UPDATES

മഹാദേവ് ഓണ്‍ലൈന്‍ ആപ്പ് തട്ടിപ്പ്; 200 കോടി ചെലവില്‍ വിവാഹം, ബന്ധുക്കള്‍ക്ക് നാഗ്പൂരില്‍ നിന്ന് യുഎഇയില്‍ എത്താന്‍ ചാര്‍ട്ടേഡ് ജെറ്റുകള്‍, ആഘോഷമാക്കാന്‍ ബോളിവുഡ് സെലിബ്രിറ്റികള്‍

കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 417 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌

                       

ഓണ്‍ലൈന്‍ വാതുവയ്പ്പ്/ചൂതാട്ടത്തിലൂടെ ആയിരക്കണക്കിന് കോടികള്‍ തട്ടിയെടുത്ത മഹാദേവ് അപ്ലിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഈ വാതുവയ്പ്പ് അപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 417 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തതായി സെപ്ബംബര്‍ 15 നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രാകര്‍, രവി ഉപ്പല്‍ എന്നിവരാണ് മഹാദേവ് ആപ്പിനു പിന്നിലുള്ളവര്‍. ഇവര്‍ ദുബായാണ് ബിസിനസ് കേന്ദ്രമാക്കിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളെ അംഗങ്ങളാക്കാനും, വ്യാജ യൂസര്‍ ഐഡികള്‍ സൃഷ്ടിക്കാനും ലെയേര്‍ഡ് വെബ് വഴി ബിനാമി ബാങ്ക് അകൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ഓണ്‍ലൈന്‍ വാതുവയ്പ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. അനധികൃത വാതുവയ്പ്പുകള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ തയ്യാറാക്കി കൊടുക്കുന്ന ഒരു സിന്‍ഡിക്കേറ്റ് ആയും മഹാദേഹ് ആപ്പ് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.

മഹാദേവ് അപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കഴിഞ്ഞ മാസം രാജ്യവ്യാപകമായി ഇഡി തെരച്ചില്‍ നടത്തിയിരുന്നു. കൊല്‍ക്കൊത്ത, ഭോപ്പാല്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് 417 കോടിയുടെ ആസ്തികള്‍ കണ്ടെത്തുന്നതും മരവിപ്പിക്കുന്നതും. നാല് പേരെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സഹോദരങ്ങളായ സുനില്‍ ധമ്മനി, അനില്‍ ധമ്മനി, പൊലീസുകാരനായ ചന്ദ്രഭൂഷണ്‍ വര്‍മ, സതീഷ് ചന്ദ്രാകര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വര്‍മ, ഓഫിസേഴ്സ് ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി(ഒഎസ്ഡി) മനീഷ് ബഞ്ചോര്‍ എന്നിവരെയും അന്വേഷണത്തിന്റെ ഭാഗമായി ഇഡി ചോദ്യം ചെയ്തിരുന്നു.

യുഎഇയിലാണ് മഹാദേവ് ആപ്പിന്റെ കേന്ദ്രം എന്നാണ് ഇഡി അറിയിക്കുന്നത്. അതിനു കീഴിലായി ഇന്ത്യയിലെ വിവിധയിടങ്ങളില്‍ പാനല്‍, ബ്രാഞ്ച് എന്നിങ്ങനെ അറിയപ്പെടുന്ന ഫ്രാഞ്ചൈസികള്‍ അഥവ ശാഖകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 70-30 എന്ന കണക്കില്‍ ലാഭ വിഹിതം പങ്കുവച്ചാണ് ഫ്രാഞ്ചൈസികള്‍ നല്‍കുന്നത്. വാതുവയ്പ്പിലൂടെ കിട്ടുന്ന പണം ഓഫ് ഷോര്‍ അകൗണ്ടിലേക്ക്(നികുതിയിളവുകളുള്ള വിദേശ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അകൗണ്ടുകള്‍) മാറ്റാന്‍ വലിയ തോതില്‍ ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇഡി പറയുന്നു. മഹാദേവ് ആപ്പിലേക്ക് കൂടുതല്‍ ഉപഭോക്തക്കളെയും പാനലുകളെയും(ഫ്രാഞ്ചൈസികള്‍) ആകര്‍ഷിക്കുന്നതിന് വേണ്ടി പരസ്യത്തിനായി ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയും ചെലവാക്കിയിട്ടുണ്ട്.

