UPDATES

കൃഷിഭൂമിക്കൊപ്പം വരണ്ടുണങ്ങുന്ന ജീവിതങ്ങൾ

ചൂടിൽ വലയുന്ന കൃഷിയും, ക്ഷീരകർഷകരും

                       

ഉഷ്‌ണതരംഗം അങ്ങേയറ്റം ബാധിക്കുന്നത് വെയിലുമായി സമ്പർക്കത്തിലേർപ്പെടുന്ന മേഖലയിൽ തൊഴിൽ എടുക്കുന്നവരെയാണ്. എന്നാൽ അവർ മാത്രമല്ല ചൂടിന്റെ ആഘാതം നേരിടുന്നത്. പല വിളകൾ കൃഷി ചെയ്യുന്ന കർഷകർക്കും, കന്നുകാലി പരിചരണം നടത്തുന്നവർക്കും ചൂട് വില്ലനാവുന്നുണ്ട്. ചൂട് കാലത്തെ വിളനാശത്തിനെ പ്രകൃതി ദുരന്തമായി ഉൾപ്പെടുത്താൻ തയ്യാറാകത്ത് കൊണ്ട് തന്നെ കർഷകർ വലിയ സാമ്പത്തിക നാശത്തിലേക്കാണ് കൂപ്പ് കുത്തികൊണ്ടിരിക്കുന്നത്.

തൃശൂർ ജില്ലയിലെ വലപ്പാട് സ്വദേശിയായ സന്തോഷ് ജൈവ കർഷകനാണ്. ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതികൾ തുടർന്ന് പോരുന്ന ചുരുക്കം കർഷകരിൽ ഒരാളാണ് സന്തോഷ്. എന്നാൽ ഉഷ്ണതരംഗ ഭീഷിണിയിൽ  സന്തോഷിന്റെ മൂന്നര ഏക്കർ വാഴ കൃഷി പകുതിയോളവും ഉണങ്ങി നശിച്ചു. മൂപ്പെത്താറായ  വാഴകളാണ് ചൂട് താങ്ങാനാവാതെ നശിച്ചു പോയിരിക്കുന്നത്. പ്രവാസ ജീവിതത്തിലായിരുന്ന സന്തോഷ് നാല് വർഷം മുമ്പാണ് നാട്ടിലെത്തി കൃഷിയിലേക്കിറിങ്ങുന്നത്. ആദ്യ വർഷങ്ങളിൽ മെച്ചപ്പെട്ട രീതിയിൽ വിളവെടുക്കാൻ സാധിച്ചെങ്കിലും ഈ വർഷത്തെ കനത്ത ചൂട് തിരിച്ചടിയായി.

കുറച്ചു കൂടി അതിജീവിക്കാൻ വാഴകൾക്ക് സാധിച്ചിരുന്നെങ്കിൽ വിളവെടുപ്പ് നടത്താമായിരുന്നെന്ന് സന്തോഷ് പറയുന്നുണ്ട്. അതെ സമയം മനുഷ്യന് പോലും അങ്ങേയറ്റം അസഹനീയമായ ഈ കാലാവസ്ഥയിൽ ഭാരമേറ്റി നിൽക്കുന്ന വാഴകൾ എങ്ങനെ അതിജീവിക്കാനാണെന്ന് സന്തോഷ് തന്നെ മറിച്ചും ചിന്തിക്കുന്നുണ്ട്. മൂന്ന് നേരത്തിലധികം വെള്ളം നനിച്ചിട്ടും വാഴകൾ ഉണങ്ങി പോയതിന്റെ വ്യഥയിലാണ് ഈ കർഷകൻ. ചൂട് പ്രകൃതി ദുരന്തമായി ഉൾപ്പെടുത്താത്ത പക്ഷം ഇൻഷുറൻസ് അടക്കമുള്ളവ ലഭിക്കുന്നില്ലെന്നും സന്തോഷ് ആരോപിക്കുന്നു.

