UPDATES

പലസ്തീന്‍ മണ്ണിലെ ജൂത രാഷ്ട്രത്തെ ഗാന്ധി എന്തുകൊണ്ടു പിന്തുണച്ചില്ല, പലസ്തീനൊപ്പമായിരുന്ന ഇന്ത്യയെങ്ങനെ ഇസ്രയേലിന്റെ സുഹൃത്തായി?

‘ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും ഉള്ള അതേ അര്‍ത്ഥത്തില്‍, പലസ്തീന്‍ അറബികളുടേതാണ്’

                       

യുദ്ധ വിമാനങ്ങളുടെയും പടക്കോപ്പുകളുടെയും ഭയപ്പെടുത്തുന്ന ഒച്ചപ്പാടുകള്‍ക്കിടയില്‍ ദൈനംദിന ജീവിതം തള്ളി നീക്കുന്ന ഇസ്രയേലിലെ സാധാരണ ജനത യഹൂദര്‍ക്കായി മാതൃഭൂമി പണിതുയര്‍ത്തുന്നതിനായി ഒരു ആയുഷ്‌കലം മുഴുവന്‍ മാറ്റിവച്ച തിയോഡോര്‍ ഹെര്‍സലിനെ ഓര്‍ക്കാതെ ഒരു ദിവസം കടന്നു പോകുന്നുണ്ടാകില്ല.

ഹമാസിന്റെ അധീനതയിലുള്ള ഗാസയില്‍ നിന്നുയര്‍ന്നു കേള്‍ക്കുന്ന കുഞ്ഞുങ്ങളുടേതടക്കമുള്ള നിലവിളകള്‍ക്കിടയില്‍ ‘ജൂത രാഷ്ട്രമെന്ന നമ്മുടെ സ്വപ്നം നിറവേറുന്ന നാള്‍ സ്വതന്ത്രരായി നമ്മള്‍ സ്വന്തം മണ്ണില്‍ ജീവിക്കുകയും നമ്മുടെ സ്വാതന്ത്ര്യത്താല്‍ ലോകത്തെ വിമോചിപ്പിക്കുകയും, സ്വാതന്ത്ര്യവും സമാധനവും ലോകമെമ്പാടും പുലരുകയും ചെയ്യുമെന്ന’ അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിഞ്ഞു കേള്‍ക്കുന്നുണ്ടാവും. ആദ്യകാല സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്ക് വ്യാപക പ്രചാരണം നല്‍കിയ തിയോഡോര്‍ ഹെര്‍സലിന്റെ ആദര്‍ശങ്ങള്‍ യഹൂദര്‍ക്ക് ഒരു മാതൃഭൂമി സൃഷ്ടിക്കുന്നതിനെക്കുറിച്ചു മാത്രമായിരുന്നില്ല, ഒരു യഹൂദ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ ആഗോള സമാധാനത്തിനും മാനവികതയ്ക്കും ഇസ്രായേല്‍ നല്‍കേണ്ട സംഭാവനകളെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു.

ഇസ്രയേല്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിന് കാതലായ പങ്കു വഹിച്ച ഹെര്‍സലിനെ പോലെ, ഇന്ത്യന്‍ സ്വതന്ത്ര സമര പ്രസ്ഥാനത്തിന് നെടുനായകത്വം വഹിച്ച മഹാത്മ ഗാന്ധിക്കും ഇസ്രയേല്‍-പലസ്തീന്‍ ബന്ധത്തില്‍ അടിയുറച്ച കാഴ്ചപ്പാടുകളുണ്ടായിരുന്നു.

ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനും മധ്യകാലഘട്ടം മുതല്‍ യൂ്‌റോപ്യന്‍ രാജ്യങ്ങളില്‍ നിന്നനുഭവിക്കേണ്ടി വന്ന മതപരമായും, സാമ്പത്തികമായുമുള്ള പാര്‍ശ്വവത്കരണവും, സാമൂഹിക ബഹിഷ്‌കരണമുള്‍പ്പെടയുള്ള വിവേചനങ്ങളില്‍ ഗാന്ധിജിക്ക് അഗാധമായ അനുഭാവമുണ്ടായിരുന്നു. 1938-ല്‍ ഒരു ജൂത സുഹൃത്തിന് അദ്ദേഹം എഴുതിയ കത്തിലും ഈ അനുഭാവം പ്രകടമാണ്:

