‘ആ കുഞ്ഞുങ്ങള്‍ തീര്‍ത്തും ദുര്‍ബലരായിരുന്നു. കഷ്ടിച്ചു ശ്വാസമെടുക്കാനോ, ഒരു ചെറിയ പഴം കഴിക്കാനോ ഒരു തുള്ളിവെള്ളം കുടിക്കാനോ മാത്രമെ അവര്‍ക്കാകുമായിരുന്നുള്ളൂ’ ; ജനറല്‍ പെഡ്രോ സാഞ്ചെസിന്റെ വാക്കുകളിലുണ്ട്, ആ നാലു കുട്ടികളുടെയും അവസ്ഥ എന്തായിരുന്നുവെന്ന്. എന്നിട്ടും അവര്‍ അതിജീവിച്ചു. ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തങ്ങള്‍ക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന അവരുടെ വിശ്വാസം വിജയിക്കുന്നതുവരെ അവര്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. അവിശ്വസനീയതോടെ മാത്രമെ ലോകത്തിന് ആലോചിക്കാന്‍ കഴിയൂ; ആ ഘോരവനാനന്തരത്തില്‍ നിന്നും രക്ഷപ്പെട്ട അവരില്‍ മൂത്തയാള്‍ റെസ്ലിക്ക് വെറും 13 വയസേ ഉണ്ടായിരുന്നുള്ളൂവെന്ന്! അവരില്‍ ഏറ്റവും ഇളയയാള്‍ ക്രിസ്ത്യനു വെറും 11 മാസമെ പ്രായം ഉണ്ടായിരുന്നുവുള്ളൂവെന്ന്! അവരെ കണ്ടെത്തുന്ന പ്രദേശത്ത്, കഴിഞ്ഞ ഒരാഴ്ച്ചയായി ആ കുട്ടികളുണ്ടായിരുന്നു. പാമ്പുകളും മൃഗങ്ങളും കൊതുകുകള്‍ പോലുള്ള പ്രാണികളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു അവിടം. അങ്ങനെയൊരു സ്ഥലത്താണ് ഒരാഴ്ച്ചയോളം ആ കുട്ടികള്‍ ആപത്തുകളൊന്നുമില്ലാതെ കഴിഞ്ഞത്. ‘ കാടാണ് അവരെ രക്ഷിച്ചത്, അവര്‍ കാടിന്റെ മക്കളാണ്, ഇപ്പോള്‍ കൊളംബിയയുടെയും; പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞതുപോലെ കാട് തന്നെയാകണം ആ കുട്ടികളെ ആപത്തൊന്നുമില്ലാതെ കാത്തത്.
മനുഷ്യന്റെ അതിജീവന ചരിത്രത്തില്‍ ലെസ്ലിയും അവളുടെ സഹോദരങ്ങളും മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ നടന്നെത്തിയെന്നത് വരും കാലത്ത് ഒരുപക്ഷേ ഒരു നാടോടിക്കഥയായിപ്പോലുമെ ലോകം വിശ്വസിക്കൂ. ഒരു യാഥാര്‍ത്ഥ്യത്തിന്റെ അവശ്വസനീയമായ അവതരണം പോലെയാണ് ആമസോണ്‍ വനാന്തരത്തില്‍ നിന്നും 40 ദിവസങ്ങള്‍ക്ക് ശേഷം ആ നാല് കുട്ടികളെയും ജീവനോടെ കണ്ടെത്താനായതിന്റെ വാര്‍ത്തകള്‍. എന്തായാലും രക്ഷപ്പെട്ട നാല് കുട്ടികളും ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. അവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമുണ്ട്, കുട്ടികളുടെ മുത്തച്ഛന്‍ ഫിഡെന്‍ഷ്യോ വലെന്‍ഷ്യയെ പോലെ ലോകം മുഴുവനും ആ കുഞ്ഞുങ്ങളെയോര്‍ത്ത് ആശ്വാസം കൊള്ളുകയാണ്. ബോഗാട്ടയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ, അദ്ദേഹത്തിന്റെ ഭാര്യയും രാജ്യത്തിന്റെ പ്രഥമ വനിതയുമായ വെറോണിക അല്‍കോസര്‍, മകള്‍ സോഫിയ പെട്രോയും നേരില്‍ കണ്ട് സമ്മാനങ്ങള്‍ കൈമാറിയിരുന്നു. ആ കുട്ടികളെയോര്‍ത്ത് രാജ്യം എത്രത്തോളം സന്തോഷിക്കുന്നുവെന്നതിന്റെ ചെറിയൊരു ഉദ്ദാഹരണം.
