UPDATES

വിദേശം

പന്നിയുടെ ഹൃദയം മറ്റൊരു മനുഷ്യനില്‍ കൂടി മിടിക്കുന്നു; ലോകത്തിലെ രണ്ടാമത്തെ ശസ്ത്രക്രിയയും വിജയം

മുന്‍ നാവികോദ്യോഗസ്ഥനായ ലോറന്‍സ് ഫൗസെറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു

                       

അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ശസ്ത്രക്രിയാ വിദഗ്ധര്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം അവസാനഘട്ട ഹൃദ്രോഗമുള്ള വ്യക്തിയിലേക്ക് മാറ്റിവെച്ചതായി വെള്ളിയാഴ്ച മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ മാധ്യമങ്ങളെ അറിയിച്ചു. ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തുന്ന രണ്ടാമത്തെ രോഗിയാണ് ലോറന്‍സ് ഫൗസെറ്റ്(58). അമേരിക്കക്കാരന്‍ ഡേവിഡ് ബെന്നറ്റ് ആയിരുന്നു പന്നി ഹൃദയം സ്വീകരിച്ച ആദ്യ മനുഷ്യന്‍. ശസ്ത്രക്രിയക്കു ശേഷം ഡേവിഡിന്റെ ശരീരത്തില്‍ പന്നിയുടെ ഹൃദയം നന്നായി പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം ശസ്ത്രക്രിയ നടത്തുമ്പോള്‍ ഉണ്ടാകുന്ന പ്രധാന സങ്കീര്‍ണതയായ ശരീരം അവയവം നിരസിക്കുന്നതിന്റെ ലക്ഷണം ഒന്നും ഡേവിഡിലുണ്ടായിരുന്നില്ല. എങ്കിലും രണ്ട് മാസം മാത്രമാണ് ആ 57 കാരന്റെയുള്ളില്‍ പന്നിയുടെ ഹൃദയം മിടിച്ചത്.

ശസ്ത്രക്രിയക്ക് വിധേയനായ ലോറന്‍സ് ഫൗസെറ്റ് സുഖംപ്രാപിച്ച് വരികയാണെന്നും, കുടുംബാംഗങ്ങളോട് ആശയവിനിമയം നടത്തിയതായും മെഡിക്കല്‍ സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. നാവിക സേന മുന്‍ ഉദ്യോഗസ്ഥനാണ് ലോറന്‍സ്. അവസാനഘട്ട ഹൃദ്രോഗിയായ ലോറന്‍സിന്റെ ആരോഗ്യ നില വളരെ മോശമായതിനാല്‍, മറ്റു അവയവദാന ലിസ്റ്റില്‍ നിന്ന് പുറത്തായത് മൂലമാണ് ഇത്തരം ഒരു പരീക്ഷണം. ആദ്യത്തെ രോഗിയില്‍ ശാസ്ത്രയക്രിയ നടത്തിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്തും ഡോ.മുഹമ്മദ് മൊഹിയുദ്ദീനുമാണ് ലോറന്‍സിന്റെയും ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്.

10 ജനിതകമാറ്റങ്ങള്‍ വരുത്തിയ പന്നിയില്‍ നിന്നുള്ള ഹൃദയമാണ് ലോറന്‍സിന് വച്ചു പിടിപ്പിച്ചിരിക്കുന്നത്. മനുഷ്യ ശരീരം നിരസിക്കാന്‍ സാധ്യതയുള്ള
മൂന്ന് പന്നി ജീനുകള്‍ ശാസ്ത്രജ്ഞര്‍ നീക്കം ചെയ്തിരുന്നു. മനുഷ്യ രോഗപ്രതിരോധ സംവിധാനം പെട്ടന്ന് സ്വീകരിക്കാന്‍ അനുവദിക്കുന്ന ആറു ജീനുകള്‍ ചേര്‍ക്കുകയും ചെയ്തു.

