ഗുജറാത്ത്, ഗുജറാത്തിലെ ഇലക്ട്രിസിറ്റി കോര്‍പ്പറേഷന്‍ ഇവയ്ക്ക് ഇന്ത്യന്‍ തെരഞ്ഞെടുപ്പുമായി എന്താണ് ബന്ധം? ഗുജറാത്ത് എന്നാല്‍ മോദിയുടെ സ്വപ്‌നമായ, ഇന്ത്യയിലെ തന്നെ ഏക ആഗോള സാമ്പത്തിക കേന്ദ്രമായ ഗിഫ്റ്റി സിറ്റിയാണ് ഉദ്ദേശിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ദുബൈയെയും സിംഗപ്പൂരിനെയും മറികടക്കുന്ന രാജ്യാന്തര സാമ്പത്തിക – സാങ്കേതിക വിദ്യ കേന്ദ്രമാവുമെന്ന് കരുതുന്ന പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി. ഇന്ത്യന്‍ ഓഹരി വിപണി സൂചികയായ എന്‍എസ്ഇയുടെ അന്താരാഷ്ട്ര ഡെറിവേറ്റീവ് വിഭാഗമായ ഗിഫ്റ്റ് നിഫ്റ്റിയുടെ ആസ്ഥാനവും ഇവിടെയാണ്. ഇനി ഇവയെ എല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്താണെന്ന് ചോദിച്ചാല്‍ അതൊരു കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്റെ സാന്നിധ്യമാണ്. രാജ്യത്തെ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ ശില്‍പി എന്നറിയപ്പെടുന്ന പ്രൊഫസര്‍ രജത് മൂന. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സി-ഡാക്കിന്റെ നേതൃനിരയിലുണ്ടായിരുന്ന പ്രമുഖനും കാണ്‍പൂര്‍- ബംഗളൂരു ഐഐടി, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവയിലെ മുന്‍ വിദ്യാര്‍ത്ഥിയുമാണ് അദ്ദേഹം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ചരിത്രവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഇന്ന് അദ്ദേഹം ഇരുപ്പുറപ്പിച്ചിരിക്കുന്ന സ്ഥാനമാനങ്ങള്‍ മേല്‍പറഞ്ഞ യോഗ്യതകള്‍ക്കും വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിക്കുന്നു. ഉദാഹരണത്തിന് 2023ല്‍ മാത്രം വിവിധ സംഘടനകള്‍ക്ക് വ്യക്തമായ സ്വാധീനമുള്ള മൂന്ന് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനമാണ് പ്രൊഫസര്‍ മൂന അലങ്കരിച്ചത്. ഇവയില്‍ രണ്ടെണ്ണം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ വരുന്നവയാണ്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നിരീക്ഷണ ഏജന്‍സിയില്‍ സേവനം അനുഷ്ഠിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ഇത്തരം സ്ഥാനങ്ങള്‍ വഹിക്കുന്നത് ജനാധിപത്യവാദികളെ അലോസരപ്പെടുത്തുമെന്നത് നിസ്സംശയം പറയാവുന്ന വസ്തുതയാണ്.
