സ്ത്രീകള്‍, കുട്ടികള്‍, എസ് ടി, എസി സി വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരേ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളില്‍ വര്‍ദ്ധനവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി) റിപ്പോര്‍ട്ട്. എന്‍സിആര്‍ബി ഞായറാഴ്ച്ച പുറത്തു വിട്ട ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് 2022 പ്രകാരം, മുന്‍ വര്‍ഷത്തെക്കാള്‍ കുറ്റകൃത്യങ്ങള്‍ 2022-ല്‍ കൂടിയെന്നാണ് പറയുന്നത്. 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ 4 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍, കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ 8.7 ശതമാനം വര്‍ദ്ധിച്ചു. മുതര്‍ന്ന പൗരന്മാര്‍ക്കെതിരായ അതിക്രമം 9.3 ശതമാനം കൂടി, ഷെഡ്യൂള്‍ഡ് കാസ്റ്റ്(എസ് സി)-നെതിരായ അതിക്രമങ്ങള്‍ 13.1 ഉം, ഷെഡ്യൂള്‍ഡ് ട്രൈബ്(എസ് ടി)-നെതിരായ അതിക്രമം 14.3 ഉം ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക കുറ്റങ്ങള്‍ മുന്‍വര്‍ഷത്തേ അപേക്ഷിച്ച് 11.1 ശതമാനം ഉയര്‍ന്നു, രാജ്യത്തെ അഴിമതി കേസുകള്‍ 10.5 ശതമാനം വര്‍ദ്ധിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളിലും വലിയ വര്‍ദ്ധനവ് ഉണ്ടായി(24.4 ശതമാനം).
ഇത്തവണ ഏറെ വൈകിയാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. സാധാരണ ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ പ്രസിദ്ധീകരിക്കുകയാണ് പതിവ്. ഉത്തവണ ഡിസംബര്‍ 3ന്(നാല് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്ന അതേദിവസം) ആണ് പുറത്തു വിട്ടത്. വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടെങ്കിലും പൊതുജനത്തിന് മുന്നില്‍ എത്തുന്നത് ഞായറാഴ്ച്ച മാത്രമാണ്.
2022-ല്‍ മൊത്തം 4,45,256 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2021-ല്‍ ഇത് 4,28.278 കേസുകളായിരുന്നു. 4 ശതമാനത്തിനു മുകളില്‍ വര്‍ദ്ധനവ്.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കൂടുതലും ഉണ്ടായിരിക്കുന്നത് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃകുടുംബാംഗങ്ങളില്‍ നിന്നുമാണ്(31.4%). തട്ടിക്കൊണ്ടു പോകല്‍(19.2%), ലൈംഗികാതിക്രമം(18.7%), ബലാത്സംഗം(7.1 &) എന്നിങ്ങനെയാണ് മറ്റ് അതിക്രമങ്ങളുടെ വര്‍ദ്ധനവ്.
2022-ലെ കണക്കില്‍ രാജ്യത്ത് സത്രീകള്‍ക്കെതിരേ നടന്ന ബലാത്സംഗം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലാണ്. മൊത്തത്തിലുള്ള 31,516 കേസുകളില്‍ രാജ്യസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത് 5,399 കേസുകളാണ്. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശാണ്. 3,690 കേസുകള്‍. മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 3,029 കേസുകളും തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ 2,904 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയില്‍ 1,787 ഉം ഡല്‍ഹിയില്‍ 1,212 ബലാത്സംഗ കേസുകള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 2022-ല്‍ 814 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2021-ല്‍ ഇത് 820 ആയിരുന്നു. 4.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ലക്ഷം സ്ത്രീകള്‍ക്കിടയില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ നിരക്ക് 2021-ല്‍ 64.5 ആയിരുന്നത് 2022-ല്‍ 66.4 ആയി ഉയര്‍ന്നുവെന്നാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും രാജ്യത്ത് വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2022-ല്‍ മൊത്തം 1,62,449 കേസുകളാണ് കുട്ടികള്‍ക്കെതിരായ നടന്ന കുറ്റകൃത്യങ്ങളായി രജിസ്റ്റര്‍ ചെയ്തത്. 8.7 ശതമാനം വര്‍ദ്ധനവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ളത്. കൂടുതലും തട്ടിക്കൊണ്ടു പോകലാണ്(45.7%), പോക്‌സോ കേസുകളാണ് 39.7 ശതമാനം. മുതിര്‍ന്ന പൗരന്മാര്‍ക്കെതിരായ അതിക്രമങ്ങളിലും വര്‍ദ്ധനവുണ്ടായി. 2021 ല്‍ 26,110 ആയിരുന്നത്, തൊട്ടടുത്ത വര്‍ഷം 28,545 ആയി. 9.3 ശതമാനം വര്‍ദ്ധനവ്. ഇവയില്‍ മോഷണശ്രമത്തിനിടയില്‍ ഉണ്ടായിരിക്കുന്ന അതിക്രമാണ് കൂടുതല്‍(7,805 കേസുകള്‍-27.3&), വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നിവയ്ക്ക് വിധേയരായത് 13.8 ശതമാനം കേസുകളുണ്ട്, തട്ടിപ്പിനിരയായ കേസുകള്‍ 11.2 ശതമാനവും കൂടി.
