2022 നവംബറിലാണ് ആദ്യമായി രണ്ടു സ്വവര്‍ഗ ദമ്പതികള്‍ ഇന്ത്യന്‍ കുടുംബ നിയമപ്രകാരം വിവാഹം കഴിക്കാന്‍ കഴിയാത്തത് തുല്യത, ജീവിതം, സ്വാതന്ത്ര്യം, അന്തസ്, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ തങ്ങള്‍ക്കുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കാണിച്ചുകൊണ്ട് സുപ്രിം കോടതിയെ സമീപിക്കുന്നത്. 10 ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കലിനുശേഷം, കോടതി 2023 മെയ് മാസത്തില്‍ വിധി പറയാന്‍ മാറ്റി. ചൊവ്വാഴ്ച്ച(ഒക്ടോബര്‍ 17) സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധ്യതയില്ലെന്ന അന്തിമ വിധിയായി സുപ്രിം കോടതി പുറപ്പെടുവിച്ചത് ആ വിധിയായിരുന്നു.
ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവര്‍ ഭൂരിപക്ഷവും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും ന്യൂനപക്ഷവുമായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ നാല് വ്യത്യസ്ത അഭിപ്രായങ്ങളില്‍ ഉന്നയിച്ച പ്രധന ചോദ്യങ്ങള്‍ ഇവയാണ്;
വിവാഹം കഴിക്കാനുള്ള അവകാശം മൗലികാവകാശമാണോ?
കോടതിക്ക് മുന്നില്‍ വന്ന രണ്ടു പ്രധാന ചോദ്യങ്ങളിലൊന്ന്, ഇന്ത്യന്‍ ഭരണഘടന വിവാഹത്തിനുള്ള അവകാശം ഉറപ്പു നല്‍കുന്നുണ്ടോയെന്നാണ്? രണ്ടാമതായി, സ്വവര്‍ഗ ദമ്പതികളെ ഈ അവകാശത്തില്‍ നിന്ന് തടയുന്നത് വിവേചനമായി കണക്കാക്കുന്നുണ്ടോ?
രണ്ട് ചോദ്യങ്ങള്‍ക്കും ‘ഇല്ല’ എന്ന് കോടതി ഏകകണ്ഠമായി മറുപടി നല്‍കി. ലളിതമായി പറഞ്ഞാല്‍, ഇന്ത്യന്‍ ഭരണഘടന വിവാഹത്തിനുള്ള അവകാശം പ്രത്യേകമായി ഉറപ്പുനല്‍കുന്നില്ലെന്നും സ്വവര്‍ഗ-വിവാഹ ദമ്പതികളെ വിവാഹം കഴിക്കുന്നതില്‍ നിന്ന് തടയുന്നത് വിവേചനമായി കണക്കാക്കുന്നില്ലെന്നും കോടതി പറഞ്ഞു. വിവാഹം നിയമത്തിന്റെ കീഴില്‍ വരുന്ന ഒരു സ്ഥാപനമാണ്, നിയമം അനുവദിക്കത്തപക്ഷം സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹിതരാകാന്‍ കഴിയില്ല. കോടതിയുടെ അഭിപ്രായത്തില്‍ വിവാഹം കഴിക്കാന്‍ സാധിക്കാത്തത് ഭരണഘടന വിരുദ്ധമായി കണക്കാക്കാന്‍ കഴിയില്ല. 1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് , പ്രകാരം വിവിധ മതങ്ങളില്‍പ്പെട്ടവരെ വിവാഹം കഴിക്കാന്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളു. അതായത് 1954 ലെ നിയമം എതിര്‍ലിംഗ ദമ്പതികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
സ്വവര്‍ഗ ലിംഗ വിവാഹത്തിനായി നിയമത്തില്‍ മാറ്റം വരില്ല. ഈ നിയമപ്രകാരം ഒരു പുരുഷനും സ്ത്രീക്കും മാത്രമേ വിവാഹം കഴിക്കാന്‍ കഴിയൂ എന്ന് ഇപ്പോഴും നിയമം പറയുന്നു. ആത്യന്തികമായി, സ്വവര്‍ഗദമ്പതികള്‍ക്ക് വിവാഹം കഴിക്കാനുള്ള മൗലികാവകാശമില്ലെന്ന് കോടതി കണ്ടെത്തി. എന്നാല്‍ വിവാഹം ചെയ്യാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, അന്തസ്, സ്വയംഭരണാവകാശം ഉള്‍പ്പെടെയുള്ള മറ്റ് മൗലികാവകാശങ്ങള്‍ ക്വിയര്‍ സമൂഹത്തിനുള്ളതായി കോടതി നിരീക്ഷിച്ചു.
