December 11, 2024 |
Share on

മരണക്കിടക്കയില്‍ ആ വൃദ്ധന്‍ പൊലീസിനോട് പറഞ്ഞു; ഞാനാണ് 50 വര്‍ഷമായി നിങ്ങള്‍ തേടുന്ന ‘മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍’

ആ പത്തംഗ സംഘത്തില്‍ പൊലീസിന് പിടിക്കാന്‍ കഴിയാതെ പോയ ഒരേയൊരാള്‍ സതോഷി കിരിഷിമയായിരുന്നു

മരണക്കിടക്കയില്‍ കിടന്ന് അയാള്‍ പറഞ്ഞതു കേട്ടു പൊലീസുകാര്‍ ഞെട്ടി!

കിട്ടിയൊരു രഹസ്യ വിവരത്തെ തുടര്‍ന്നാണ് ടോക്കിയോയ്ക്ക് സമീപത്തുള്ള ഒരാശുപത്രിയില്‍ പൊലീസ് എത്തുന്നത്. അവിടെയൊരു 70 കാരന്‍ കാന്‍സറിന്റെ അവസാന സ്റ്റേജില്‍ മരണവും കാത്തു കിടക്കുന്നുണ്ടായിരുന്നു.

താനാണ് സതോഷി കിരിഷിമ എന്നാ വൃദ്ധന്‍ പൊലീസിനോട് പറഞ്ഞു. ജപ്പാനിലെ ഒരു മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍. 1970-കളില്‍ രാജ്യത്ത് ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയ ഒരു വിഘടനവാദി ഗ്രൂപ്പിന്റെ ഭാഗമായിരുന്നയാള്‍, കഴിഞ്ഞ 50 വര്‍ഷമായി പൊലീസിന്റെ കണ്ണില്‍പ്പെടാതെ ഒളിവില്‍ കഴിഞ്ഞുവന്നിരുന്നയാള്‍; സതോഷി തന്നെയാണ് പൊലീസിനോട് എല്ലാം തുറന്നു സമ്മതിച്ചത്.

തന്റെ ജീവിതം അവസാനിക്കാന്‍ ഇനിയധികമില്ലെന്ന് തിരിച്ചറിഞ്ഞാണ്, ഇതുവരെയണിഞ്ഞിരുന്ന വ്യാജ മേല്‍വിലാസങ്ങളെല്ലാം അഴിച്ചു വച്ച് താന്‍ ശരിക്കും സതോഷി കിരിഷിമയാണെന്ന് അയാള്‍ പൊലീസിന് മുന്നില്‍ സമ്മതിക്കുന്നത്.

ആ കുറ്റസമ്മതത്തിന്റെ നാലാം നാള്‍ സതോഷി ലോകത്തോട് വിട പറഞ്ഞു.

അത് സതോഷി കിരിഷിമി തന്നെയാണോ, അയാള്‍ പറഞ്ഞതൊക്കെയും സത്യമായിരുന്നോ എന്നുറപ്പിക്കാന്‍ പൊലീസിന് ഇതുവരെയായിട്ടില്ല. ആ വൃദ്ധന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ഡിഎന്‍എ പരിശോധിച്ചതില്‍ പോസിറ്റീവ് ഫലമാണ് കിട്ടിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്മേലും പൊലീസിന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നാണ് ക്യോഡോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഔദ്യോഗികമായി തെളിയിക്കാനായിട്ടില്ലെങ്കിലും സതോഷി കിരിഷിമയെന്ന് അവകാശപ്പെട്ടുകൊണ്ട് മരണത്തിലേക്ക് പോയ ആ വൃദ്ധന്‍ തങ്ങള്‍ സംശയിക്കുന്നയാള്‍ തന്നെയാണെന്നു വിശ്വസിക്കുന്നതായാണ് നാഷണല്‍ പൊലീസ് ഏജന്‍സി തലവന്‍ യസുഹിറോ സുയുകി പറഞ്ഞത്.

യഥാര്‍ത്ഥ സതോഷി കിരിഷിമയുടെ കഥയിങ്ങനെയാണ്; അയാള്‍ ജനിക്കുന്നത് 1954-ല്‍ ആണ്. ടോക്കിയോയില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്താണ് ഈസ്റ്റ് ഏഷ്യ ആന്റി-ജപ്പാന്‍ ആംഡ് ഫ്രന്റ് എന്ന തീവ്രവാദ സംഘത്തിന്റെ ഭാഗമാകുന്നത്. ഈ സംഘടന 1970 കളില്‍ വമ്പന്‍ ജാപ്പനീസ് കമ്പനികളെ ലക്ഷ്യംവച്ചുകൊണ്ട് തുടര്‍ച്ചയായി ബോംബാക്രമണങ്ങള്‍ നടത്തിയിരുന്നു. 1975-ല്‍ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രി ബില്‍ഡിംഗുകളില്‍ എട്ടു പേരുടെ മരണത്തിനും 160-ലേറെ പേരെ പരിക്കേല്‍പ്പിച്ചും നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഈ തീവ്രവാദ സംഘടനയുടെമേലാണ് ആരോപിക്കപ്പെട്ടത്.