ഷെഡ്യൂള്‍ഡ് കാസ്റ്റിനെതിരായ(എസ് സി) അതിക്രമങ്ങളില്‍ രാജ്യത്ത് 13.1 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 2021-ല്‍ 50,900 കേസുകളായിരുന്നത് 2022-ല്‍ 57,582 കേസുകളായി. ഷെഡ്യൂള്‍ഡ് ട്രൈബ്(എസ് ടി)ഇരകളായ കേസുകളില്‍ 14.3 ശതമാനം വര്‍ദ്ധനവും ഉണ്ടായി. 2021-ല്‍ 8,802 കേസുകളായിരുന്നുവെങ്കില്‍ 2022-ല്‍ 10,064 ആയി കൂടി.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ 11.1 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 1,74,013 കേസുകളാണ് 2022-ല്‍ രജിസ്റ്റര്‍ ചെയ്തത്. 2021-ല്‍ 3,745 അഴിമതി കേസുകള്‍ ഉണ്ടായിരുന്നത് 2022-ല്‍ 4,139 ആയി കൂടി. 10.5 ശതമാനത്തിന്റെ വര്‍ദ്ധനവ്. 2021-ല്‍ 52,974 സൈബര്‍ ക്രൈമുകള്‍ രജിസ്റ്റര്‍ ചെയ്തിടത്ത് 2022-ല്‍ അത് 24.4 ശതമാനം വര്‍ദ്ധിച്ച് 65,893 ആയി.
കുറ്റകൃത്യ റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധപ്പെടുത്തിയ ആത്മഹത്യ-അപകടമരണ റിപ്പോര്‍ട്ടിലും ആശങ്കപ്പെടുത്തുന്ന കണക്കാണുള്ളത്. ആക്‌സിഡന്റല്‍ ഡെത്ത് ആന്‍ഡ് സൂയിസൈഡ് ഇന്‍ ഇന്ത്യ(എഡിഎസ്‌ഐ) റിപ്പോര്‍ട്ട് പ്രകാരം അപ്രതീക്ഷിത മരണങ്ങളുടെ നിരക്ക് 11.6 ശതമാനമാണ് വര്‍ദ്ധിച്ചത്. 56,653 അപ്രതീക്ഷിത മരണങ്ങളാണ് 2022-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 32,410 മരണം ഹൃദയാഘാതം മൂലമായിരുന്നു. 24,243 മരണങ്ങള്‍ മറ്റ് കാരണങ്ങളാലും. 45-60 ഇടയില്‍ പ്രായമുള്ളവരായിരുന്നു മരിച്ചവരില്‍ കൂടുതലും-19,456 പേര്‍.
ആത്മഹത്യ ചെയ്തവരുടെ എണ്ണവും രാജ്യത്ത് കൂടുകയാണുണ്ടായത്. 2021-ല്‍ 1,64,033 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2022-ല്‍ ആ കണക്ക് 1,70,924 ആയി കൂടി.
അതുപോലെയാണ് അപകടമരണങ്ങളിലെ വര്‍ദ്ധനവും. 2021-ല്‍ 3,97,530 പേരാണ് അപകടമരണങ്ങളുടെ ഇരകളായത്. 2022-ല്‍ 4,30,504 പേരും.