വിവാഹമല്ലെങ്കില്‍, ക്വിയര്‍ ദമ്പതികള്‍ക്ക് ഒരു ‘സിവില്‍ യൂണിയനില്‍’ പ്രവേശിക്കാന്‍ അവകാശമുണ്ടോ?
ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ ജൂഡിജിമാരും സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമ നിര്‍മാണ സഭയ്ക്ക് മാത്രമേ ഇത്തരം ഇടപെടലുകള്‍ നടത്താന്‍ യോഗ്യതയുള്ളൂവെന്ന് കണ്ടെത്തിയിരുന്നു. കാരണം, സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം ചെയ്യാനോ ഒരു യൂണിയനില്‍ പ്രവേശിക്കാനോ ഉള്ള അവകാശം നല്‍കുന്നതില്‍ ‘നിയമനിര്‍മാണ വാസ്തുവിദ്യ’കളിലും നയങ്ങളിലും മാറ്റം വരുത്താന്‍ കഴിയുകയുള്ളു.
രണ്ട് വ്യക്തികള്‍ സിവില്‍ യൂണിയനിലോ വിവാഹത്തിലോ ഏര്‍പ്പെടുമ്പോള്‍, അവര്‍ക്ക് ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, ദത്തെടുക്കല്‍, പിന്തുടര്‍ച്ച, പെന്‍ഷന്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്.
നിലവില്‍ ഭിന്നലിംഗ വ്യക്തികള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ നിയമങ്ങളില്‍ സ്വവര്‍ഗ ലിംഗക്കാര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശത്തെയും ഉള്‍പ്പെടുത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന സങ്കീര്‍ണത കണക്കിലെടുക്കുമ്പോള്‍ വിവിധ തലത്തിലുള്ള ആളുകളുമായി കൂടിയാലോചിക്കാന്‍ കഴിവുള്ള തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭയ്ക്ക് മാത്രമേ ഇതില്‍ ഇടപെടാന്‍ കഴിയൂ എന്ന് കോടതി കണ്ടെത്തി.
ഭരണഘടനക്ക് അനുയോജ്യമായി ക്വിയര്‍ ദമ്പതികള്‍ക്കായി ഈ നിയമ ചട്ടക്കൂടുകള്‍ മാറ്റുന്നതിന്റെ ആഘാതം നിയമനിര്‍ണാണസഭ അവലോകനം ചെയ്യേണ്ടതുണ്ടെന്ന് ജസ്റ്റിസ് നരസിംഹ നിരീക്ഷിച്ചു.
ക്വിയര്‍ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാമോ?
കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം വിവാഹത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളു എന്ന വസ്തുത കോടതിയെ പ്രശ്‌നത്തിലാഴ്ത്തിയിരുന്നു. ഇന്ത്യന്‍ നിയമപ്രകാരം ഒരു സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കാത്തതിനാല്‍, അവര്‍ക്ക് കുട്ടികളെ ദത്തെടുക്കാനും കഴിയില്ല. എന്നിരുന്നാലും, 2015-ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഒരൊറ്റ വ്യക്തിക്ക് ഒരു കുട്ടിയെ ദത്തെടുക്കാന്‍ അനുമതി നല്‍കുന്നുണ്ട്, പങ്കാളികളില്‍ ഒരാളെ നിയമപരമായ രക്ഷിതാവായി നിശ്ചയിച്ച് സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ 2022-ല്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി (ഇഅഞഅ) നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു.
ദമ്പതികള്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ വിവാഹിതരാകണമെന്നും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സ്ഥിരമായ ദാമ്പത്യം പുലര്‍ത്തണമെന്നും പുതിയ നിയമം പറയുന്നുണ്ട്. കൂടാതെ, ലിവിങ് റിലേഷനിലുള്ള ദമ്പതികള്‍ക്ക് കുട്ടിയെ ദത്തെടുക്കാന്‍ കഴിയില്ലെന്നും നിയമത്തില്‍ പറയുന്നു. ഈ പുതിയ നിയമങ്ങള്‍ പ്രകാരം നിയമവിധേയമായി വിവാഹം കഴിക്കാന്‍ അവസരമില്ലത്ത സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ സാധിക്കില്ല. ഹര്‍ജിക്കാര്‍, ഈ നിയമങ്ങളിലുള്ള ആശങ്ക കോടതില്‍ ഉന്നയിച്ചിരുന്നു. ഈ നിയമങ്ങള്‍ അന്യായമാണെന്നും തുല്യതയുടെ തത്വങ്ങള്‍ക്ക് എതിരാണെന്നും കണ്ടെത്തിയ ചീഫ് ജസ്റ്റിസും ജസ്റ്റിസ് കൗളും ഈ നിയമങ്ങള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ജസ്റ്റിസ് ഭട്ട് ഉള്‍പ്പെട്ട ഭൂരിപക്ഷം ജഡ്ജിമാരും സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവദിക്കണമോ എന്ന തീരുമാനം കോടതിക്ക് എടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അതിനാല്‍, കുട്ടികളുടെ ദത്തെടുക്കല്‍ നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ക്വിയര്‍ ദമ്പതികള്‍ക്കുള്ള നിയമങ്ങളില്‍ എന്ത് മാറ്റമാണ് ഉണ്ടായത്?
