UPDATES

ഓഫ് ബീറ്റ്

മതേതരത്വം, ജനാധിപത്യം, ഭരണഘടന

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-90

                       

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. ബാബറി മസ്ജീദിന്റെ മൂന്ന് താഴികക്കുടങ്ങളാണ് കര്‍സേവകര്‍ തകര്‍ത്തത്. ഇന്ത്യയുടെ മതേതരത്വം, ജനാധിപത്യം, ഭരണഘടന തകര്‍ന്നുവെന്ന് അര്‍ത്ഥം വരുന്ന കാര്‍ട്ടൂണ്‍ മുന്‍ഗാരു എന്ന കന്നട പത്രത്തില്‍ പി. മുഹമ്മദ് എന്ന കാര്‍ട്ടൂണിസ്റ്റ് വരയ്ക്കുകയുണ്ടായി. അന്ന് ഈ അര്‍ത്ഥത്തില്‍ ഒന്നിലേറെ പേര്‍ കാര്‍ട്ടൂണ്‍ വരച്ചു. മാധ്യമങ്ങള്‍ എഴുതി. എഴുത്തുകാര്‍ എഴുതി. കവിതകളായി, കഥയായി, നോവലായി, നാടകമായ്… ഇന്ന് കാലം മാറി. കാര്‍ട്ടൂണുകളുണ്ടായി. മാധ്യമങ്ങള്‍ എഴുതി. എഴുത്തുകാര്‍ എഴുതി. കവിതകളായി, കഥയായി, നോവലായി, നാടകമായ്… എല്ലാം രാമ സ്തുതികളായിരുന്നു എന്ന വ്യത്യാസം മാത്രം… പക്ഷെ കുറച്ചിടങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ എഴുതി. എഴുത്തുകാര്‍ എഴുതി. കവിതകളായി, കഥയായി, നോവലായി, നാടകമായ്… അത് പ്രതീക്ഷയാണ്.

നമ്മള്‍ പിന്തിരിഞ്ഞ് നടക്കുകയാണോ…?

1976 ലെ ഇന്ത്യന്‍ ഭരണഘടനയുടെ നാല്‍പത്തി രണ്ടാം ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു. ഭരണഘടനയുടെ ആമുഖം തന്നെ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നു. ഡെമോക്രസിയുടെ മലയാള തര്‍ജ്ജമയാണ് ജനാധിപത്യം. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന് എബ്രഹാം ലിങ്കന്റെ വാക്കുകളില്‍ കാണാം. ഒരു രാജ്യം അഥവ സ്റ്റേറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടന ഭരിക്കപ്പെടുന്നതിനായുള്ള ഒരുകൂട്ടം അടിസ്ഥാന തത്ത്വങ്ങളെയും പ്രഖ്യാപിത കീഴ്‌വഴക്കങ്ങളെയും ചേര്‍ത്ത് പറയുന്ന പേരാണ് അതിന്റെ ഭരണഘടന. മതേതരത്വം, ജനാധിപത്യം, ഭരണഘടന എന്നീ മൂന്ന് മകുടങ്ങള്‍ തകര്‍ന്നതായാണ് കാര്‍ട്ടൂണ്‍ പറയുന്നത്.

ബാബറി മസ്ജിദ് തകര്‍ത്തിടത്താണ് ഇപ്പോള്‍ രാമക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. നാളെ ബാബറി മസ്ജിദ് ഇരുന്നിടത്താണ് രാമക്ഷേത്രം എന്ന പേരില്‍ അവകാശവാദങ്ങള്‍ ഉണ്ടാകില്ലെന്ന് ആര് കണ്ടു. കാലം മാറുകയാണല്ലോ… എന്‍ എന്‍ കക്കാടിന്റെ സഫലമീയാത്രയില്‍ പാടിയ പോലെ… കാലമിനിയുമുരുളും..
വിഷുവരും വര്‍ഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആര്‍ക്കറിയാം..

കാര്‍ട്ടൂണ്‍ കടപ്പാട്: മുന്‍ഗാരു

Share on

മറ്റുവാര്‍ത്തകള്‍