വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും സമീപവര്‍ഷങ്ങളായി ഇന്ത്യയില്‍ കൂടിവരികയാണ്
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് 25 കാരനായ സച്ചിന്‍ പാട്ടീല്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണിലേക്ക് ദിവസേന ആറ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നായി 120 ഓളം രാഷ്ട്രീയ മെസേജുകള്‍ വരുമായിരുന്നു. ‘മുസ്ലിങ്ങള്‍ 40 ഹിന്ദുക്കളെ കൊലപ്പെടുത്തി’, ‘ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയിച്ചു വിവാഹം കഴിച്ച് ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കുന്നു’ എന്നു തുടങ്ങി, ‘ബിജെപി ഉണ്ടെങ്കില്‍ മാത്രമാണ് നിങ്ങളുടെ കുട്ടികള്‍ ഇവിടെ സുരക്ഷിതരായി ജീവിക്കൂ’, ‘ഹിന്ദുക്കള്‍ ഇവിടെ സുരക്ഷിതരായിരിക്കു’ എന്നൊക്കെയുള്ള മെസേജുകള്‍.
മംഗളൂരവിലെ ഒരു ചെറുഗ്രാമത്തില്‍ നിന്നുള്ള സച്ചിന്‍ പട്ടേല്‍ പറഞ്ഞത്, രാജ്യം ഭരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യാനുള്ള ഓര്‍മപ്പെടുത്തലായിരുന്നു ആ മെസേജുകള്‍ എല്ലാമെന്നാണ്.
ഹിന്ദുത്വദേശീവാദികള്‍ എങ്ങനെയാണ് ഇന്ത്യയില്‍ അവരുടെ ഡിജിറ്റല്‍ കാമ്പയിന്‍ നടത്തുന്നതെന്ന് വിശദീകരിക്കുന്ന ദ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഒരു റിപ്പോര്‍ട്ടിലാണ് സച്ചിന്‍ പട്ടേലിന്റെ അനുഭവം ചേര്‍ത്തിരിക്കുന്നത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണിത്.
ബിജെപിയും, അനുബന്ധ ഹിന്ദുത്വദേശീയ സംഘങ്ങളും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും പ്രത്യയശാസ്ത്ര പ്രചാരണത്തിനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുള്ള ആധിപത്യം ഉറപ്പിക്കാനും ആഗോളതലത്തില്‍ തന്നെ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെ തീവ്ര വികാരങ്ങള്‍ ആളിക്കത്തിക്കുന്നു, തെറ്റായതും വിദ്വേഷപരമായതുമായ ഘടകങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു. രാജ്യത്തിന് പുറത്തു നിന്നുപോലും ഇത്തരം പ്രവര്‍ത്തികള്‍ അപലപിക്കപ്പെടുന്നുണ്ടെന്നും പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
180 മില്യണ്‍ അംഗങ്ങളുള്ള ഒരു പാര്‍ട്ടി എന്ന ശക്തി തന്നെയാണ് അതിന്റെ സോഷ്യല്‍ മീഡിയ കാമ്പയിന്റെ വിജയത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. മുന്‍നിര അമേരിക്കന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെക്കാള്‍ കരുത്തോടെ അവരൊരു സന്ദേശമയക്കല്‍ സംവിധാനം കെട്ടിപ്പെടുത്തി വച്ചിട്ടുണ്ട്. സാങ്കേതിക വിദ്യകളുടെ വിവിധ വഴികള്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. അതേസമയം, എതിരാളികളെ അത്തരം സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നു നിയന്ത്രിക്കാനും അവര്‍ക്കാകുന്നുണ്ട്. തങ്ങള്‍ക്കുള്ള ആധിപത്യം ഉപയോഗിച്ച് ഹിന്ദുത്വ ദേശീയത അജണ്ടകള്‍ പ്രചരിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ പാര്‍ശ്വവത്കരിക്കുകയും വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുകയാണെന്നും പറയുന്നു.
