July 13, 2025 |
Share on

വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കരുത്; ഡോ.ടിഎസ് ശ്യാംകുമാറിന്റെ അധ്യാപക നിയമനം ഉടന്‍ നല്‍കുക

ശ്യാം കുമാറിന് അധ്യാപക നിയമനം നല്‍കണമെന്ന ഹൈകോടതിവിധി നടപ്പാക്കാതെ കാലിക്കറ്റ് സര്‍വകലാശാല

ദളിത് വിഭാഗത്തില്‍ നിന്നുള്ള മികച്ചൊരു സ്‌കോളര്‍ക്കെതിരായ കോടതിവിധി മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍പിന്‍ നോക്കാതെ നടപ്പിലാക്കിയത് നമ്മള്‍ ഏറ്റവും സങ്കടത്തോടെ കണ്ടതാണ്. എന്നാല്‍ ദളിത് വിഭാഗത്തിലെ മറ്റൊരു മികച്ച സ്‌കോളറായ ഡോ. ടിഎസ് ശ്യാംകുമാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക നിയമനം നല്‍കണമെന്ന ഹൈകോടതിവിധി നടപ്പാക്കാതിരിക്കാനായി ആ സര്‍വ്വകലാശാലാ അധികൃതര്‍ ഇപ്പോള്‍ മുന്‍പിന്‍ നോക്കുകയാണ്.

കേരളം കാലങ്ങളായി പിന്തുടരുന്ന അക്കാദമിക് വരേണ്യതയും ഇരട്ട നീതിയും ഇവിടെ പകല്‍പോലെ വ്യക്തമാണ്. ജാതീയമായ ഇരട്ട നീതി ഇന്നാട്ടില്‍ നൂറ്റാണ്ടുകളായി തുടരുന്നതു തന്നെയാണ്.

വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ 4ാം റാങ്കിലെത്തിയിട്ടു പോലും ഈഴവജാതിയിലുള്ള ജനനമെന്ന കുറ്റംമൂലം ഡോ.പല്‍പ്പുവിനെ കേരളത്തില്‍ വൈദ്യശാസ്ത്ര പഠനത്തിനായി പ്രവേശിപ്പിച്ചില്ല.
മദ്രാസില്‍ നിന്നും വൈദ്യശാസ്ത്ര ബിരുദം കരസ്ഥമാക്കി തിരുവിതാംകൂര്‍ എന്ന സ്വന്തം നാട്ടില്‍ ജോലിക്ക് ശ്രമിച്ചപ്പോള്‍ ‘കുലത്തൊഴില്‍ വല്ലതും ചെയ്തു കൂടേ ‘
എന്നാക്ഷേപിച്ചുവിട്ടതാണ് നമ്മുടെ സര്‍ക്കാര്‍നിയമന വ്യവസ്ഥയുടെ ജാതിഭീകരത.

കേരള സര്‍വകലാശാലയുടെ എക്കണോമിക്‌സ് അധ്യാപക നിയമനത്തില്‍ ഒന്നാം റാങ്കില്‍ വന്നിട്ട് പോലും ഡോ. എം. കുഞ്ഞാമന് എസ് സി ആയതിനാല്‍ നിയമനം കൊടുത്തില്ല എന്ന കാര്യം അദ്ദേഹം ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ദളിതര്‍ മെറിറ്റില്‍ വരരുത്, സംവരണത്തില്‍ മാത്രം വന്നാല്‍ മതിയെന്ന അഭിജാതരുടെ അതിവിചിത്ര വാദമാണവിടെ വിജയിച്ചത്.

വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലാ സിലബസില്‍ ഉള്‍പ്പെടുത്തിയത്തിയത്
നല്ല കാര്യം. വിജെടി ഹാള്‍ അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്തതും നല്ലത്. എന്നാല്‍ ഇത്തരം ചിഹ്നപരതകള്‍ വരേണ്യതാ വ്യവഹാരങ്ങളെ കാര്യമായി അലോസരപ്പെടുത്തുന്നതല്ല. എന്നാല്‍ മെച്ചപ്പെട്ട ഉദ്യോഗങ്ങള്‍ നല്‍കല്‍, ഭൂമി പതിച്ചു നല്‍കല്‍ തുടങ്ങിയവയില്‍ സാമ്പത്തിക വിനിമയമുണ്ട്. അവിടെ സാമ്പത്തിക തുല്യതയ്ക്ക് വേണ്ടിയുള്ള ചലനം നടക്കുന്നുണ്ട്. അത്തരം മുന്നേറ്റങ്ങള്‍ക്കെതിരെയാവും ജാതീയത അതിന്റെ കൊടുംഭീകരമുഖം പുറത്തെടുക്കുന്നത്.

പുലയസ്ത്രീ പുല്ലരിഞ്ഞ് ചെന്ന് കണ്ടെത്തിയതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം എന്ന കഥയവര്‍ പറഞ്ഞു നടന്നേക്കും. പുലയസ്ത്രീ പുല്ലരിഞ്ഞ് അരിവാള് തേച്ചപ്പോള്‍ കണ്ടതാണ് ചോറ്റാനിക്കരയമ്മയുടെ വിഗ്രഹമെന്ന കഥപറയാനും അവര്‍ക്ക് സന്തോഷമാണ്. അത്തരം കഥകള്‍ അവരുടെ മേല്‍ക്കോയ്മയെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇതേ കഥ നിലനില്‍ക്കുമ്പോള്‍ തന്നെ ഇതേ പുലയസ്ത്രീയെ ക്ഷേത്ര വഴികള്‍ നടത്തിയിരുന്നില്ല എന്നതാണല്ലോ ചരിത്രാനുഭവം.

കഥ വേറെ കാര്യം വേറെ, പേരിടല്‍ വേറെ, ഉദ്യോഗം നല്‍കല്‍ വേറെ…

ഡോ. ടി എസ് ശ്യാംകുമാര്‍ മികച്ച പണ്ഡിതനാണെന്ന് സമ്മതിക്കും. ഇഎംഎസിനെ അനുസ്മരിക്കാന്‍ പ്രൗഢമായ വേദിയിലേക്ക് വിളിക്കും. സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് കൊടുക്കും. എന്നാല്‍ അര്‍ഹതപ്പെട്ട, മാന്യതയുള്ള ജോലി മാത്രം നല്‍കില്ല എന്ന മനോഭാവം നവോത്ഥാനത്തില്‍ നിന്നും പിന്നെയും പിന്തിരിഞ്ഞു നടക്കുന്ന ജനതയാണ് നമ്മളെന്ന സത്യത്തെ വീണ്ടും ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

‘ചാത്തന്‍ പൂട്ടാന്‍ പോകട്ടെ
ചാക്കോ നാട് ഭരിക്കട്ടെ’- എന്ന വലതുപക്ഷ മനോഭാവം തന്നെയാണ് അവിടെ വ്യക്തമാകുന്നത്.

ഡോ. ടി.എസ് ശ്യാംകുമാര്‍ കേരളീയ മനസാക്ഷിയോട് ആവശ്യപ്പെടുന്ന
ന്യായമായ ആവശ്യം ചുവടെ ചേര്‍ക്കുന്നു.

‘അധ്യാപന നിയമനത്തില്‍ സംവരണ റോസ്റ്ററിലെ തെറ്റായ ക്രമപ്പെടുത്തല്‍ നിമിത്തം സംവരണമാനദണ്ഡം അട്ടിമറിച്ചുവെന്നും ആയതിനാല്‍ സംവരണം ശരിയായി ക്രമപ്പെടുത്തി നടപടികള്‍ കൈക്കൊള്ളണമെന്ന് ബഹു. കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി. കൂടാതെ, ഞാന്‍ ബഹു. പട്ടിക ജാതി /പട്ടിക വര്‍ഗ കമ്മീഷന് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് (3589/A4/2023/ALP/KSCSC&ST) എന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒരുമാസത്തിനുള്ളില്‍ നിയമിക്കാന്‍ ബഹു. പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്.

