June 26, 2026 |
Share on

മുസ്ലീം പെൺകുട്ടിയുടെ ആത്മഹത്യ; ന്യൂനപക്ഷ വിഭാ​ഗങ്ങളെ ഒറ്റപ്പെടുത്തുന്ന വിവാദ നിയമം, എന്താണ് ​ഗുജറാത്തിലെ ഡിസ്റ്റർബ് ഏരിയ ആക്ട് ?

മരണശേഷം സാനിയ എഴുതിവച്ച കുറിപ്പിൽ നാല് വ്യക്തികളുടെ പേരാണ് പരാമർശിച്ചിരുന്നത്

ഏറെ ആ​ഗ്രഹങ്ങൾക്കൊടുവിലാണ് അൻസാരി കുടുംബം തങ്ങളുടെ ജന്മനാടായ അഹമ്മ​ദാബാ​ദിൽ വീട് വാങ്ങുന്നത്. നിലവിൽ താമസിക്കുന്ന വീടിന് തൊട്ടു മുന്നിലെ വീട്, അയൽക്കാരായ ഹിന്ദു ഉടമസ്ഥരിൽ നിന്ന് വാങ്ങുമ്പോൾ അവർ കരുതിയിരുന്നില്ല ജീവിതം ഇങ്ങനെ ദുരിതപൂർണ്ണമാകുമെന്ന്. ഇത് ചെന്നവസാനിച്ചത് അൻസാരി കുടുംബത്തിലെ 15കാരിയുടെ ആത്മഹത്യയിലാണ്. പെൺകുട്ടിയുടെ മരണത്തിന് ശേഷം കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ മുൻവീട്ടുടമസ്ഥന്റെ പേര് പരാമർശിച്ചിരുന്നു. നാല്പത് വർഷം പഴക്കമുള്ള ഡിസ്റ്റർബ് ഏരിയ ആക്ട് എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് ഇത്രയേറെ പീഡനമേൽക്കേണ്ടി വന്നതെന്ന് കുടുംബം പറയുന്നു.

ഹിന്ദുക്കളായ തങ്ങളുടെ അയൽക്കാരനിൽ നിന്ന് 15.5 ലക്ഷം രൂപയ്ക്കാണ് അൻസാരി കുടുംബം വീട് വാങ്ങിയത്. 2024 ഡിസംബറോടെ അവർ പണം കൊടുത്തുതീർത്തെങ്കിലും, ഔദ്യോഗികമായി വീട് കൈമാറുന്നതിന് മുമ്പ് വീടിന്റെ മുൻ ഉടമയുടെ ഭർത്താവ് മരിച്ചു. ദുഃഖാചരണം കഴിഞ്ഞപ്പോൾ ഇവരുടെ മകൻ തിരികെ ഈ വീട്ടിലേക്ക് മടങ്ങി എത്തിയതോടെ ഇത് തർക്കത്തിന് കാരണമായി. ഈ സമയം മുതൽ, അൻസാരികൾ വീട് കൈമാറുന്നതിനെക്കുറിച്ച് മുൻഉടമയായ സുമൻ സോനവ്‌ദെയോട് ചോദിക്കുമ്പോഴെല്ലാം, വീടിന്റെ മുഴുവൻ പണവും ലഭിച്ചിട്ടും സോനവ്‌ദെ ഓരോ ഒഴിവുകഴിവുകൾ പറയുമായിരുന്നു. സോനവ്‌ദെയുടെ മകൻ ദിനേശ് കുടുംബത്തെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഡിസ്റ്റർബ്ഡ് ഏരിയ നിയമം ചൂണ്ടിക്കാട്ടി ഇടപാട് റദ്ദാക്കുമെന്ന് ദിനേശ് പറഞ്ഞതായും അൻസാരി കുടുംബം ആരോപിച്ചു.