വ്യാജവിവരങ്ങളും വിദ്വേഷ പ്രചാരണങ്ങളും സമീപവര്‍ഷങ്ങളായി ഇന്ത്യയില്‍ കൂടിവരികയാണെന്നാണ് കണ്ടെത്തല്‍. ഇത് തടയാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാനായില്ല. പിന്നീടാകട്ടെ, അറിഞ്ഞുകൊണ്ട് കണ്ണടച്ചു കൊടുക്കുകയും ചെയ്തു. എങ്കില്‍ തന്നെയും ന്യൂഡല്‍ഹിയെ വളരെ സൂക്ഷ്മമായി ലോക രാജ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. അയല്‍ക്കാരായ ചൈനയെപോലെ ഇന്ത്യയിലും ഏകധിപത്യസ്വഭാവം പ്രകടമാകുന്നുണ്ടോയെന്ന് അമേരിക്ക ആശങ്കപ്പെടുന്നുണ്ട്. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ കാനഡ ഉയര്‍ത്തിയിരിക്കുന്ന ആരോപണവും മോദി സര്‍ക്കാരിന്റെ മേലുള്ള നിരീക്ഷണങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഷിംഗ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകര്‍ കര്‍ണാടകയില്‍ ഏതാനും ആഴ്ച്ചകള്‍ ചെലവിട്ടിരുന്നു. ഈ സമയത്താണ് ബിജെപിയുടെയും സംഘപരിവാര്‍ സംഘങ്ങളുടെയും ഡിജിറ്റല്‍ കാമ്പയിനിംഗിനെ കുറിച്ച് അവര്‍ക്ക് കൂടുതല്‍ അറിയാന്‍ സാധിച്ചത്. പോസ്റ്റിന്റെ ജേര്‍ണലിസ്റ്റുകള്‍ ബിജെപി നേതാക്കളെയും പാര്‍ട്ടി ഘടകകക്ഷികളില്‍ ഉള്ളവരെയും അഭിമുഖം ചെയ്തു. ഹിന്ദുക്കളുടെ ഭയം മുതലെടുക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നിര്‍മിക്കുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും കുറിച്ച് അവര്‍ വെളിപ്പെടുത്തലുകള്‍ നടത്തി. വിശാലമായ വാട്‌സ് ആപ്പ് ശൃംഖല വഴി സംസ്ഥാനത്ത് ഉടനീളം അവരുടെ പ്രചാരണങ്ങള്‍ നടത്താന്‍ ഒന്നരലക്ഷത്തോളം സോഷ്യല്‍ മീഡിയ ജീവനക്കാരെ തയ്യാറാക്കിയെടുത്ത് എങ്ങനെയാണെന്നതിനെ കുറിച്ചും വിശദീകരിച്ചു. ബിജെപിക്ക് നേട്ടമുണ്ടാക്കുന്ന തരത്തിലും, എതിരാളിയായ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താനും ലക്ഷകണക്കിന് ജനങ്ങളിലേക്ക് സന്ദേശങ്ങള്‍ എത്തിക്കാനും അവര്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിച്ചു എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്. ബിജെപിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ കാമ്പയിനിംഗിന് സമാന്തരമായാണ് ഇത്തരം നിഴല്‍ പ്രചാരണങ്ങള്‍ നടക്കുന്നത്. മൂന്നാം കക്ഷികളെന്നറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്റര്‍മാരുമായും ട്രോള്‍ പേജുകളുമായൊക്കെ രഹസ്യമായ സഹകരണം പാര്‍ട്ടി നടത്തി വരുന്നുണ്ട്. ഇത്തരക്കാര്‍ വാട്‌സ് ആപ്പുകളില്‍ വൈറലാകുന്ന വിദ്വേഷജനകമായ പോസ്റ്റുകള്‍ ഉണ്ടാക്കുന്നതില്‍ മിടുക്കരാണ്. രാജ്യത്തെ 14 ശതമാനമായ മുസ്ലിം ജനവിഭാഗത്തെ മോശമായും തെറ്റായും ചിത്രീകരിച്ചുകൊണ്ടാണ് അവരുടെ പോസ്റ്റുകളെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രതിനിധികളോട് ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സമ്മതിക്കുന്നുണ്ട്. ഹിന്ദുക്കളെ കൊന്നൊടുക്കുന്നവരെ പിന്തുണയ്ക്കുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും, ബിജെപിക്ക് വോട്ട് ചെയ്യുന്നതിലൂടെ മാത്രമെ നീതിയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയൂ എന്നും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