രാജ്യത്തെ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനങ്ങളുടെ, പ്രത്യേകിച്ച് വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ മെഷീനുകളുടെ പ്രധാന ശില്‍പ്പികളില്‍ ഒരാളാണ് പ്രൊഫസര്‍ മൂന. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി, ആ സംവിധാനങ്ങളുടെ വിശ്വാസ്യത നിഷ്പക്ഷമായി വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനുമായി നിയോഗിച്ച സമിതിയിലെ വിദഗ്ധ അംഗവുമാണ്. രാജ്യത്തെ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനങ്ങളുടെ സുതാര്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1990ലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക വിദഗ്ധ സമിതി രൂപീകരിക്കുന്നത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുക, കൃത്രിമത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുക, നിലവിലുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ പുതിയവ ഉള്‍പ്പെടുത്തുന്നതിനോ ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പുവരുത്തുക എന്നീ ഉത്തരവാദിത്വങ്ങളുള്ള സമിതിയാണിത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്ന് പറയുന്നത് പല സാങ്കേതിക ഘടകങ്ങള്‍ ചേരുന്ന ഒന്നാണ്. വോട്ട് രേഖപ്പെടുത്താന്‍ അമര്‍ത്തുന്ന ബാലറ്റ് യൂണിറ്റിലെ ബട്ടണ്‍, വോട്ട് രേഖപ്പെടുത്തിയെന്ന സ്ഥീരികരണം സ്ലിപ്പിലൂടെ വോട്ടര്‍ക്ക് നല്‍കുന്ന വിവിപാറ്റ്, വോട്ട് രേഖപ്പെടുത്തുന്ന കണ്‍ട്രോള്‍ യൂണിറ്റ്, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും സ്ഥാനാര്‍ത്ഥി ലിസ്റ്റുകളും ലാപ്ടോപ്പില്‍ നിന്ന് മണ്ഡലങ്ങളിലെ വിവിപാറ്റിലേക്ക് മാറ്റാന്‍ സഹായിക്കുന്ന സിംബല്‍ ലോഡിംഗ് യൂണിറ്റ് ഇവ മേല്‍പറഞ്ഞ ഘടകങ്ങളില്‍ വരും. ഇവയുടെ എല്ലാം നിരീക്ഷണം ഈ സമിതിയുടെ ചുമലിലാണ്. ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്ന മറ്റൊരു വസ്തുത, ഇവിഎം സംവിധാനത്തിന്റെ സോഴ്സ് കോഡുകള്‍ സ്വതന്ത്ര സാങ്കേതിക വിദഗ്ധരുടെ ഓഡിറ്റിന് വിധേയമല്ല എന്നതാണ്. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഇത്തരമൊരു സംവിധാനം കൂടി നിലവിലുണ്ട്. ഇന്ത്യയില്‍ അതില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ സൂക്ഷിപ്പില്‍ അസാധാരണ ഉത്തരവാദിത്വമുള്ളവരാണ് ഈ നാലംഗ സമിതി. ചുരുക്കത്തില്‍ അവരുടെ അഭിപ്രായമാണ് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നീതിയും സത്യസന്ധതയും ഉറപ്പുവരുത്തുന്നത്.
നിലവിലെ സാങ്കേതിക വിദഗ്ധ സമിതി രൂപീകരിച്ചത് 2010 നവംബറില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ്. ഐഐടി ബോംബെയിലെ പ്രൊഫസര്‍ ദിനേഷ് കെ ശര്‍മ്മ, ഡല്‍ഹി ഐഐടിയിലെ പ്രൊഫസര്‍മാരായ ഡിടി ഷഹാനി, എകെ അഗര്‍വാല, ഐഐടി കാണ്‍പൂരില്‍ നിന്ന് മൂന എന്നിവരാണ് ഇതിലെ അംഗങ്ങള്‍. നിയമനത്തിന് പിന്നാലെ നാലുപേരും അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചു. ശേഷം, 2013ലെ ഉപതെരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് വിവിപാറ്റ് ഉപയോഗിച്ചു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഭാഗികമായി അവതരിപ്പിക്കുകയും ചെയ്തു. 