ബഹു. കേരള ഹൈക്കോടതി ഉത്തരവിന്റെയും ബഹു. കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മേല്‍ തസ്തികയിലേക്ക് എനിക്ക് അര്‍ഹതപ്പെട്ട നിയമനം കാലതാമസില്ലാതെ നല്‍കാന്‍ മനസ്സുണ്ടാകണം.

യഥാസമയം ശരിയായ രീതിയില്‍ സര്‍വകലാശാല നിയമനം നടത്തിയിരുന്നുവെങ്കില്‍ ഇതിനോടകം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഞാന്‍ നേടുമായിരുന്നു. എന്റെ പ്രമോഷന്‍ ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ അതിന്റെ ഗുണം എനിക്ക് അനുഭവിക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ സര്‍വകലാശാല എന്റെ നിയമനം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിലൂടെ എന്റെ അക്കാദമിക് കരിയറിന് അപരിഹാര്യമായ നഷ്ടംസംഭവിച്ചു കൊണ്ടിരിക്കുകയാണ്. ശമ്പള ഇനത്തില്‍ ലഭ്യമാകുമായിരുന്ന തുക കൂടി കണക്കിലെടുക്കുമ്പോള്‍ വലിയ സാമ്പത്തിക നഷ്ടവും എനിക്ക് ഇതിനുപുറമേ വന്നതായി കാണാം. ഈ കഷ്ട നഷ്ടങ്ങള്‍ക്കെല്ലാം കാരണം സര്‍വകലാശാല എന്റെ നിയമന കാര്യത്തില്‍ പുലര്‍ത്തുന്ന മെല്ലെപ്പോക്ക് നയം മാത്രമാണ്. ആയതിനാല്‍ എന്നെ ബഹു. കോടതി വിധി മുതലെങ്കിലുമുള്ള മുന്‍ കാല സര്‍വീസ് പ്രാബല്യത്തോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സംസ്‌കൃതം ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ മനസ്സു കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തികച്ചും ന്യായമായ ആവശ്യമാണ് ഉന്നത നീതിപീഠത്തിന്റെ അനുകൂല വിധിയോടു കൂടി ഡോ. ശ്യാംകുമാര്‍ ആവശ്യപ്പെടുന്നത്. കാര്യമായ സാമ്പത്തികശേഷിയില്ലാത്ത ആ യുവാവിനെ അര്‍ഹതപ്പെട്ട തൊഴിലില്‍ എടുക്കുന്നതിന് പകരം ആളുകളുടെ നികുതിപ്പണവും ഉപയോഗിച്ചുകൊണ്ട് വീണ്ടും കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒട്ടും ജനാധിപത്യപരമല്ല.

എയ്ഡഡ് കോളേജ് നിയമനങ്ങളില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന 15% എസ് സി സംവരണവും 8.5 % എസ് ടി സംവരണവും പാലിക്കണമെന്ന് ജസ്റ്റിസ് ഷെഫീക്കിന്റെ സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞിരുന്നു. എന്നാല്‍ മാനേജ്‌മെന്റുകള്‍ അപ്പീല്‍ നല്‍കിയത് അനുസരിച്ച് ഡിവിഷന്‍ ബെഞ്ച് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ആ വിധി റദ്ദ് ചെയ്യുകയുണ്ടായി.

