്നേ അറിയാമായിരുന്നു, ഇതിനിയും സംഭവിക്കുമെന്ന്’ ഒന്നിച്ചു നില്‍ക്കുക എന്നതുമാത്രമാണ് പ്രതിരോധം. അന്നതിനാരും തയ്യാറായില്ല, ഇപ്പോള്‍ അവര്‍ക്കത് ചെയ്യേണ്ടി വരുന്നു. ഈ പ്രതിരോധം ആവശ്യമാണ്’; ഒരു ഭാരത് സര്‍ക്കാര്‍ ഉത്പന്നത്തിന്റെ ഭാഗമായിരുന്നൊരാള്‍ അഴിമുഖത്തോട് പറഞ്ഞ വാക്കുകളാണിത്.

തിരുവനന്തപുരത്ത് നടന്ന സമരത്തില്‍ സിനിമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളുടെ കൂട്ടത്തില്‍ ‘ സീത’, ‘ സീതാരാമം’, ‘ പട്ടാളം ജാനകി’ ‘ ജാനകി ജാനേ’ എന്നീ സിനിമകളുടെ പോസ്റ്ററുകളും ഉണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അവര്‍ മറന്നു പോയതാണോ?

ആ പോസ്റ്റര്‍ ആയിരുന്നു ഇത്തരമൊരു സമരത്തിന്റെ ഏറ്റവും മുന്നില്‍ ഉയരേണ്ടിയിരുന്നത്. ആ പോസ്റ്റര്‍ വ്യക്തവും കൃത്യവുമായൊരു രാഷ്ട്രീയ സന്ദേശം നല്‍കുന്നതാണ്. ആ ചിത്രത്തിന്റെ അണിയറക്കാര്‍ സെന്‍സര്‍ ബോര്‍ഡിന് കീഴടങ്ങുകയല്ല ചെയ്തത്. അവര്‍ ഭാരത് എന്ന വാക്ക് ഒഴിവാക്കിയില്ല. പകരം അത് മറയ്ക്കുകയാണ് ചെയ്തത്.

Janaki vs state of Kerala and Oru Bharatha sarkar Ulpannam; Title change controversies

ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ തന്നെ അവര്‍ കാണിച്ച രാഷ്ട്രീയ ധൈര്യമായിരുന്നുവത്. സിനിമയുടെ പോസ്റ്റര്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാണ്, ഭാരത എന്ന വാക്ക് മറച്ചിരിക്കുകയാണ്. പേര് വെട്ടാന്‍ പറഞ്ഞ സെന്‍സര്‍ ബോര്‍ഡിനോട് ആ പേരിലൂടെ തന്നെ നടത്തിയ പ്രതിഷേധം. ഒരു സിനിമയുടെ പേര് എന്തായിരിക്കണമെന്ന് വരെ സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കുന്ന കാലത്ത്, പുതിയ തലമുറയ്ക്ക് വേണ്ടി തങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യേണ്ട ഉത്തരവാദിത്തമാണവര്‍ കാണിച്ചത്. നിര്‍ഭാഗ്യവശാല്‍ അവരെ പിന്തുണയ്ക്കാനോ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനോ സിനിമ മേഖല തയ്യാറായില്ല.

സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയ്ക്കാണ്, പിന്നീടതിന്റെ പേരില്‍ മാറ്റം വരുത്തിയാലേ പ്രദര്‍ശനാനുമതി നല്‍കൂ എന്ന തിട്ടൂരം ഇറക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഒരു പദ്ധതി, കഥാനായകനായ പ്രദീപിന്റെ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളായിരുന്നു ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത്, സുബീഷ് സുധിയും ഷെല്ലി കിഷോറും പ്രധാന വേഷത്തില്‍ എത്തിയ സിനിമ പറഞ്ഞത്( ചിത്രത്തിന്റെ തിരക്കഥാകൃത്തായ നിസാം റാവൂത്തര്‍ റിലീസിന് മുന്നേ ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചതും വേദനയായി). പ്രമേയമല്ല, ഭാരതം എന്ന പേരാണ് സെന്‍സര്‍ ബോര്‍ഡിന് പ്രശ്‌നമായത്, ഇപ്പോള്‍ ‘ജാനകി’ക്ക് സംഭവിച്ചതുപോലെ.

ഒരുപാട് മനുഷ്യര്‍ ഒരുപാട് കാലം പോരാടി നേടിയ സ്വാതന്ത്ര്യമാണ് നാം ഇന്ന് അനുഭവിക്കുന്നത്, ആ സ്വാതന്ത്ര്യം ഇനിയും നില്‍ക്കണം, അതിനുവേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു അന്നവര്‍ ഭാരതം മറച്ചു കൊണ്ട് നടത്തിയത്.

ഒരുപക്ഷേ, അന്നും ഇതേപോലെ സിനിമാക്കാരെല്ലാം സമരത്തിന് ഇറങ്ങിയിരുന്നുവെങ്കില്‍. അന്ന്, അതൊരു ചെറിയ നടന്റെ പടമല്ലേ എന്നു പറഞ്ഞൊഴിഞ്ഞവര്‍ക്ക്, ഈ സമരം രാജ്യമാകമാനം നീളുമെന്നും ഒരു ദിവസം കൊണ്ടിത് അവസാനിക്കില്ലെന്നും ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് ഓഫിസിനു മുന്നില്‍ നിന്നു പറയേണ്ടി വരുമ്പോള്‍, മാര്‍ട്ടിന്‍ നീമൊളറുടെ പ്രശസ്തമായ കവിത ഒരിക്കല്‍ കൂടി പ്രസക്തമാവുന്നു; ആദ്യമവര്‍…  Janaki vs state of Kerala and Oru Bharatha sarkar Ulpannam; Title change controversies, malayalam film bodies double stands 

Content Summary; Janaki vs state of Kerala and Oru Bharatha sarkar Ulpannam; Title change controversies, malayalam film bodies double stands

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×