UPDATES

ഗ്യാങ്സ്റ്ററുടെ മക്കള്‍ക്കായി പിടിവലി; മലയാളി ശിശുക്ഷേമ പ്രവര്‍ത്തകനെ റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തി സുപ്രീം കോടതി

മലയാളി അഭിഭാഷകന്‍ ഡോക്ടര്‍ കെ സി ജോര്‍ജിനെയാണ് പ്രശ്നപരിഹാരത്തിനായി നിയമിച്ചിരിക്കുന്നത്

                       

2023 ഏപ്രില്‍ 15 വൈകുന്നേരം രാജ്യത്തെ ടെലിവിഷന്‍ ചാനലുകളില്‍ ഒരു വാര്‍ത്ത പരന്നിരുന്നു. ഉത്തര്‍പ്രദേശിലെ ഗൂണ്ടാ തലവനും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റു കൊല്ലപ്പെട്ടു എന്നതായിരുന്നു ബ്രേക്കിംഗ് ന്യൂസ്. കനത്ത പോലീസ് കാവലില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോള്‍ ആശുപത്രിക്ക് മുന്നില്‍ മാധ്യപ്രവര്‍ത്തകരുടെയും ക്യാമറ കണ്ണുകളുടെയും മുന്നില്‍ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഇരുവരുടേയും കൈകള്‍ വിലങ്ങ് വെച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണ്ടുകെട്ടി. സ്വന്തം മകന്‍ യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ആതിഖ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഭാര്യ കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവിലാണ്.

അഞ്ചു തവണയാണ് ആതിഖ് അഹമ്മദ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996-ലാണ് ആദ്യമായി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് തവണ എം. എല്‍. എ. ആയപ്പോഴായിരുന്നു ആതിഖ് ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിളിന്റെ മകള്‍ ഷെയ്‌സ്ത പര്‍വീണിനെ വിവാഹം ചെയ്യുന്നത്. അവര്‍ക്ക് അഞ്ച് മക്കളായിരുന്നു. 14ാം ലോക്‌സഭയിലും ആതിഖ് അംഗമായിരുന്നു. കോടികളുടെ ആസ്തിയാണ് ആതിഖ് അഹമ്മദിനുള്ളത്. ആതിഖിന്റെ വീട് ഉത്തര്‍ പ്രദേശ് പൊലീസ് ഇടിച്ച് നിരത്തിയിരുന്നു. വടക്കേ ഇന്ത്യയില്‍ വിശേഷിച്ച് ബി. ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വീടുകള്‍ പൊലീസും ഭരണകര്‍ത്താക്കളും തകര്‍ക്കുന്നത് പതിവായിരിക്കയാണ്.

ആതിഖ് അഹമ്മദിന്റെ ഭാര്യ ഷെയ്‌സ്താ പര്‍വീണ്‍ അഡ്വക്കേറ്റ് ഉമേഷ് പാല്‍ കൊലപാതകത്തില്‍ പ്രതിയാണ്. 2023 ഫെബ്രുവരി 24 ന് ഉമേഷ് പാലിനെയും രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയ കേസില്‍ അവരെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

2023 ഏപ്രില്‍ 13 ന് ആതിഖിന്റെ മകന്‍ അസാദ് അഹമ്മദ് ഉത്തര്‍ പ്രദേശ് പോലീസിന്റെ സ്‌പെഷല്‍ ടാസ്‌ക്ക് ഫോഴ്‌സുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടിരുന്നു. സംസ്‌കാര ചടങ്ങില്‍ ആതിഖ് എത്തിയിരുന്നില്ല. എന്ത് കൊണ്ട് എത്തിയില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നഹി ലേ ഗയാ തോ നഹി ഗയാ … (അവര്‍ കൊണ്ടുപോയില്ല. അതിനാല്‍ പോയില്ല) എന്ന് മറുപടി പറഞ്ഞ ഉടനെയായിരുന്നു ഇരുവരും വെടിയേറ്റ് വീണ് മരിച്ചത്.

ഇപ്പോള്‍ ആതിഖിന്റെയും ഷെയ്‌സ്തായുടെയും പ്രായപൂര്‍ത്തി തികയാത്ത രണ്ട് ആണ്‍ മക്കളുടെ സംരക്ഷണ ചുമതല തര്‍ക്ക വിഷയമായിരിക്കുകയാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ സംരക്ഷണയിലാണ് 15, 16 വയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ ഉള്ളത്. കുട്ടികളെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് രണ്ടുപേര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. അതിലൊന്ന് ആയിഷ നൂര്‍ എന്ന മീററ്റില്‍ നിന്നുള്ള ആതിഖിന്റെ സഹോദരി എന്ന് അവകാശപ്പെടുന്ന സ്ത്രീയാണ്. മറ്റൊരാള്‍ ജെയ്‌ന ഫാത്തിമ എന്ന ബന്ധുവാണ്. ഇരുവരും ആതിഖിന്റെ മക്കളുടെ അവകാശം ഉന്നയിച്ച് സുപ്രീം കോടതി വരെ എത്തി. രണ്ടു കുട്ടികളുടെയും ജീവന്റെ സുരക്ഷ കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ സംരക്ഷണയില്‍ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. തര്‍ക്കം ജില്ലാ കോടതി കഴിഞ്ഞ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ മലയാളിയായ അഭിഭാഷകന്‍ ഡോക്ടര്‍ കെ സി ജോര്‍ജിനെ പ്രശ്‌നപരിഹാരത്തിനായി നിയമിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഡോക്ടര്‍ കെ സി ജോര്‍ജ് വരുന്ന വെള്ളിയാഴ്ചയ്ക്കുള്ളില്‍ അതായത് ആഗസ്റ്റ് 25നുള്ളില്‍ സ്ഥിതിവിശേഷം പഠിച്ചു മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കണം. സുപ്രീം കോടതിയില്‍ ഡോക്ടര്‍ കെ. സി. ജോര്‍ജ് നല്‍കുന്ന റിപ്പോര്‍ട്ടായിരിക്കും നിര്‍ണായകം. എറണാകുളം ജില്ലയില്‍ പറവൂര്‍ സ്വദേശിയായ ഡോക്ടര്‍ കെ സി ജോര്‍ജ് അറിയപ്പെടുന്ന ശിശുക്ഷേമ പ്രവര്‍ത്തകനാണ്. അദ്ദേഹം നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ചില്‍ഡ്രന്‍സ് ഫൗഡേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്.

Share on

മറ്റുവാര്‍ത്തകള്‍