മഹാദേവ് ആപ്പ് കേസ് (എം എ കേസ്)
2022 മാര്‍ച്ച് 30 ന് ദര്‍ഗ് പൊലീസിന് കിട്ടിയ ചെറിയൊരു തുമ്പിലൂടെയാണ് ഈ തട്ടിപ്പിന്റെ അന്വേഷണം തുടങ്ങുന്നത്. ഭിലായില്‍ നടത്തിയ തെരച്ചിലില്‍ ഓണ്‍ലൈന്‍ വാതുവയ്പ്പ് നടത്തിയിരുന്ന ചിലരെ അറസ്റ്റ് ചെയ്തു. പിന്നാലെ മോഹന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലും ഓണ്‍ലൈന്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. പിടിയിലായ വാതുവയ്പ്പുകാരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദര്‍ഗ് ജില്ലയില്‍ വ്യാപകമായ തെരച്ചില്‍ നടത്തി. മഹാദേവ് ആപ്ലിക്കേഷനെക്കുറിച്ച് വിവരങ്ങള്‍ കിട്ടുന്നത് അങ്ങനെയാണ്. സെപ്തംബര്‍ ആയപ്പോഴേക്കും മഹാദേവ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട റായ്പൂര്‍, ദര്‍ഗ്, ബിലാസ്പൂര്‍ തുടങ്ങി ഛത്തീസ്ഗഡിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ അറസ്റ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.

2022 ല്‍ മാത്രം മഹാദേവ് ആപ്പിക്കേഷന്‍ വഴി രാജ്യത്തുടനീളമായി 5000 കോടിയുടെ വാതുവയ്പ്പ് ഇടപാട് നടന്നുവെന്നാണ് ഛത്തീസ്ഗഡ് സംസ്ഥാന പൊലീസ് അറിയിച്ചത്.

രാജ്യത്ത് 30 കേന്ദ്രങ്ങളായി മഹാദേവ് ആപ്പ് വഴിയുള്ള വാതുവയ്പ്പ് നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ഛത്തീസ്ഗഡ് സംസ്ഥാനത്താണ്. ഓരോ കേന്ദ്രത്തിലും 200 കോടിക്കു മുകളിലാണ് ഇടപാടുകള്‍ നടക്കുന്നത്.

ഇതുവരെ 72 കേസുകള്‍ ഛത്തീസ്ഗഢ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢ്, ഡല്‍ഹി, ഗോവ, മുംബൈ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നായി 449 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 196 ലാപ്ടോപ്പുകള്‍, 885 മൊബൈല്‍ ഫോണുകള്‍, നിരവധി ഇല ക് ട്രോണിക്സ് ഉപകരണങ്ങള്‍, 40 ലക്ഷം രൂപ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആയിരത്തോളം ബാങ്ക് അകൗണ്ടുകളും ഛത്തീസ്ഗഡ് പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. നിലവില്‍ മഹാദേഹ് അപ്പ് നിശ്ചലമാണെന്നാണ് പൊലീസ് അവകാശപ്പെട്ടിരിക്കുന്നത്.

വാതുവയ്പ്പ് നിയമാനുസൃതമായ ദുബായ് കേന്ദ്രമാക്കി സൗരഭും രവിയും നടത്തുന്ന ഈ ഓണ്‍ലൈന്‍ വാതുവയ്പ്പ് ആപ്പിന്റെ മുഖ്യ ഉപഭോക്താക്കളില്‍ ബഹുഭൂരിപക്ഷവും വാതുവയ്പ്പ് നിയമവിരുദ്ധമായ ഇന്ത്യയിലെ ജനങ്ങളാണ്. മഹാദേവ് ആപ്പിന്റെ ഫ്രാഞ്ചൈസി തുടങ്ങണമെങ്കില്‍ ലൈസന്‍സിനായി ആദ്യം 20 ലക്ഷം രൂപ നിക്ഷേപിക്കണം. അതിനുശേഷമാണ് അവരെ അഡ്മിന്‍ ആക്കുന്നത്. അഡ്മിന്‍ ആയശേഷം ഉപഭോക്താക്കള്‍ക്ക് ഐഡികള്‍ നല്‍കാന്‍ ഇവര്‍ക്കാകും. ഫ്രാഞ്ചൈസികള്‍ പിന്നീട് ഏജന്റുമാരെ നിയോഗിക്കും. ഏജന്റുമാരാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. വാതുവയ്പ്പിനെത്തുന്ന ഓരോ ഉപഭോക്താവില്‍ നിന്നും ആറ് മുതല്‍ എട്ട് ശതമാനം വരെ കമ്മീഷന്‍ കിട്ടും. ആപ്പിനെ കുറിച്ച് ഒരു ഓഫ്‌ലൈന്‍ വിശദീകരണം ഉപഭോക്താക്കള്‍ക്ക് നല്‍കിയശേഷം ഏജന്റുമാര്‍ ഐഡികള്‍ നല്‍കും. നിര്‍ദിഷ്ട നമ്പറുകളിലേക്ക് വാട്‌സ് ആപ്പോ ടെലഗ്രാമോ വഴി മിസ്ഡ് കോളോ മെസേജോ ചെയ്താണ് ഐഡികള്‍ നല്‍കുന്നത്. മറ്റേതൊരു ഓണ്‍ലൈന്‍ അകൗണ്ടിലുമെന്നപോലെ ഇവിടെയും ഉപഭോക്താക്കള്‍ക്ക് ഒരു ഐഡിയും പാസ് വേര്‍ഡും ഉണ്ടാകും. വാതുവയ്പ്പിനായി പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും വേണ്ടി ഓരോ കേന്ദ്രങ്ങളിലും ഉപഭോക്താക്കള്‍ക്ക് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടാകും.

