June 09, 2026 |
Share on

ഇതും ഒരു സർവൈവൽ ചിത്രമാണ്, മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ പ്രയാസമുണ്ടായിരുന്നു ബാലൻ ചെയ്യാൻ; ചിദംബരം

മനുഷ്യ വികാരങ്ങളോട് സത്യസന്ധത പുലർത്തുന്ന ചിത്രമാണ് ബാലൻ എന്നും മഞ്ഞുമ്മൽ ബോയ്സിനെക്കാൾ പ്രയാസമായിരുന്നു ഈ ചിത്രം ചെയ്യാൻ എന്നും രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സിനെക്കാൾ ചെയ്തെടുക്കാൻ പാടുപെട്ട സിനിമയാണ് ബാലൻ എന്ന് സംവിധായകൻ ചിദംബരം. മഞ്ഞുമ്മൽ ബോയ്സ്, ജാൻ-എ മൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ‘ബാലൻ- ദി ബോയ്’. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മനുഷ്യ വികാരങ്ങളോട് സത്യസന്ധത പുലർത്തുന്ന ചിത്രമാണ് ബാലൻ എന്നും മഞ്ഞുമ്മൽ ബോയ്സിനെക്കാൾ പ്രയാസമായിരുന്നു ഈ ചിത്രം ചെയ്യാൻ എന്നും രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.

എന്‍റെ ഒരു പ്ലാനിലേ ഇല്ലാതിരുന്ന പടമായിരുന്നു ബാലന്‍. മഞ്ഞുമ്മല്‍ കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് ആലോചിക്കുന്ന സമയമായിരുന്നു. വലിയ പടം ചെയ്യണോ എന്നൊക്കെ ചിന്തിക്കുന്ന സമയം. ബോളിവുഡില്‍ നിന്നുള്ള വിളി അടക്കം അതിനിടെ എന്തൊക്കെയോ സംഭവിച്ചു. അടുത്തത് എന്ത് ചെയ്യണമെന്ന പ്രോസസില്‍ സത്യം പറഞ്ഞാല്‍ ഞാന്‍ ലോസ്റ്റ് ആയിപ്പോയിരുന്നു. ആ സമയത്താണ് എന്‍റെ സുഹൃത്ത് കൂടിയായ നടന്‍ സജിന്‍ ഗോപു എന്നോട് പറഞ്ഞത്, ജിത്തു മാധവന്റെ കയ്യില്‍ ഒരു കഥയുണ്ടെന്നത്, കഥ കേട്ടപ്പോഴാണ് അതില്‍ ഒരു വലിയ സിനിമയുണ്ടെന്ന് മനസിലായത്. കഥ ചെറുതാണ്. അതിന്‍റെ സ്കോപ്പും സെറ്റിങ്ങും എല്ലാം ചെറുതാണ്. പക്ഷേ അതിലൊരു വലിയ സിനിമയുണ്ടെന്ന് എനിക്ക് അത് കേട്ടപ്പോഴേ തോന്നി. അങ്ങനെയാണ് ബാലന്‍ സംഭവിച്ചത്. ഇതും ഒരു സര്‍വൈവല്‍ ആണ്. മനുഷ്യവികാരങ്ങളോട് വളരെ സത്യസന്ധത പുലര്‍ത്തുന്ന ചിത്രം കൂടിയാണ്. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ ചെയ്തെടുക്കാന്‍ പ്രയാസമുണ്ടായിരുന്ന സിനിമയുമാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്സില്‍ കാഴ്ചയുടെ വിസ്മയത്തിന്‍റെ ഒരു മുന്‍തൂക്കം ഉണ്ടായിരുന്നു. ബാലനില്‍ ക്യാമറ പക്ഷേ അഭിനേതാക്കളോട് വളരെ അടുത്താണ്. വളരെ പേഴ്സണല്‍ ആണ് അത്. എന്നെ സംബന്ധിച്ചും ഒരു പുതിയ കാര്യമായിരുന്നു അത്. ചിദംബരം പറഞ്ഞു.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മുൻപേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തില്‍ ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്‍റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലൻ ദി ബോയ്ക്കുണ്ട്. സുഷിന്‍ ശ്യാം ആണ് സംഗീതം. ഇന്ത്യൻ ചലച്ചിത്രമേഖലയിലുടനീളമുള്ള പ്രമുഖ താരങ്ങൾ ചേർന്ന് ഒന്നിലധികം ഭാഷകളിലാണ് ബാലന്റെ ട്രെയ്‌ലർ പുറത്തിറക്കിയത്. അജയ് ദേവ്ഗൺ, സൂര്യ ശിവകുമാർ, നാഗ ചൈതന്യ, രാജ് ബി. ഷെട്ടി എന്നിവർ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ട്രെയ്‌ലർ റിലീസ് ചെയ്തു. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ജൂൺ 19ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

×