യുണൈറ്റഡ് തെറാപ്പ്യൂട്ടിക്സ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ വിഎയിലെ ബ്ലാക്ക്സ്ബര്‍ഗ് ആസ്ഥാനമായുള്ള റീജനറേറ്റീവ് മെഡിസിന്‍ കമ്പനിയായ റിവിവികോര്‍ ആണ് ജനിതകമാറ്റം വരുത്തിയ പന്നിയെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നല്‍കിയത്. മാറ്റിവെക്കുന്നതിനു മുന്‍പ് വൈറസ്, ബാക്ടീരിയ, പാരസൈറ്റുകള്‍ എന്നിവയില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കഴിഞ്ഞയാഴ്ച്ചയാണ് ശസ്ത്രക്രിയക്ക് അടിയന്തര അനുമതി നല്‍കിയത്.

‘ഇപ്പോള്‍ എനിക്ക് പ്രതീക്ഷയെങ്കിലും ഉണ്ട്. ഇതെന്നെ സംബന്ധിച്ചിടത്തോളം ഒരു അവസരമാണ്. എന്റെ അവസാന ശ്വാസം നിലയ്ക്കുന്നതുവരെയും ഞാന്‍ പോരാടും’; ശസ്ത്രക്രിയയ്ക്ക് തൊട്ടു മുമ്പുള്ള ലോറന്‍സിന്റെ വാക്കുകളാണിത്. തനിക്ക് ആശുപത്രി വിട്ട് വീട്ടിലേക്ക് പോകാനായാല്‍ അതൊരു അത്ഭുതമാണെന്നും മാസങ്ങളോ വര്‍ഷങ്ങളോ തനിക്ക് ഈ ഭൂമിയില്‍ ജീവിക്കാനായാല്‍ അത് മറ്റൊരു അത്ഭുതമാണെന്നും ലോറന്‍സ് പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍, ഇതൊരു പ്രാരംഭഘട്ട പഠന പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണത്തിനു കീഴടങ്ങിയ ഡേവിഡ് ബെന്നറ്റിന്റെ ശരീരത്തില്‍ ശസ്ത്രക്രിയയ്ക്കു ശേഷം പന്നികളെ ബാധിക്കുന്ന ഒരുതരം വൈറസ് കണ്ടെത്തിയിരുന്നു. ഇത് സെനോട്രാന്‍സ്പ്ലാന്റേഷന്‍( xenotransplant-മനുഷ്യേതര കോശങ്ങളോ കോശജാലങ്ങളോ അവയവങ്ങളോ മനുഷ്യരിലെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചികിത്സിക്കാന്‍ ഉപയോഗിക്കുതാണ് സെനോട്രാന്‍സ്പ്ലാന്റേഷന്‍) വഴി പുതിയ രോഗാണുക്കളെ കൊണ്ട് വരുമോയെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു.

സമീപ വര്‍ഷങ്ങളില്‍, ജീന്‍ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്താല്‍ നിരസിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള ജീന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചികിത്സയില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം തന്നെ അതിന്റെ ശൈശവ ദശയിലാണുള്ളത്. അവയവങ്ങളുടെ രൂക്ഷമായ ക്ഷാമം നേരിടുന്ന, രോഗത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നതാണിത്. അവയവത്തിനായി കാത്തിരിക്കുന്നവരില്‍ ഭൂരിഭാഗം പേരും വൃക്ക രോഗികളാണ്. എന്നാല്‍ ഓരോ വര്‍ഷവും 25,000-ല്‍ താഴെ മാത്രമേ വൃക്ക മാറ്റിവയ്ക്കല്‍ നടക്കുന്നുള്ളൂ. ആയിരക്കണക്കിന് ആളുകള്‍ അവയവദാനം നടക്കാതെ മരണത്തിനു കീഴടങ്ങുന്നു.

Share on

മറ്റുവാര്‍ത്തകള്‍