ഇത്തരം വാതുവയ്പ്പു കേന്ദ്രങ്ങളില്‍ ജോലിക്കെടുക്കുന്നത് 20 നും 25 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായി നില്‍ക്കുന്ന ചെറുപ്പക്കാരെയായിരിക്കും. ഇവര്‍ക്ക് മാസം 20,000 മുതല്‍ 25,000 വരെ ശമ്പളം നല്‍കും, ഒപ്പം ഇന്‍സെന്റീവും.

പൊലീസും ഇഡിയും അന്വേഷിച്ചിറങ്ങിയിട്ടുണ്ടെന്ന് മനസിലായതോടെ, തട്ടിപ്പുകാര്‍ അവരുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇ-വാലറ്റുകളും ക്യൂ ആര്‍ കോഡ് വഴിയും പണം സ്വീകരിക്കാന്‍ അവര്‍ തുടങ്ങി. ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കാന്‍ തുടങ്ങിയശേഷമായിരുന്നു ഈ മാറ്റം.

മഹാദേവ് ആപ്പിന് 40 ലക്ഷത്തോളം ഉപഭോക്താക്കളുണ്ടെന്നും വേഗത്തില്‍ പണം കൈയില്‍ കിട്ടുമെന്നതൊക്കെയായിരുന്നു അവരുടെ വിശ്വാസ്യതയെ കാണിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രലോഭനങ്ങള്‍.

200 കോടി ചെലവില്‍ ദുബായില്‍ കല്യാണം
ഇഡിയുടെ പ്രസ്താവനയില്‍ പറയുന്നത്, സൗരഭ് ചന്ദ്രാകറും രവി ഉത്പലും യുഎഇയില്‍ അവരുടെതായൊരു സാമ്രാജ്യം തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ്. വാതുവയ്പ്പിലൂടെ വളരെ പെട്ടെന്നാണവര്‍ സഹസ്ര കോടികളുടെ അധിപരായത്.

2023 ഫെബ്രുവരിയിലായിരുന്നു സൗരഭിന്റെ വിവാഹം. യുഎഇയിലെ റാസല്‍ഖൈമയില്‍ നടന്ന ആ വിവാഹ ചടങ്ങിന് 200 കോടിയാണ് ചെലവാക്കിയത്. സൗരഭിന്റെ വീട്ടാകാരെയും ബന്ധുക്കളെയും വിവാഹത്തിന് നാഗ്പൂരില്‍ നിന്നും യുഎഇയില്‍ എത്തിച്ചത് ചാര്‍ട്ട് ചെയ്ത പ്രൈവറ്റ് ജെറ്റുകളിലായിരുന്നു. വിവാഹ പാര്‍ട്ടിയില്‍ ബോളിവുഡ് സെലിബ്രിറ്റികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. വിവാഹ ചടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഇവന്റ് മാനേജ്‌മെന്റ്, നര്‍ത്തകര്‍, അലങ്കാര ജോലികള്‍ ചെയ്തവര്‍ തുടങ്ങിയവരെയൊക്കെ മുംബൈയില്‍ നിന്നായിരുന്നു എത്തിച്ചത്. എല്ലാവര്‍ക്കും ഹവാല ഇടപാട് വഴി പണമായിട്ടാണ് പ്രതിഫലം കൈമാറിയതെന്നും അന്വേഷണ സംഘം പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