December 10, 2024 |
Share on

ബൈജൂസില്‍ രണ്ടാമത്തെ മാസവും ശമ്പളം മുടങ്ങി

ഫെബ്രുവരിയിലെ ശമ്പളം മാര്‍ച്ച് പകുതി മുതല്‍ ഗഡുക്കളായിട്ടാണ് കൊടുത്തത്

ബൈജൂസില്‍ ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. മാര്‍ച്ച് മാസത്തിലെ ശമ്പളം കിട്ടാനും ജീവനക്കാര്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി ഉടമകള്‍ നിലപാട് കര്‍ശനമാക്കിയതോടെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ വീണിരിക്കുകയാണ് എഡ്യുടെക് കമ്പനി. കൈയില്‍ ചെലവഴിക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് മാനേജ്‌മെന്റ്. ഓഹരി ഉടമകള്‍ കോടതികളെ സമീപിച്ചതോടെ അകൗണ്ടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം, പണം സ്വരൂപിക്കാന്‍ സമാന്തര മാര്‍ഗം നോക്കുകയാണെന്നും ഏപ്രില്‍ എട്ടിന് ജീവനക്കാര്‍ ശമ്പളം വിതരണം ചെയ്യുമെന്നും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ടെന്നാണ്. ഫെബ്രുവരിയിലെ ശമ്പളം മാര്‍ച്ച് പകുതിയോടെയായിരുന്നു കൊടുത്തത്. അതും ഗഡുക്കളായി. ഇതിപ്പോള്‍ തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ജീവനക്കാര്‍ ശമ്പളം കൃത്യമായി കൊടുക്കാന്‍ സാധിക്കാതെ പോകുന്നത്. നിലവിലെ പ്രതിസന്ധി മാറുന്നില്ലെങ്കില്‍ വരും മാസങ്ങളിലും ജീവനക്കാര്‍ ബുദ്ധിമുട്ടിലാകും.

‘ഭാരിച്ച ഹൃദയത്തോടെയാണ് ഞങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് എഴുതുന്നത്, പക്ഷേ പ്രതീക്ഷയുടെയും ഉറപ്പിന്റെയും സന്ദേശമാണിത്. ശമ്പള വിതരണത്തില്‍ വീണ്ടും കാലതാമസമുണ്ടാകുമെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ ഖേദിക്കുന്നു’- ജീവനക്കാര്‍ക്കുള്ള കത്തില്‍ ബൈജൂസ് മാനേജ്‌മെന്റിന്റെ വാക്കുകള്‍.

ചില വിദേശ നിക്ഷേപകര്‍ ഫെബ്രുവരി അവസാനത്തോടെ ഒരു ഇടക്കാല ഉത്തരവ് നേടിയിട്ടുണ്ട്. അതുമൂലം, സമാഹരിച്ച ഫണ്ടുകളുടെ ഉപയോഗം പരിമിതപ്പെട്ടു. നാല് വിദേശ നിക്ഷേപകരുടെ ഈ നിരുത്തരവാദപരമായ നടപടി മൂലം, നിയന്ത്രണം നീക്കുന്നത് വരെ ശമ്പള വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി’ ബൈജൂസില്‍ കത്തില്‍ തുടര്‍ന്നു പറയുന്നു.

ബെംഗളൂരുവിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഒഴിച്ച് രാജ്യത്ത് ബാക്കിയുള്ള ഓഫിസുകളെല്ലാം ഒഴിയാനും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം. 14,000 ഓളം ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം എടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ ഐബിസി നോളഡ്ജ് പാര്‍ക്കിലെ ഹെഡ് ഓഫിസ് ഒഴിച്ച് രാജ്യത്തെ ബാക്കി ഓഫിസുകള്‍ ഒഴിയാനാണ് തീരുമാനിച്ചത്. ബെംഗളൂരുവിലെ ഓഫിസില്‍ ആയിരത്തിനു മുകളില്‍ ജീവനക്കാരുണ്ട്.

ബൈജൂസ് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത ആരോപിച്ച് കമ്പനിയുടെ 200 മില്യണ്‍ ഡോളറിന്റെ അവകാശ പ്രശ്‌നത്തെച്ചൊല്ലി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) ബൈജൂസ് മാനേജ്‌മെന്റും നിക്ഷേപകരും തമ്മില്‍ കേസ് നടക്കുകയാണ്. പ്രോസസ്, ജനറല്‍ അറ്റ്‌ലാന്റിക്, സോഫിന, പീക്ക് XV (മുമ്പ് സെക്വോയ) എന്നീ നിക്ഷേപകരാണ് ബൈജൂസിനെ കോടതി കയറ്റിയിരിക്കുന്നത്. ഫണ്ടുകള്‍ തടയുക മാത്രമല്ല, മാനേജ്‌മെന്റില്‍ നിന്നും സിഇഒ ബൈജൂ രവീന്ദ്രന്‍, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരന്‍ എന്നിവരെ നീക്കാനും നിക്ഷേപകര്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്.

×