40 ദിവസത്തോളം ഘോരവനത്തിനുള്ളില്‍ അകപ്പെട്ടുപോയെങ്കിലും കുട്ടികള്‍ക്ക് സാരമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. ചെറിയ പ്രാണികളുടെ കടികളേറ്റതും നിര്‍ജ്ജലീകരണമുണ്ടായതും മാത്രമാണ് പ്രധാന ആരോഗ്യപ്രശ്‌നങ്ങളായുള്ളതെന്നാണ് കുട്ടികളുടെ ബന്ധുവായ ഡാമിറസ് മക്യുറ്റിയൂ പറയുന്നത്. മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള സഹായങ്ങളും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. കുട്ടികള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണെങ്കിലും അവര്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുമെന്നാണ് മുത്തച്ഛന്‍ ഫിഡെന്‍ഷ്യോ വലെന്‍ഷ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘ ഞങ്ങള്‍ ഇരുട്ടിലായിരുന്നു, ഇപ്പോള്‍ പ്രഭാതം വിരിഞ്ഞിരിക്കുന്നു, ഞാന്‍ പ്രകാശം കാണുന്നു’ എന്നായിരുന്നു ആശുപത്രിയില്‍ കുട്ടികളെ കണ്ടശേഷം വലെന്‍ഷ്യയുടെ വാക്കുകള്‍. കുട്ടികളുടെ അമ്മ മഗ്ദലീനയുടെ പിതാവാണ് വലെന്‍ഷ്യ. വിമാനാപകടത്തില്‍ മഗ്ദലീന കൊല്ലപ്പെട്ടിരുന്നു. കുട്ടികളുടെ പിതാവ് മാനുവന്‍ റെണോകിനെ സന്ദര്‍ശിക്കാന്‍ വേണ്ടിയാണ് മഗ്ദലീന നാല് കുഞ്ഞുങ്ങളെയും കൂട്ടി യാത്ര തിരിച്ചതും അതൊരു ദുരന്തയാത്രയായി മാറിയതും. ആമസോണ്‍ മഴക്കാടുകളുടെ ഭാഗമായ ഹുയിറ്റൊട്ടോ ഗോത്രവിഭാഗത്തില്‍പ്പെട്ടവരായിരുന്നു മഗ്ദലനയും കുഞ്ഞുങ്ങളും. മാനുവല്‍ റോണകിന്റെ സന്ദേശം കിട്ടിയതിനു പിന്നാലെയാണ് എയര്‍ ടാക്‌സി സര്‍വീസായ സെസ്‌ന 206 എന്ന ചെറു വിമാനത്തില്‍ തെക്കന്‍ കൊളംബിയയിലെ അരരാക്കുവരയില്‍ നിന്നും അവര്‍ പുറപ്പെടുന്നത്, യാത്രയില്‍ അമ്മയെയും മക്കളെയും കൂടാതെ പൈലറ്റും ഒരു ഗോത്ര നേതാവും ഉണ്ടായിരുന്നു. സാനോ സെ ഡെല്‍ ഗോവിയാറെ എന്ന ചെറുപട്ടണത്തിലേക്കുള്ള മേയ് ഒന്നിനുള്ള ആ യാത്ര ലക്ഷ്യസ്ഥാനത്തെത്തിയില്ല. അതിനു മുമ്പെ കാകെറ്റ പ്രവിശ്യയിലുള്ള ആമസോണ്‍ വനാന്തരത്തില്‍ തകര്‍ന്നു വീണു. എഞ്ചിന്‍ തകരാറായിരുന്നു അപകടത്തിന്റെ കാരണം. അമ്മ മഗ്ദലനയും പൈലറ്റും ഗോത്രവര്‍ഗ നേതാവും കൊല്ലപ്പെട്ടു. രണ്ടാഴ്ച്ച നീണ്ട തിരച്ചിലിനൊടുവില്‍ മേയ് 