ഇസ്രയേൽ – ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് ശക്തമായ പ്രത്യാക്രമങ്ങളാണ് ഇറാനും നടത്തുന്നത്. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോമിനെയും മറികടന്നാണ് ഇറാന്റെ ആക്രമണം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേൽ നടത്തുന്ന സൈനിക സംഘർഷങ്ങളിൽ നിരന്തരം ശ്രദ്ധ ആകർഷിക്കുന്ന ഒരു വശം രാജ്യത്തിന്റെ ബഹുതല വ്യോമ പ്രതിരോധ സംവിധാനമാണ്. പതിവായി പരീക്ഷിക്കപ്പെടുന്ന ഈ സംവിധാനം ഇസ്രയേലിന്റെ പ്രതിരോധ തന്ത്രത്തിന്റെ ഒരു നിർണായക ഭാഗമായി ഇതിനോടകം തന്നെ മാറിയിരുന്നു.
ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചപ്പോൾ കഴിഞ്ഞ ദിവസം ‘അയൺ ഡോം’ എന്നറിയപ്പെടുന്ന വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേൽ വീണ്ടും പരീക്ഷിക്കുകയായിരുന്നു. ശത്രുരാജ്യങ്ങളുടെ വ്യോമമാര്‍ഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന് ഇസ്രയേലിന്റെ കൈവശമുള്ള അത്യാധുനിക പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങൾ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും.
മിസൈൽ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി യുഎസ് പിന്തുണയോടെ വികസിപ്പിച്ചെടുത്ത ഒരു അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമാണ് ഇസ്രയേലിനുള്ളത്. ഏതൊക്കെയാണ് അതിന്റെ പ്രധാന ഘടകങ്ങൾ?
അയൺ ഡോം
ഹ്രസ്വ-ദൂര റോക്കറ്റുകളെ തടസ്സപ്പെടുത്തുക എന്നതാണ് അയൺ ഡോമിന്റെ പ്രധാന ഉദ്ദേശം. 2010 കളുടെ തുടക്കം മുതൽ ഇസ്രയേൽ ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിന്റെ ശക്തമായ പിന്തുണയോടെയാണ് അയൺ ഡോമുകൾ നിർമ്മിച്ചിരിക്കുന്നത്. ഹമാസ്, ഹിസ്ബുള്ള എന്നിവർ എന്നിവർ തൊടുത്തുവിട്ട റോക്കറ്റുകൾ ഇത് നിലംപരിശാക്കിയിട്ടുണ്ട്. ഇസ്രയേൽ പറയുന്നതനുസരിച്ച് 90 ശതമാനമാണ് അയൺ ഡോം സംഘർഷങ്ങളിൽ കൈവരിച്ച വിജയം.
ആരോ സിസ്റ്റം
ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ തടയുന്നതിനായിട്ടാണ് ആരോ സിസ്റ്റം ഉപയോഗിക്കുന്നത്. യുഎസും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചെടുത്തടാണെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്താണ് ഇത് പ്രവർത്തിക്കുന്നത്. ഇറാനിൽ നിന്നും ഹൂത്തി വിമതരിൽ നിന്നുമുള്ള മിസൈലുകൾ തടുക്കുന്നതിന് വേണ്ടി ആരോ സിസ്റ്റം രാജ്യം ഉപയോഗിച്ചിട്ടുണ്ട്.
അയൺ ബീം
അയൺ ബീം നിലവിൽ രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹ്രസ്വ ദൂര മിസൈലുകളെ നേരിടാൻ ലേസർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതാണ് അയൺ ബീമിന്റെ പ്രത്യേകത. വളരെ കുറഞ്ഞ ചെലവിലാണ് ഇത് വികസിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഇതുമായി താരതമ്യം ചെയ്യുമ്പോൾ: അയൺ ഡോം മിസൈലിന് 50,000 ഡോളറും ആരോ സിസ്റ്റത്തിന് രണ്ട് മില്ല്യൺ ഡോളറും ചെലവ് വരുന്നു.
ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിലാണ് ഇറാനെതിരെയുള്ള സൈനിക നടപടികൾ ഇസ്രയേൽ ആരംഭിച്ചത്. ഇറാനെ ലക്ഷ്യമിട്ട് ഡ്രോണാക്രമങ്ങളും മിസൈലാക്രമണങ്ങളും ഇസ്രയേൽ നടത്തുകയും ചെയ്തു. നിരവധി ഉന്നത സൈനിക നേതാക്കളെ കൊലപ്പെടുത്തിയ ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടിയായാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.
Content Summary: Iron Dome breached; What’s inside Israel’s famed air defense system?