കിഫ്ബിയുടെ മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇഡിയുടെ നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ”കിഫ്ബി ബോണ്ടിനെ ഒരു രാഷ്ട്രീയ വിവാദമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ് ഇഡിനോട്ടീസ്. ഇതിനപ്പുറത്തേക്ക് ഒരു ചുക്കും മുന്നോട്ട് പോകാന്‍ ഇഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല” തോമസ് ഐസക്ക് അഴിമുഖത്തോട് പ്രതികരിച്ചു.
”തിരഞ്ഞെടുപ്പ് സമയങ്ങള്‍ നോക്കിയാണ് ഇഡി ഇതിന് മുമ്പും നോട്ടീസ് അയച്ചത്. ആദ്യം നോട്ടീസ് വന്നത് 2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സമയത്താണ്. കേസ് വീണ്ടും മുറുകിയത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ്. പിന്നെ വിവാദങ്ങള്‍ വീണ്ടും ഉയര്‍ന്നത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും. ദേ ഇപ്പോ വീണ്ടും കേരളത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നോട്ടീസ് വന്നിരിക്കുകയാണ്.
അതുകൊണ്ട് തന്നെ ഇതിനെ രാഷ്ട്രീയമായി തന്നെ ഞങ്ങള്‍ നേരിടും. ഞങ്ങളുടെ തെളിവ് എടുക്കാതെ നിയമപരമായി അവര്‍ അന്വേഷണം പൂര്‍ത്തീകരിച്ച് നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. നിയമവകുപ്പുമായി ആലോചിച്ച് ഞങ്ങള്‍ നടപടി സ്വീകരിക്കും” തോമസ് ഐസക്ക് പറഞ്ഞു.
മസാലബോണ്ട് ഇടപാടില്‍ ഒരു ഫെമാ ലംഘനവും ഉണ്ടായിട്ടില്ല. പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രൊജക്ടുകളല്ലേ കിഫ്ബി നടപ്പാക്കുന്നത്. തപ്പിയാല്‍ എന്തെങ്കിലും തടയുമെന്നായിരിക്കണം ഇഡിയുടെ രാഷ്ട്രീയ യജമാനന്മാരുടെ ചിന്ത. തങ്ങളെപ്പോലെയാണ് മറ്റെല്ലാവരുമെന്നാണ് ഡല്‍ഹിയിലെ ബിജെപിക്കാര്‍ കരുതുന്നത്. എത്ര തപ്പിയിട്ടും ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇത്തവണ അടവൊന്ന് മാറ്റിയിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ടി.എം. തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവര്‍ക്കാണു നോട്ടീസ് നല്‍കിയിരിക്കുന്നത്. നാല് ദിവസം മുമ്പാണ് നോട്ടീസ് ലഭിച്ചത്. ഞങ്ങള്‍ ഇതാരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഇഡി കൃത്യമായിട്ട് മാധ്യമങ്ങള്‍ക്ക് പതിവുപോലെ ചോര്‍ത്തിക്കൊടുത്തിരിക്കുകയാണ്.
ഇതുവരെയും അന്വേഷണത്തിന് ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസുകള്‍. എന്റെ മാത്രമല്ല, കുടുംബാംഗങ്ങളുടെയടക്കം ബാങ്ക് രേഖകളുമായി ഹാജരാകാനായിരുന്നു ആദ്യ നോട്ടീസ്. ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. എന്തിനാണ് ഈ രേഖകള്‍ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അപ്പോള്‍ രേഖകളുടെ എണ്ണം കുറച്ചു. എങ്കിലും ഹാജരായേപറ്റൂ. ഞാന്‍ വീണ്ടും കോടതിയില്‍ പോയി. അപ്പോള്‍ കോടതിയും ചോദിച്ചു- എന്തിനാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്? അതിനു കാരണം വ്യക്തമാക്കണം. ഈ ചോദ്യത്തിന് ഇന്നേവരെ ഉത്തരം നല്‍കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല.
എന്താണ് കിഫ്ബി ചെയ്തിരിക്കുന്ന പ്രമാദമായ കുറ്റം? മസാലബോണ്ട് വഴി സമാഹരിച്ച തുകയിലൊരു ഭാഗം ഭൂമി വാങ്ങാന്‍ ഉപയോഗിച്ചിരിക്കുകയാണ്. ഇത് മസാലബോണ്ട് നിബന്ധന പ്രകാരം പാടില്ലാത്തതാണ്. പക്ഷേ, കിഫ്ബി ഭൂമി വാങ്ങുകയല്ല ചെയ്തത്. അക്വയര്‍ ചെയ്യുകയാണ് ചെയ്തത്. അത് അനുവദനീയവുമാണ്. ഭൂമി വാങ്ങലും ഭൂമി അക്വയര്‍ ചെയ്യലും രണ്ടും രണ്ടാണ്. മാത്രമല്ല, മസാലബോണ്ടിന്റെ ഈ നിബന്ധന കിഫ്ബി ഫണ്ട് വിനിയോഗ സമയമായപ്പോഴേക്കും റിസര്‍വ്വ് ബാങ്ക് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് കൃത്യമായ വിശദീകരണം നല്‍കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
Content Summary: masala bond controversy is just ED’s electoral gimmick; Thomas Isaac