UPDATES

ഇത് കയ്യിലിരിപ്പിന്റെ ഫലമോ; ഉഷ്ണ തരംഗ ഭീഷണിയിൽ കേരളം

കത്തുന്ന ചൂടിൽ വെന്തുരുകി മലയാളികൾ

                       

കത്തുന്ന ചൂടിൽ വെന്തുരുകുകയാണ് ഓരോരുത്തരും ചൂട് ഇനിയും കനക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പാലക്കാട് ഉഷ്ണ തരംഗം സ്ഥിരീകരിച്ചു.

ചൂട് കൂടുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ താപനില 40 ഡിഗ്രി കനക്കുമെന്ന ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇത്തവണയും ചൂട് കനക്കുക പാലക്കാടാണ്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് ഏപ്രിൽ 26 മുതൽ 30 വരെ പാലക്കാട് താപ നില 41 വരെയാകാനുള്ള സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ ഏറ്റവും ഉയർന്ന 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപ നില ഉയരാനുള്ള സാധ്യതയുണ്ട്. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപ നില 38 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുൻ വർഷങ്ങളിലെ കണക്കുകൾ പ്രകാരം സാധാരണയുള്ളതിനേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ അധികമാകാനുള്ള സാധ്യതയാണ് കാണിക്കുന്നത്.

ഉയർന്ന താപനിലയോടൊപ്പം ഈർപ്പമുള്ള വായുവും കാരണം മേല്‍ പറഞ്ഞ
ജില്ലകളിൽ 2024 ഏപ്രിൽ 26 മുതൽ 30 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. എങ്കിലും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 28 വരെ ഉഷ്‌ണതരംഗ സാദ്ധ്യത നില നിൽക്കുന്നുവെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

‘ഇതാദ്യമായല്ല ചൂട് കേരളത്തിൽ ഇത്ര കനക്കുന്നത്. നാൽപ്പതിന് മുകളിൽ ചൂട് പാലക്കാട്, പുനലൂർ പോലുള്ള പ്രദേശങ്ങളിൽ ഇതിനു മുമ്പും പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 2010ൽ കേരളത്തിന്റെ പല പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുകയും അനവധി ആളുകൾക്ക് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. പലപ്പോഴും കാലാവസ്ഥ വ്യതിയാനത്തെ പഴിക്കുമ്പോഴും നമ്മുടെ ജീവിത കാലത്ത് നാം നേരിട്ടനുഭവിക്കുന്ന ചൂടിന്റെയും മഴയുടെയും തീവ്രത വർദ്ധിച്ചിരിക്കുകയാണ്. ഈ അനുഭവപ്പെടലിലാണ് കാലാവസ്ഥ വ്യതിയാനം പങ്ക് വഹിക്കുന്നത്. മുൻപ് 40 ഡിഗ്രി ചൂട് പത്ത് ദിവസം മാത്രം അനുഭവപ്പെട്ടിരുന്ന ഒരു പ്രദേശത്ത് ഇന്ന് 40 ഡിഗ്രി ചൂട് മുഴുവൻ മാസവും അനുഭവപ്പെടുന്നുണ്ടാകാം. ഈ മാറ്റത്തിലും തീവ്രതയിലും വന്നിരിക്കുന്ന വ്യത്യാസങ്ങളാണ് കാലാവസ്ഥ വ്യതിയാനം നമുക്ക് പുതുതായി നൽകിയിരിക്കുന്ന സംഭാവന’. എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് വ്യക്തമാക്കിയിരുന്നു.

ഉഷ്ണ തരംഗ സാധ്യത അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പൊതു ജനങ്ങളോടൊപ്പം സംസ്ഥാനത്തെ ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാകുന്നുണ്ട്. ഉഷ്ണ തരംഗ സമയങ്ങളിൽ സൂര്യാഘാതവും സൂര്യതാപവും ഏൽക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഈ സമയങ്ങളിൽ ഉചിതം. നേരിട്ട് വെയിലേൽക്കുന്ന തരത്തിലുള്ള എല്ലാ തരം ജോലികളും പൂർണമായും ഒഴിവാക്കേണ്ടതാണ്. പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പരമാവധി വെയിൽ ഇല്ലാത്ത സമയത്ത് ചെയ്യാൻ ആണ് കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്നത്. ശരീരത്തിന് വെള്ളം ധാരാളമായി വേണ്ടുന്ന സമയമായതിനാൽ വെള്ളം കുടിക്കുന്നതിൽ യാതൊരുവിധ വിട്ട് വീഴ്ചകളൂം ചെയ്യരുത്. കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക. നിർജലീകരണത്തിന് ഇടയാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

 

content summary: Kerala is worried about heatwaves due to climate change.

Share on

മറ്റുവാര്‍ത്തകള്‍