UPDATES

ഫിനാന്‍സ്/ ബിസിനസ്‌

ബൈജൂസില്‍ നിന്നും ബൈജു പുറത്താകുമോ?

ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും പുറത്താക്കണമെന്ന് നിക്ഷേപകരുടെ ആവശ്യം

                       

ടാബ്‌ലെറ്റിനും ലേണിംഗ് പ്രോഗ്രാമിനും വേണ്ടി തങ്ങള്‍ മുടക്കിയ പണം റീഫണ്ട് ചെയ്ത് കിട്ടാത്തതിന്റെ പേരില്‍ ഒരു കുടുംബം ബൈജൂസ് ഓഫിസില്‍ നിന്നും ടിവി സെറ്റ് എടുത്തുകൊണ്ടു പോയ സംഭവം(‘ഞങ്ങളുടെ കാശ് തിരിച്ചു തന്നിട്ട് ടിവി കൊണ്ടുപോയ്ക്കോ)നാണക്കേടായതിനു പിന്നാലെ ബൈജൂസിന്റെ തലവേദന കൂട്ടി നിക്ഷേപകരും രംഗത്തത്തിയിരിക്കുന്നു. മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ അസാധാരണ പൊതുയോഗം (extraordinary general meeting) നടത്തണം എന്നാണ് നിക്ഷേപകരുടെ ആവശ്യം. ദുബായിലുള്ള റീസെല്ലര്‍ക്ക് ബില്ലിംഗിനും കമ്മീഷനുകള്‍ക്കുമായി 1,700 കോടി രൂപ നല്‍കിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് നിക്ഷേപകര്‍ ബൈജൂസിനോടും അതിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനോടും ചോദിക്കുന്നത്. കടക്കെണിയിലായ എഡ്ടെക് സ്ഥാപനം കടുത്ത ഫണ്ട് പ്രതിസന്ധിയെ നേരിടുകയാണ്. കൂടാതെ ബൈജൂസിനെതിരേ വിദേശ നാണ്യ വിനിമയ ലംഘന നിയമപ്രകാരമുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ട്. ബൈജൂസിനെതിരെ ഗുരുതരമായ കേസുകളുമായി വിദേശ സ്ഥാപനങ്ങളും രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിക്കുന്നത്.

കമ്പനിക്ക് നല്‍കാനുള്ള 1,400 കോടിയോളം രൂപ തിരികെ ലഭിക്കാന്‍ കമ്പനി മാനേജ്മെന്റ് വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്ന് നിക്ഷേപകര്‍ യോഗ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മോര്‍ ഐഡിയാസ് ജനറല്‍ ട്രേഡിംഗ് എല്‍എല്‍സിക്ക് ബൈജൂസ് 300 കോടി രൂപ കമ്മീഷനായി നല്‍കിയതായും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ നീക്കം ആശങ്കാജനകമായ പ്രവര്‍ത്തിയാണെന്നും നിക്ഷേപകര്‍ പറയുന്നു.

ഫെബ്രുവരി 23 വെള്ളിയാഴ്ച നടക്കുന്ന പൊതുയോഗത്തില്‍ വച്ച് ബൈജൂസിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും പുറത്താക്കാനാണ് നിക്ഷേപകര്‍ ശ്രമിക്കുന്നത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് & ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് പുറത്ത് വിട്ട സാമ്പത്തിക പ്രസ്താവനകള്‍ പ്രകാരം 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പഠനോപാധികള്‍ വിറ്റതില്‍ നിന്നുള്ള വരുമാനം 497 കോടി രൂപയാണ്, 237 കോടി രൂപയാണ് കമ്പനി കമ്മീഷനായി നല്‍കിയത്. അതായാത് വരുമാനത്തിന്റെ 47.6 ശതമാനവും കമ്മീഷന്‍ ഇനത്തില്‍ കമ്പനി നല്‍കി. ഇതേ രീതിയില്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 245 കോടി രൂപയാണെങ്കില്‍, കമ്മീഷന്‍ നല്‍കിയത് 115 കോടി രൂപയാണ്. 46.9 ശതമാനം കമ്മീഷന്‍ ആയി നല്‍കി എന്ന് വ്യക്തം. 2020-21 സാമ്പത്തിക വര്‍ഷത്തെ ബൈജൂസിന്റെ സാമ്പത്തിക പ്രസ്താവനയില്‍, ദുബായിലെ ഒരു കമ്പനി വഴി ചില ഉപഭോക്താക്കള്‍ക്ക് മാത്രമായി ഇന്‍വോയ്സ് ചെയ്യുകയും അവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്യുന്നുവെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഈ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

