UPDATES

സംസ്ഥാന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ മോദിയുടെ രഹസ്യ ശ്രമങ്ങള്‍; റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് അന്വേഷണ റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയും നീതി ആയോഗ് ചെയര്‍മാന്‍ വൈ വി റെഡ്ഡിയും തമ്മില്‍ നടത്തിയ പിന്നാമ്പുറ നീക്കങ്ങളുടെ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ജോയിന്റ് സെക്രട്ടറിയാണ്

                       

നീതി ആയോഗിലൂടെ സംസ്ഥാന ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങളെ പുറത്തുകൊണ്ടുവരുന്ന ദ റിപ്പോർട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണ റിപ്പോർട്ട്.

2014ൽ അധികാരത്തിലെത്തിയ നരേന്ദ്രമോദി സംസ്ഥാന ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ ധനകാര്യ കമ്മീഷനുമായി പിൻവാതിൽ ചർച്ചകൾ നടത്തിയിരുന്നു. കേന്ദ്ര നികുതിയിൽ നിന്ന് സംസ്ഥാനങ്ങളുടെ വിഹിതം തീരുമാനിക്കുള്ള ചുമതല വഹിക്കുന്ന ഈ സ്വതന്ത്ര സ്ഥാപനത്തിന്റെ തലവൻ മോദിയുടെ  ആവശ്യത്തെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. നീതി ആയോഗിന്റെ ശക്തമായ വിയോജിപ്പ് തങ്ങളുടെ ആദ്യ ബജറ്റ് 48 മണിക്കൂറിനുള്ളിൽ പുനഃക്രമീകരിക്കാൻ മോദി സർക്കാരിനെ നിർബന്ധിതരാക്കി. ഇതോടെ അവർ ആദ്യം ആസൂത്രണം ചെയ്ത പ്രകാരമുള്ള കേന്ദ്ര നികുതി നിലനിർത്തുന്നതിനായി വിവിധ ക്ഷേമ പരിപാടികൾക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറയ്‌ക്കേണ്ടതായി വന്നു. അതേസമയം, സംസ്ഥാനങ്ങൾക്ക് അനുവദിക്കേണ്ട നികുതി വിഹിതം സംബന്ധിച്ച ധനകാര്യ കമ്മീഷന്റെ ശുപാർശകളെ സ്വാഗതം ചെയ്യുന്നതായി മോദി പാർലമെന്റിൽ വ്യാജ അവകാശവാദം ഉന്നയിച്ചു.

പ്രധാനമന്ത്രിയും ധനകാര്യ കമ്മീഷൻ ചെയർമാൻ വൈ വി റെഡ്ഡിയും തമ്മിൽ നടത്തിയ പിന്നാമ്പുറ നീക്കങ്ങളുടെ വെളിപ്പെടുത്തലുകൾ നടത്തുന്നത് അന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബി വി ആർ സുബ്രഹ്മണ്യമാണ്. സർക്കാരിതര തിങ്ക് ടാങ്ക് സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിംഗിനെക്കുറിച്ചുള്ള സെമിനാറിൽ പാനലിസ്റ്റായി സംസാരിക്കവെയാണ് സുബ്രഹ്മണ്യം ഈ നിർണ്ണായക വിവരങ്ങൾ തുറന്നടിച്ചത്. നീതി ആയോഗ് എന്ന സർക്കാർ തിങ്ക് ടാങ്കിന്റെ നിലവിലെ സിഇഒ ആണ് സുബ്രഹ്മണ്യം. ദേശീയ ബജറ്റ് രൂപീകരണ വേളയിൽ നടന്ന രഹസ്യ സാമ്പത്തിക ചർച്ചകളും കരുനീക്കങ്ങളുമടക്കമുള്ള വെളിപ്പെടുത്തലുകൾ സുബ്രഹ്മണ്യം നടത്തി. ഇതാദ്യമായാണ് സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തികം ചൂഷണം ചെയ്യാൻ പ്രധാനമന്ത്രിയടക്കമുള്ള ഉദ്യോഗസ്ഥർ തുടക്കം മുതൽ ശ്രമിച്ചിരുന്നുവെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി തുറന്നടിക്കുന്നത്.

കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചു നൽകുന്ന പണത്തിൽ തിരിമറികൾ നടക്കുന്നുണ്ടെന്ന ആക്ഷേപം സാമ്പത്തിക വിദഗ്ധരും, പ്രതിപക്ഷവും നിരന്തരം ഉന്നയിക്കുന്നതാണ്. എന്നാൽ സാമ്പത്തിക വിഹിതം വളച്ചൊടിക്കാനുള്ള ഫെഡറൽ ഗവൺമെന്റിന്റെ ശ്രമങ്ങളെ സർക്കാർ ഉദ്യോഗസ്ഥൻ തന്നെ വിമർശിക്കുന്നത് ഇതാദ്യമായാണ്. ”ഫെഡറൽ ബജറ്റുകളിൽ സത്യം അനേകം പാളികളായി മൂടപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്നും, സുതാര്യമെങ്കിൽ ഹിൻഡൻബെർഗിനെ പോലെ അക്കൗണ്ടുകൾ തുറന്നു കാണിക്കുമായിരുന്നുവെന്നും”അദ്ദേഹം പറയുന്നു. മൂല്യം പെരുപ്പിച്ചു കാണിച്ചെന്ന് അദാനി ഗ്രൂപ്പിനെതിരെ ആരോപണം ഉന്നയിച്ച അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനി ഹിൻഡൻബർഗ് റിസർച്ചിനെയാണ് അദ്ദേഹം ഇവിടെ പ്രതിപാദിച്ചത്. ഫെഡറൽ ഗവൺമെന്റിന്റെ നയങ്ങൾ എങ്ങനെയാണ് സംസ്ഥാനങ്ങളെ സാമ്പത്തികമായി  ഞെരുക്കിക്കളഞ്ഞതെന്നും, തങ്ങളുടെ സാമ്പത്തിക സ്ഥിതി പെരുപ്പിച്ചു കാണിക്കുന്നതിനായി അക്കൗണ്ടിംഗ് തന്ത്രങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം സംസാരിച്ചു.

സുബ്രഹ്മണ്യത്തിന്റെ ഈ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ദശാബ്ദത്തോളം പഴക്കമുള്ള ബജറ്റും മറ്റ് രേഖകളും റിപ്പോർട്ടേഴ്‌സ് കളക്ടീവ് സ്വതന്ത്രമായി പരിശോധിച്ചത്. ഒരു ഘട്ടത്തിൽ, സുബ്രഹ്മണ്യം സർക്കാർ ധനസഹായത്തോടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പിന്റെയും വഞ്ചനയുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു, “ഫണ്ണി കേസ്” എന്നാണ് അദ്ദേഹം അതിനെ പരാമർശിച്ചത്. അത്യധികം നിർണായകമായ വെളിപ്പെടുത്തൽ നടന്ന സെമിനാർ യുട്യൂബിൽ ലൈവ് സ്ട്രീം ചെയ്തങ്കിലും, വീഡിയോ 500-ലധികം പേർ മാത്രമാണ് കണ്ടത്. റിപ്പോർട്ടേഴ്‌സ് കളക്ടീവ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സംഭവത്തെ കുറിച്ചുള്ള വിശദമായ ചോദ്യങ്ങൾ അയച്ച് മണിക്കൂറുകൾക്ക് ശേഷം, സിഎസ്ഇപി യൂട്യൂബ് ചാനലിലെ വീഡിയോയിലേക്കുള്ള ആക്‌സസ് പെട്ടെന്ന് നിർത്തിവക്കപ്പെട്ടു.

