ഭരണഘടന നിർമ്മാണ സഭയിലെ ഏക ദളിത് വനിതയായ ദാക്ഷായണി വേലായുധൻ മലയാളികൾക്ക് ഇന്നും അപരിചിതയാണ്. മഹാരാജാസിലെ വിദ്യാർത്ഥികൾ ഇനി ദാക്ഷായണി വേലായുധന്റെ ജീവിതം പഠിക്കും. മലയാള സിനിമാ താരം മമ്മൂട്ടിയുടെയും ഇന്ത്യയിലെ പട്ടികജാതി വിഭാഗത്തിലെ ആദ്യ ബിരുദധാരിയായ ദാക്ഷായണി വേലായുധന്റെയും ജീവിതകഥ മഹാരാജാസ് കോളേജിലെ സിലബസിൽ ഇടം പിടിച്ച വാർത്ത ചർച്ചയാവുകയാണ്. നാലാം വർഷ ബിഎ ഹോണേഴ്സ് ഹിസ്റ്ററിയിൽ ആകും ദാക്ഷായണി വേലായുധന്റെ ജീവിതം പഠിപ്പിക്കുക. മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഇരുവരും. പട്ടികജാതിക്കാരില്‍ നിന്നുള്ള ആദ്യ ബിരുദധാരിയാണ് പുലയ സമുദായത്തില്‍ നിന്നുള്ള ദാക്ഷായണി. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ വിജയിച്ച ആദ്യത്തെ ദലിത് വനിത. വിശേഷണങ്ങൾ ഏറെ ഉണ്ടായിട്ടും ചരിത്രം മറന്ന ദാക്ഷായണി വേലായുധൻ ആരാണ് ?
കൊച്ചിയിലെ മുളവുകാട് എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ ജനിച്ച ദാക്ഷായണിയെ അധികമാർക്കും അറിയില്ല. കൊച്ചി രാജ്യത്ത് ആദ്യം എസ്എസ്എൽസി പാസായ, ബിരുദം നേടിയ ദളിത് വനിത, ആദ്യ നിയമസഭാംഗം. എന്നാൽ, അവർ ജനിച്ച മുളവുകാട് ദ്വീപിലെ പുതിയ തലമുറയ്ക്ക് പോലും ദാക്ഷായണിയെ അറിയില്ല. മുളവുകാട് കല്ലച്ചംമുറി എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെ അഞ്ചു മക്കളിൽ നാലാമത്തെ ആളായിരുന്നു ദാക്ഷായണി. 1912ലാണ് ജനനം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും മദ്രാസ് ക്രിസ്റ്റഫർസ് ട്രെയിനിങ്ങ് കോളേജിൽ നിന്ന് എൽടിയും പാസായി. ജാതി വിവേചനം രൂക്ഷമായ കാലത്ത് അതിനെയെല്ലാം എതിർത്ത് ദാക്ഷായണി എതിർത്തു.
ബിഎ പഠനത്തിനായെത്തിയ ദാക്ഷായണിയെ കൊച്ചി ദിവാനും ഡിപിഐയും അഭിനന്ദിച്ചിരുന്നു. ദാക്ഷായണിയുടെ ബിഎ ബിരുദം ഏറെ ചർച്ച ചെയ്യപ്പെട്ടു. 1936ലെ കൊച്ചി രാജ്യഭരണ റിപ്പോർട്ടിലും ദാക്ഷായണി ഇടം പിടിച്ചിരുന്നു. ദലിത് കുടുംബത്തിൽ ജനിച്ചതിനാൽ ഉപരിപഠനത്തിന് ദാക്ഷായണിയ്ക്ക് കൊച്ചി സഹായം നൽകിയിരുന്നില്ല. 1936ൽ ദാക്ഷായണിയെ എം എ പഠനത്തിന് മദ്രാസിൽ അയക്കണമെന്ന ആവശ്യം കൊച്ചി നിയമസഭയിൽ ഉയർന്നെങ്കിലും അത് നിരസിച്ചു. പിന്നീട് പെരിങ്ങോട്ടുകരയിലെ സർക്കാർ സ്കൂളിൽ അധ്യാപികയായപ്പോൾ കേൾക്കേണ്ടി വന്നതാവട്ടെ പുലയത്തി ടീച്ചറെന്ന ഓമനപ്പേര്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്ര്യമായ ഇന്ത്യയുടെ ഭരണഘടന എഴുതിത്തയ്യാറാക്കാൻ ഡോ.ബി.ആർ അംബേദ്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഭരണഘടനാ സമിതിയിൽ 15 വനിതകളാണിണ്ടായിരുന്നത്. ഇന്ത്യയുടെ ഭരണവ്യവസ്ഥ തന്നെ നിയന്ത്രിക്കുന്ന ഭരണഘടനയിൽ കേരളത്തിലെ ഒരു ചെറിയ ദ്വീപിൽ നിന്നുള്ള ദാക്ഷായണിയുടെയും കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. താഴ്ന്ന ജാതിക്കാർക്ക് മാറുമറയ്ക്കാൻ അനുവാദം ഇല്ലാതിരുന്ന കാലത്ത് വസ്ത്രങ്ങൾ ധരിച്ച് കോളേജിലെത്തി ഉന്നത വിദ്യാഭ്യാസം നേടി ദാക്ഷായണി പൊരുതി നിന്നു. ജാതി അധിക്ഷേപവും വിവേചനവും പഠന കാലയളവിൽ നേരിടേണ്ടി വന്നെങ്കിലും വിദ്യാഭ്യാസം അവസാനിപ്പിക്കാനോ തോറ്റ് പിന്മാറാനോ അവർ തയ്യാറായില്ല.