‘ജൂത സമൂഹം നേരിടേണ്ടി വരുന്ന ഭീകരമായ അവസ്ഥയില്‍ ഞാന്‍ അങ്ങേയറ്റം അനുഭാവം പ്രകടിപ്പിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ വച്ച് അവരെ എനിക്ക് അടുത്തറിയാം. ക്രിസ്തുമതത്തെ സംബന്ധിച്ചു ജൂതര്‍ തൊട്ടുകൂടാത്തവരാണ്. ഹിന്ദു മതവിഭാഗത്തിന് അവര്‍ ‘തൊട്ടുകൂടാത്തവര്‍’ എന്നു വിശേഷിപ്പിക്കുന്നവരോടുള്ള സമീപനത്തിന് സമാനമായാണ് ക്രിസ്ത്യന്‍ മതവിഭാഗം ജൂതരോട് ഇടപെടുന്നത്’.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് ഗാന്ധിജിയുടെ പ്രസിദ്ധീകരണമായ ‘ഹരിജനില്‍’ യഹൂദര്‍ നേരിടേണ്ടി വരുന്ന വിവേചനത്തിന്റെയും അക്രമത്തിന്റെയും കഷ്ടപ്പാടുകളെ അദ്ദേഹം അപലപിച്ചിരുന്നു.

ജൂതര്‍ നേരിടണ്ടിവന്ന സമാനതകളില്ലത്ത ക്രൂരതകളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാന്ധിയുടെ നിലപാട് ജൂതരെ പിന്തുണയ്ക്കുന്നതായിരുന്നില്ല. അറബ് ജനത അധിവസിച്ചിരുന്ന പലസ്തീനില്‍ ബലപ്രയോഗത്തിലൂടെ സ്വന്തമായി ഒരു രാജ്യം സൃഷ്ടിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ ശക്തമായി തന്നെ ഗാന്ധി എതിര്‍ത്തിരുന്നു.

‘ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും ഉള്ള അതേ അര്‍ത്ഥത്തില്‍, പലസ്തീന്‍ അറബികളുടേതാണ്’ എന്നായിരുന്നു മഹാത്മ ഗാന്ധി ഹരിജനില്‍ എഴുതിയത്.

എന്തുകൊണ്ടായിരുന്നു പലസ്തീന്‍ മണ്ണിലെ സയണിസ്റ്റ് രാഷ്ട്രത്തെ ഗാന്ധി പിന്തുണച്ചില്ല?
‘യഹൂദന്മാരെ അറബികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യത്വരഹിതമാണ്. പലസ്തീന്‍ ഭാഗികമായോ പൂര്‍ണമായോ യഹൂദരുടെ ദേശീയ ഭവനമായി മാറ്റുന്നതിലൂടെ അറബികളുടെ അഭിമാനം ഇല്ലാതാക്കുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നാണു ഗാന്ധിയെടുത്ത നിലപാട്.

രണ്ടു വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയാണ് പലസ്തീനില്‍ ഒരു സയണിസ്റ്റ് രാഷ്ട്രം സൃഷ്ടിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തത്. ഒന്നാമതായി, പലസ്തീന്‍ അറബ് പലസ്തീനികളുടെ ആസ്ഥാനമായിരുന്നു. ബ്രിട്ടന്‍ സജീവമായി പ്രാപ്തമാക്കിയ ജൂതന്മാരുടെ കുടിയേറ്റം അടിസ്ഥാനപരമായി അക്രമാസക്തമായിരുന്നു. പലസ്തീനിലേക്ക് മടങ്ങുന്ന ജൂതന്മാരുടെ മതപരമായ പ്രവൃത്തി ബയണറ്റിന്റെയോ ബോംബിന്റെയോ സഹായത്തോടെ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം എഴുതി. യഹൂദര്‍ക്ക് പലസ്തീനില്‍ ‘അറബികളുടെ സഹവര്‍ത്തിത്വത്തോടെ മാത്രമേ സ്ഥിരതാമസമാക്കാന്‍ കഴിയൂ എന്ന് ഗാന്ധി വിശ്വസിച്ചു. ഇത് സാധ്യമാകണമെങ്കില്‍ ജൂതന്മാര്‍ക്ക് ‘ബ്രിട്ടീഷ് ബയണറ്റിനെ ഉപേക്ഷിച്ചേ മതിയാകുവെന്നും അദ്ദേഹം കരുതിയിരുന്നു.

