കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ കേരളത്തെ ഞെട്ടിച്ച സംഭവമാണ്. കടുത്ത മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് മുംബൈ സ്വദേശി യോഗേശ്വർ നാഥ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണങ്ങൾ. താങ്ങാനാകാത്ത പഠന ഭാരം കൊണ്ടുള്ള സമ്മർദ്ദവും വേണ്ടവിധം കൗൺസലിംഗ് ലഭിക്കാത്തതുമാണ് ആത്മഹത്യകളുടെ എണ്ണം കൂട്ടുന്നതിലേക്ക് വഴിവയ്ക്കുന്നത് എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നത്. കഴിഞ്ഞ അധ്യയന വർഷത്തിൽ മാത്രം എൻഐടിയിൽ നാല് കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇത്തരം ആത്മഹത്യകൾ എന്ത് കൊണ്ട് സംഭവിക്കുന്നുവെന്നും, ചിത്രത്തിന് മറ്റൊരു വശം കൂടിയുണ്ടെന്നും ചൂണ്ടി കാണിക്കുകയാണ് കോഴിക്കോട് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എൻഐടിയിലെ അധ്യാപകൻ.
സത്യത്തിൽ വിഷയം അൽപ്പം സങ്കീർണമായ ഒന്നാണ്. കാരണം ഇത്തരം സംഭവങ്ങളിൽ നല്ലൊരുവിഭാഗത്തിലും ഗൃഹാന്തരീക്ഷം വലിയൊരു പ്രശ്നമാണ്. പല മാതാപിതാക്കൾക്കും കുട്ടിക്ക് എഞ്ചിനീറിയറിങ്ങിന് പ്രവേശനം ലഭിക്കണം പക്ഷെ അതിൽ കുട്ടികളുടെ താല്പര്യമോ അഭിരുചിയോ ഒന്നും ഒരു വിഷയമല്ല. നന്നായി പരീക്ഷ പാസായി വന്ന കുട്ടികൾ ക്ലാസ്സുകളിൽ പതറുന്ന അവസ്ഥയുണ്ടാകാറുണ്ട്. പലപ്പോഴും മാതാപിതാക്കൾ ഒരു സ്ട്രീം തെരഞ്ഞടുക്കുന്നത് അവരുടെ ഇഷ്ട്ടത്തിനാണ്. ഓട്ടോ മൊബൈൽ വേണം എന്നാഗ്രഹമുള്ള കുട്ടിയെകൊണ്ട് നിർബന്ധിച്ചായിരിക്കും കമ്പ്യൂട്ടർ എടുപ്പിക്കുന്നത്. ഓട്ടോ മൊബൈൽ എടുത്താൽ വൈറ്റ് കോളർ ജോലി കിട്ടില്ല എന്നാണ് മിക്കവരുടെയും പക്ഷം. ഇത്തരത്തിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഇവിടെ പഠിക്കാൻ എത്തുന്ന കുട്ടികൾ ഒരു പാട് കഷ്ടപ്പെടും. ഭയങ്കരമായ കോച്ചിങ്ങിലൂടെയാണ് കുട്ടികൾ ഇങ്ങോട്ട് എത്തുന്നത്, ജെ ഇ ഇ ( ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ ) എക്സാം എന്ന കടമ്പ കടക്കാനുളള പരിശീലനം മാത്രമേ കോച്ചിങ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുകയുള്ളു. അതുകൊണ്ടു തന്നെ എൻഐടിയിൽ ചേർന്ന് കഴിയുമ്പോൾ ഇവിടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് പോകാൻ സാധിക്കാതെ വരും. നിർബന്ധങ്ങൾക്ക് വഴങ്ങി വരുന്നവരാണെങ്കിൽ പ്രത്യേകിച്ച്.
സ്വാഭാവികമായും ഒരു കുട്ടിക്ക് ലഭിക്കേണ്ട റാങ്കിന് മുകളിലായിരിക്കും കോച്ചിങ്ങിന്റെ ബലത്തിൽ ലഭിക്കുക, പക്ഷെ കുട്ടിക്ക് യാത്ഥാർത്ഥ പഠനാഭിരുചി ഉണ്ടാകണം എന്നില്ല. യഥാർത്ഥത്തിൽ മറ്റ് കോളേജുകളിലിൽ ഇവിടുള്ളതിനേക്കാൾ മിടുക്കരായ വിദ്യാർത്ഥികളുണ്ട്. അവർക്കെല്ലാം ഇങ്ങോട്ടേക്ക് എത്താനുള്ള വഴികൾ ഇല്ലന്നാണ് വാസ്തവം. ഇവിടെ എത്തുന്നതിൽ കൂടുതലും പാലാ കോച്ചിങ് സെന്ററുകളിൽ പോയി പഠിച്ച് പാസ്സായി വരുന്ന തരക്കാരാണ്. മിടുക്കരായ വിദ്യാർത്ഥികളും ഉണ്ട്, ഇല്ലന്നല്ല. ഇത്തരത്തിൽ പഠനാഭിരുചി ഇല്ലാതെ വീട്ടുകാർ തല്ലി പഴുപ്പിച്ചു കൊണ്ട് വരുന്ന കുട്ടികൾക്ക് മറ്റ് കുട്ടികളുടെ ഇടയിൽ നിൽക്കുമ്പോൾ സ്വാഭാവികമായും അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. മറ്റുള്ളവർ പഠിച്ച് മുന്നേറുമ്പോൾ ഇവർക്ക് ഒന്നിനും സാധിക്കാതെ വരുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യും.
