UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

(അപ)ശബ്ദങ്ങള്‍

ഡോ. വീണാ മണി

ഫേസ്ബുക്കില്‍ നിങ്ങള്‍ തുറന്നിടുന്ന പൊതുഇടത്തിലെ ശരികള്‍ സ്വകാര്യതയില്‍ എത്രത്തോളമുണ്ട്?

ചിലരുടെയെങ്കിലും രാഷ്ട്രീയപ്രവർത്തനങ്ങൾ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഒരിടമാണ് ഫേസ്ബുക്

                       

ചിലരുടെയെങ്കിലും രാഷ്ട്രീയപ്രവർത്തനങ്ങൾ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഒരിടമാണ് ഫേസ്ബുക്. നിരന്തരം പോസ്റ്റുകളിലൂടെയും ചർച്ചകളിലൂടെയും വ്യവഹാരങ്ങൾ നടത്തുകയും അറിവിന്റെയും ഇടപെടലുകളുടെയും അതിർത്തികൾ വികസിപ്പിക്കുന്നു എന്ന് തോന്നിക്കുന്നതുമായ ഒരു ബോധം ഫേസ്ബുക് ഒരാൾക്ക് നൽകിയേക്കാം. ഈ സമ്പർക്കമുഖം ഒരു വ്യക്തിയുടെ സ്വത്വബോധത്തെ നല്ലൊരു പരിധിവരെ പരുവപ്പെടുത്താൻ പോന്ന ഒന്നാണ്. ഒരു വ്യക്തി സ്വയം കാണുന്നതും, അവരിൽ ആരോപിക്കപ്പെടുന്നതുമായ മൂല്യങ്ങൾ ആഘോഷിക്കുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒരിടം.

ഫേസ്ബുക്ക് ഒരു തരത്തിൽ ഒരു പൊതുഇടമാണ്. എല്ലാ പൊതുഇടങ്ങളെയും പോലെ ഫലത്തിൽ അതിനുള്ളിൽ കൃത്യമായ വിവേചനങ്ങളുമുണ്ട്.  ഫേസ്ബുക് ഒരു വ്യക്തിയുടെ പൊതുനിലപാടിനെ ആഘോഷിക്കുന്നു. കുടുംബം, പ്രേമബന്ധങ്ങൾ, കുട്ടികൾ തുടങ്ങി സ്വകാര്യ ഇടങ്ങൾ എന്ന് ആധുനികതയിൽ നിർവചിക്കപ്പെട്ട സൂചകങ്ങൾ ഫേസ്‌ബുക്കിൽ എത്തുമ്പോൾ അത് പൊതുദർശനത്തിനു കൊടുത്ത് നമ്മൾ ലൈക് വാങ്ങുന്നു. എന്നാൽ ഇത്തരം പ്രവർത്തികൾ പൊതു/സ്വകാര്യ ബൈനറിയെ ചോദ്യം ചെയ്യുന്നുമില്ല.

ഭാഷയിലെ രാഷ്ട്രീയശരികേടുകൾ ഫേസ്‌ബുക്കിലെ ഒരു മുഖ്യ ചർച്ചാവിഷയമാണ്. പൊതുഇടത്തിലെ ഭാഷാപ്രയോഗങ്ങളെയാണ് ഇവ നിരീക്ഷണ വിഷയമാക്കുന്നത്. ഇത്തരം പൊതുഭാഷകളുടെയും പ്രവർത്തികളുടെയും മാത്രം കണക്കെടുപ്പിൽ കുഴപ്പിക്കുന്നൊരു പ്രശ്നമുണ്ട്. ഫേസ്‌ബുക്കിലെ രാഷ്ട്രീയ ശരിയിൽ മാത്രം ചർച്ച ഒതുങ്ങുന്നതു തന്നെ പ്രശ്നഭരിതമായ രാഷ്ട്രീയമാണ്. അത് അവളവളുടെ സ്വകാര്യ ഇടങ്ങളിലും വിഷയമാക്കാതെ പൊതുഭാഷ പുരോഗമനമായിട്ട് ഒരു കാര്യവുമില്ല എന്ന് സ്ത്രീപക്ഷ- ക്വിയർ രാഷ്ട്രീയം നമ്മെ പഠിപ്പിച്ചതാണ്. രണ്ടിടങ്ങളിൽ ശരിയുടെ കാര്യമല്ല, മറിച്ചു ഈ രണ്ടു ഇടങ്ങൾ എന്ന് തൊട്ടാണ് വ്യത്യസ്തമായതെന്നും പൊതു ഇടത്തിലെ വ്യവ്യഹാരങ്ങൾ മാത്രം രാഷ്ട്രീയ ഇടപെടലുകൾ ആകുന്നത് എങ്ങനെ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

