വിവാഹം കഴിഞ്ഞുള്ള വധൂവരന്‍മാരുടെ ആദ്യയാത്ര ജെസിബിയില്‍ ഒരുക്കി കൊടുത്തത് വരന്റെ സുഹൃത്തുക്കളാണ്
ജെസിബിയുടെ ബക്കറ്റില്‍ നിന്നുകൊണ്ട് ആലപ്പുഴ ദേശീയ പാതയിലൂടെ വിവാഹ ഘോഷയാത്ര നടത്തിയ വധൂവരന്‍മാര്‍ക്ക് പോലീസിന്റെ പണി. ദേശീയ പാതയില്‍ ഗതാഗത തടസം ഉണ്ടാക്കിയതിന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വരന്‍ പുന്നപ്ര സ്വദേശി അരുണ്‍ കുമാറിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞുള്ള വധൂവരന്‍മാരുടെ ആദ്യയാത്ര ജെസിബിയില്‍ ഒരുക്കി കൊടുത്തത് വരന്റെ സുഹൃത്തുക്കളാണ്. ആലപ്പുഴ നഗരത്തില്‍ നിന്നു വിവാഹം കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന വധൂവരന്‍മാരെ തൂക്കുകുളം ജംക്ഷനില്‍ തടഞ്ഞ സുഹൃത്തുക്കള്‍ ഇരുവരെയും വാഴയും മറ്റുകൊണ്ട് അലങ്കരിച്ച ജെസിബിയിലേക്ക് കയറ്റുകയായിരുന്നു.
ഞായറാഴ്ച ആലപ്പുഴയിലും മറ്റും നിരവധി കല്യാണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കായിരുന്നു. അതിനിടയിലാണ് ജെസിബി ഘോഷയാത്ര എത്തിയത്.
ജെസിബി ഡ്രൈവര്‍ ചിന്നപ്പന്‍, ഉടമ ആലപ്പുഴ സ്വദേശി സാം മോന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. വരനോട് അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.