16 നാണ് തകര്‍ന്ന വിമാനം കണ്ടെത്തുന്നത്. മൂന്നു മൃതദേഹങ്ങളും സമീപത്തുണ്ടായിരുന്നു. അപകടസ്ഥലത്തു നിന്നും അധികം അകലെയല്ലാതെ ചെറിയ കൂരയും ഭക്ഷണപദാര്‍ത്ഥങ്ങളുമൊക്കെ കണ്ടെത്തിയതോടെയാണ് കുട്ടികള്‍ രക്ഷപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മനസിലാകുന്നത്. പിന്നീടങ്ങോട്ട് അവരെ തേടിയുള്ള യാത്രയായിരുന്നു. പലതവണ കുട്ടികളുടെ കണ്ടെത്തി എന്ന അവസ്ഥ തൊട്ടടുത്ത് വരെ എത്തിയെങ്കിലും പിന്നെയത് തകര്‍ന്നു. ഘോരവനത്തിന്റെ എല്ലാ വെല്ലുവിളികളും തെരച്ചില്‍ സംഘത്തിന് നേരിടേണ്ടി വന്നു. 150 ഓളം കൊളംബിയന്‍ സൈനികര്‍ക്കൊപ്പം കാടിനെ തൊട്ടറിഞ്ഞിട്ടുള്ള ഒരു ഡസന്‍ ഗോത്രവര്‍ഗക്കാരും കാടറിയുന്ന കുട്ടികളുടെ അച്ഛനുമൊക്കെയുണ്ടായിരുന്നു. ഒടുവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയും ആഹ്ലാദിപ്പിച്ചും മേയ് ഒമ്പതാം തീയതി വൈകിട്ടോടെ ആ നാല് കുഞ്ഞുങ്ങളെയും കണ്ടെത്താനായി.
ഭക്ഷണം കിട്ടാതെ കുട്ടികള്‍ വീണുപോകാതിരിക്കാന്‍ വേണ്ടി അവരെ കണ്ടെത്താന്‍ കഴിയുന്നതിനും മുന്നേ ഹെലികോപ്ടറിലായി കാടിന്റെ പലയിടങ്ങളിലായി കൊളംബിയന്‍ സൈന്യം ആഹാരപ്പൊതികള്‍ നിക്ഷേപിച്ചിരുന്നു. രാത്രികാലങ്ങളില്‍ വനത്തിനുള്ളില്‍ തെരച്ചില്‍ സുഖമമാക്കാന്‍ വിമാനങ്ങളില്‍ നിന്നും അതാത് പ്രദേശങ്ങളില്‍ ഫയര്‍ ഫ്‌ളെയ്മുകള്‍ തെളിച്ചുകൊണ്ടേയിരുന്നു. ഒരു സ്ഥലത്ത് തന്നെ നില്‍ക്കാന്‍ ആവശ്യപ്പെടുന്ന കുട്ടികളുടെ മുത്തശ്ശിയുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദം തെരച്ചില്‍ സംഘം ഉറക്കെ കേള്‍പ്പിച്ചുകൊണ്ടിരുന്നു, കുട്ടികളെ ആകര്‍ഷിക്കാനായിരുന്നു അത്. കുട്ടികളെ കണ്ടെത്താനായില്ലെങ്കിലും ആ ദിവസങ്ങളിലെല്ലാം കുട്ടികള്‍ ജീവനോടെയുണ്ടെന്നതിന്റെ സൂചനകള്‍ തെരച്ചലില്‍ സംഘത്തിന് കിട്ടിക്കൊണ്ടിരുന്നു. കുട്ടികളുടെ കാല്‍പ്പാടുകള്‍, ബോബി ബോട്ടില്‍, നാപ്കിനുകള്‍, കഴിച്ചതിന്റെ ബാക്കി കായ്കനികള്‍പഴങ്ങള്‍(കുട്ടികളുടെ പല്ലിന്റെ അടയാളങ്ങള്‍ ആ കായ് കനികളില്‍ ഉണ്ടായിരുന്നു) തുടങ്ങിയ അടയാളങ്ങള്‍ തിരച്ചില്‍സംഘത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ടു നയിച്ചു.
