നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും റോബിൻ ഉത്തപ്പയ്ക്കും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നേരത്തെ, സുരേഷ് റെയ്നയെയും ശിഖർ ധവാനെയും ഈ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു.
യുവരാജ് സിംഗിനോട് സെപ്റ്റംബർ 23 ന് ഹാജരാകണമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. റോബിൻ ഉത്തപ്പയോട് സെപ്റ്റംബർ 22 നും ഹാജരാകാൻ അറിയിച്ചിട്ടുണ്ട്.
ഈ കേസിൽ ബംഗാളി നടി മിമി ചക്രബർത്തി, നടൻ അങ്കുഷ് ഹസ്ര എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. നടി ഉർവശി റൗട്ടേലയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല. വാതുവെപ്പ് ആപ്പുകളുമായി സെലിബ്രിറ്റികൾക്കുള്ള ബന്ധം, അവർക്ക് ലഭിച്ച പ്രതിഫലം, ആശയവിനിമയ രീതി എന്നിവ മനസ്സിലാക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഗൂഗിൾ, മെറ്റ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ഇഡി ചോദ്യം ചെയ്തിരുന്നു.
നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പരസ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും, പ്രമുഖ വ്യക്തികൾ ഈ പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടർന്നുവെന്നാണ് ഇഡി കണ്ടെത്തിയത്. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മന്റ് ആക്ട് (FEMA) ലംഘനങ്ങൾ ഉൾപ്പെടെ വിവിധ നിയമങ്ങൾ ഈ വാതുവെപ്പ് ആപ്പുകൾ ലംഘിക്കുന്നതായി ഇഡി പറയുന്നു. ഏകദേശം 220 ദശലക്ഷം ഇന്ത്യക്കാർ വിവിധ വാതുവെപ്പ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നും അതിൽ 110 ദശലക്ഷം പേർ സ്ഥിരം ഉപയോക്താക്കളാണെന്നും ഇഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
1Xബെറ്റ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യംചെയ്യൽ. ഓൺലൈൻ മണി ഗെയിമിങ് ആപ്പുകൾ കേന്ദ്രം അടുത്തിടെ നിരോധിച്ചിരുന്നു.
Content Summary: Online betting case: ED summons Yuvraj Singh and Robin Uthappa
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.