June 26, 2026 |
Share on

ട്രംപിനെ കാണാനില്ല!; ആരോഗ്യപ്രശ്‌നമോ അവധിക്കാലമോ?

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്നു കരുതി ട്രംപ് സജീവമല്ലെന്ന് അര്‍ത്ഥമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്

ഡൊണാള്‍ഡ് ട്രംപ് എവിടെ? എല്ലാവരുടെയും ശ്രദ്ധ നേടാന്‍ ലോക നേതാക്കള്‍ക്കിടയില്‍ ട്രംപിനെക്കാള്‍ മിടുക്ക് ആര്‍ക്കുമില്ലാത്തതാണ്. എന്നാല്‍ അതേ ട്രംപിനെ ‘ 24 മണിക്കൂറിലേറെയായി ‘കാണാനില്ല’ എന്ന പ്രചാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. പൊതുജന സമക്ഷം പ്രസിഡന്റിനെ കാണിനില്ല. എന്തുകൊണ്ട് പ്രസിഡന്റ് ജനങ്ങളെ കാണാതെ മാറി നില്‍ക്കുന്നു എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ചില അജ്ഞാത കരങ്ങളാണെന്നാണ് യുഎസ് ഭരണകൂടം പറയുന്നത്. വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

ട്രംപിനെ കാണാനില്ലെന്ന് പറഞ്ഞു എക്സില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള റോള്‍ കോള്‍ എന്ന പ്രസിദ്ധീകരണം, ഓഗസ്റ്റ് 30, 31 തീയതികളില്‍ പ്രസിഡന്റിന്റെ പൊതുപരിപാടികളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നു പറഞ്ഞതോടെ എരി തീയില്‍ എണ്ണയൊഴിച്ചതുപോലെയായി കാര്യങ്ങള്‍. ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് ചില വാര്‍ത്തകള്‍ ഉയര്‍ന്നു വന്നിരുന്നു. പ്രസിഡന്റിന്റെ കൈയിലെ ഉണങ്ങാത്ത പാടിനെക്കുറിച്ച് ആശങ്കകള്‍ തുടരുന്നതിനിടയിലാണ് ട്രംപിന്റെ അസാന്നിധ്യവും ചര്‍ച്ചയാകുന്നത്. എന്നാല്‍ ട്രംപിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഇതുവരെ സ്ഥിരീകരിക്കപ്പെട്ട ഒരു വിവരവും പുറത്തു വന്നിട്ടില്ല.

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്നു കരുതി ട്രംപ് സജീവമല്ലെന്ന് അര്‍ത്ഥമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. അവരതിന് കാരണമാക്കുന്നത് യുഎസ് പ്രസിഡന്റിന്റെ സോഷ്യല്‍ മീഡിയ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റുകളാണ് തെളിവായി പറയുന്നത്.

സെപ്തംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച്ച യു എസില്‍ തൊഴിലാളി ദിനമായി ആചരിക്കുകയാണ്. വേനല്‍ക്കാലത്തിന്റെ അവസാനമായി അടയാളപ്പെടുത്തുന്ന തൊഴിലാളി ദിനം യുഎസിലെ ഒരു പ്രധാന അവധി ദിവസമാണ്. തൊഴിലാളി ദിന വാരാന്ത്യത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റിന് പൊതുപരിപാടികള്‍ കുറവായിരിക്കുമെന്നാണ് ഭരണകൂടവുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ പറയുന്നത്. ഈ സമയത്ത്, പലരും അവധിക്കാലം ആഘോഷിക്കുകയോ, സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുകയോ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യുകയാണ് അമേരിക്കയില്‍ പതിവ്. ഈ കാരണം തന്നെയായിരിക്കും പ്രസിഡന്റിന്റെ പൊതുപരിപാടികള്‍ കുറയാന്‍ കാരണമെന്നും പറയുന്നു.

ഓഗസ്റ്റ് മാസത്തിലെ അവസാന രണ്ടാഴ്ചത്തേക്ക് ട്രംപ് ന്യൂജേഴ്സിയിലെ ബെഡ്മിന്‍സ്റ്ററിലുള്ള തന്റെ റിസോര്‍ട്ടില്‍ ചെലവഴിക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ആ പദ്ധതി ഉപേക്ഷിച്ച് വൈറ്റ് ഹൗസില്‍ തന്നെ തുടരാന്‍ ട്രംപ് തീരുമാനിച്ചതായാണ് വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

79 കാരനായ ട്രംപ് എവിടെ എന്ന ചോദ്യം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ കൈയിലെ പാട് തന്നെയാണ് എല്ലാ അഭ്യൂഹങ്ങളുടെയും ആണിക്കല്ല്. ഈ ചതവ് മേയ്ക്കപ്പ് ഇട്ട് മറയ്ക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെയുള്ള ഹസ്തദാനം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനായി കഴിക്കുന്ന ആസ്പിരിന്‍ എന്നിവയാണ് കൈകളിലെ പാടുകള്‍ക്കു കാരണം എന്നാണ് ഡോക്ടര്‍ ഷോണ്‍ ബാര്‍ബബെല്ല പറയുന്നത്. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാന്‍ ആസ്പിരിന്‍ കഴിക്കുന്നുണ്ടെന്നതൊഴിച്ചാല്‍ ട്രംപ് തീര്‍ത്തും ആരോഗ്യവാനാണ് എന്നാണ് ഡോക്ടര്‍ പറയുന്നത്.

നിരന്തരം ഹസ്ദാനം ചെയ്യേണ്ടി വരുന്നതാണ് ട്രംപിന്റെ കൈയിലെ പരിക്കിന് കാരണമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും പറയുന്നത്. ”പ്രസിഡന്റ് ട്രംപ് ജനങ്ങളുടെ മനുഷ്യനാണ്, ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റിനേക്കാളും കൂടുതല്‍ അമേരിക്കക്കാരെ അദ്ദേഹം ദിവസവും കാണുകയും അവര്‍ക്ക് ഹസ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്’ എന്നാണ് ഇന്‍ഡിപെഡന്റിനോട് പറഞ്ഞത്.

അതേസമയം, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. ട്രംപ് നല്ല ആരോഗ്യവാനാണ് എന്നാണ് വൈസ് പ്രസിഡന്റ് ഉറപ്പിച്ച് പറഞ്ഞത്. എന്നാല്‍ യുഎസ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വാന്‍സ് ഒരുകാര്യം കൂടി പറഞ്ഞു; ‘ഭയാനകമായ ദുരന്തം’ സംഭവിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ സന്നദ്ധനാണെന്ന്.  Where is Donald Trump? is the US Presidents absence due to health issues?

Content Summary; Where is Donald Trump? is the US Presidents absence due to health issues?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×