ചൂട് കൂടുന്നതനുസരിച്ച് വെള്ളത്തിനും ക്ഷാമം സംഭവിക്കുന്നുണ്ടന്ന് സന്തോഷ് പറയുന്നു. വാഴകൾക്ക് വേണ്ട വെള്ളം ദിവസേന നൽകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഈ ചൂടിനെ അതിജീവിക്കാൻ ഇത് അപര്യാപ്‌തമാണെന്നും സന്തോഷ് പറയുന്നു. ചൂട് കൂടുന്നതിന് സമാന്തരമായി ഭൂജല ശേഷിയും കുറയുന്നുണ്ട്. ഇത് മൂലം ദിവസംതോറും കൃഷി ചെയ്യാനാവശ്യമായ വെള്ളത്തിന് ക്ഷാമം നേരിടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ”ഇൻഷുറൻസ് പോലും ഉറപ്പാക്കാനാകാത്ത സാഹചര്യത്തിൽ കർഷകർ വലിയ വെല്ലുവിളി നേരിടുന്നു. അതെ സമയം ഇവിടെ ഇൻഷുറൻസ് കമ്പനികളും വളർന്നു കൊണ്ടിരിക്കുകയാണ്. ”അദ്ദേഹം പറയുന്നു.

സന്തോഷിന്റെ സഹോദരനും കർഷകനാണ്. 2010 മുതൽ കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിട്ടിട്ടുണ്ട് മനോജ്. കോഴി ഫാം മുതൽ ആട്, പശു, തുടങ്ങിയവ വളർത്തുന്നുണ്ട് മനോജ്. എന്നാൽ ‍‍ചൂട് ഇതിനെയും പ്രതികൂലമായി ​ബാ​ധി‍ച്ചിരിക്കുകയാണ്. ഫാമിലെ കോഴികൾ വലിയ രീതിയിൽ ചത്തൊടുങ്ങുകയാണ്. കോഴികൾക്ക് വെള്ളം നൽകുന്നതിന് പുറമെ തണുപ്പിക്കാനായി ഫാൻ ഉൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ടെെങ്കെലും ചൂട് തങ്ങാൻ കഴിയുന്നില്ല. ഡിസ്ട്രിബൂഷൻ നടത്തുന്നതുകൊണ്ട് മനോജിന് വലിയ സാമ്പത്തിക നഷ്ട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഈ കാലാവസ്ഥയിൽ പശു വളർത്തുന്ന ക്ഷീരകർഷകർക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നതെന്ന് മനോജ് പറയുന്നു.

അളവ് കുറയുന്നതിനൊപ്പം പാലിന്റെ കട്ടിയും കുറയുന്നത് ക്ഷീര മേഖല നേരിടുന്ന വെല്ലുവിളിയാണ്, പല തരത്തിലുള്ള രോഗങ്ങളും ചൂട് കാലത്ത് ബാധിക്കുന്നുണ്ട്. എന്നാൽ ഈ ഒരു പ്രതിസന്ധി ക്ഷീരകർഷകൻ കൂടിയായ മനോജിനെ വലിയ രീതിയിൽ ബാധിക്കുന്നില്ല. ഖീർ ഇനത്തിൽപെട്ട പശുക്കളാണ് ഫാമിൽ വളർത്തുന്നത്. സാധാരണ പശുക്കളെ അപേക്ഷിച്ച് ഗുജ്റത്തിൽ നിന്ന് കൊണ്ടുവരുന്ന ഇവക്ക് വലിയ രീതിയിൽ ചൂടിനെ പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും ഇവയെ ബാധിക്കുന്നില്ല. മറ്റു പശുക്കളെ അപേക്ഷിച്ച് കൊഴുപ്പുള്ള പാലും ഇവയുടെ ഗുണമേന്മയാണ്. ഒരു വശത്ത് ചൂട് കൊണ്ടുള്ള പ്രതിസന്ധികളിൽ നട്ടം തിരയുമ്പോൾ അതിനെ മറികടക്കാനുള്ള പോംവഴികൾ കണ്ടെത്തുകയാണ് കർഷകർ.

English summary; How a heat wave  affecting farmers and animals

 

Share on

മറ്റുവാര്‍ത്തകള്‍