June 26, 2026 |

‘സാമുവല്‍ ജെറോം പറഞ്ഞത് കള്ളം’, ഒരു കുടുംബാംഗം എതിര്‍ത്താലും ദയാധനം നല്‍കാനാകില്ലെന്ന് അഡ്വ. സുഭാഷ് ചന്ദ്രൻ

ഇപ്പോഴും പ്രതീക്ഷ

തൂക്കിലേറ്റപ്പെടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കൊലപാതകക്കുറ്റത്തിന് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പച്ചത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളു വഴി കാന്തപുരം എപി അബൂബക്കർ നടത്തിയ ഇടപെടലാണ്‌ ഇന്ന് നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റി വെയ്ക്കാൻ കാരണം.

കൊല്ലപ്പെട്ടയാളുടെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമാണ് നിമിഷപ്രിയയുടെ മോചനം സാധ്യമാവുക. അതിനുള്ള പരിശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. അതേസമയം, ദൈവനീതി നടപ്പാകണമെന്നും നിമിഷപ്രിയയ്ക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്നും തലാലിന്റെ സഹോദരൻ അറിയിച്ചിരിക്കുകയാണ്. കുടുംബത്തിലെ എല്ലാ അം​ഗങ്ങളും അം​ഗീകരിച്ചാൽ മാത്രമേ ദയാധനമെന്ന ആശയം നടപ്പിലാകൂവെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗവും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രൻ അഴിമുഖത്തോട് പ്രതികരിച്ചു. തലാലിന്റെ കുടുംബവുമായി നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്ന്  സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് നേതൃത്വം നൽകിയിരുന്ന സാമുവൽ ജെറോം പറഞ്ഞത് കളവായിരുന്നുവെന്നും ഇപ്പോഴാണ് കുടുംബവുമായി സജീവ ചർച്ചയ്ക്ക് കഴിഞ്ഞതെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ കൂട്ടിച്ചേർത്തു.

‘ദയാധനം എന്ന ആശയം ഒരാളുടെ മാത്രം തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നതല്ല. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിലെ പ്രധാനപ്പെട്ട അം​ഗങ്ങൾക്കെല്ലാം ദയാധനത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്. തലാൽ അബ്ദുമഹ്ദിയുടെ സഹോദരനും കസിൻസിനുമാണ് ബ്ലഡ് മണി സ്വീകരിച്ച് മാപ്പ് നൽകുന്നതിൽ എതിർപ്പുള്ളത്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക, മാപ്പ് നൽകണമെന്ന് അഭ്യർത്ഥിക്കുക തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. കുടുംബത്തിലെ ഒരാൾ ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചാൽ ദയാധനം എന്ന അവസരം സാധ്യമാകില്ല. നിമിഷപ്രിയയ്ക്ക് വധശിക്ഷ നേരിടേണ്ടി വരും.

കുടുംബത്തിലെ അം​ഗങ്ങളെ സ്വാധീനിക്കാൻ കഴിയുന്നവരുടെ ഇടപെടലാണ് ഇപ്പോൾ നമുക്കാവശ്യം. അതാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നതും. അവരിൽ മതനേതാക്കളും രാഷ്ട്രീയ നേതാക്കളും അധികാരികളെല്ലാവരും ഉൾപ്പെടുന്നുണ്ട്. തലാലിന്റെ കുടുംബമാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. അവരോട് സംസാരിച്ചുകൊണ്ടിരിക്കുകയും തീരുമാനം നിമിഷപ്രിയയ്ക്ക് അനുകൂലമാകാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയും വേണം. ഇത് കുറച്ച് സമയമെടുക്കുന്ന പ്രക്രിയയാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബാം​ഗങ്ങളെ മുഴുവൻ സ്വാധീനിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ?

വിഷയത്തിൽ നല്ല രീതിയുലുള്ള ഇടപെടൽ നടത്തിയത് കൊണ്ട് മാത്രമാണ് ഇന്ന് നടപ്പാക്കാൻ തീരുമാനിച്ചിരുന്ന വധശിക്ഷ മരവിപ്പിക്കാൻ സാധിച്ചത്. വധശിക്ഷയെക്കുറിച്ച് നിലവിൽ അടുത്ത തീയതിയോ സമയമോ പറഞ്ഞിട്ടില്ല. അതേസമയം, എപ്പോൾ വേണമെങ്കിലും ഒരു തീയതി നിശ്ചയിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ചർച്ചകൾ വളരെ വേ​ഗത്തിൽ നടത്താൻ ശ്രമിക്കുന്നത്. തലാലിന്റെ കുടുംബത്തിന്റെ ഭാ​ഗത്ത് നിന്നും വധശിക്ഷ വേ​ഗം നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടാവാം. അവയെല്ലാം കണക്കിലെടുത്ത് വേണം ചർച്ചകളുമായി മുന്നോട്ട് പോകേണ്ടത്.

തലാലിന്റെ കുടുംബവുമായി നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്നാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് നേതൃത്വം നൽകിയ സാമുവൽ ജെറോം പറഞ്ഞിരുന്നത്. എന്നാൽ അത് തെറ്റായിരുന്നുവെന്ന് വളരെ വൈകിയാണ് മനസിലായത്. കഴിഞ്ഞ ദിവസം കാന്തപുരത്തിന്റെ ഇടപെടലിലൂടെയാണ് കുടുംബവുമായുള്ള ബന്ധപ്പെടൽ നടന്നത്. കാരണം അവരുടെ ​ഗോത്ര വിഭാ​ഗത്തിന്റെ ഭാ​ഗത്ത് നിന്നും കുടുംബത്തിന് സമ്മർദ്ദമുണ്ടായിരുന്നു.

മുൻപ് സാമുവൽ ജെറോം അറിയിച്ചിരുന്നത് തലാലിന്റെ പിതാവുമായും സഹോദരനുമായും സംസാരിച്ചിരുന്നുവെന്നാണ്. ഇപ്പോൾ സാമുവൽ ജെറോം തന്നെ താൻ സംസാരിച്ചിട്ടില്ലായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് സാമുവൽ ജെറോം പറഞ്ഞത് കളവായിരുന്നു. അയാളെ വിശ്വസിക്കുക മാത്രമായിരുന്നു ആക്ഷൻ കൗൺസിലിനും ചെയ്യാൻ കഴിയുക. യെമനിൽ മറ്റൊരാളെ ബന്ധപ്പെടാനുള്ള അവസരമോ ബന്ധങ്ങളോ ഞങ്ങൾക്കുണ്ടായിരുന്നില്ല. സാമുവൽ ജെറോമിനെ വിശ്വസിച്ച് 40000 ഡോളർ(38 ലക്ഷം) അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴാണ് ശരിയായ വഴിയിലൂടെ തലാലിന്റെ കുടുംബത്തിലേക്ക് എത്താൻ സാധിക്കുന്നത്,’ അഡ്വ. സുഭാഷ് ചന്ദ്രൻ അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ ഇടപെട്ടതിനെ തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചത്. നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നായിരുന്നു വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട്. യെമൻ പൗരനെ കൊലപ്പെടുത്തി ശരീരഭാ​ഗങ്ങൾ വെട്ടിമുറിച്ച് വാട്ടർടാങ്കിൽ സൂക്ഷിച്ചെന്ന കേസിൽ 2017 മുതൽ യെമൻ ജയിലിൽ കഴിയുകയാണ് പാലക്കാട് സ്വദേശിയായ നിമിഷപ്രിയ.Nimisha Priya death sentence; Adv. Subash Chandran’s response

Content Summary: Nimisha Priya death sentence; Adv. Subash Chandran’s response

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×