2018ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് തദ്ദേശിയമായി നിര്‍മിച്ച ഇവിഎമ്മിന് പേറ്റന്റ് നേടാനായി അപേക്ഷ നല്‍കി. അതേവര്‍ഷം മാര്‍ച്ച് 23ന് വിവിപാറ്റിന് മേല്‍ ബൗദ്ധിക ഉടമസ്ഥാവകാശവും കമ്പനി തേടി. വിവിപാറ്റിന്റെ ഉപജ്ഞാതാക്കളായി അപേക്ഷയില്‍ ബിഇഎല്‍ നല്‍കിയ 12 പേരില്‍ സാങ്കേതിക വിദഗ്ധ സമിതി അംഗങ്ങളുടെ പേരും ഉണ്ട്. അതായത് ഈ സിസ്റ്റങ്ങള്‍ സുരക്ഷിതവും വിശ്വസനീയവുമാണെന്ന സമിതിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നത് സമിതി അംഗങ്ങള്‍ സ്വന്തം ഉപകരണത്തിന് അംഗീകാരം നല്‍കലാണ്. ഇത് മനസിലാക്കിയ സമൂഹം വിവിപാറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇവിഎം സംവിധാനത്തിന്റെ സ്വതന്ത്ര ഓഡിറ്റ് ആവശ്യപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിനെ തള്ളികളയുന്നു. അതില്‍ തന്നെ അത്യന്തം വിഷമകരമായ വസ്തുത വിവിപാറ്റ് സംവിധാനത്തിന്റെ പേറ്റന്റ് കൈവശമുള്ളവരെ തന്നെ വിവിപാറ്റിന്റെ ആധികാരികത അംഗീകരിക്കുന്നതിന് ആശ്രയിക്കേണ്ടി വരുന്നു എന്നതാണ്. ഇത് ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കേസാണെന്ന് മുന്‍ കേന്ദ്ര മന്ത്രാലയ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഇഎഎസ് ശര്‍മ ചൂണ്ടികാട്ടുന്നു. ഇവിഎം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ ഹരജിക്കാരനായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ സ്ഥാപകന്‍ ജഗ്ദീപ് ചോക്കര്‍ ചൂണ്ടിക്കാട്ടുന്നതും സമാനവസ്തുതയാണ്. ശില്‍പിയും ഞാന്‍, സര്‍ട്ടിഫൈ ചെയ്യുന്നതും ഞാന്‍ എന്ന തരത്തിലുള്ള ഇന്‍-ബ്രീഡിംഗ് തുടരുകയാണെന്ന് അദ്ദേഹം പറയുന്നു.
അതേസമയം ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സമിതി അംഗമായ ഐഐടി മുന്‍ പ്രൊഫസര്‍ ദിനേശ് ശര്‍മ്മ തയ്യാറല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുള്ളതിനാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സ്വന്തം കണ്ടുപിടുത്തം സ്വയം സാക്ഷ്യപ്പെടുത്തുന്നതിലെ താല്‍പ്പര്യ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ബിഇഎല്ലിന്റെ അപേക്ഷയില്‍ പറയുന്നതിന് വിരുദ്ധമായ വെളിപ്പെടുത്തലാണ് നടത്തിയത്. ഞങ്ങള്‍ വിവിപാറ്റ് കണ്ടുപിടിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ വിവിപാറ്റ് മെച്ചപ്പെടുത്താനുള്ള ഇന്‍പുട്ടുകള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ആ വിശദീകരണം.
അതേസമയം,’സാങ്കേതിക സമിതിയിലെ അംഗമെന്ന നിലയില്‍, എം3 ഇവിഎമ്മുകളും വിവിപാറ്റുകളും രൂപകല്‍പന ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചു – എന്നാണ് മൂനയുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പറയുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ഇവിഎമ്മുകളുടെ ജനറേഷനെയാണ് എം3 എന്ന് വിളിക്കുന്നത്. സുരക്ഷയില്‍ മിടുക്കികളാണ് എം3, അവ രൂപകല്‍പ്പന ചെയ്യുന്നത് അത്രത്തോളം തൃപ്തി നല്‍കിയ അനുഭവമാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 2017ല്‍, സി-ഡാക്കില്‍ ആയിരിക്കുമ്പോള്‍ റിമോട്ട് വോട്ടിംഗ് പ്രാപ്തമാക്കുന്ന ഇവിഎമ്മുകള്‍ക്കായുള്ള പ്രോട്ടോടൈപ്പുകളും മൂന വികസിപ്പിച്ചിരുന്നു. ഇക്കാര്യവും പ്രൊഫൈലില്‍ പറയുന്നുണ്ട്.