ജൊഹാന ഹെഡ്വയുടെ ‘സിക്ക് വുമൺ തിയറി’ എന്ന മനോഹരമായ എഴുത്തിൽ പൊതുഇടത്തിലെ രാഷ്ട്രീയത്തിന്റെ മിഥ്യകളെ ചോദ്യം ചെയ്യുന്നുണ്ട്. ആർക്കാണ് സമരം ചെയ്യാനുള്ള കഴിവെന്നും സമര ഇടങ്ങൾ ആരുടേതെന്നും അവർ ചോദിക്കുന്നുണ്ട്. ഇപ്പറഞ്ഞത് പൊതു ഇടത്തിലെ രാഷ്ട്രീയ പ്രവർത്തനത്തെ കുറച്ചു കാണലല്ല, മറിച്ച് അതിന്റെ പരിമിതിയെ തുറന്നു കാട്ടലാണ്. രാഷ്ട്രീയം ഒരു ഇടത്തിൽ മാത്രം ചുരുങ്ങുന്നത് ഏതൊരു പുരോഗമന പ്രസ്ഥാനത്തിന്റെയും പരാജയമാണ്.

ഓട്ടോണമസ് മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റ് മൂവ്മെന്റുകള്‍ പഠിച്ച്, നമ്മളെ പഠിപ്പിച്ചിട്ടുള്ളത് അധികാരം ഏറ്റവും കൂടുതൽ തകിടം മറിക്കുന്നത് സ്വകാര്യ ജീവിത രീതികളെയാണെന്നും, പ്രത്യേകിച്ച് സ്ത്രീകളുടെ പ്രത്യുത്പാദനപരമായ വ്യവഹാരങ്ങളിൽ ഹിംസാത്മകമായ കൈകടത്തലുകൾ നടത്തിയാണ് (ഉദാ: ആര്‍എസ്എസിന്റെ ഗർഭ വിജ്ഞാൻ സംസ്‌കാർ) എന്നുമാണ്. പൊതു/സ്വകാര്യ ഇടങ്ങളുടെ വേർതിരിവിന്റെ ചരിത്രം അധ്വാനത്തിന്റെ, അന്യവത്‌കരണത്തിന്റെ ചരിത്രം കൂടിയാണ്. അധ്വാനത്തെ ഉപയോഗിക്കുകയും എന്നാൽ അത് അധ്വാനമായി കൂട്ടാക്കുകയും ചെയ്യാത്ത ഒരു ചരിത്രത്തിന്റെ ഏറ്റവും ഹീനമായ തുടർച്ച.

അപ്പോൾ പറഞ്ഞു വന്നത് ഫേസ്ബുക്ക് പൊതു രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ്. അതിൽ വിള്ളലുകൾ വരുത്താനുള്ള ശ്രമങ്ങൾ ഇല്ലാതില്ല. എന്നാൽ ഒരു പ്രത്യേക പൊതു രാഷ്ട്രീയത്തിന്റെ, പ്രഹസനത്തിന്റെ വേദിയായി തന്നെ അത് നിലനിൽക്കുന്നുമുണ്ട്. അതുപയോഗിക്കുന്ന നിങ്ങളും ഞാനും അത് ഇടയ്ക്കിടെ ഓർമിച്ചാൽ കൊള്ളാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

Related news


Share on

മറ്റുവാര്‍ത്തകള്‍