ഒരു ക്വിയര്‍ വ്യക്തിക്ക് ലിവ്-ഇന്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി പ്രസ്താവിച്ചു. എന്നിരുന്നാലും അത്തരമൊരു ബന്ധം വിവാഹമോ സിവില്‍ യൂണിയനിലോ ഉള്‍പ്പെടുന്നില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കി സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ‘നവതേജ് സിംഗ് ജോഹര്‍’ കേസിന്റെയും, ക്വിയര്‍ ആളുകള്‍ക്ക് അവരുടെ സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ അവകാശമുണ്ടെന്ന ‘പുട്ടസ്വാമി’ കേസിന്റെയും കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്.
ഏറ്റവുമൊടുവില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചപ്പോള്‍ ലിംഗഭേദം, ലിംഗ വ്യക്തിത്വം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ വിവാഹത്തിന് രണ്ടു വ്യക്തികള്‍ക്ക് അവകാശം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവിശ്യം കോടതി തള്ളുകയാണുണ്ടായത്.
ഇനി സാധ്യമാവുന്നത് എന്താണ് ?
ക്വിയര്‍ ദമ്പതികള്‍ക്ക് കൂടി വിവാഹ, സിവില്‍ യൂണിയന്‍ ലഭ്യമാക്കുകയെന്ന ഹര്‍ജിക്കാരുടെ ആവിശ്യം ആദ്യം പ്രതീക്ഷിച്ചതിലും വളരെ സങ്കീര്‍ണമാണ്. നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തുകയോ പുതിയത് രൂപകല്‍പ്പനയോ ചെയ്യണ്ടി വരും. ശ്രദ്ധാപൂര്‍വ്വമായ ആലോചനയും വിപുലമായ കൂടിയാലോചനകളും ആവിശ്യമായി വരുന്ന ബൃഹത്തായ നിയമ പരിഷ്‌കരണ പദ്ധതിയാണ് ഇത്. കരടുകള്‍ തയ്യാറാക്കുന്നതിനു പുറമെ, കുടുംബ നിയമത്തിലേക്കുള്ള വീക്ഷണത്തില്‍ സമൂലമായ മാറ്റവും ഇത് ആവിശ്യപ്പെടുന്നുണ്ട്.
കമ്മിറ്റിക്ക് ഒറ്റയ്ക്ക് ഇത്തരമൊരു നിയമനിര്‍മ്മാണത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍, ക്വിയര്‍ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും ഇത് ചര്‍ച്ച ചെയ്യുകയും വേണം; മതനിയമങ്ങള്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മനസിലാക്കാന്‍ വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ള മതനേതാക്കളുമായി സംസാരിക്കേണ്ടത് പ്രധാനമാണെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രായോഗിക വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി സംസാരിക്കാനും അവര്‍ ശുപാര്‍ശ ചെയ്തു. കൂടാതെ, ആവശ്യമായേക്കാവുന്ന നിയമപരമായ മാറ്റങ്ങളുടെ വിശദാംശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കുടുംബ നിയമത്തിലെ വിദഗ്ധരെയും പ്രൊഫഷണലുകളെയും ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.
ക്വിയര്‍ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം കോടതിയുടെ തീരുമാനം നിരാശാജനകവും അപ്രതീക്ഷിതമായിരുന്നു, കാരണം കോടതി മുമ്പ് ക്വിയര്‍ അവകാശങ്ങളെ വലിയ രീതിയില്‍ പിന്തുണച്ചിരുന്നു. ക്വിയര്‍ വ്യക്തികളെ കൂടുതല്‍ തുല്യരാക്കാനും വിവേചനം അവസാനിപ്പിക്കാനും സര്‍ക്കാര്‍ നിയമങ്ങളിലാണ് മാറ്റം കൊണ്ടുവരേണ്ടതെന്ന് കോടതി നിര്‍ദേശിക്കുന്നു.