അക്കാലത്ത് വനിതാ സമ്മേളനങ്ങളിൽ ദാക്ഷായണി സ്ഥിരം ക്ഷണിതാവായി. 1945 തൊട്ട് കൊച്ചി നിയമസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട അംഗമായിരുന്നു ഈ വനിതരന്തം. ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന ദാക്ഷായണിയുടെ പ്രസംഗങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തി. തുടർന്ന് 1946ലാണ് ഇന്ത്യൻ ഭരണഘടന നിർമാണ സഭാംഗത്വം ദാക്ഷായണിയ്ക്ക് ലഭിക്കുന്നത്. 1946 ഡിസംബര്‍ 9 ന് ഭരണഘടന നിര്‍മ്മാണസഭ ആരംഭിച്ചു. മദ്രാസില്‍ നിന്നുള്ള 19-ാം നമ്പര്‍കാരിയായി ദാക്ഷായണി വേലായുധന്‍ സാക്ഷ്യപത്രം ഹാജരാക്കി രജിസ്റ്ററില്‍ ഒപ്പുവെച്ചു. ഡോ ബി.ആര്‍ അംബേദ്ക്കര്‍, ജവഹര്‍ലാല്‍ നെഹ്റു, രാജേന്ദ്രപ്രസാദ്, മൗലാന അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവർ രജിസ്റ്ററില്‍ അന്ന് ഒപ്പുവെച്ചവരാണ്. കോൺഗ്രസ് പാർട്ടിയോടും ബിആർ അംബേദ്കർ പക്ഷത്തോടും പൊരുതി കോൺസ്റ്റിറ്റ്യൂഷണൽ അസംബ്ലിയിലേക്ക് കടന്നു ചെന്ന ദാക്ഷായണിയുടെ വിമർശന ശരങ്ങൾ പലപ്പോഴും അംബേദകറെ പോലും മുറിപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ പിന്തുണയിൽ കോൺസ്റ്റന്റ് അസംബ്ലിയിൽ വിജയിച്ചെങ്കിലും 12 അംഗ കമ്മിറ്റിയിൽ ദാക്ഷായണിയ്ക്ക് ഇടം പിടിക്കാൻ സാധിച്ചില്ല. അസംബ്ലിയിൽ നിന്ന് കാലാവധി കഴിഞ്ഞ് പുറത്തു വന്നെങ്കിലും നേതൃസ്ഥാനങ്ങളൊന്നും ദാക്ഷായണിയെ തേടിയെത്തിയില്ല. മേൽക്കോയ്മയ്ക്കൊപ്പം ചരിത്രവും ദാക്ഷായണിയെ അവഗണിച്ചു. അയിത്തോച്ചാടനത്തെ സംബന്ധിച്ച തന്റെ കാഴ്ച്ചപ്പാടുകൾ പലപ്പോഴായി അവതരിപ്പിച്ചിരുന്നു. 1978ൽ അന്തരിക്കുമ്പോഴും ദാക്ഷായണിയുടെ നവോത്ഥാന സംഭാവനകൾ ചർച്ച ചെയ്യപ്പെട്ടില്ല.
2006ൽ പുറത്തിറങ്ങിയ ചെറായി രാംദാംസ് എഴുതിയ കീഴടങ്ങാത്ത ദാക്ഷായണി വേലായുധനെന്ന പുസ്തകം ദാക്ഷായണിയെ വർത്തമാന കാലത്തിന് പരിചയപ്പെടുത്തി. അതിലും എത്രയോ ആണ്ടുകൾ കഴിഞ്ഞാണ് ആരാണ് ദാക്ഷായണിയെന്ന ചോദ്യം ഉയർന്നുവരുന്നത് പോലും. ഒടുവിൽ 2018ൽ ദാക്ഷായണി വേലായുധനെ ആദരിച്ചുകൊണ്ട് സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ സംഭാവന നൽകിയ സ്ത്രീകൾക്ക് നൽകുന്ന ‘ദാക്ഷായണി വേലായുധൻ അവാർഡ്’ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. രണ്ടു കോടി രൂപയാണ് അവാർഡിനായി ബജറ്റിൽ വകയിരുത്തിയത്. 2019 ജനുവരി 31 ന് നിയമസഭയിൽ ‘കേരള ബജറ്റ് 2019’ അവതരണ വേളയിൽ കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇത് പ്രഖ്യാപിച്ചത് ഒരു ചരിത്ര നിമിഷമായിരുന്നു. ഇനി വരുന്ന തലമുറ ദാക്ഷായണിയെ ഓർമ്മിച്ചേക്കും, പാഠപുസ്തത്തിലെ പഠന വിഷയത്തിനപ്പുറത്തേക്ക് അവർ ചർച്ചയാവട്ടെ.
content summary: forgotten history of Dakshayani Velayudhan, the first Dalit woman in the Constituent Assembly of India, will be included in the syllabus of Maharaja’s College
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.