UPDATES

ഫിനാന്‍സ്/ ബിസിനസ്‌

ലാഭവിഹിതത്തില്‍ നിന്ന് 4.2 കോടി രൂപ നേടി നാല് മാസം പ്രായമുള്ള കുഞ്ഞ്: അറിയുമോ ഇന്‍ഫോസിന്റെ ഈ പിന്‍ഗാമിയെ!

നാരായണ മൂർത്തിയുടെ കൊച്ചുമകന് ഇൻഫോസിസിൽ 0.04 ശതമാനം ഓഹരി പങ്കാളിത്തം

                       

പതിനെട്ട് അടവ് പയറ്റിയാലും ഓഹരി വിപണിയില്‍ നിന്ന് ലാഭം കിട്ടാത്തവരുണ്ട്. വിപണിയില്‍ എത്രകാലത്തെ പരിചയമുണ്ടെങ്കിലും കാര്യമില്ല. എവിടെ, എത്ര നിക്ഷേപിക്കുന്നു എന്നതിലാണ് കാര്യം. അത്തരത്തില്‍ വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് ഒരു പേരകുട്ടിയും മുത്തശ്ശനും. പേരകുട്ടിയ്ക്ക് ആകട്ടെ പ്രായം വെറും നാല് മാസം. മുത്തശ്ശന്‍ സമ്മാനമായി വാങ്ങി നല്‍കിയ ഓഹരിയുടെ ലാഭവിഹിതത്തില്‍ നിന്ന് ആ കുഞ്ഞിനെ തേടിയെത്തിയതാവട്ടെ 4.2 കോടി രൂപയും. ആരാണ് ആ മുത്തശ്ശനും പേരകുട്ടിയും എന്നല്ലേ?

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പേരകുട്ടി ഏകാഗ്ര രോഹന്‍ മൂര്‍ത്തിയാണ് ആ ഭാഗ്യവാന്‍. നാരായണ മൂര്‍ത്തി 240 കോടി രൂപ മൂല്യം വരുന്ന 15 ലക്ഷം ഓഹരിയാണ് പേരകുട്ടിയ്ക്ക് നല്‍കിയിരുന്നത്. അതായത് ഇന്‍ഫോസിസ് കമ്പനിയുടെ 0.04 ശതമാനം ഓഹരി. പാദഫലം പുറത്ത് വിട്ടതിന് പിന്നാലെ അടുത്തിടെയാണ് ഇന്‍ഫോസിസ് നിക്ഷേപകര്‍ക്കായി ലാഭവിഹിതം പ്രഖ്യാപിച്ചത്. 20 രൂപ അന്തിമ ലാഭവിഹിതവും 8 രൂപ പ്രത്യേക ലാഭവിഹിതവുമാണ് ഇന്‍ഫോസിസ് പ്രഖ്യാപിച്ചിരുന്നത്, ഇതോടെ കഴിഞ്ഞ പാദത്തിലെ ലാഭവിഹിതമായി ഓഹരിയൊന്നിന് 28 രൂപ വീതം ഇന്‍ഫോസിസ് നിക്ഷേപകന് ലഭിക്കും. അങ്ങനെയെങ്കില്‍, ഡിവിഡന്റ് ഇനത്തില്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് 4.2 കോടി രൂപയാണ് ലാഭവിഹിതമായി ലഭിക്കുക. ഇന്‍ഫോസിസ് കമ്പനിയുടെ 0.04 ശതമാനം ഓഹരികള്‍ ഏകാഗ്രക്ക് നല്‍കിയതോടെ എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 0.36 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ലാഭവിഹിതത്തിന് അര്‍ഹരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള തീയതി മേയ് 31 ആണ്. ജൂലയ് ഒന്നിന് ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് അനുവദിക്കും.

എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും മരുമകള്‍ അപര്‍ണ കൃഷ്ണന്റെയും മകനാണ് അഞ്ച് മാസക്കാരനായ ഏകാഗ്ര രോഹന്‍ മൂര്‍ത്തി. 2023 നവംബര്‍ 10 ന് ബംഗളൂരുവിലാണ് അപര്‍ണക്കും രോഹന്‍ മൂര്‍ത്തിക്കും ഏകാഗ്ര ജനിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ രോഹന്‍ മൂര്‍ത്തി ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോറോക്കോ എന്ന സോഫ്റ്റ്വെയര്‍ സ്ഥാപനം നടത്തുകയാണ്. അപര്‍ണ കൃഷ്ണന്‍ മൂര്‍ത്തി മീഡിയയുടെ മേധാവിയാണ്.നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര രോഹന്‍ മൂര്‍ത്തി. അക്ഷതാ മൂര്‍ത്തിയുടെയും യുകെ പ്രധാനമന്ത്രിയായ ഋഷി സുനകിന്റെയും മക്കളായ കൃഷ്ണയും അനൗഷ്‌കയുമാണ് ഇരുവരുടെയും ആദ്യത്തെ പേരക്കുട്ടികള്‍.2023 ഡിസംബര്‍ പാദത്തിന്റെ അവസാനത്തില്‍, അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ 1.05 ശതമാനവും, സുധാ മൂര്‍ത്തിക്ക് 0.93% ശതമാനവും, രോഹന്‍ മൂര്‍ത്തിക്ക് 1.64 ശതമാനവും ഓഹരികള്‍ ഉണ്ടായിരുന്നു.ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ പ്രകാരം ഇന്‍ഫോസിസിന്റെ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 30 ശതമാനം വര്‍ധിച്ച് 7,969 കോടി രൂപയായി. 2023 ല്‍ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ലാഭം 6,128 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഇന്‍ഫോസിസിന്റെ ലാഭം 11,058 കോടി രൂപയായിരുന്നു.

 

 

 

 

“Infosys has declared a dividend of Rs 28, and NR Narayana Murthy’s five-month-old grandson will receive 4.20 crore.”

Share on

മറ്റുവാര്‍ത്തകള്‍