UPDATES

മുസ്ലിം വിദ്വേഷ പ്രചാരണം; പിന്നില്‍ ബിജെപിയും സംഘപരിവാറുമെന്ന് റിപ്പോര്‍ട്ട്

മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തുന്നവരില്‍ രാജ്യം ഭരിക്കുന്ന ബിജെപിയുടെ മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ഉണ്ടെന്ന കാര്യവും ഹിന്ദുത്വ വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

                       

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരേ നടക്കുന്ന ഭൂരിഭാഗം വിദ്വേഷ പ്രസംഗങ്ങള്‍ക്കു പിന്നിലും രാജ്യം ഭരിക്കുന്ന ബിജെപിയും അതിന്റെ അനുബന്ധ ഘടകങ്ങളുമാണെന്ന് റിപ്പോര്‍ട്ട്. 2023-ന്റെ ആദ്യ പകുതിയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹിന്ദുത്വ വാച്ച്’ എന്ന ഗവേഷക സംഘടനയുടെ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന വെറുപ്പ് പടര്‍ത്തലിനും അക്രമങ്ങള്‍ക്കും പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടു.

മുസ്ലിങ്ങളെ ലക്ഷ്യംവച്ചു നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍, രജിസ്റ്റര്‍ ചെയപ്പെട്ട 255 സംഭവങ്ങളില്‍ 80 ശതമാനവും നടന്നിരിക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണെന്നാണ് ഹിന്ദുത്വ വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നരേന്ദ്ര മോദി ആദ്യമായി അധികാരത്തിലേറിയ 2014 നു ശേഷം ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ വര്‍ദ്ധിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഈ വര്‍ഷം പകുതി വരെ രജിസ്റ്റര്‍ ചെയ്ത വിദ്വേഷകര പ്രവര്‍ത്തികളില്‍ ബഹുഭൂരിപക്ഷത്തിനു പിന്നിലും ബിജെപി, ബജറംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, സകല്‍ ഹിന്ദു സമാജ് എന്നിവരായിരുന്നുവെന്നും ഹിന്ദുത്വ വാച്ച് പറയുന്നു.

എങ്ങനെയാണ് ബിജെപിയും അതിന്റെ ഹിന്ദുത്വ സംഘങ്ങളും വാട്സ് ആപ്പ് പ്രചാരണ ആയുധമാക്കുന്നത്?

അതേസമയം, ഹിന്ദുത്വ വാച്ചിന്റെ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിക്കളയുകയാണ് ബിജെപി. ‘ അടിസ്ഥാനരഹിതം’ എന്നാണ് മുതിര്‍ന്ന നേതാവ് അഭയ് വര്‍മ റിപ്പോര്‍ട്ടിനെതിരേ പ്രതികരിച്ചത്. മതത്തിന്റെ പേരില്‍ ജനങ്ങളെയും രാജ്യത്തെയും വിഭജിക്കാന്‍ ബിജെപി ശ്രമിക്കില്ലെന്നും വിദ്വേഷ പ്രചാരണങ്ങളെ പാര്‍ട്ടിയൊരിക്കലും പിന്തുണയ്ക്കില്ലെന്നുമാണ് അഭയ് വര്‍മ മാധ്യമങ്ങളോട് പ്രതികരിച്ചത്.

2017-ല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഡേറ്റ ശേഖരണം നിര്‍ത്തിയതിന് ശേഷം, രാജ്യത്തെ മുസ്ലിങ്ങള്‍ക്കെതിരേ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ കണക്ക് രേഖപ്പെടുത്തുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണ് ഹിന്ദുത്വ വാച്ചിന്റെത്. സോഷ്യല്‍ മീഡിയകളും വാര്‍ത്ത മാധ്യമങ്ങളും അവര്‍ ഡാറ്റ ശേഖരിക്കുന്നതിനായി പ്രയോജനപ്പെടുത്തി. അതുപോലെ ഡാറ്റ-സ്‌ക്രാപ്പിംഗ് വിദ്യ ഉപയോഗപ്പെടുത്തി വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകളുടെ ആധികാരികത ഉറപ്പാക്കി. മാധ്യമപ്രവര്‍ത്തകരെയും ഗവേഷകരെയും നിയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണവും നടത്തിച്ചു എന്നാണ് തങ്ങളുടെ റിപ്പോര്‍ട്ടിന്റെ ആധികാരികത ഉറപ്പിക്കാനായി ഹിന്ദുത്വ വാച്ച് പറയുന്നത്.

എന്താണ് വിദ്വേഷകരമായ സംസാരം എന്നതിന് ഇന്ത്യയില്‍ ഔദ്യോഗിക നിര്‍വചനമില്ല. ഐക്യരാഷ്ട്ര സഭ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളാണ് ഹിന്ദുത്വ വാച്ചിന്റെ ഗവേഷകര്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്. അതനുസരിച്ച്, വിദ്വേഷ പ്രസംഗവും ഒരുതരത്തിലുള്ള ആശയവിനിമയാണ്. ഒരു വ്യക്തിക്കോ സംഘത്തിനോ നേരെ മതം, വംശം, ദേശീയത എന്നിവ അടിസ്ഥാനമാക്കി മുന്‍വിധിയോടെയും വിവേചനോദേശ്യത്തോടെയുമുള്ള ഭാഷ ഉപയോഗിച്ചു നടത്തപ്പെടുന്ന ഒന്നാണത്.

റിപ്പോര്‍ട്ട് പ്രകാരം, മുസ്ലിം വിദ്വേഷ പ്രചാരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്ത സംഭവങ്ങളിലെ മൂന്നിലൊന്നും നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

15 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നും, അവിടങ്ങളില്‍ നടന്ന 64 ശതമാനം വിദ്വേഷ പ്രചാരണങ്ങളും മുസ്ലിങ്ങള്‍ക്കെതിരേ ഉയര്‍ത്തിയ ഗൂഢാലോചന സിദ്ധാന്തമായിരുന്നു. ഹിന്ദു സ്ത്രീകളെ പ്രണയിച്ച് വിവാഹം ചെയ്ത് മതം മാറ്റുന്നു എന്ന സിദ്ധാന്തം ഉള്‍പ്പെടെ. 33 ശതമാനം സംഭവങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരായ കലാപത്തിനും 11 ശതമാനത്തില്‍ മുസ്ലിങ്ങളെ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കാനുമുള്ള ആഹ്വാനമായിരുന്നു. ബാക്കിയുള്ളത് മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ലൈംഗികതയും വെറുപ്പും നിറഞ്ഞ സംസാരങ്ങളായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്വേഷം പ്രസംഗത്തിനെതിരേ നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അതേകാര്യം തന്നെ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടിന്റെ കണ്ടെത്തലായി പറയുന്നുണ്ട്. മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തുന്നവരില്‍ രാജ്യം ഭരിക്കുന്ന ബിജെപിയുടെ മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ഉണ്ടെന്ന കാര്യവും ഹിന്ദുത്വ വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