2019ലാണ് ഓരോ ഇവിഎമ്മിലും ഒരു വിവിപാറ്റ് മെഷീന്‍ ഘടിപ്പിച്ച പൊതുതെരഞ്ഞെടുപ്പ് രാജ്യത്ത് നടന്നത്. തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബിജെപി) അനുകൂലമായ നടപടികളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിക്കപ്പെട്ടതും ആ സമയത്താണ്. തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി. ശേഷം, 2022 മെയ് 24-ന് ബിഇഎല്ലിന്റെ വിവിപാറ്റ് പേറ്റന്റ് അപേക്ഷ അംഗീകരിക്കപ്പെട്ടു. ആ വര്‍ഷം സെപ്തംബറോടെ, അതായത് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പ്, ഐഐടി ഭിലായ് ഡയറക്ടറായിരുന്ന മൂന ഐഐടി ഗാന്ധിനഗര്‍ ഡയറക്ടറായി നിയമിതനായി. പിന്നാലെ നിരവധി ഡയറക്ടര്‍ സ്ഥാനങ്ങളും മറ്റ് നിയമനങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2023 മാര്‍ച്ചില്‍, ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി കമ്പനി ലിമിറ്റഡി(ഗിഫ്റ്റ് സിറ്റി)ന്റെ മൂന്നംഗ വിദഗ്ധ സമിതിയില്‍ മൂന ഉള്‍പ്പെട്ടു. ഓഫ്ഷോര്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ സര്‍വകലാശാലകളുടെ അപേക്ഷകള്‍ വിലയിരുത്തുന്നതിനുള്ള സമിതിയായിരുന്നു അത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ മോദി ആവിഷ്‌കരിച്ച പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി. സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക കേന്ദ്രമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സ്മാര്‍ട്ട് സിറ്റി എന്ന നിലയില്‍ ഒരു മള്‍ട്ടി സര്‍വീസ് സ്പെഷ്യല്‍ ഇക്കണോമിക് സോണായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നിയമ- നികുതി ഇളവുകളും ബിസിനസ് സൗഹൃദ അന്തരീക്ഷവുമൊക്കെയാണ് ഗിഫ്റ്റ് സിറ്റിയുടെ ആകര്‍ഷണം. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വ്യവസായി ഗൗതം അദാനി, ബാങ്കര്‍ ഉദയ് കൊട്ടക്, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ ഭരത് ഭാസ്‌കര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം 2023 ജൂലൈയിലെ വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിന്റെ ഉപദേശക സമിതിയിലും മൂന നിയമിക്കപ്പെട്ടിരുന്നു.
അതേമാസം തന്നെ ഗിഫ്റ്റ് സിറ്റിയുടെ അഡീഷണല്‍ ഡയറക്ടറായി നിയമിക്കപ്പെട്ട മൂന, വര്‍ഷാവസാനത്തോടെ പദ്ധതി ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തി. 2024 ജനുവരി 9ന് സെബി അദ്ദേഹത്തെ നാഷണല്‍ സെക്യൂരിറ്റിസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ പബ്ലിക് ഇന്‍ട്രസ്റ്റ് ഡയറക്ടര്‍ പദവി നല്‍കി സ്വീകരിച്ചു. മുംബൈ ആസ്ഥാനമായുള്ള എന്‍എസ്ഡിഎല്‍ ലോകത്തെ ഏറ്റവും വലിയ ഡിപ്പോസിറ്ററികളിലൊന്നാണ്. നിക്ഷേപകരുടെ ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തില്‍ ശേഖരിക്കലാണ് എന്‍എസ്ഡിഎല്‍ ചെയ്യുന്നത്. എന്‍എസ്ഡിഎ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ബോര്‍ഡുകളുടെയും കമ്മിറ്റികളുടെയും യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് പബ്ലിക് ഇന്‍ട്രസ്റ്റ് ഡയറക്ടര്‍മാര്‍ക്ക് നല്‍കുന്ന പ്രതിഫലം പ്രതിവര്‍ഷം 10 ലക്ഷം രൂപ മുതല്‍ 26 ലക്ഷം രൂപ വരെയാണ്. അതേ ജനുവരിയില്‍ തന്നെ ഗുജറാത്തിലെ വൈദ്യുതി ഉല്‍പ്പാദന- വിതരണ- പ്രക്ഷേപണകമ്പനിയായ ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന എത്തി. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഗുജറാത്ത് ഊര്‍ജ വികാസ് നിഗം.