ധനകാര്യ കമ്മീഷൻ അഴിമതി

ഇന്ത്യൻ ഭരണഘടനയനുസരിച്ച്, സാമ്പത്തിക-പൊതു ധനകാര്യ വിദഗ്ധർ അടങ്ങുന്ന ധനകാര്യ കമ്മീഷനാണ് കേന്ദ്രസർക്കാർ പിരിച്ചെടുക്കുന്ന നികുതിപ്പണത്തിൽ എത്ര തുക സംസ്ഥാനങ്ങൾക്ക് പങ്കിടണമെന്ന് തീരുമാനിക്കുന്നത്. ‘സെസ്’ അല്ലെങ്കിൽ ‘സർചാർജുകൾ’ എന്ന് ലേബൽ ചെയ്തിട്ടുള്ള ചില തരത്തിലുള്ള നികുതികൾ ഈ പങ്കിടലിൽ ഉൾപ്പെടുത്തിയിട്ടില്ല. 2013 ലാണ് പതിനാലാം ധനകാര്യ കമ്മീഷൻ നിലവിൽ വരുന്നത്. ഏതാണ്ട് ഇതേ സമയത്തു തന്നെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കമ്മീഷനോടുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന അന്ന് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.  2014 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ, അതുവരെ നൽകിയിരുന്ന കേന്ദ്ര നികുതി 33% ൽ നിന്ന് 42% ശതമാനമാക്കണമെന്ന ശുപാർശയും മുന്നോട്ടു വച്ചിരുന്നു. എന്നാൽ പ്രധനമന്ത്രിയായി ചുമതലയേറ്റിട്ടും മോദിയും അദ്ദേഹത്തിന്റെ ധനമന്ത്രാലയവും സംസ്ഥാനങ്ങളുടെ നികുതി വിഹിതം 33% ആയിതന്നെ നിലർത്തി.

ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം, സർക്കാരിന് രണ്ട് വഴികളേയുള്ളൂ;  ഒന്നുകിൽ കമ്മീഷൻ ശുപാർശകൾ അംഗീകരിക്കുക അല്ലെങ്കിൽ അവ നിരസിച്ച് പുതിയ കമ്മീഷൻ സ്ഥാപിക്കുക. അതിന് ഔപചാരികമായോ അനൗപചാരികമായോ തർക്കിക്കാനോ സംവാദത്തിനോ ചർച്ച ചെയ്യാനോ കഴിയില്ല. എന്നാൽ വിഹിതത്തിന്റെ ശുപാർശകളിൽ മാറ്റങ്ങൾ വരുത്താൻ രഹസ്യമായും അനൗദ്യോഗികമായും ചെയർമാനുമായി സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. ആ സംഭാഷണത്തിൽ ഉൾപ്പെട്ട മറ്റൊരാൾ താനാണെന്ന് സുബ്രഹ്മണ്യം വെളിപ്പെടുത്തുന്നു. ഈ സർക്കാർ നീക്കം കൃത്യമായ ഭരണഘടന ലംഘനമായിരുന്നു. ഈ ശ്രമത്തിൽ സർക്കാർ വിജയിച്ചിരുന്നുവെങ്കിൽ, സ്ഥാനങ്ങളുടെ വരുമാനം കുറയ്ക്കാനുള്ള തീരുമാനം സർക്കാരിനും പഴി കമ്മീഷനും എന്ന രീതിയിൽ കാര്യങ്ങൾ മാറിമറിയുമായിരുന്നു. ഡോ. റെഡ്ഡിയും താനും പ്രധാനമന്ത്രിയും തമ്മിൽ ഇത് സംബന്ധിച്ചു ത്രികക്ഷി ചർച്ച നടന്നതായി അദ്ദേഹം സമ്മതിച്ചു. “ഒരു ധനമന്ത്രാലയവും [ഉദ്യോഗസ്ഥനോ മന്ത്രിയോ] ഉൾപ്പെട്ടിട്ടില്ല,” എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.

“ഇത് 42 ശതമാനം അല്ലെങ്കിൽ 32 ശതമാനം അല്ലെങ്കിൽ അതിനിടയിലുള്ള കുറവ് സംഖ്യ ആയിരിക്കണം. മുമ്പത്തെ സംഖ്യ 32 ആയിരുന്നു,” പതിമൂന്നാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത നികുതിയുടെ ശതമാനം വിഹിതത്തെ പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. രണ്ടു മണിക്കൂറോളം സംഭാഷണം നീങ്ങിയെങ്കിലും റെഡ്ഡി വഴങ്ങിയില്ലെന്ന് സുബ്രഹ്മണ്യം പറയുന്നു. “പോയി നിങ്ങളുടെ ബോസിനോട് [പ്രധാനമന്ത്രിയോട്] അദ്ദേഹത്തിന് മറ്റ് മാർഗമില്ലെന്ന് പറയൂ.” നല്ല ദക്ഷിണേന്ത്യൻ ഇംഗ്ലീഷിൽ റെഡ്ഡി തന്നോട് മറുപടി പറഞ്ഞതായി സുബ്രഹ്മണ്യം ഓർത്തെടുക്കുന്നു. ഒടുവിൽ 42 ശതമാനം എന്ന നീതി ആയോഗ് ശുപാർശ സർക്കാരിന് അംഗീകരിക്കേണ്ടതായി വന്നു.