യോഗ നോട്ടീസില്‍ പറഞ്ഞ 1400 കോടി രൂപ കൃത്യമല്ലെന്നായിരുന്നു നിക്ഷേപകരുടെ ആശങ്കകളോടുള്ള ബൈജൂസിന്റെ പ്രതികരണം. 1,400 കോടി രൂപയെല്ലെന്നും ഏകദേശം 614 കോടി രൂപയാണ് യഥാര്‍ത്ഥ കുടിശ്ശികയെന്നും ബൈജൂസ് പറയുന്നു. ഇജിഎം നോട്ടീസില്‍ സൂചിപ്പിച്ചിരിക്കുന്ന 1,400 കോടി രൂപ യഥാര്‍ത്ഥ തുകയില്‍ നിന്നും അമിതമായാണ് കാണിച്ചിരിക്കുന്നതാണ്. കുടിശ്ശികയുള്ള മൊത്തം തുക 74 മില്യണ്‍ ഡോളറാണ് (ഏകദേശം 614 കോടി രൂപ) ആണെന്നും കമ്പനി വാദിക്കുന്നു.

ജനറല്‍ അറ്റ്ലാന്റിക്, ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്, എംഐഎച്ച് എഡ്ടെക് ഇന്‍വെസ്റ്റ്മെന്റ്, പീക്ക് എക്സ്വി പങ്കാളികള്‍, എസ്സിഐ നിക്ഷേപം, എസ്സിഎച്ച്എഫ് പിവി മൗറീഷ്യസ്, സാന്‍ഡ്സ് ക്യാപിറ്റല്‍ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഫണ്ട്, സോഫിന, ടി റോവ് പ്രൈസ് അസോസിയേറ്റ്സ് തുടങ്ങിയ നിക്ഷേപകരാണ് ആശങ്ക ഉന്നയിച്ചുകൊണ്ട് അടിയന്തര യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലാക്ക്സ്റ്റോണ്‍ സ്ഥാപനങ്ങളില്‍ നിന്നും ജെസി ചൗധരിയില്‍ നിന്നും കമ്പനിക്ക് ആകാശ് ഓഹരികള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനിയുടെ മാനേജ്മെന്റ് വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്ന് നിക്ഷേപകര്‍ വിമര്‍ശിക്കുന്നുണ്ട്. ആകാശ് ഇടപാട് രേഖകള്‍ അനുസരിച്ച് ഓഹരി കൈമാറ്റം ചെയ്യാന്‍ ഉള്‍പ്പെട്ട എല്ലാവരും ബാധ്യസ്ഥരാണെന്ന് നിയമോപദേശം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും, ഈ വിഷയത്തില്‍ കമ്പനിയുടെ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.

2021 ഏപ്രിലിലാണ് ബൈജൂസ് ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ഏറ്റെടുക്കുന്നത്. ഇടപാടില്‍ 70 ശതമാനം പണവും 30 ശതമാനം ഇക്വിറ്റിയും ഉള്‍പ്പെടുന്നു (നിക്ഷേപത്തിന്റെ ഭൂരിഭാഗവും കമ്പനികളുടെ ഷെയറുകളില്‍/സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീം ആണ് ഇക്വിറ്റി ഫണ്ട്). കരാറിന്റെ ഭാഗമായി, ആകാശിന്റെ പ്രമോട്ടര്‍മാര്‍ക്കും കമ്പനിയുടെ ഏകദേശം 12 ശതമാനം ഉടമസ്ഥതയിലുള്ള ബ്ലാക്ക്സ്റ്റോണിന്റെ സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിനും ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് & ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ ലഭിക്കേണ്ടതായിരുന്നു. എന്നിരുന്നാലും, വില്‍പ്പനയുടെ ഭാഗമായി സമ്മതിച്ച ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കുന്നതിനെ ആകാശിന്റെ സ്ഥാപകര്‍ എതിര്‍ത്തതിനാല്‍ നിയമപരമായ തര്‍ക്കമുണ്ടാവുകയായിരുന്നു.