അവർ സാനിയയെ മുടിക്ക് പിടിച്ച് വലിച്ചിഴച്ചു, അവളെ മർദിച്ചു, ഞങ്ങളെ രക്ഷിക്കാൻ ആരും വരില്ലെന്ന് മനസിലാക്കിയതോടെയാണ് അവൾ ആത്മഹത്യ ചെയ്തത്. മുൻ ഉടമയുടെ മകന്റെ നേതൃത്വത്തിലുള്ള പ്രാദേശിക വലതുപക്ഷക്കാർ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. മരണശേഷം സാനിയ എഴുതിവച്ച കുറിപ്പിൽ നാല് വ്യക്തികളുടെ പേരാണ് പരാമർശിച്ചിരുന്നത്. വീട് നൽകാതെ കുടുംബത്തിന്റെ പണം തട്ടിയെടുത്തെന്നും മാസങ്ങളോളം പീഡിപ്പിച്ചെന്നും ആ കുറിപ്പിൽ ആരോപിക്കുന്നു. 1991ൽ ഗുജറാത്ത് സർക്കാർ അവതരിപ്പിച്ച ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്റ്റ് ആണ് ഈ തർക്കത്തിന് പിന്നിലെ കാരണം. ഈ നിയമപ്രകാരം, വിവിധ സമുദായങ്ങൾ തമ്മിലുള്ള വസ്തു വിൽപ്പനയ്ക്ക് ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ, മുസ്ലീം കുടുംബങ്ങളെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറുന്നതിൽ നിന്ന് തടയുന്നതിനുള്ള ഒരു ഉപകരണമായി ഈ നിയമം മാറിയെന്ന് വിമർശകർ വാദിക്കുന്നു. അൻസാരി കുടുംബത്തിന്റെ കാര്യത്തിൽ അയൽക്കാർ ഈ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ അവരുടെ വാങ്ങൽ അസാധുവാക്കാമെന്ന് സൂചിപ്പിച്ചു. ഇത് ഭയന്നാണ് പോലീസിന്റെ സഹായം തേടാൻ ഇവർ വിമുഖത കാണിച്ചത്.

ഈ കേസിൽ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും തങ്ങൾക്ക് പ്രാദേശിക പോലീസിൽ സമ്മർദ്ദം ചെലുത്തേണ്ടി വന്നെന്ന് കുടുംബം പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ആത്മഹത്യാക്കുറിപ്പും ഉണ്ടായിട്ടും പോലീസ് ആദ്യം എഫ്‌ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായി കുടുംബം പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ മരണത്തെ ഒരു അപകടമരണമായി ചിത്രീകരിക്കുകയും കുറിപ്പിന്റെ ഫോറൻസിക് പരിശോധന തേടുകയും ചെയ്തു. പോലീസ് കമ്മീഷണർ ജി.എസ്. മാലിക്കിന്റെ ഇടപെടലിന് ശേഷം മാത്രമാണ്, ആറ് പേരുടെ പേര് എഫ്‌ഐആറിൽ ചേർത്ത്, പ്രായപൂർത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് മറ്റ് കുറ്റങ്ങൾക്കൊപ്പം കേസെടുത്തത്. എഫ്‌ഐആറിൽ പല കാര്യങ്ങളും പരാമർശിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകനായ സത്യേഷ ല്യൂവ പറഞ്ഞു. , ആദ്യത്തെ എഫ്‌ഐആറിൽ ആത്മഹത്യയെക്കുറിച്ച് മാത്രമേ പരാമർശിച്ചിരുന്നുള്ളൂ, അതിന് മുമ്പുണ്ടായ മാസങ്ങളോളം നീണ്ട പീഡനത്തെക്കുറിച്ചോ, പ്രതികൾ ക്രൂരമായി മർദ്ദിച്ചതിന്റെ ഫലമായി പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായതിനെക്കുറിച്ചോ പരാമർശിച്ചിട്ടില്ല,” ല്യൂവ ‘ദി വയറിനോട്’ പറഞ്ഞു.

ഗോമതിപൂർ ഇൻസ്പെക്ടർ ഡി.വി. റാണ ആത്മഹത്യ ചെയ്ത പെൺകുട്ടി തന്നെയാണ് കുറിപ്പ് എഴുതിയതെന്ന് ഉറപ്പാക്കാൻ തങ്ങൾ ഫോറൻസിക് ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. അത് തെളിയിക്കപ്പെട്ടാൽ ഞങ്ങൾ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് ഗോമതിപൂർ ഇൻസ്പെക്ടർ ഡി.വി. റാണ പറയുന്നു. കഴി‍ഞ്ഞ പത്ത് മാസമായി എന്റെ വീട്ടിൽ സന്തോഷമില്ല. 15കാരി സാനിയയുടെ കത്തിലെ വരികളാണിത്. ഗോമതിപ്പൂരിലെ ഈ ദുരന്തം ഒറ്റപ്പെട്ട സംഭവമല്ല. മുസ്ലീം കുടുംബങ്ങളെ ഒറ്റപ്പെടുത്താൻ ‘ഡിസ്റ്റർബ്ഡ് ഏരിയസ് ആക്റ്റ്’ ഉപയോഗിക്കുന്നതായി പൗരാവകാശ സംഘടനകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

content summary: Muslim Girl Dies by Suicide Amid Controversy Over Gujarat’s Disturbed Areas Act, a Law Critics Say Marginalizes Minorities

Leave a Reply

Your email address will not be published. Required fields are marked *

×