റിപ്പോർട്ട് സ്വീകരിക്കുന്നതിൽ കാലതാമസമുണ്ടായതായി 14-ാം ധനകാര്യ കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനുമായി റിപ്പോർട്ടേഴ്‌സ് കളക്ടീവ് സ്ഥിരീകരിച്ചു. അക്കാലത്ത് സർക്കാരിന് വേണ്ടി പ്രവർത്തിച്ചിരുന്ന മറ്റൊരു സാമ്പത്തിക വിദഗ്ധനുമായും ഈ വിവരത്തിൽ സ്ഥിരീകരണം നടത്തിയിരുന്നു. ”ധനകാര്യ കമ്മീഷനിൽ നിന്നുള്ള റിപ്പോർട്ട് തള്ളിക്കളയാൻ സർക്കാരിന് അധികാരമുണ്ടെന്നും എന്നാൽ അതിൽ മാറ്റം വരുത്താൻ ആവശ്യപ്പെടേണ്ടതില്ലെന്നും സാമ്പത്തിക വിദഗ്ധൻ പറയുന്നു. മുൻകാലങ്ങളിൽ, ഫെഡറൽ ഗവൺമെന്റ് ഒരു ധനകാര്യ കമ്മീഷൻ റിപ്പോർട്ട് ഒരു പ്രാവശ്യം മാത്രമാണ് തള്ളിയത്, എന്നിട്ടും അവർ റിപ്പോർട്ടിന്റെ ഭാഗമായ വിയോജനക്കുറിപ്പ് സ്വീകരിച്ചു. സംസ്ഥാനങ്ങൾക്കിടയിൽ പണം എങ്ങനെ പങ്കിടണമെന്ന് സ്വന്തമായ നിർദ്ദേശവും മുന്നോട്ടു വച്ചിരുന്നില്ലെന്ന്” സാമ്പത്തിക വിദഗ്ധൻ പറഞ്ഞു.

“രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി, നമ്മൾ സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തണം. ധനകാര്യ കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഇതേ സംബന്ധിച്ച് തർക്കമുണ്ട്. അത് ഞങ്ങൾക്ക് പ്രയോജനപ്പെടുത്താമായിരുന്നു. എന്നാൽ ഞങ്ങൾ അത് ചെയ്തില്ല. സംസ്ഥാനങ്ങളെ സമ്പന്നമാക്കേണ്ടതും, ശക്തിപ്പെടുത്തേണ്ടതും നമ്മുടെ പ്രതിബദ്ധതയാണ്. അതുകൊണ്ടു തന്നെ അവർക്ക് 42 ശതമാനം അധികാരം ഞങ്ങൾ നൽകി”. സംസ്ഥാനങ്ങളുടെ വരുമാന വിഹിതം കുറയ്ക്കാനുള്ള വിഫലശ്രമം മറച്ചുവച്ചുകൊണ്ട് 2015 ഫെബ്രുവരി 27ന് സംസ്ഥാന ഫണ്ട് ഉയർത്തിയ പാർലമെന്റ് പ്രഖ്യാപനത്തിൽ അദ്ദേഹം വാചാലനായി.

