നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ച് സർക്കാർ. പ്രതിഷേധത്തിൽ 19 പേർ മരിച്ചതായാണ് റിപ്പോർട്ട്. നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
ദേശീയ സുരക്ഷ പേരിലുള്ള സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിരോധനം പിൻവലിക്കുന്നത്. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. യുവതലമുറയുടെ ശക്തമായ പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് 19 മരണം സംഭവിച്ചത്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. ഇതോടെ പ്രക്ഷോഭം കൂടുതൽ ശക്തമാവുകയായിരുന്നു. പുതിയ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നൽകിയിരുന്നു. എന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയടങ്ങിയ മെറ്റ, ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇൻ എന്നിവയൊന്നും അവസാന തീയതിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിച്ചിരുന്നില്ല.
കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നേപ്പാൾ സർക്കാർ ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയ ഭീമന്മാരോട് ഒരു കോൺടാക്റ്റ് പോയിന്റ് സ്ഥാപിക്കാനും ഒരു റെസിഡന്റ് ഗ്രീവൻസ് ഹാൻഡ്‌ലിംഗ് ഓഫീസറെയും കംപ്ലയൻസ് ഓഫീസറെയും നാമനിർദ്ദേശം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ടിക് ടോക്ക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നിവ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ നേപ്പാളിൽ ഇപ്പോഴും ഉപയോഗത്തിലുണ്ട്.
കാഠ്മണ്ഡുവിലെ ചില ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സൈന്യത്തെ വിന്യസിക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. പാർലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാക്കളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചതായി അധികൃതരും ദൃക്സാക്ഷികളും പറഞ്ഞു.
പ്രതിഷേധക്കാർ അക്രമാസക്തരായതിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രാദേശിക സമയം രാത്രി 10 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കാഠ്മണ്ഡു ജില്ലാ ഓഫീസ് വക്താവ് മുക്തിറാം റിജാൽ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ജലപീരങ്കികളും ലാത്തിയും റബ്ബർ ബുള്ളറ്റുകളും ഉപയോഗിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും റിജാൽ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ വ്യാജ ഐഡികളിലൂടെ വിദ്വേഷ പ്രസംഗങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുകയും തട്ടിപ്പുകളും മറ്റ് കുറ്റകൃത്യങ്ങളും നടത്തുന്നുണ്ടെന്നാണ് സർക്കാരിന്റെ വാദം.
എന്നാൽ, അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നാണ് ജെൻസികൾ പറയുന്നത്. കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് പ്രകാരം നേപ്പാളിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 13.5 ദശലക്ഷവും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 3.6 ദശലക്ഷവുമാണ്. പലരും തങ്ങളുടെ ബിസിനസിനായി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു. നേപ്പാളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായതോടെ, ഇത് ബിസിനസിനെ ബാധിച്ചുവെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടത്.
പ്രതിഷേധത്തെത്തുടർന്ന് നേപ്പാളിന്റെ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജിവച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
content summary; 19 killed in Gen Z protests, Nepal lifts social media ban