UPDATES

സിനിമാ വാര്‍ത്തകള്‍

താന്‍ മദ്യപിക്കാറുണ്ട്, അന്ന് മദ്യപിച്ചിരുന്നില്ല; മോഡലിന്റെ മരണത്തില്‍ ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജി

ബംഗാള്‍ സിനിമ ലോകത്തെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ് ഈ അപകടം

                       

പ്രമുഖ മോഡല്‍ സോണിക സിംഗ് ചൗഹാന്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജിയെ പോലീസ് ചോദ്യം ചെയ്തു. താന്‍ മദ്യപിക്കാറുണ്ടെങ്കിലും അപകടമുണ്ടായ രാത്രിയില്‍ മദ്യപിച്ചിരുന്നില്ലെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു.

ഏപ്രില്‍ 29ന് പുലര്‍ച്ചെയാണ് സോണികയുടെ മരണത്തില്‍ കലാശിച്ച അപകടമുണ്ടായത്. ഇതിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ അര്‍ദ്ധരാത്രി വരെ നീണ്ടു. ഇന്നും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബംഗാള്‍ സിനിമ ലോകത്തെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ് ഈ അപകടം. ഒരു വിഭാഗം ചാറ്റര്‍ജിയെ അനുകൂലിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഇദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യപ്പെടുന്നത്.

ഇന്നലെ രാത്രി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇന്ന് രാവിലെയും ഇതിനായി ഇദ്ദേഹത്തെ വിളിച്ചുവരുത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തലയില്‍ ബാന്‍ഡേജ് ഇട്ടാണ് ഇദ്ദേഹം ചോദ്യം ചെയ്യലിനെത്തിയത്. രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ഇരുവരും മടങ്ങിയപ്പോഴാണ് പുലര്‍ച്ചെയോടെ അപകടമുണ്ടായത്. റോഡരികിലെ തൂണില്‍ ഇടിച്ച കാര്‍ മറിയുകയും സോണിക തല്‍ക്ഷണം മരിക്കുകയുമായിരുന്നു.

കഴിഞ്ഞയാഴ്ച പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത വിക്രം ചാറ്റര്‍ജി അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും അമിത വേഗതയിലായിരുന്നില്ലെന്നും പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ രക്തപരിശോധന ഫലം ലഭിക്കാതെ ഇത് സ്ഥിരീകരിക്കാനാകില്ല. അതേസമയം അപകടം നടന്ന് പതിനൊന്ന് ദിവസമായിട്ടും ഈ ഫലം ലഭ്യമായിട്ടില്ല.

അന്നേദിവസം ചാറ്റര്‍ജിയും സോണികയും സന്ദര്‍ശിച്ച ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം സംസ്ഥാനത്തെ ത്രിണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നുള്ള അന്വേഷണം വളരെ പതുക്കെയാണ് പുരോഗമിക്കുന്നതെന്നാണ് കൊല്‍ക്കത്ത പോലീസ് പറയുന്നത്. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ചാറ്റര്‍ജി മെയ് നാലിനാണ് ആശുപത്രി വിട്ടത്. ബംഗാളി സീരിയലുകളില്‍ ധാരാളം മുഖ്യവേഷങ്ങള്‍ ചെയ്താണ് ഇദ്ദേഹം പ്രശസ്തനായത്.

മരണത്തിന് ഏതാനും സമയം മുമ്പ് വരെയും സോണികയ്‌ക്കൊപ്പമുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. പാര്‍ട്ടിക്കിടെ ചാറ്റര്‍ജി ഒരു ഗ്ലാസുമായി നില്‍ക്കുന്നതിന്റെ ചിത്രം സോണികയുടെ സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് വിവാദമായിരുന്നു. ഗ്ലാസില്‍ മദ്യമാണോ സോഫ്റ്റ് ഡ്രിങ്ക് ആണോയെന്നത് വ്യക്തമല്ല.

ഇരുവരെയും പിന്തുണയ്ക്കുന്നവര്‍ വ്യത്യസ്ത രീതിയിലാണ് പ്രചരണങ്ങള്‍ സംഘടിക്കിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക പ്രണഥിക സിന്‍ഹ ജസ്റ്റിസ് ഫോര്‍ സോണിക എന്ന പേരില്‍ പ്രചരണം ആരംഭിച്ചപ്പോള്‍ വോയിസ് ഫോര്‍ വിക്രം എന്ന പേരിലാണ് വിക്രം ചാറ്റര്‍ജിയുടെ സുഹൃത്തുക്കള്‍ പ്രചരണം നടത്തുന്നത്.

Share on

മറ്റുവാര്‍ത്തകള്‍