അമിതമായി സമ്മർദ്ദത്തിലാകുമ്പോൾ അതിനെ മറികടക്കാൻ കുട്ടികൾ പല മാർഗങ്ങളും അവലംബിക്കാറുണ്ട്. അതിൽ ഒന്നാണ് കോപ്പിയടി. കോപ്പിയടിക്കുമ്പോൾ പിടിക്കപ്പെട്ടാൽ ഗ്രേഡ് നന്നായി താഴേക്ക് പോകും. ഒരു പരീക്ഷയ്ക്കിടെ കോപ്പിയടിച്ച കുട്ടിയോട് സംസാരിച്ചപ്പോൾ മനസിലായത്, പരീക്ഷക്ക് മാർക്ക് കുറഞ്ഞാൽ സ്വന്തം അച്ഛൻ ബെൽറ്റ് വച്ച് അടിക്കും എന്നാണ്. ബി ടെക്കിനു പഠിക്കുന്ന കുട്ടിയായിരുന്നു എന്നോർക്കണം. ഇത്തരത്തിൽ വീട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള പ്രതീക്ഷകളുടെ ഭാരം കുട്ടികളിൽ നന്നായുണ്ട്. ഇവിടേക്ക് ഓരോ യൂണിവേഴ്സിറ്റികളിൽ നിന്ന് ഒന്നാം റാങ്ക് ലഭിച്ച് വരുന്ന ധാരാളം കുട്ടികളുണ്ട് പക്ഷെ ഇവർക്കെല്ലാം എൻഐടിയിൽ ഒന്നാം റാങ്ക് നേടണം എന്ന് പറഞ്ഞാൽ സാധിക്കുമോ? ചിലപ്പോൾ ഒന്നാം റാങ്കുകാർ ഇവിടെ 70 , 50 ത് റാങ്കുകാരാകാം. സത്യത്തിൽ ഈ വസ്തുത ഉൾകൊള്ളാൻ വിദ്യാർത്ഥികളെക്കാൾ പ്രയാസം കൂടുതൽ മാതാപിതാക്കൻമാർക്കാണ്.
എൻഐടിയിലെ പാഠ്യപദ്ധതിക്ക് അതിൻെറതായ സമ്മർദ്ദമുണ്ട്. അതുകൂടാതെയാണ് സ്വന്തം വീടുകളിൽ നിന്നുള്ള അമിത പ്രതീക്ഷകൾ അവർ പേറുന്നത്. ഇവിടെ നിന്ന് കമ്പനികൾ അവരെ തെരെഞ്ഞെടുക്കുന്നുണ്ടെകിൽ എൻഐടിയിലെ സിസ്റ്റത്തിന്റെ ഗുണമേന്മ കൊണ്ടാണ്. അതിൽ വിട്ടുവീഴ്ച്ച ചെയ്‌താൽ ഭാവിയിൽ വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കും. ക്യാമ്പസിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത് മൂലം അത് ക്യാമ്പസ് പ്ലേസ്മെന്റിനെവരെ വല്ലാതെ ബാധിച്ചിട്ടുണ്ട്. സിജിപിഎ എട്ട് വേണം എന്ന മാനദണ്ഡം കമ്പനികൾ മുന്നോട്ട് വെച്ചതിൽ പിന്നെ എട്ട് എന്ന ലക്ഷ്യത്തിലേക്കെത്താൻ വിദ്യാർത്ഥികൾ നന്നേ കഷ്ട്ടപ്പെടുന്നുണ്ട്. മറ്റൊരു പ്രശ്‍നം എണ്ണം കൂടുന്നതിനനുസരിച് അധ്യാപകർക്ക് ഓരോ കുട്ടികളെ വീതം ശ്രദ്ധിക്കാൻ കഴിയാതെ വരും. കൂടാതെ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ ക്യാമ്പസിലെ സൗകര്യങ്ങൾ ഒന്നും കൂട്ടിയിട്ടില്ല. 20 വർഷങ്ങളായി ഇവിടുള്ള സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.
പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളോട് സംസാരിക്കുന്നതിനേക്കാൾ അവരുടെ വീട്ടിലുള്ളവരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ആണ് ബുദ്ധിമുട്ട്. എങ്ങനെയെങ്കിലും എൻ ഐ ടി ഡിഗ്രി വേണമെന്ന നിലയിൽ പലബീറ്റുകാരും ഒറ്റക്കാലിൽ നിൽക്കുമ്പോൾ അധ്യാപകർക്ക് ചെയ്യാൻ അത്രക്ക് ഒന്നുമില്ല. പിന്നെയുള്ളത് കൗണ്സിലിംഗിന് വിടുക എന്ന മാർഗമാണ്. കൗൺസിലിംഗിന് വിടുക എന്ന് പറയുമ്പോൾ ‘ എന്റെ കുട്ടിക്ക് പ്രശ്‍നം ഒന്നുമില്ല ‘ എന്ന മറുപടിയാണ് മറുഭാഗത്ത് നിന്ന് ലഭിക്കുക. പഠനകാലയളവിൽ കുട്ടികൾ തോൽക്കുന്നതും ജയിക്കുന്നതും സ്വാഭാവികമാണ്. എല്ലാവർക്കും ക്ലാസ്സിൽ ഒന്നാമതെത്തണം എന്ന വാശിയാണ് അതിനു എന്ത് മാർഗം സ്വീകരിച്ചാലും അതൊരു പ്രശ്നമല്ല താനും. ഈ ഒരു പ്രവണത അടുത്തകാലത്ത് കൂടുതലായി വരുന്നുണ്ട്. കുട്ടികളുടെ മുകളിൽ വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള സമ്മർദ്ദത്തിന്റെ സാഹചര്യത്തിൽ വേണം ഈ പ്രശ്നത്തെ അഭിമുകീകരിക്കാൻ.
ഫീസ് ഭീമമായി കൂടിയതും കാമ്പസ് പ്ലേസ്മെന്റിന്റെ എണ്ണം കുറഞ്ഞതും വലിയ രീതിയിൽ കുട്ടികളെ ബാധിക്കുന്നുണ്ട്. ജനറൽ വിഭാഗത്തിലുള്ള ഒരു കുട്ടി എൻഐടിയിലെ പഠനം പൂർത്തിയാക്കുമ്പോൾ ഏകദേശം എട്ട് ലക്ഷത്തിനു മുകളിലാണ് പഠന ചിലവ്. ജോലി ലഭിച്ചില്ലെങ്കിൽ ജീവിതം തന്നെ താറുമാറാകുന്ന അവസ്ഥയിലാണ് പല വിദ്യാർത്ഥികളും നിൽക്കുന്നത്. ഒരിക്കൽ എന്റെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ അച്ഛനും അമ്മയും ചേർന്ന് എന്നെ കാണാൻ വന്നിരുന്നു. പരീക്ഷയിൽ രണ്ട് മാർക്ക് ലഭിച്ച വിദ്യാർത്ഥിയെ എങ്ങനെയെങ്കിലും പാസാക്കണം എന്നായിരുന്നു ആവശ്യം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് പഠനത്തോടൊപ്പം ജോലി ചെയ്തതിനാൽ പഠിക്കാൻ സമയമില്ലാതെ പോയതുകൊണ്ടാണ് മാർക്ക് ഇല്ലാതെ പോയത്. പക്ഷെ മാർക്ക് തിരുത്താനുള്ള അധികാരം ഒന്നും അധ്യാപകർക്കില്ല. ഒരു വിഷയത്തിൽ തോറ്റ് കഴിഞ്ഞാൽ അടുത്ത സെമസ്റ്ററിൽ ബാങ്ക് ലോൺ ലഭിക്കില്ല എന്നാണ് കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നത്. ഈ പ്രശ്‍നം മൂലം കുറച്ച് നാൾ അവധിയെടുക്കേണ്ടി വരെ വന്നിട്ടുണ്ട്.
ഇത്തരത്തിലുള്ള ആത്മഹത്യകൾ എൻഐടിയോ മറ്റ് സ്ഥാപനങ്ങളോ മാത്രം ചേർന്ന് സൃഷ്ട്ടിക്കുന്നതല്ല ഒരു സാമൂഹിക വശം കൂടിയുണ്ട് എന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. എൻഐടിയിൽ വന്നാൽ ജോലി കിട്ടും എന്ന ചിന്തയിൽ പഠിക്കാൻ എത്തുന്ന മനുഷ്യരുടെ വലിയ സംഘം ഉണ്ട് ഇവിടെ. ജോലി ലഭിച്ചില്ലെങ്കിൽ ജീവിതമേ പോയി എന്ന അവസ്ഥായാണ് പലർക്കും. ഭീമമായ ഫീസും തോൽവിയുടെ ആഘാതം കൂട്ടുണ്ട്.
content summary ; NIT Kozhikode suicide parents also has