ബൈജൂസിന്റെ മാനേജ്മെന്റ് പ്രധാനപ്പെട്ട വിവരങ്ങള്‍ തങ്ങളില്‍ നിന്നും മറച്ച് പിടിച്ചുവെന്നും നിക്ഷേപകര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ബൈജു ആല്‍ഫ ഫണ്ടുകളുടെ 533 മില്യണ്‍ ഡോളറുമായി ബന്ധപ്പെട്ട് ക്യാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ടിനും അതിന്റെ അഫിലിയേറ്റുകള്‍ക്കുമെതിരായ കേസിനെക്കുറിച്ച് ബൈജൂസ് തങ്ങളുടെ നിക്ഷേപരെ അറിയിച്ചില്ലെന്നാണ് പരാതി. ഫണ്ട് കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ക്യാംഷാഫ്റ്റില്‍ എത്രത്തോളം അന്വേഷണം നടത്തിയെന്നും കേസില്‍ വിജയിച്ചാല്‍ കമ്പനിക്ക് എന്ത് സംഭവിക്കുമെന്നും നിക്ഷേപകര്‍ ചോദ്യം ചെയ്തു. മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ മാത്രമാണ് ഓഹരി ഉടമകള്‍ ഇക്കാര്യം അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

കമ്പനിയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതില്‍ മാനേജ്മെന്റിനുണ്ടായിരിക്കുന്ന പരാജയമാണ് നോട്ടീസില്‍ ഉന്നയിക്കപ്പെട്ട മറ്റൊരു പ്രശ്നം. ഇത് സര്‍ക്കാര്‍ അധികാരികളുടെ അന്വേഷണത്തിനും പല കരാറുകളുടെ ലംഘനത്തിനും കാരണമായി എന്നും നിക്ഷേപകര്‍ പറയുന്നു.

ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നും ദിവ്യ ഗോകുല്‍നാഥിനെയും റിജു രവീന്ദ്രനെയും അവരുടെ മാനേജ്മെന്റ് റോളുകളില്‍ നിന്നും ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് നിക്ഷേപക സംഘം ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ജനറല്‍ മീറ്റിംഗില്‍ (ഇജിഎം) കമ്പനിയുടെ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ സാധ്യമായ മാറ്റങ്ങള്‍ക്കായി നിക്ഷേപകര്‍ ആവശ്യപ്പെടുന്നുണ്ട്.

ഒരു സമയത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രൗഡഗംഭീരമായ മുഖമായിരുന്നു ബൈജൂസ്. 2015ലാണ് ബൈജൂസ് ലേര്‍ണിംഗ് ആപ്പ് ലോഞ്ച് ചെയ്യുന്നത്. തുടക്ക കാലത്ത് ഏകദേശം 2.2 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നു ബൈജൂസ്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ച 80 കോടി ഡോളര്‍ കമ്പനിയിലേക്ക് തന്നെ നിക്ഷേപിച്ചതോടെയാണ് ബൈജൂസില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും നഷ്ടം ഒഴിവാക്കുന്നതിനും ലാഭം കൈവരിക്കുന്നതിനുമായി ബൈജൂസില്‍ അഴിച്ചുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2021ലെ പ്രവര്‍ത്തനഫലം ഒരു വര്‍ഷത്തിലേറെ വൈകിയാണ് കമ്പനി പുറത്തുവിട്ടത്. 4,588 കോടിയായിരുന്നു ആ വര്‍ഷത്തെ നഷ്ടം. ലോകത്തെ മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്റോക്ക്, ജൂണില്‍ ബൈജൂസിന്റെ മൂല്യം 840 കോടി ഡോളറായി (69,247 കോടി രൂപ) വെട്ടിക്കുറച്ചിരുന്നു. ആകാശ്, ഗ്രേറ്റ് ലേണിങ്, എപ്പിക്, വൈറ്റ്ഹാറ്റ് ജൂനിയര്‍, ഓസ്മോ തുടങ്ങിയ കമ്പനികളെ കണ്ണുമടച്ച് ഏറ്റെടുത്തത് ബൈജൂസിനു വലിയ തിരിച്ചടിയായിരുന്നു. ഇതില്‍ ആകാശ് ഒഴികെ മറ്റൊന്നും കമ്പനിക്ക് വലിയ ലാഭം ഉണ്ടാക്കിയിട്ടില്ല കൂടാതെ, വൈറ്റ്ഹാറ്റ് ജൂനിയര്‍ നഷ്ടത്തിന്റെ തോത് കൂട്ടുകയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