“ചില സംസ്ഥാനങ്ങളിൽ ഈ പണമെല്ലാം സൂക്ഷിക്കാൻ മതിയായ ട്രഷറികൾ ഉണ്ടാകില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരാമർശത്തിൽ പാർലമെന്റിലെ ബിജെപി അംഗങ്ങളുടെ കരഘോഷവും ചിരിയും ഉയർന്നിരുന്നു. നികുതി വരുമാനത്തിന്റെ ഉയർന്ന ഭാഗം സ്വരുക്കൂട്ടാനുള്ള സർക്കാർ ശ്രമിച്ചെങ്കിലും ഒടുവിൽ മുഴുവൻ ബജറ്റും പുനർനിർമ്മിക്കേണ്ടി വന്നു. ഈ തന്ത്രങ്ങളുടെ പരാജയത്തിന്റെ കൈപ്പനുഭവിച്ചത് രാജ്യത്തെ നിർധനരാണ്. “ആ വർഷം രണ്ടു ദിവസം കൊണ്ടാണ് ബജറ്റ് എഴുതിയത്. കൂടുതൽ നികുതി പണം കൈവശം വയ്ക്കേണ്ടതില്ലെന്ന തീരുമാനം വളരെ വൈകിയതിനാൽ മുഴുവൻ ബജറ്റും വേഗത്തിൽ പുനർനിർമ്മിക്കേണ്ടിവന്നു. നീതി ആയോഗിലെ ഒരു കോൺഫറൻസ് റൂമിൽ ഇരുന്നു ഞങ്ങൾ നാല് പേർ ചേർന്ന് മുഴുവൻ ബജറ്റും രണ്ട് ദിവസത്തിനുള്ളിൽ പുനർനിർമ്മിച്ചു, ”അദ്ദേഹം വിവരിച്ചു.

” അന്ന് നടത്തിയ വെട്ടികുറക്കലുകൾ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. സാധാരണയായി ഓരോ സംസ്ഥാനങ്ങളിലെയും സ്ത്രീകൾക്കും കുട്ടികൾക്കുമായി 36,000 കോടി വിഹിതമാണ് വിലയിരുത്താറുള്ളത്. എന്നാൽ ഇവിടെ അത് 18,000 കോടിയായി കുറച്ചു,” അദ്ദേഹം പറയുന്നു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിനായുള്ള ഫണ്ടിംഗ് 360 ബില്യൺ രൂപയിൽ നിന്ന് 180 ബില്യൺ രൂപയായി കുറച്ച സമയം ചൂണ്ടിക്കണിച്ചു അദ്ദേഹം പറയുന്നു. അദ്ദേഹം പറഞ്ഞ കണക്കുകൾ കൃത്യമല്ലെങ്കിലും, 2015 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ 211 ബില്യൺ രൂപയിൽ (3.16 ബില്യൺ ഡോളർ) നിന്ന് അടുത്ത വർഷം 102 ബില്യൺ രൂപയായി (1.51 ബില്യൺ ഡോളർ) സർക്കാർ വൻതോതിൽ വിഹിതം പകുതിയായി വെട്ടിക്കുറച്ചു. സംസ്ഥാനങ്ങൾക്കുള്ള ഔട്ട്‌പേയുടെ ഉയർന്ന അനുപാതം അതിനായി സ്വീകരിക്കേണ്ടി വന്നു. മുൻവർഷത്തേക്കാൾ 16% വിദ്യാഭ്യാസ വിഹിതവും ആ ബജറ്റിൽ വെട്ടിക്കുറച്ചു.

‘സത്യം മൂടിവെക്കാനുള്ള ശ്രമം’