ഈ നിയമനങ്ങളുടെ ഫലമായി മൂനയ്ക്ക് ലഭ്യമായ സാമ്പത്തിക-ഇതര പ്രത്യേക അധികാര-പരിഗണനകളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക ഫയലിംഗുകളൊന്നും ഉണ്ടായിട്ടില്ലെന്നും ശ്രദ്ധേയമാണ്. ബന്ധപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, അഭിപ്രായം പറയുന്നത് ശരിയല്ല എന്ന് പറഞ്ഞുകൊണ്ട് സംസാരം അവസാനിപ്പിക്കുകയാണ് മൂന ചെയ്തത്. ഇമെയില്‍ ചോദ്യാവലിയ്ക്ക് മറുപടി തരില്ല എന്നാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
മൂനയുടെ പദവികള്‍ നിയമവിരുദ്ധമല്ല, എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക സമിതി അംഗം എന്ന സുപ്രധാന പദവിയില്‍ ഇരിക്കുമ്പോള്‍ സുതാര്യത ഉറപ്പ് വരുത്തുക എന്നത് പ്രധാനമാണ്. കമ്മീഷന്റെ സാങ്കേതിക വിദ്യ പോലെ നിര്‍ണായകമായ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗം സര്‍ക്കാരിനോട് യോജിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ കമ്മീഷന്റെ സ്വതന്ത്രവും സുതാര്യവുമായ നിലനില്‍പ്പിനാണ് വെല്ലുവിളിയാവുന്നതെന്ന് ജഗദീപ് എസ് ചോക്കര്‍ ചൂണ്ടികാണിക്കുന്നു.
അതേസമയം, ഇത്തരം സ്ഥാനമാനങ്ങള്‍ സാങ്കേതിക സമിതി അംഗം എന്ന പദവിയെ ബാധിക്കില്ലെന്നാണ് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലാവസ പറഞ്ഞത്. അക്കാദമിക ജോലികള്‍ ചെയ്യുന്നതില്‍ നിന്നും ഒരാളെ വിലക്കാന്‍ സാധിക്കില്ല. ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും വിശ്വാസ്യത സംരംക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുക എന്നത് രജത് മൂനയുടെ ജോലിയാണ്. ആ ചുമതലയെ അദ്ദേഹത്തിന്റെ മറ്റ് ജോലികളോ പദവികളോ ആയി കൂട്ടികുഴ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
ശര്‍മ്മയിലേക്ക് വരികയാണെങ്കില്‍, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത സംരക്ഷിക്കാന്‍ അടിയന്തരമായി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മൂനയുടെ നിയമനങ്ങള്‍ വിഷയങ്ങളെ സങ്കീര്‍ണമാക്കുന്നുണ്ട്. ഇത് ഒരു വലിയ പാറ്റേണിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. ബിജെപിയുമായി ബന്ധമുള്ളവരാണെന്ന് ആരോപിക്കുന്ന നാല് ബിഇഎല്‍ ഡയറക്ടര്‍മാരെ നീക്കം ചെയ്യണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ട് കത്തെഴുതിയതിന് ഫലം കാണത്തതും മറ്റൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടികാണിക്കുന്നു. ‘നിങ്ങള്‍ നീതിമാനായിരിക്കുക മാത്രമല്ല, നിങ്ങള്‍ നീതിമാനണെന്നത് പ്രകടമാക്കുകയും വേണം,” പട്ന ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ് വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. അഞ്ജനയുടെ വാക്കുകളുടെ പ്രധാന്യം മൂനയുടെ ചില സോഷ്യല്‍ മീഡിയ പ്രവര്‍ത്തികളുമായി ബന്ധിപ്പിക്കുമ്പോഴാണ് മനസിലാവുക. 2021 വരെ, ട്വിറ്ററിലെ തന്റെ സ്വകാര്യ അക്കൗണ്ടിലൂടെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകളും സി-ഡാക് ഉള്‍പ്പെടെയുള്ള അദ്ദേഹം അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓര്‍ഗനൈസേഷനുകളുംഅദ്ദേഹം ടാഗ് ചെയ്തിരിന്നു. ഒപ്പം പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ ബിജെപി നേതാക്കളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ റീ ട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയുമുണ്ടായി. ഇവയില്‍ ചിലതെല്ലാം രാഷ്ട്രീയ നിലപാടുകള്‍ കൂടിയാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയെ കൂടുതല്‍ കാലം സേവിക്കാന്‍ നരേന്ദ്രമോദിക്ക് ദീര്‍ഘായുസ്സ് നല്‍കി ദൈവം അനുഗ്രഹിക്കട്ടെ- എന്ന 2016 സെപ്റ്റംബര്‍ 17ലെ രവിശങ്കര്‍ പ്രസാദിന്റെ പോസ്റ്റിന് മൂന പ്രതികരിച്ചത് ഉദാഹരണം.
