December 09, 2024 |
Share on

‘കോട്ട’യില്‍ മറ്റൊരു ആത്മഹത്യ കൂടി

മരണം കൊണ്ട് പരീക്ഷകള്‍ മറികടക്കുന്ന വിദ്യാര്‍ത്ഥികള്‍

എന്‍ട്രസ് പരീക്ഷയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ 18 കാരി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ജോയ്ന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്(JEE) തയ്യാറെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്.

ജനുവരി 30 ന് ആയിരുന്നു പരീക്ഷ. പരീക്ഷയില്‍ വിജയിക്കാനാകില്ലെന്ന ഭയം അതിജീവിക്കാന്‍ കഴിയാതെയാണ് പെണ്‍കുട്ടി മരണം തെരഞ്ഞെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നാണ് കോട്ട ഡിഎസ്പി ധരംവീര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്.

പെണ്‍കുട്ടിയുടെ എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മനോഹരമായ ഇംഗ്ലീഷ് കൈപ്പടയില്‍ അവളിങ്ങനെ എഴുതി’

‘ മമ്മി, പപ്പാ, എനിക്കതിന് കഴിയില്ല(ജെഇഇ), അതുകൊണ്ട് ഞാന്‍ ജീവന്‍ അവസാനിപ്പിക്കുന്നു. ഞാനൊരു പരാജയമാണ്, ഒരു മോശം മകളാണ്. മമ്മിയും പപ്പയും ക്ഷമിക്കണം. ഇതാണെന്റെ അവസാന വഴി’

മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരു ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇദ്ദേഹത്തിന്റെ മൂന്നു പെണ്‍മക്കളില്‍ മൂത്തയാളാണ് ജീവന്‍ അവസാനിപ്പിച്ച പെണ്‍കുട്ടി.

കോട്ടയിലെ ബോര്‍ഖേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആത്മഹത്യ നടന്നിരിക്കുന്നത്. രാജ്യത്ത് എന്‍ട്രസ് പോലുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍ ഏറ്റവുമധികം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശമാണിത്.

ആത്മഹത്യ ചെയ്ത പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് പന്ത്രണ്ടാം ക്ലാസ് വിജയിച്ചത്. നല്ല മാര്‍ക്കോടെയുള്ള വിജയമായിരുന്നില്ല അതെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെയാകണം ജെഇഇ പരീക്ഷയില്‍ തനിക്ക് വിജയിക്കാനാകുമോയെന്ന ഭയം പെണ്‍കുട്ടിയെ പിടികൂടിയതെന്നാണ് അനുമാനം. വീടിനുള്ളിലാണ് കുട്ടി ജീവനൊടുക്കിയത്. വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതുകൊണ്ട് വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

2024-ല്‍ കോട്ടയില്‍ നടക്കുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്. കഴിഞ്ഞാഴ്ച്ചയാണ് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള ഒരു കൗമാരക്കാരന്‍ ജീവനൊടുക്കിയത്. ആ കുട്ടിയും ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. 2023-ല്‍ മാത്രം 30 വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ ജീവന്‍ ഉപേക്ഷിച്ചത്.

കോട്ടയിലെ കോച്ചിംഗ് സെന്ററുകളില്‍ പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2015 ല്‍ 17 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തതെങ്കില്‍, 2016 ല്‍ 16 ഉം, 2017 ല്‍ ഏഴും വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. 2018 ല്‍ 20 കുട്ടികളാണ് ജീവിതം അവസാനിപ്പിച്ചത്. 2019 എട്ടുപേരാണ് ആത്മഹത്യ ചെയ്തത്. കോവിഡ് മഹാമാരി പടര്‍ന്ന 2020ലും 2021 ലും കണക്ക് വളരെ താഴ്ന്നിരുന്നു. 2020 ല്‍ നാല് പേര്‍ മാത്രമാണ് മരണം തെരഞ്ഞെടുത്തത്, തൊട്ടടുത്ത വര്‍ഷം ഒരു മരണവാര്‍ത്ത പോലും ഉണ്ടായില്ലെന്നത് ആശ്വാസമേകി. അതിനുള്ള കാരണം, ലോക്ഡൗണ്‍ മൂലം വിദ്യാര്‍ത്ഥികളെല്ലാം നഗരം വിട്ട് അവരവരുടെ വീടുകളിലേക്ക് പോയിരുന്നു എന്നതാണ്. എന്നാല്‍ 2022-ല്‍ മറ്റെല്ലാത്തിനുമൊപ്പം കോട്ടയിലെ ആത്മഹത്യ കണക്കും പഴയപടിയായി. 15 വിദ്യാര്‍ത്ഥികളാണ് ആ വര്‍ഷം ജീവന്‍ വെടിഞ്ഞത്. 2023-ല്‍ അത് 30 ആയി. ഇതുവരെ ഉത്തരവാദിത്തപ്പെട്ടവര്‍ കാര്യമായൊന്നും അതിനെതിരായി ചെയ്തിരുന്നില്ല. സീലിംഗ് ഫാനുകള്‍ ഒഴിവാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ തൂങ്ങിമരിക്കുന്നത് തടയാനാകും എന്ന തരത്തിലുള്ള വിചിത്ര പരിഹാരങ്ങളൊക്കെയായിരുന്നു ജില്ല ഭരണകൂടത്തിന്റെ തലയില്‍ ഉദിച്ചത്. പക്ഷേ, അവിടെ ഇപ്പോഴും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാകാതെ കൗമാരങ്ങള്‍ സ്വയം അവസാനിക്കുകയാണ്.

മരണ’കോട്ട’യിലെ കൗമാരങ്ങള്‍; എന്‍ട്രസ് പ്രതീക്ഷകളുടെ സമ്മര്‍ദ്ദത്തില്‍ ജീവിതം അവസാനിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍

 

×