സുബ്രഹ്മണ്യത്തിന്റെ സത്യസന്ധമായ ഈ അഭിപ്രായങ്ങൾ ശ്രദ്ധേയമാകുന്നത് അദ്ദേഹം ഒരു സർക്കാർ ഉദ്യോഗസ്ഥനായത് കൊണ്ടാണ്, പ്രത്യേകിച്ച് മോദി സർക്കാരിലെ ഉദ്യോഗസ്ഥൻ ഇത്തരം വിവരങ്ങൾ പരസ്യമായി പങ്കിടുന്നത് അസാധാരണമാണ്. ഗവൺമെന്റിന്റെ സാമ്പത്തിക സുതാര്യതയെക്കുറിച്ച് സെമിനാറിൽ സംസാരിച്ച അദ്ദേഹം രാജ്യത്തിന്റെ കണക്കുകൾ പരിശോധിക്കാൻ “ഹിൻഡൻബർഗ്” വേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. പരാമർശം അംഗീകരിച്ചതിന്റെ തെളിവായി കോൺഫറൻസ് റൂമിലുടനീളം ചിരികൾ അലയടിച്ചു. ഫെഡറൽ ബജറ്റ് “സത്യം മറയ്ക്കാനുള്ള ശ്രമിക്കുകയും അത് പല പാളികളായി മൂടിവെക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു. ”ജെപി മോർഗൻ, സിറ്റി ബാങ്ക് തുടങ്ങിയവർ നടത്തിയ കേന്ദ്ര ബജറ്റുകളുടെ വിശകലനം,യഥാർത്ഥ സാഹചര്യം എന്താണെന്നതിന്റെ സത്യം പുറത്തുകൊണ്ടുവരുന്നുണ്ട്.” ഇന്ത്യൻ ഗവൺമെന്റിന്റെ അക്കൗണ്ടുകളുടെ വിശകലനത്തിൽ വിദേശ ബാങ്കുകളും നിക്ഷേപകരും ആഭ്യന്തര സ്ഥാപനങ്ങളേക്കാൾ സത്യസന്ധരാകുന്നതെങ്ങനെയെന്ന് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബജറ്റ് റിപ്പോർട്ടിംഗിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ വിശ്വസനീയത പുലർത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടത്തിന്റെ അളവ് വെളിപ്പെടുത്താതിരിക്കാൻ രണ്ട് തലങ്ങളിലെയും സർക്കാരുകൾ അക്കൗണ്ടിംഗ് തന്ത്രങ്ങളും ചിലപ്പോൾ വെറും വഞ്ചനയും മുതൽകൂട്ടാക്കുന്നുണ്ട്. ആഭ്യന്തര, അന്തർദേശീയ നിക്ഷേപകരുടെ പ്രധാന ആശങ്കകളിലൊന്ന്, സർക്കാർ ഏത് സമയത്തും വഹിക്കുന്ന ധനക്കമ്മിയുടെ നിലവാരമാണ്. നികുതിയിൽ നിന്നും മറ്റ് വരുമാനങ്ങളിൽ നിന്നും കടമെടുക്കുന്നതിലൂടെ അത് സമ്പാദിക്കുന്നതിനേക്കാൾ എത്രമാത്രം അധികമായി ചെലവഴിക്കുന്നു എന്നതാണ് അതിലെ പ്രധാന ആശങ്ക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാമ്പത്തികമായ കഴിവിനപ്പുറമുള്ള ജീവിതം. ധനക്കമ്മിയുടെ അനാരോഗ്യകരമായ ഈ അളവ് പലപ്പോഴും നിക്ഷേപകരെ ഭയപ്പെടുത്തുകയും പൗരന്മാരുടെ സമ്പദ്‌വ്യവസ്ഥയെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഔദ്യോഗിക ബജറ്റ് രേഖകളിൽ വ്യക്തമായി കാണിക്കാത്ത വിധത്തിൽ പണം കടം വാങ്ങി തങ്ങളുടെ ചെലവ് ആവശ്യങ്ങൾ നിറവേറ്റാൻ ഗവൺമെന്റുകൾ ചിലപ്പോൾ അക്കൗണ്ടിംഗ് തന്ത്രങ്ങൾ പരീക്ഷിക്കാറുണ്ട്. ഇത് ‘ഓഫ്-ബജറ്റ് കടം വാങ്ങൽ’ എന്നാണ് അറിയപ്പെടുന്നത്. ഇതിനു മുമ്പുള്ള സർക്കാരുകളും ഓഫ്-ബജറ്റ് കടം വാങ്ങലിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ലളിതമായി പറഞ്ഞാൽ, ഗവൺമെന്റ് അക്കൗണ്ടുകളിൽ പ്രതിഫലിക്കാത്ത വായ്പകളാണിവ, ആത്യന്തികമായി ഈ വായ്പകൾ തിരിച്ചടയ്ക്കേണ്ടത് സർക്കാരാണ്, അവ സാധാരണയായി സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ എടുക്കുന്നു. 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ, ഇന്ത്യയിലെ കേന്ദ്ര ഗവൺമെന്റ്, ആ സമയം മുതൽ, സാധാരണ ബജറ്റ് രേഖകളിൽ നിന്ന് ഉണ്ടാക്കിയ എല്ലാ കടമെടുപ്പുകളുടെയും വിവരങ്ങൾ പരസ്യമായി പങ്കിടുമെന്ന് പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള വായ്പകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ വിമർശനത്തിനു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.