യഥാര്‍ത്ഥത്തില്‍ സൈന്യം ഇട്ടുകൊടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളൊന്നും തന്നെ ആ കുട്ടികള്‍ക്ക് കിട്ടിയിരുന്നില്ല. വിമാനത്തില്‍ കരുതിയിരുന്ന കപ്പപ്പൊടിയും കാട്ടില്‍ നിന്നും ശേഖരിച്ച കായ്കനികളും കഴിച്ചായിരുന്നു അവര്‍ വിശപ്പടക്കിയിരുന്നത്. ‘ വിമാനത്തിലുണ്ടായിരുന്ന കപ്പപ്പൊടിയും മഴക്കാടുകളിലെ ഭക്ഷണയോഗ്യമായ കായ്കനികളുമാണ് കുട്ടികളുടെ അതിജീവനത്തെ സഹായിച്ചതെന്നാണ് മുത്തച്ഛന്‍ ഫിഡെന്‍ഷ്യോ വാലെന്‍ഷ്യ മാധ്യമങ്ങളോട് പറഞ്ഞത്. കാടിനെക്കുറിച്ച് കുട്ടികള്‍ക്കുണ്ടായിരുന്ന അറിവാണ് അവരെ പ്രധാനമായും തുണച്ചതെന്നാണ് വാലെന്‍ഷ്യ പറയുന്നത്. ‘ തകര്‍ന്ന വിമാനത്തില്‍ നിന്നും അവര്‍ കപ്പപ്പൊടി കൈയിലെടുത്തിരുന്നു. അത് അവര്‍ക്ക് രണ്ടാഴ്ച്ചയോളം സഹായകമായി എന്ന് വാലെന്‍ഷ്യ ആശുപത്രിയ്ക്ക് പുറത്തുവച്ച് മാധ്യമങ്ങളോട് സംസാരിക്കവെ പറയുന്നുണ്ട്.’ കപ്പപ്പൊടി തീര്‍ന്നതോടെ അവര്‍ കാട്ടില്‍ നിന്നുള്ള കായ് കനികള്‍ കഴിക്കാന്‍ തുടങ്ങി. അമ്മ കൈമാറിയ മഴക്കാടുകളെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ച മൂത്തസഹോദരി ലെസ്സിയോടാണ് മറ്റ് കുട്ടികള്‍ അവരുടെ ജീവിതത്തിന് കടപ്പെട്ടിരിക്കുന്നത്’ വാലെന്‍ഷ്യ പറയുന്നു. അമ്മയില്‍ നിന്നും മനസിലാക്കിയ കാടറിവാണ് കഴിക്കാവുന്ന പഴങ്ങള്‍ ശേഖരിക്കാന്‍ ലെസ്ലിയെ പ്രാപ്തയാക്കിയത്, അതവളുടെയും സഹോദരങ്ങളുടെയും ജീവന്‍ രക്ഷിച്ചു. പാഷന്‍ഫ്രൂട്ടിനോട് സാമ്യമുള്ള അവിച്യൂര്‍ എന്ന പഴം കുട്ടികള്‍ കഴിച്ചിരുന്നുവെന്നാണ് തിരച്ചില്‍ സംഘത്തിനൊപ്പമുണ്ടായിരുന്ന ഗോത്രവര്‍ഗ നേതാവായ എഡ്വിന്‍ പകി മാധ്യമങ്ങളോട് പറഞ്ഞത്. വിമാനം തകര്‍ന്നു വീണിടത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെയായി ഒരു അവച്യൂര്‍ മരത്തില്‍ നിന്നും അതിന്റെ പഴങ്ങള്‍ കുട്ടികള്‍ തിരഞ്ഞിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നുവെന്നാണ് എഡ്വിന്‍ പകി പറയുന്നത്. കാട് ഫല സമൃദ്ധമായ അവസ്ഥയിലായിരുന്നത് കുട്ടികള്‍ക്ക് സഹായകമായി എന്നാണ് കൊളംബിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി വെല്‍ഫെയര്‍ മേധാവി ആസ്ട്രിഡ് കാസറെസ് പറഞ്ഞത്.
