ഹോര്‍മുസ് കടലിടുക്കിന് പുറത്ത് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒമാന്‍ തീരത്ത് പലാവു പതാക ഘടിപ്പിച്ച എണ്ണടാങ്കറായ ‘എംടി സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം കാണാതായ മൂന്ന് ഇന്ത്യന്‍ ജീവനക്കാരില്‍ രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചതായും ചീഫ് എഞ്ചിനീയറെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കപ്പലുമായി ഇതുവരെ ബന്ധം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും, മരിച്ചവരില്‍ ഒരാള്‍ കേഡറ്റും മറ്റൊരാള്‍ ഫിറ്ററുമാണെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (എഫ് എസ് യു ഐ) ജനറല്‍ സെക്രട്ടറി മനോജ് യാദവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശിലെ ഡിയോറിയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ട മൂന്ന് ഇന്ത്യക്കാരും.
വാണിജ്യ കപ്പലിന് നേരെ അമേരിക്ക നടത്തിയ ഈ സൈനിക ആക്രമണത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു. കപ്പലില്‍ ആകെ 24 ഇന്ത്യന്‍ ജീവനക്കാരാണ് ഉണ്ടായിരുന്നതെന്നും അതില്‍ 21 പേരെ ഇതിനകം സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കാണാതായ നാവികന് വേണ്ടിയുള്ള തിരച്ചിലിനായി ഒമാന്‍ അധികൃതരുമായി ചേര്‍ന്ന് സജീവമായി ഏകോപനം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ നേരിട്ടുള്ള അനന്തരഫലമാണ് ഇത്തരം കപ്പലുകള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെന്നും, ഇത് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളാക്കുന്നതില്‍ അങ്ങേയറ്റം ആശങ്കയുണ്ടെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരുന്നതിനായി എല്ലാ കക്ഷികളും അടിയന്തിരമായി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കണമെന്നും നയതന്ത്രപരമായ പരിഹാരത്തിനായി നടക്കുന്ന ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കണമെന്നും ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.
അതേസമയം, കപ്പലില്‍ ഉണ്ടായിരുന്ന നാവികരുടെ ദേശീയതയെക്കുറിച്ച് അമേരിക്കന്‍ നാവികസേനയ്ക്ക് കൃത്യമായ വിവരമില്ലായിരുന്നു എന്ന വാദം വിശ്വസിക്കാന്‍ പ്രയാസമാണെന്ന് നാവികരുടെ യൂണിയന്‍ പ്രതികരിച്ചു. അന്താരാഷ്ട്ര സമുദ്രനിയമങ്ങള്‍ അനുസരിച്ച് എല്ലാ കപ്പലുകളും ഓരോ തുറമുഖങ്ങളില്‍ എത്തുമ്പോഴും തിരിക്കുമ്പോഴും ജീവനക്കാരുടെ പേരും ദേശീയതയും അടങ്ങിയ കൃത്യമായ വിവരങ്ങള്‍ (മാനിഫെസ്റ്റ്) സമര്‍പ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ കപ്പലില്‍ എത്ര ഇന്ത്യക്കാരും മറ്റ് വിദേശികളുമുണ്ടെന്ന് യുഎസ് സൈന്യത്തിന് കൃത്യമായി അറിയാമായിരുന്നുവെന്ന് തനിക്ക് പൂര്‍ണ്ണ ഉറപ്പുണ്ടെന്ന് മനോജ് യാദവ് പറഞ്ഞു. അമേരിക്കന്‍ സൈന്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കപ്പല്‍ അനുസരിച്ചില്ലെങ്കില്‍ പോലും, അവര്‍ക്ക് നേരെ മാരകമായ ആക്രമണം നടത്തുന്നതിന് പകരം കപ്പല്‍ കസ്റ്റഡിയിലെടുക്കുകയോ ജീവനക്കാരെ തടഞ്ഞുവെക്കുകയോ ചെയ്യാമായിരുന്നുവെന്നും, ഈ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടല്‍ ഇപ്പോള്‍ ഇന്ത്യന്‍ നാവികരുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.
Content Summary; Two Indian sailors confirmed dead and a chief engineer missing after US forces attacked the Palau-flagged oil tanker MT Settebello off the Oman coast for violating the blockade
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.