രണ്ടാമതായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യഹൂദര്‍ അന്വേഷിക്കുന്ന തുല്യാവകാശങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സയ്ക്കുമുള്ള വിശാലമായ പോരാട്ടവുമായി ഒരു യഹൂദ മാതൃഭൂമി സ്ഥാപിക്കുക എന്ന ആശയം (ഇസ്രയേല്‍) വൈരുദ്ധ്യമുള്ളതാണെന്ന് തന്റെ കാലത്തെ മറ്റു പലരെയും പോലെ ഗാന്ധിയും വിശ്വസിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു യഹൂദ രാഷ്ട്രം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജൂതന്മാരുടെ നിലവിലുള്ള കമ്മ്യൂണിറ്റികളിലെ അവകാശങ്ങളും വ്യവസ്ഥകളും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് അദ്ദേഹം കരുതി.

ജൂതന്മാരോട് പലസ്തീനില്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്ന് പറയുകയും അവര്‍ താമസിക്കുന്ന മറ്റ് സ്ഥലങ്ങള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്താല്‍, ആ ആശയം അവര്‍ക്ക് സ്വീകാര്യമായേക്കില്ലെന്നു ഗാന്ധി ആശങ്കപ്പെട്ടു. ജര്‍മ്മനിയില്‍ സംഭവിച്ചതുപോലെ, മറ്റ് രാജ്യങ്ങളില്‍ നിന്ന് ജൂതന്മാരെ പുറത്താക്കുന്നതിനെ ന്യായീകരിക്കാന്‍ ഒരു യഹൂദ മാതൃഭൂമി എന്ന ആശയം ഉപയോഗിക്കാമെന്ന് അദ്ദേഹം കരുതി. ലളിതമായി പറഞ്ഞാല്‍, ഒരു യഹൂദ രാഷ്ട്രം എന്ന ആശയം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ജൂതന്മാരെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ആശങ്കാകുലനായിരുന്നു.

ഇസ്രായേലിനെക്കുറിച്ചുള്ള ഗാന്ധിയുടെ നിലപാട് ഇന്ത്യയുടെ വിദേശനയത്തെ സ്വാധീനിച്ചിരുന്നോ?
അറബ് ലോകമെമ്പാടുമുള്ള നേതാക്കളും അതിനപ്പുറമുള്ള സാമ്രാജ്യത്വ വിരുദ്ധരും ബ്രിട്ടന്റെ പലസ്തീന്‍ ഭരണവും, 1917-ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തിലും വളരെ അതൃപ്തരായിരുന്നു. ബ്രിട്ടീഷുകാര്‍ നിയന്ത്രിച്ചിരുന്ന നാട്ടില്‍ യഹൂദര്‍ക്ക് സ്വന്തം നാട് ഉണ്ടായിരിക്കുമെന്നായിരുന്നു ബാല്‍ഫോര്‍ വാഗ്ദാനം. ഒരു രാഷ്ട്രം മൂന്നാമതൊരു രാജ്യത്തിന് രണ്ടാമത്തെ രാജ്യത്തില്‍ ഉറപ്പു നല്‍കിയെന്നായിരുന്നു അന്തരിച്ച ബ്രിട്ടീഷ് എഴുത്തുകാരന്‍ ആര്‍തര്‍ കോസ്റ്റ്ലര്‍, ഈ പ്രഖ്യാപനത്തെക്കുറിച്ച് എഴുതിയത്.

ഗാന്ധിയുടെ അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിരുന്നതായി മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ചിന്മയ ഘരേഖാന്‍ ദി ഇന്ത്യന്‍ എക്സ്പ്രസി ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. പതിറ്റാണ്ടുകളായി പുതിയ രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതിന് ഉത്തരവാദിയായിരുന്ന അദ്ദേഹം പല തരത്തിലും ഈ വീക്ഷണം ഗാന്ധിജിയില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ടെന്നാണ് ഘരേഖാന്‍ ചൂണ്ടിക്കാണിക്കുന്നത്.