ഹുയിറ്റൊട്ടോ ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികള്‍ അവരുടെ തീരെ ചെറിയ പ്രായത്തില്‍ തന്നെ കാടിനെ അറിയുകയും അതിന്റെ വെല്ലുവിളികളെ നേരിടാനും തയ്യാറായാവുകയും ചെയ്യുന്നുണ്ട്. ആ കാടറവ് തന്നെയാണ് ലെസ്ലിക്കും സഹോദരങ്ങള്‍ക്കും തുണയായത്. ഹുയിറ്റൊട്ടോ വര്‍ഗക്കാര്‍ വേട്ടയാടലും മീന്‍പിടുത്തവും വനവിഭവശേഖരണവുമൊക്കെ നന്നേ ചെറുപ്പത്തില്‍ തന്നെ പഠിച്ചെടുക്കുന്നവരാണ്. അതുകൊണ്ട് തന്നെ മൂത്തകുട്ടികളായ ലെസ്ലിക്കും സൊലൈനിക്കും കാടുമായി നന്നായി പരിചയമുണ്ടായിരുന്നുവെന്നാണ് അവരുടെ മുത്തച്ഛന്‍ വലെന്‍ഷ്യ പറയുന്നത്. കുട്ടികളുടെ ബന്ധുവായ ഡാമിറസ് മക്യുറ്റിയൂ പറയുന്നത്, അവരുടെ കുടുംബം സ്ഥിരമായി ഒരുമിച്ച് ‘ അതിജീവന കളി’ കളിക്കുമായിരുന്നുവെന്നാണ്. ‘ അത്തരം കളിയുടെ ഭാഗമായി കാടിനുള്ളില്‍ ചെറിയ ക്യാമ്പുകള്‍ നിര്‍മിക്കുമായിരുന്നു. കാട്ടില്‍ വിഷമുള്ള കായ് കനികള്‍ ധാരളമുണ്ടാകുമെന്നതിനാല്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍ ഏതൊക്കെയാണെന്നും കാടുനുള്ളില്‍ കുട്ടികളെ എങ്ങനെ സംരക്ഷിക്കണമെന്നുമൊക്കെ മൂത്തവള്‍ ലെസ്ലിക്ക് അറിയാമായിരുന്നുവെന്നാണ് ഡാമിറസ് പറയുന്നത്. തന്റെ ഹെയര്‍ ടൈകള്‍ ഉപയോഗിച്ച് മരക്കൊമ്പുകള്‍ കെട്ടിയാണ് ലെസ്ലി താത്കാലിക കൂരകള്‍ കാടിനുള്ളില്‍ കെട്ടിയുണ്ടാക്കി തന്റെ സഹോദരങ്ങളെ സംരക്ഷിച്ചത്. കുട്ടികളെ കണ്ടെത്തുമ്പോള്‍ ഏറ്റവും ഇളയവളുടെ വായില്‍ മില്‍പെസോസ് എന്ന ആമസോണിയന്‍ ചെടിയുടെ പഴം ഉണ്ടായിരുന്നുവെന്നാണ് രക്ഷാദൗത്യസംഘത്തിനൊപ്പമുണ്ടായിരുന്ന ഗോത്രവര്‍ഗക്കാരനായ ഹെന്റി ഗെറേറോ പറഞ്ഞത്. ഈ സമയത്ത് ഗോത്രവിഭാഗങ്ങള്‍ വിളവെടുക്കുന്ന ഫലങ്ങളില്‍ ഒന്നാണ് മില്‍പെസോസ്. ഇതിന്റെ നീര് വളരെ സ്വാദിഷ്ഠവും ആരോഗ്യപ്രദവുമാണ്. കുട്ടികള്‍ ആ ഫലം