ജപ്പാന്‍ വിരുദ്ധ സായുധ സംഘത്തിലെ അംഗമായിരുന്ന കിരിഷിമ നിരവധി ബോംബാക്രമണങ്ങളില്‍ പങ്കളിയായിരുന്നുവെന്ന് ആരോപിക്കപ്പെട്ടിരുന്നു. 1975 ഏപ്രിലില്‍ ടോക്കിയോയിലെ ജിന്‍സ ജില്ലയിലെ ഒരു മാര്‍ക്കറ്റില്‍ സ്‌ഫോടനം ഉണ്ടാക്കിയ ടൈംബോംബ് അവിടെ സ്ഥാപിച്ചതിന്റെ പേരില്‍ കിരിഷിമയ്‌ക്കെതിരേ കേസ് ചാര്‍ജ് ചെയ്തിരുന്നു. ആ സ്‌ഫോടനത്തില്‍ ആരും മരിക്കുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിരുന്നില്ല.

സായുധ സംഘത്തിലെ സുപ്രധാനികളിലൊരാള്‍ ആയിരുന്നില്ലെങ്കിലും, ആ പത്തംഗ സംഘത്തില്‍ പൊലീസിന് പിടിക്കാന്‍ കഴിയാതെ പോയ ഒരേയൊരാള്‍ സതോഷി കിരിഷിമയായിരുന്നു.

ഈസ്റ്റ് ഏഷ്യ ആന്റി-ജപ്പാന്‍ ആംഡ് ഫ്രന്റ് സ്ഥാപകന്‍ മസാഷി ദയ്‌ഡോജി ഉള്‍പ്പെടെ രണ്ടു പേരെ 2017-ല്‍ തൂക്കിലേറ്റിയിരുന്നു. അറസ്റ്റിലായവരില്‍ രണ്ടുപേരെ 1977-ല്‍ മോചിപ്പിക്കേണ്ടി വന്നു. മറ്റൊരു തീവ്രവാദ സംഘടനയായ ജാപ്പനീസ് റെഡ് ആര്‍മി ബംഗ്ലാദേശില്‍ വച്ച് ഒരു ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്തുകൊണ്ട് നടത്തിയ വിലപേശലിന്റെ ഭാഗമായിട്ടായിരുന്നു അവരെ മോചിപ്പിച്ചത്. അവരെ പിന്നീട് കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

പിടിക്കപ്പെടാതിരിക്കാനുള്ള ഓട്ടത്തിനിടയില്‍, തന്നിലേക്ക് പൊലീസ് എത്താനുള്ള വഴികളെല്ലാം കിരിഷിമ അടച്ചിരുന്നു. അയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഉപയോഗിക്കുകയോ, അതുപോലെ ജോലി ചെയ്ത ശമ്പളം കാശ് ആയി നേരിട്ടു വാങ്ങുക മാത്രമാണ് ചെയ്തിരുന്നതെന്നാണു നാഷണല്‍ പൊലീസ് ഏജന്‍സി പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച പൊലീസ് ഒരു നിര്‍മാണ കമ്പനിയില്‍ പരിശോധന നടത്തിയിരുന്നു. അവിടെയാണ് കഴിഞ്ഞ 40 വര്‍ഷമായി കിരിഷിമ ജോലി ചെയ്തത്. ഹിരോഷി ഉചിഡ എന്നയാളായി. പൊലീസിന്റെ കൈയില്‍ ഇപ്പോഴും സതോഷി കിരിഷിമയെ തേടിയുള്ള മോസ്റ്റഡ് വാണ്ടഡ് നോട്ടീസ് ഉണ്ട്. നീളന്‍ മുടിയും ചിരിച്ച മുഖവുമായുള്ള ഒരു സുന്ദരന്‍. അതേ മനുഷ്യന്‍ തന്നെയാണ് തങ്ങളോട് എല്ലാം ഏറ്റു പറഞ്ഞുകൊണ്ട് ആശുപത്രിയില്‍ കിടന്നു മരിച്ചതെന്ന് വിശ്വസിക്കാനാണ് ജപ്പാന്‍ പൊലീസ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.

×