പലസ്തീനിനെ ജൂതന്മാരും അറബികളും എന്നു വിഭജിക്കുന്ന യുഎന്‍ ‘പ്രമേയം 181’-ന് എതിരെയാണ് ഇന്ത്യ അന്ന് വോട്ട് ചെയ്തത്. 1950-ല്‍ ഇസ്രയേല്‍ രാഷ്ട്രത്തെ ഇന്ത്യ അംഗീകരിച്ചെങ്കിലും, പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് കീഴില്‍ 1992 വരെ ഔദ്യോഗിക നയതന്ത്ര ബന്ധം ഇസ്രയേലുമായി സ്ഥാപിക്കപ്പെട്ടിരുന്നില്ല.

പലസ്തിനിനോടുള്ള ഇന്ത്യന്‍ നിലപാട്
1974-ല്‍, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (PLO) പലസ്തീന്‍കാരുടെ ഏക പ്രതിനിധിയായി അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യം ഇന്ത്യയാണ്. 1988-ല്‍ പലസ്തീനിനെ രാജ്യമെന്ന നിലയില്‍ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെയാണ്. രാഷ്ട്രീയ പിന്തുണയ്ക്കൊപ്പം, ഇന്ത്യ പലസ്തീന്‍ ജനതയ്ക്ക് ഭൗതികവും സാങ്കേതികവുമായ സഹായങ്ങള്‍ സംഭാവന ചെയ്യുന്നുണ്ട്. പലസ്തീനിലെ വിവിധ വികസന സംരംഭങ്ങള്‍ക്കായി 1995 മുതല്‍ ഇന്നുവരെ 30 ദശലക്ഷം യുഎസ് ഡോളറിന്റെ ബജറ്റ് സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

1992-ന് ശേഷമുള്ള ഇന്ത്യ-ഇസ്രയേല്‍ ബന്ധം
1992 ആയപ്പോഴേക്കും ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ തുടക്കത്തിന് സാക്ഷ്യം വഹിച്ചു. സാമ്പത്തിക, സൈനിക, കാര്‍ഷിക, ബഹിരാകാശ ഗവേഷണം മുതല്‍ രാഷ്ട്രീയതലങ്ങളില്‍ വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിച്ചതോടെ, 1992-ല്‍ ഇന്ത്യ സര്‍ക്കാര്‍ സമ്പൂര്‍ണ നയതന്ത്രബന്ധം ഇസ്രയേലുമായി സ്ഥാപിച്ചു.

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ നേരിട്ട് സഹായിച്ച ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. കാര്‍ഗില്‍ പോരാട്ടം ഇന്ത്യയുടെ രഹസ്യാന്വേഷണ, സൈനിക സേനയിലെ ചില സുപ്രധാന പോരായ്മകള്‍ എടുത്തുകാട്ടിയിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇന്ത്യ ഇസ്രയേല്‍ സാങ്കേതികവിദ്യയുടെ സഹായം തേടിയിരുന്നു.

അന്നുമുതലാണ് ഇസ്രയേലില്‍ നിന്നു പ്രതിരോധ ഇറക്കുമതി നടത്തുന്ന പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തോടുള്ള പ്രതികരണമായി നടത്തിയ ഓപ്പറേഷന്‍ പരാക്രമിന്റെ ഭാഗമായി 2002 ജൂണില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക ആക്രമണം നടത്താന്‍ പദ്ധതിയിട്ടപ്പോള്‍, ഇസ്രയേല്‍ പ്രത്യേക വിമാനങ്ങള്‍ വഴി ഹാര്‍ഡ്വെയര്‍ ഇന്ത്യയ്ക്ക് വിതരണം ചെയ്തു. 2013-ല്‍ ഇസ്രയേലിന്റെ ഏഷ്യയില്‍ നിന്നുള്ള മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ മാറിയിരുന്നു. നിലവില്‍ ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണ്?
സംഘര്‍ഷം ഉടലെടുത്ത ആദ്യ കാലങ്ങളില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ 2014- മുതല്‍ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വളരുന്നതുകൊണ്ടു തന്നെ പലസ്തീനിനു നല്‍കി വരുന്ന പിന്തുണയില്‍ മാറ്റം വന്നതായി കാണാം. 2014-ല്‍, ‘അധിനിവേശ പ്രദേശങ്ങള്‍’ എന്ന് വിളിക്കപ്പെടുന്ന ‘ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ്’ എന്ന സൈനിക ഓപ്പറേഷനില്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനങ്ങള്‍ അന്വേഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭ (യുഎന്‍) പ്രമേയത്തിന് ഇന്ത്യ പിന്തുണ അറിയിച്ചിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു ഈ പ്രവര്‍ത്തനം.