45 വര്‍ഷം മുമ്പ്, അറ്റോമിക് എനര്‍ജി വകുപ്പിന് കീഴിലുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഇസിഐഎല്‍) ഇവിഎം പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തിരുന്നു. 1980ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം വ്യക്തമാക്കി കൊടുത്തിരുന്നു.
1982ല്‍, എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ 123 ബൂത്തുകളില്‍ 50 എണ്ണത്തിലും ഈ ഇലക്ട്രോണിക് യന്ത്രങ്ങള്‍ ഉപയോഗിച്ചു. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ തോല്‍വിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കേരള ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീം കോടതിയെയും സമീപിച്ചു. ജനപ്രാതിനിധ്യ നിയമവും തിരഞ്ഞെടുപ്പ് ചട്ടങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്നില്ലെന്ന് ഉയര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ വാദമെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടുവില്‍, ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് ബന്ധപ്പെട്ട മണ്ഡലങ്ങളില്‍ റീപോളിംഗ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിടുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു.
1989-ഓടെ, ജനപ്രാതിനിധ്യ നിയമത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിഎം ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയ ഭേദഗതി നിലവില്‍ വന്നു. ഇവിഎം നിര്‍മ്മിക്കാന്‍ ബിഇഎല്‍, ഇസിഐഎല്‍ എന്നിവയെ ഏല്‍പ്പിച്ചു.
1990-ല്‍ ദേശീയ-പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണ സമിതി രൂപീകരിച്ചു. ഇവിഎമ്മുകള്‍ സാങ്കേതിക വിദഗ്ധരെക്കൊണ്ട് പരിശോധിക്കണമെന്ന് ഈ സമിതി ശുപാര്‍ശ ചെയ്തു. അങ്ങനെ, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ നിന്നുള്ള എസ് സമ്പത്ത് തലവനായി, ഐഐടി ഡല്‍ഹിയില്‍ നിന്നുള്ള പ്രൊഫസര്‍ പി വി ഇന്ദിരേശനും തിരുവനന്തപുരത്തെ ഇആര്‍ ആന്‍ഡ് ഡിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള ഡോ. റാവു സി കാസര്‍ബഡയും ചേര്‍ന്ന് പ്രഥമ സാങ്കേതിക സമിതി നിലവില്‍ വന്നു. ശേഷം 2005ലും 2010ത്തിലും സമിതി പരിഷ്‌കരിച്ചു. ഇവിഎമ്മുകളുടെ സോഴ്‌സ് കോഡ് സമിതിയുമായി പങ്കുവയ്ക്കപ്പെട്ടിട്ടോ എന്നത് സംബന്ധിച്ച് 2021 മുതല്‍ വ്യക്തമല്ലെന്നാണ് ദി വയറിന്റെ ഒരു സ്റ്റോറിയില്‍ മാധ്യമപ്രവര്‍ത്തകന്‍ മീതു ജെയിന്‍ കുറിച്ചിരിക്കുന്നത്.