ഇന്ത്യയില്‍ നിലവില്‍ 500 മില്യണ്(50 കോടിയോളം) മുകളില്‍ വാട്‌സ് ആപ്പ് ഉപഭോക്താക്കളുണ്ട്. ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ധ്രുവീകരണത്തിനും കലാപത്തിനുമുള്ള ഉപകരണമാക്കി മാറ്റുന്നുണ്ടെന്ന കാര്യം ഭരണസംവിധാനങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ഗവേഷകര്‍ക്കും വാട്‌സ് ആപ്പിന് സ്വയം തന്നെയും അറിവുള്ള കാര്യവുമാണ്. ഇപ്പോഴും രാഷ്ട്രീയ വിദഗ്ധര്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മനസിലാക്കാന്‍ സാധിക്കാത്ത കാര്യം ബിജെപിയുടെ വാട്‌സ്ആപ്പ് ഇക്കോസിസ്റ്റം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്. ബിജെപിയുടെ ഡിജിറ്റല്‍ ആധിപത്യം മറ്റുള്ളവര്‍ക്ക് ഒരു പ്രഹേളികയായി തുടരുകയാണ്. ‘ ഇന്ത്യയിലെ മറ്റു പാര്‍ട്ടികളും ശ്രമിച്ചിട്ടുണ്ട്, അതുപോലെ ബ്രസീലില്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്. എങ്കിലും വാട്‌സ് ആപ്പിനെ ഉപയോഗപ്പെടുത്തുന്നതില്‍ ആദ്യം പ്രാവീണ്യം നേടിയിരിക്കുന്നത് ബിജെപിയാണ്’ എന്നു ചൂണ്ടിക്കാണിക്കുകയാണ് റോട്ടേജേഴ്‌സ് സര്‍വകലാശാലയിലെ പ്രൊഫസറും, ‘ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വാട്‌സ്ആപ്പിന്റെ പങ്ക്’ എന്ന വിഷയത്തില്‍ പഠനം നടത്തുകയും ചെയ്തിട്ടുള്ള കിരണ്‍ ഗരിമെല്ല.
ബിജെപിയുടെ ഡിജിറ്റല്‍ വാര്‍ റൂമുകള്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്നുണ്ട് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍. കര്‍ണാടകയുടെ തീരദേശത്തെ ഒരു പ്രദേശം. അവിടെ ഏകദേശം ഒന്നരലക്ഷം ജനങ്ങളുണ്ട്. ആ പ്രദേശത്തിനു വേണ്ടി ഒരു മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്നു. ഒമ്പത് പേര്‍ ജോലിയെടുക്കുന്നു. ഒരാള്‍ കോപ്പി റൈറ്റര്‍. മൂന്നുപേര്‍ ഗ്രാഫിക് ഡിസൈനര്‍മാര്‍. ഇവരാണ് ടെക്സ്റ്റും ഫോട്ടോയും ലോഗോയുമൊക്കെ ചേര്‍ത്ത് ദീര്‍ഘചതുരാകൃതിയിലുള്ള കാര്‍ഡുകള്‍ തയ്യാറാക്കുന്നത്. ഇത്തരം ഫോര്‍മാറ്റില്‍ ചെയ്യുന്ന കാര്‍ഡുകളാണ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നതെന്നാണ് ഐ ടി സെല്ലുകാര്‍ പറയുന്നത്.
ഓഫിസില്‍ ഇരുന്നുള്ള ജോലി മാത്രമല്ലുള്ളത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ വോട്ടേഴ്‌സ ലിസ്റ്റില്‍ നിന്നെടുത്ത വിവരങ്ങളുമായി വീടുവീടാന്തരം കയറിയിറങ്ങും. പരമാവധിയാളുകളെ വാട്‌സ് ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കും. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനു മാത്രമായി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഒന്നരലക്ഷം പേര്‍ ജീവനക്കാരായി ഉണ്ടായിരുന്നുവെന്നാണ് കര്‍ണാടക ബിജെപി സോഷ്യല്‍ മീഡിയയുടെ മുന്‍ തലവനായിരുന്ന വിനോദ് കൃഷ്ണമൂര്‍ത്തി പോസ്റ്റിന്റെ മാധ്യമപ്രവര്‍ത്തകരോട് സമ്മതിച്ചത്.
മംഗളൂരു ബിജെപി സോഷ്യല്‍ മീഡിയ തലവനായ അജിത് കുമാര്‍ ഉള്ളാല്‍ 200 വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ്. ഓരോ മണിക്കൂറിലും ഈ ഗ്രൂപ്പുകളിലെല്ലാം ഒരു സന്ദേശം പ്രചരിപ്പിക്കും. തീരപ്രദേശത്തുള്ള ആയിരക്കണക്കിന് ജനങ്ങളിലേക്കുമാണ് ഈ സന്ദേശങ്ങള്‍ എത്തുന്നതെന്നാണ് ഉള്ളാല്‍ വിശ്വാസം പ്രകടിപ്പിച്ചത്. മൊബൈല്‍ ഫോണുള്ള ഓരോ ബിജെപി പ്രവര്‍ത്തകരും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ യോദ്ധാക്കളാണെന്നാണ് അജിത് കുമാര്‍ ഉള്ളാല്‍ അഭിമാനം കൊള്ളുന്നത്.
സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമാകുന്നത് റിലയന്‍സ് ഇന്ത്യന്‍ ടെലികോം മേഖലയിലേക്ക് പ്രവേശിക്കുന്ന 2016 ഓടു കൂടിയാണെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്. റിലയന്‍സാണ്, ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ പോരില്‍ വിജയം നേടാന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലുമൊക്കെ ഡേറ്റ ലഭ്യമാക്കുന്നത്. അതുവഴി ഒരുകാലത്ത് ഏറ്റവും ചെലവേറിയതായിരുന്ന മൊബൈല്‍ ഡേറ്റ ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവില്‍ ഇന്ത്യയില്‍ ലഭ്യമാകാന്‍ തുടങ്ങി.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപി മൊബൈല്‍ നമ്പറുകളുടെ ഒരു ബൃഹത്തായ ഡാറ്റ ബാങ്ക് ഉണ്ടാക്കാനും, സന്ദേശങ്ങള്‍ അയക്കുന്നതില്‍ ഒരു വിജയകരമായ മാതൃക ഉണ്ടാക്കിയെടുക്കേണ്ടതിന്റെ വഴികള്‍ തേടാനും തുടങ്ങിയിരുന്നുവെന്നാണ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കാമ്പയിന്‍ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന മൂന്നു മുന്‍നിര നേതാക്കള്‍ അമേരിക്കന്‍ മാധ്യമത്തെ അറിയിച്ചത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും പൈത്തോണ്‍ കോഡ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വാട്‌സ് ആപ്പിന്റെ വെബ് ഇന്റെര്‍ഫെയ്‌സ് ഹൈജാക്ക് ചെയ്യുകയും പതിനായിരക്കണക്കിന് ഉപഭോക്താക്കളിലേക്ക്, ഒന്നോ രണ്ടോ ക്ലിക്കുകളില്‍ തന്നെ തുറന്നു വരുന്ന പൊളിറ്റിക്കല്‍ അറ്റാക്ക് ആഡ്‌സുകള്‍(തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികള്‍ സൃഷ്ടിക്കുന്ന പരസ്യങ്ങള്‍. സ്വയം ന്യായീകരിച്ചും എതിരാളികളെ അപകീര്‍ത്തിപ്പെടുത്തിയുമായിരിക്കും കൂടുതലും പരസ്യങ്ങള്‍) വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സ് ആപ്പ് മെസേജുകള്‍ വഴി ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലകള്‍ക്ക് കാരണമാകുന്ന വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് 2018 ല്‍ വാട്‌സ് ആപ്പ് അയക്കാവുന്ന മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ഗ്രൂപ്പ് മെസേജുകള്‍ അയക്കുന്നതിന്റെ സാങ്കേതികയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നു.
2020-ല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ മെറ്റ ഗവേഷകര്‍ക്ക് നല്‍കിയ ഫീഡ്ബാക്കില്‍ പറയുന്നത്, കലാപങ്ങളും വിദ്വേഷങ്ങളും വെറുപ്പും സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ കൂടുന്നുവെന്നാണ്. ഇത്തരം ഉള്ളടക്കങ്ങള്‍ അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് മുസ്ലിങ്ങളെയാണെന്നും പരാതികളുണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം വിരുദ്ധ പ്രചാരണത്തിനുതകുന്ന ഫീച്ചറുകള്‍ വാട്‌സ്ആപ്പില്‍ കണ്ടേക്കാമെന്ന മുന്നറിയിപ്പുകളുമുണ്ട്. ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ വാട്‌സ്ആപ്പ് എങ്ങനെയെല്ലാം ദുര്യുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുന്നേ കണ്ടെത്തിയതാണെങ്കിലും അത് നിയന്ത്രിക്കാനോ കൃത്യമായ പരിഹാരം കാണാനോ സാധിച്ചിട്ടില്ലെന്നു സമ്മതിക്കുന്നതും മെറ്റ ജീവനക്കാര്‍ തന്നെയാണ്. നിലവില്‍ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും ഇപ്പോള്‍ ചെയ്തികൊണ്ടിരിക്കുന്ന ദുര്യുപയോഗം തടയാന്‍ പ്രാപ്തിയുമില്ലെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.