ആ വിധി ഡിവിഷന്‍ ബഞ്ച് റദ്ദ് ചെയ്തില്ലായിരുന്നുവെങ്കില്‍ യോഗ്യതയുള്ള നിരവധി എസ് സി/എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോളേജ് അധ്യാപക നിയമനം ലഭിക്കുമായിരുന്നു. യുജിസിയും നെറ്റും പിഎച്ച്ഡിയും നേടിയ എസ് സി ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലൊന്നും ലഭിക്കാതെ തെരുവില്‍ ലോട്ടറി വില്‍ക്കുമ്പോളാണ് ഇതെല്ലാം നടക്കുന്നത് എന്നത് ആരും അറിയുന്നതുമില്ല.

ആ കേസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടക്കുന്നു. കേസിന്റെ വ്യവഹാരം പതിറ്റാണ്ടുകള്‍ പിന്നിടുന്ന വര്‍ത്തമാന അവസ്ഥയില്‍ കേസ് നല്‍കിയവര്‍ എല്ലാം ജോലിയില്‍ പ്രവേശിക്കാന്‍ നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധി തന്നെ കടന്നിരിക്കുന്നു.
ഇനിയിപ്പോള്‍ അനുകൂല വിധി ഉണ്ടായാലും അവര്‍ക്കൊന്നും ജോലിയില്‍ പ്രവേശിക്കാനും കഴിയുകയില്ല. വൈകിയെത്തുന്ന നീതി പോലും അനീതിയാണെന്നതിന് ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.

ഡോ. ടിഎസ് ശ്യാം കുമാറിന് എല്ലാത്തരം പിടിവാശികളും മാറ്റിവെച്ച് കാലിക്കറ്റ് സര്‍വകശാല അര്‍ഹതപ്പെട്ട തൊഴില്‍ ഇനിയെങ്കിലും നല്‍കണമെന്ന് ആഗ്രഹിക്കുന്നു.
കേരളത്തിലെ കോളേജ് അധ്യാപക നിയമങ്ങളില്‍ 70 ശതമാനവും
വന്‍ തുക കോഴ നല്‍കി അഭിജാതര്‍ക്ക് മാത്രം കയറിപ്പറ്റാന്‍ കഴിയുന്ന എയ്ഡഡ് മേഖലയില്‍ നിലനില്‍ക്കുന്നു.

ദലിതര്‍ക്കും ആദിവാസികള്‍ക്കും ആകെ ഇടം ലഭിക്കുന്നത് ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മാത്രമാണ്. അവിടെപ്പോലും ഇത്തരം എക്‌സ്‌ക്ലൂഷന്‍ എന്ന അനീതി ഒട്ടും വച്ചുപൊറുപ്പിക്കാവുന്നതല്ല. സര്‍ക്കാര്‍ സംവിധാനങ്ങളും ജനാധിപത്യ സമൂഹവും അതിനായി ഒപ്പം ചേരണമെന്നും തികഞ്ഞ ബഹുമാനത്തോടെ അഭ്യര്‍ത്ഥിക്കുന്നു.  Calicut University has not implemented the High Court’s verdict directing the appointment of Dr. TS Shyam Kumar

Content Summary; Calicut University has not implemented the High Court’s verdict directing the appointment of Dr. TS Shyam Kumar

ഡോ. എ കെ വാസു

ഡോ. എ കെ വാസു

ഡോക്ടര്‍ എ കെ വാസു, എഴുത്തുകാരന്‍ അധ്യാപകന്‍. ദലിത് ഫോക്ലോര്‍ എന്ന വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കി. 'കറുപ്പ് അഴകാണെന്നു നീ വെറുതെ പറയരുത്' എന്ന പുസ്തകത്തിന്റെ രചയിതാവ്. ദളിത് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. എയ്ഡഡ് മേഖല റിസര്‍വേഷന്‍ സംബന്ധിച്ച കേസുകള്‍ നടത്തുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ ബി എ മലയാളം, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജില്‍ എം എ, കാര്യവട്ടം ക്യാമ്പസില്‍ എംഫില്‍, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ പിഎച്ച്ഡി. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍.

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×