2019-ല്‍, സോഴ്സ് കോഡിനായി ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, ടെക്‌നിക്കല്‍ സമിതി സോഫ്റ്റ്വെയര്‍ ഓഡിറ്റ് ചെയ്യുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ വിവരാവകാശ അപേക്ഷ പ്രകാരം ഇതേ ചോദ്യത്തിന് ലഭിച്ച മറുപടികള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഓഡിറ്റ് സെല്ലാണ് ഓഡിറ്റ് ചെയ്യുന്നതെന്നാണ്. സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റിംഗ് ആന്‍ഡ് ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നതും. 1990ലെ റിപ്പോര്‍ട്ടില്‍, ഇവിഎമ്മുകളുടെ സോഴ്സ് കോഡുകള്‍ പരസ്യമാക്കണമെന്നാണ് അന്നത്തെ സാങ്കേതിക വിദ്യ സമിതി ശുപാര്‍ശ ചെയ്തിരുന്നത്. 2006ലെ സമിതിയുടെ ശുപാര്‍ശയും ഇത് തന്നെയായിരുന്നു. 2013ല്‍, ഇവിഎം യൂണിറ്റുകളിലെ മാല്‍വെയര്‍ സാന്നിധ്യം തിരിച്ചറിയുന്നതിന് സൗകര്യം ഒരുക്കണമെന്ന ശുപാര്‍ശയും സമിതിയില്‍ നിന്നുണ്ടായി. അംഗീകാരമുള്ള മറ്റൊരു യുണിറ്റിന് കോഡ് പരിശോധിക്കാന്‍ അനുവാദം നല്‍കണമെന്നും ഈ കോഡ് അനുബന്ധ റഫറന്‍സ് കോഡുമായി താരതമ്യം ചെയ്ത് ഇവിഎമ്മുകളില്‍ മാല്‍വയറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ സാധിക്കുമെന്നുമായിരുന്നു ശുപാര്‍ശ. ആക്ടിവിസ്റ്റ് വെങ്കിടേഷ് നായക് 2019 മാര്‍ച്ചില്‍ വിവരാവകാശ അപേക്ഷകളിലൂടെയാണ് ജെയിന്‍ ഈ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. 1990നും 2013നും ഇടയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ് വിവരാവകാശ അപേക്ഷകളിലൂടെ നായകിന് ലഭിച്ചത്. ഇതിന് ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ പിന്നീടുണ്ടായ പുരോഗതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അവ്യക്തമാണ്. ഉദാഹരണത്തിന്, 2019-ല്‍, മുന്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ ആ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായിരുന്നു. അന്ന് അദ്ദേഹം മെഷീനുകളിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഒമ്പത് പേജുള്ള കത്ത് എഴുതിയിരുന്നു. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കനുള്ള ചുമതല സാങ്കേതിക വിദ്യ സമിതിയ്ക്കായിരുന്നു. എന്നാല്‍ ഇതുവരെ അതിന്റെ ഫലം കണ്ണന് ലഭിച്ചിട്ടില്ല. വിവിപാറ്റുമായി ബന്ധപ്പെട്ട ചില പേറ്റന്റ് ഫയലിംഗുകളിലും പൊരുത്തകേടുകള്‍ കാണുന്നുണ്ട്. വെങ്കിടേഷ് നായക് ഇതിന് ഉദാഹരണം കാണാന്‍ 2018 മാര്‍ച്ച് 23-ന് ബിഇഎല്‍ നല്‍കിയ പേറ്റന്റ് അപേക്ഷയിലേക്ക് നോക്കാനാണ് പറയുന്നത്.
വിവിപാറ്റിന്റെ പേറ്റന്റ് അപേക്ഷയില്‍ ഒരിടത്ത് ‘സുതാര്യമായ വിന്‍ഡോ’ എന്ന് വിശേഷിപ്പിക്കുന്നതായി കാണാം. മറ്റൊന്നില്‍ അതിനെ വിളിക്കുന്നത് വ്യൂവിംഗ് വിന്‍ഡോ എന്നാണ്. അതേ ഫയലിങില്‍, മറ്റൊരിടത്ത് ലേബല്‍ ചെയ്തിരിക്കുന്നത് ‘വോട്ടര്‍മാരുടെ സ്വകാര്യത ഉറപ്പ് വരുത്തുന്ന അര്‍ദ്ധസുതാര്യ വ്യൂവിങ് വിന്‍ഡോ എന്നാണ്.