July 16, 2026 |
Share on

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവ്; എന്താണ് മെമ്മറി കാർഡ് വിവാദം ?

2017ല്‍ വാഹനത്തിനുള്ളില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായി അതിജീവിത അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നു

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയും അതിക്രമവും തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. എന്നാല്‍ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ഈ തെളിവില്‍ മാറ്റം വരുത്തിയെന്ന കണ്ടെത്തല്‍ കേസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമവിവാദമായി മാറിയിരുന്നു.

2017ല്‍ വാഹനത്തിനുള്ളില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായി അതിജീവിത അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം ഒരു മെമ്മറി കാര്‍ഡ് കണ്ടെത്തുകയും അതില്‍ ദൃശ്യങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇത് കേസിലെ പ്രധാന തെളിവാണ്.

ഇതിലെ ദൃശ്യങ്ങളുടെ സ്വകാര്യ സ്വഭാവം കണക്കിലെടുത്ത്, അതീവ രഹസ്യസ്വഭാവമുള്ള ഡിജിറ്റല്‍ തെളിവായി കോടതി പ്രത്യേക സംരക്ഷണത്തിനും മുദ്രവെയ്ക്കലിനും ഉത്തരവിട്ടിരുന്നു.

ഹാഷ് വാല്യു മാറ്റവും വിവാദവും

മെമ്മറി കാര്‍ഡ് വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന സംശയമുയര്‍ന്നതോടെ നടത്തിയ ഫോറന്‍സിക് പരിശോധനയാണ് ഈ വിവാദത്തിന് തിരികൊളുത്തിയത്. ഒരു കേസില്‍ തെളിവായി സമര്‍പ്പിക്കുന്ന ഡിജിറ്റല്‍ വസ്തുക്കള്‍ കോടതിയുടെ കസ്റ്റഡിയില്‍ വെച്ചാല്‍, അതിന്റെ ഉള്ളടക്കം മാറ്റിയോ, അത് ആക്‌സസ് ചെയ്‌തോ എന്ന് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഒരു ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റാണ് ഹാഷ് വാല്യു.

പലതവണ ആക്‌സസ് ചെയ്തതായി ഫൊറന്‍സിക് റിപ്പോര്‍ട്ട്

അന്വേഷണ സംഘം കണ്ടുകെട്ടിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പിന്നീട് കോടതിയില്‍ പരിശോധിക്കുമ്പോള്‍ മാറിയതായി കണ്ടെത്തി.
2022ല്‍ അന്വേഷണത്തിന്റെ ഭാഗമായി സമര്‍പ്പിച്ച ഫൊറന്‍സിക് പരിശോധനയിലാണ് മെമ്മറി കാര്‍ഡ് ഒന്നിലധികം തവണ ആക്‌സസ് ചെയ്തിട്ടുണ്ടെന്ന് സംശയമുയര്‍ന്നത്. ഫയല്‍ തുറന്നതോ കോപ്പി ചെയ്തതോ ആണോയെന്ന കാര്യത്തില്‍ വ്യക്തമായ നിഗമനം ഉണ്ടായിരുന്നില്ലെങ്കിലും ടൈം സ്റ്റാമ്പുകളില്‍ വ്യത്യാസം കണ്ടെത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചു.

മെമ്മറി കാര്‍ഡ് കോടതിയില്‍ മുദ്രവെച്ച് സൂക്ഷിച്ചിരുന്നതിനാല്‍, ആക്സസ് നടന്നത് എപ്പോള്‍, ആര്, തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ കോടതി അധിക വിശദീകരണം തേടുകയും തുടര്‍ അന്വേഷണങ്ങള്‍ക്കും സാക്ഷിപരിശോധനകള്‍ക്കും ഉത്തരവിടുകയും ചെയ്തു.

പ്രതിഭാഗത്തിന്റെ നിലപാട്

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവം കേസില്‍ വലിയ വാദപ്രതിവാദങ്ങളിലേക്ക് നയിച്ചു. മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന കണ്ടെത്തല്‍ തെളിവിന്റെ വിശ്വാസ്യതയെ ബാധിക്കാമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അതിലെ ദൃശ്യങ്ങള്‍ നിയമപരമായി വിശ്വസനീയമല്ലെന്നും അന്വേഷണത്തില്‍ തന്നെ ചിലര്‍ ഇടപെട്ടതാകാമെന്നും പ്രതിഭാഗം അറിയിച്ചു.

അതേസമയം, ടൈംസ്റ്റാമ്പ് അപ്‌ഡേറ്റ് മൂലമുള്ള സാങ്കേതികപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഹാഷ് വാല്യൂവില്‍ മാറ്റം വന്നതെന്നും ദൃശ്യങ്ങള്‍ യാതൊരു വിധത്തിലും മാറിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഇരുവിഭാഗങ്ങളുടെ വാദവും കോടതിയില്‍ നിരന്തരം ഉയര്‍ന്നതോടെ വിചാരണാ നടപടികള്‍ വലിയ തോതില്‍ നീണ്ടു. മെമ്മറി കാര്‍ഡ് വിവാദം വിചാരണയുടെ ഗതിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

തുടര്‍ന്ന് മെമ്മറി കാര്‍ഡിന്റെ സുരക്ഷയെപ്പറ്റി അതിജീവിത കോടതിയില്‍ ആശങ്ക ഉന്നയിച്ചു. കേസ് വിചാരണ ചെയ്യുന്ന ജഡ്ജിയെ മാറ്റണമെന്ന ആവശ്യവും കോടതിയില്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ പ്രതിഭാഗത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍, കോടതി നടപടികള്‍ വീണ്ടും നീളാന്‍ കാരണമായി. മെമ്മറി കാര്‍ഡിന്റെ ഡാറ്റ ഇന്‍ന്റഗ്രറ്റി, ഹാഷ് വാല്യൂ എല്ലാം വീണ്ടും പരിശോധിക്കാന്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ വന്നതോടെ സമയമെടുക്കുകയും ചെയ്തു.

Content Summary: Crucial evidence in the actress attack case; What is the memory card controversy?

Leave a Reply

Your email address will not be published. Required fields are marked *

×