എന്നിരുന്നാലും, ഈ സൈനിക ഓപ്പറേഷനില്‍ ഇസ്രയേലിന്റെ നടപടികളെ ഔദ്യോഗികമായി അപലപിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കേണ്ടി വന്നപ്പോള്‍, മുന്‍കാലങ്ങളില്‍ സമാനമായ സാഹചര്യങ്ങളില്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തവണ പ്രമേയം പാസാക്കുന്നത് പരാജയപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. 2015 ലും ഇതേ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്ന പ്രമേയത്തില്‍ യുഎന്‍ മനുഷ്യാവകാശ കമ്മിഷനില്‍ (യുഎന്‍എച്ച്ആര്‍സി) നിന്നും ഇന്ത്യ വിട്ടുനിന്നു. ആദ്യമായാണ് ഇന്ത്യ ഇസ്രയേലിനെതിരെ വോട്ട് ചെയ്യാന്‍ വിസമ്മതിച്ചു രംഗത്തെത്തുന്നത്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇസ്രേയലില്‍ ഹമാസ് നടത്തുന്നത് ‘ഭീകര പ്രവര്‍ത്തന’മാണൊന്നായിരുന്നു മോദി അപലപിച്ചത്.

ഇസ്രയേലിനു വേണ്ടി ഉടനടി രംഗത്തെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിനെതിരേ വ്യാപകമായ പ്രതിഷേധം ഇന്ത്യയില്‍ നിന്നുണ്ടായി. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബ് മോദിയുടെ പ്രവര്‍ത്തിയെ വിമര്‍ശനബുദ്ധിയോടെ പരിഹസിക്കുകയാണ് ചെയ്തത്. ‘യുദ്ധത്തെിന്റെ ഭീകരതയെക്കുറിച്ചും മാനവികതയെക്കുറിച്ചും ആശങ്കാകുലനാണ് പ്രധാനമന്ത്രിയെങ്കില്‍ എന്തുകൊണ്ടാണ് മണിപ്പൂര്‍ വിഷയത്തില്‍ തികഞ്ഞ നിശബ്ദത പാലിക്കുന്നത്? സിക്കിമും, ഉത്തരാഖണ്ഡും നേരിടുന്ന പ്രളയത്തെ കുറിച്ച് ആശങ്കപെടാത്തത്? ആയിരങ്ങള്‍ കശ്മീരില്‍ മരിച്ചു വീഴുമ്പോള്‍ പ്രധാനമന്ത്രി എന്ത് നിലപാടാണ് സ്വീകരിച്ചത്? ഇത്തരം ഇരട്ടത്താപ്പുകള്‍ പുറത്തു കൊണ്ടുവന്നേ മതിയാകൂ’ എന്നായിരുന്നു റാണ അയ്യൂബിന്റെ വാക്കുകള്‍. മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ഇസ്രയേല്‍ ആഭിമുഖ്യത്തിന് പിന്നില്‍ ഇന്ത്യയില്‍ ബിജെപി നടപ്പാക്കുന്ന രാഷ്ട്രീയ അജണ്ടയുമുണ്ടെന്ന് റാണ ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേലില്‍ നടക്കുന്ന അക്രമണങ്ങള്‍ പ്രധാന മന്ത്രിയുള്‍പ്പെടെയുള്ള ബിജെപി വക്താക്കള്‍ നിരന്തരം ചര്‍ച്ചയാക്കുന്നുണ്ട്. ഇതിന്റെ പിന്നില്‍ മുസ്ലിം വിഭാഗത്തിനെതിരെയുള്ള ബിജെപിയുടെ അജണ്ടയാണുള്ളത്. നിലവില്‍ ഇന്ത്യന്‍ മുസ്ലിമിനെതിരെയും, ന്യൂനപക്ഷങ്ങള്‍ക്കെതിരെയും പ്രയോഗിക്കാന്‍ സാധിക്കുന്ന കൃത്യമായ ആയുധമാണ് ഇസ്രയേല്‍ എന്നാണ് ഈ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക അഭിപ്രായപ്പെടുന്നത്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