സംക്ഷിപ്ത വിവരണങ്ങള്‍ എന്ന ഉപശീര്‍ഷകത്തിന് കീഴില്‍, സുതാര്യമോ/അര്‍ദ്ധ അര്‍ദ്ധ സുതാര്യമോ ആയ വിന്‍ഡോ’ എന്നും പരാമര്‍ശിക്കുന്നു. ഈ പൊരുത്തകേടുകള്‍ മെഷീന്റെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും അറിയാനുള്ള വോട്ടറുടെ അവകാശത്തെ ലംഘിക്കുന്നുണെന്നും അദ്ദേഹം പറയുന്നു. മേല്‍ പറഞ്ഞ പേരുകള്‍ സൂചിപ്പിക്കുന്നത് പോലെ ആണെങ്കില്‍ വിവിപാറ്റ് സൂര്യപ്രകാശത്തിന് കീഴിലോ വിന്‍ഡോയ്ക്ക് അടുത്തോ സ്ഥാപിക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ”ചെയ്യേണ്ടതും ചെയ്യരുതാത്തതും”എന്ന വിഭാഗത്തില്‍ അതിന്റെ നിര്‍ദേശങ്ങള്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നും നായക് ചോദ്യം ഉന്നയിക്കുന്നു. 2020 ഓഗസ്റ്റില്‍ ഇസിഐഎല്ലും ബിഇഎല്ലും സംയുക്തമായി ഒരു പ്രിസ്മാറ്റിക് ലെന്‍സിന്റെ ഡിസൈന്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഐഐടി ഗാന്ധിനഗര്‍ വെബ്‌സൈറ്റിലെ മൂനയുടെ ഔദ്യോഗിക പ്രൊഫൈല്‍ അനുസരിച്ച് ഈ പ്രിസ്മാറ്റിക് ലെന്‍സിന്റെ ഡിസൈനര്‍ അദ്ദേഹമാണ്. സമിതിയിലെ അംഗങ്ങളിലൊരാളായ പ്രൊഫസര്‍ അഗര്‍വാല 2019 മുതല്‍ പേറ്റന്റ് ഫയലിംഗില്‍ ഒപ്പിന് പകരം വിരല്‍ പതിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, അദ്ദേഹം ന്യൂറോളജിക്കല്‍ രോഗത്താല്‍ ബുദ്ധിമുട്ടുകയാണ്, ഇത് വിറയലിലേക്ക് നയിച്ചു, അതിനാല്‍ അദ്ദേഹത്തിന് ഒപ്പിടാന്‍ കഴിയില്ലെന്നാണ് ബന്ധു വെളിപ്പെടുത്തിയത്.രോഗം പൂര്‍ണമായും മാറുന്ന അവസ്ഥയില്‍ അല്ലെന്നും അദ്ദേഹത്തിന് ആരോടും സംസാരിക്കാന്‍ പറ്റില്ല. അഗര്‍വാല സമിതിയുടെ ഭാഗമായി തുടരുന്നുവെന്നും എന്നാല്‍ അദ്ദേഹം 24 മണിക്കൂറും കിടപ്പിലായതിനാല്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറയുന്നു. നിലവില്‍, ഫീഡിംഗ്, സക്ഷന്‍ ട്യൂബിന്റെ സഹായത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ബന്ധു പറഞ്ഞു.
ജനാധിപത്യത്തിന്റെ സുസ്ഥിരത അത്യന്താപേക്ഷിതമാണ്. ഇന്നത്തെ ഇന്ത്യയില്‍ ഇല്ലാതാവുന്നതും ഈ വിശ്വാസമാണ്. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)യുടെ പ്രീ-പോള്‍ സര്‍വേയില്‍, തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പറയുന്നു. 2019വുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളം ആളുകളാണ് വിശ്വാസകുറവ് വെളിപ്പെടുത്തിയത്.സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേരും ഭരണകക്ഷിക്ക് അനുകൂലമായി ഇവിഎമ്മുകളില്‍ കൃത്രിമം നടക്കാനുള്ള സാധ്യത ശരിവയ്ക്കുന്നു.ഇവിഎമ്മുകളില്‍ പൊതുജന വിശ്വാസം വളര്‍ത്തിയെടുക്കാന്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് വ്യക്തമാണെന്ന് ലോക്നീതി നെറ്റ്വര്‍ക്കിന്റെ ദേശീയ കോര്‍ഡിനേറ്റര്‍ സന്ദീപ് ശാസ്ത്രിയും പറയുന്നു.
‘പ്രൊജക്ട് ഇലക്ടറല്‍ ബോണ്ട്’ അന്വേഷണങ്ങളുടെ ഭാഗമായി സ്വതന്ത്ര മാധ്യമ പ്ലാറ്റ്‌ഫോമുകളായ ദ സ്‌ക്രോള്‍, ദ ന്യൂസ് മിനിട്ട്, ദ വയര്‍, ദ ന്യൂസ് ലോണ്‍ട്രി എന്നിവര്‍ക്കൊപ്പം അഴിമുഖം പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ട്
English Summary: Questions Swirl Around Committee that Certifies India’s Electronic Voting Machines