തിരിച്ചറിഞ്ഞു ഭക്ഷിച്ചുവെന്നാണ് ഗെറേറ പറയുന്നത്. ജുവാന്‍ സോക്കോ, പെസോസ് എന്നീ പഴങ്ങളാണ് കുട്ടികള്‍ പ്രധാനമായും കഴിച്ചിരുന്നതെന്നാണ് രക്ഷാ ദൗത്യത്തിനൊപ്പം മുപ്പത്ത് ദിവസത്തോളം ഉണ്ടായിരുന്ന ഗുറേറോ പറയുന്നത്. ദൗത്യസംഘത്തിലുള്ളവരും അവരുടെ ദീര്‍ഘവും കഠിനവുമായ യാത്രയില്‍ ക്ഷീണമകറ്റാന്‍ ആശ്രയിച്ചിരുന്നതും ഈ പഴങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വിശപ്പകറ്റാനുള്ള സൗകര്യങ്ങള്‍ വനാന്തരം ആ കുഞ്ഞുങ്ങള്‍ക്ക് ഒരുക്കിയിരുന്നുവെങ്കിലും അവരെയവിടെ താമസിപ്പിക്കാനുള്ള പരിതസ്ഥിതി സജ്ജമായിരുന്നില്ല. തങ്ങളുടെ അതിജീവനത്തിന് അവര്‍ പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. പ്രദേശത്തെ ഏറ്റവും വലിയ മരങ്ങളാല്‍ ഇടതൂര്‍ന്നതും ഏറ്റവും ഇരുണ്ടതുമായ കാട്ടിലായിരുന്നു കുട്ടികള്‍ ഉണ്ടായിരുന്നതെന്നാണ് ഗോത്രവര്‍ഗ വിദഗ്ധനായ അലക്‌സ് റുഫിനോ ബിബിസിയോട് പറഞ്ഞത്. അധികം വെളിപ്പെടാത്ത വനാന്തരഭാഗമായിരുന്നു അത്. വെള്ളം ശുദ്ധീകരിച്ച് അവര്‍ക്ക് ഉപയോഗിക്കാമായിരുന്നുവെങ്കിലും അധികവും വിഷലിപ്തമായ കായ് കനികളായിരുന്നു അവിടെയുണ്ടായിരുന്നതെന്നും റുഫിനോ ചൂണ്ടിക്കാണിക്കുന്നു. കടുത്ത മഴക്കാറ്റിനെയും കുട്ടികള്‍ക്ക് നേരിടേണ്ടതായിട്ടുണ്ടായിരുന്നു. വനാന്തരത്തില്‍ തമ്പടിക്കുന്ന സായുധസംഘങ്ങളുടെ കണ്ണില്‍പ്പെടാതെ കഴിയാനും കുട്ടികള്‍ക്കായി എന്നതും അവരുടെ അതിജീവനത്തിന് സഹായകമായി. ചില കാട്ടുമൃഗങ്ങളില്‍ നിന്നും അവര്‍ സാഹസികമായി രക്ഷപ്പെട്ടതായും പറയുന്നുണ്ട്. കാടിനെക്കുറിച്ച് തങ്ങളുടെ പൂര്‍വ്വികരില്‍ നിന്നും കൈമാറി കിട്ടിയ ജ്ഞാനമാണ് എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ ആ ഘോരവനാന്തരത്തില്‍ അവരെ സഹായിച്ചതെന്നാണ് ഗോത്രവര്‍ഗ തലവനായ ജോണ്‍ മോറേനോ പറയുന്നത്.