സർക്കാർ മുമ്പത്തേക്കാൾ കൂടുതൽ വിവരങ്ങൾ പങ്കിടാൻ തുടങ്ങി, എന്നാൽ സുബ്രഹ്മണ്യം പറയുന്നതനുസരിച്ച്, അത് ഇപ്പോഴും പര്യാപ്തമല്ല. “ഇത് ഒരു ഭാഗം മാത്രമാണ് വെളിപ്പെടുത്തുന്നത്,” അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. വിശദാംശങ്ങളുടെ ഒരു ഭാഗം മാത്രമാണ് സർക്കാർ വെളിപ്പെടുത്തുന്നത്. എപ്പോൾ വായ്പയെടുത്തു, എത്ര കടം വാങ്ങി, എപ്പോൾ തിരിച്ചടയ്ക്കണം, ഉൾപ്പെട്ട പലിശ നിരക്ക് തുടങ്ങിയ നിർണായക വിവരങ്ങൾ സുബ്രഹ്മണ്യം എടുത്തുപറഞ്ഞു – ഈ സുപ്രധാന വിവരങ്ങളൊന്നും പൊതുജനങ്ങളെ അറിയിക്കുന്നില്ല. 2022 ലെ ഫെഡറൽ ഗവൺമെന്റിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള രാജ്യത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് ചില പ്രശ്നങ്ങൾ വെളിപ്പെടുത്തിയിരുന്നു. പ്രത്യേകമായി, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ സംഘടനകൾ സമാഹരിച്ച 1.69 ട്രില്യണിലധികം (22.7 ബില്യൺ ഡോളർ) വെളിപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. അധിക ബജറ്റ് വിഭവങ്ങളുടെ വിഭാഗത്തിന് കീഴിലുള്ള ഔദ്യോഗിക ബജറ്റ് പ്രസ്താവനയിൽ ഈ പണം ഉൾപ്പെടുത്തണം എന്നാൽ ഇത് വെളിപ്പെടുത്തിയിട്ടില്ല.

ജമ്മു കശ്മീർ (ജെ&കെ) ഫെഡറൽ ബിജെപി ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നപ്പോൾ സർക്കാർ ധനസഹായത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടും സുബ്രഹ്മണ്യം എടുത്തുപറഞ്ഞിരുന്നു. ഞങ്ങൾക്ക് ഒരു രസകരമായ കേസ് ഉണ്ടായിരുന്നു,” അക്കാലത്ത് ഫെഡറൽ ബിജെപി സർക്കാർ നേരിട്ട് നിയന്ത്രിച്ചിരുന്ന ജമ്മു കശ്മീർ ഭരണകൂടം, ഫണ്ട് വിനിയോഗിച്ചതായി സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക രേഖയായ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകളെ പരാമർശിച്ച് ഒരു “വ്യാജ യുസി” സമർപ്പിച്ചത് എങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കി. ലളിതമായി പറഞ്ഞാൽ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് പണം അയക്കുമ്പോൾ, അത് ഘട്ടം ഘട്ടമായോ ആണ് ചെയ്യുന്നത്. അടുത്ത ഘട്ടത്തിലേക്കുള്ള ഫണ്ട് റിലീസ്, നിയുക്ത ആവശ്യങ്ങൾക്കായി മുൻ ട്രാഞ്ച് ഉചിതമായി ഉപയോഗിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒരു സർട്ടിഫിക്കറ്റ് (യുസി) നൽകുന്ന സംസ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നതാണ്. ഈ പ്രത്യേക സാഹചര്യത്തിൽ, ജെ ആൻഡ് കെ അഡ്മിനിസ്ട്രേഷൻ തെറ്റായ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. സാധാരണഗതിയിൽ സംസ്ഥാനം മുൻ ഗഡു ശരിയായ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായി സർട്ടിഫിക്കറ്റ് അയച്ചതിന് ശേഷമാണ് തുടർന്നുള്ള ഓരോ ട്രഞ്ചിനുമുള്ള പണം അനുവദിക്കുന്നത്. “രണ്ടാം ഗഡു വന്നു. ആദ്യ ഗഡു എടുത്ത കരാറുകാരന് എങ്ങനെ കൊടുക്കണമെന്ന് ആർക്കും അറിയില്ല. കാരണം ആദ്യ ഗഡു സാങ്കേതികമായി ഉപയോഗിക്കുകയും രണ്ടാമത്തേത് ഉയർന്നു വരികയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വ്യാജ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫെഡറൽ ഗവൺമെന്റ് ഫണ്ടിന്റെ രണ്ടാം ഘട്ടം അയച്ചിരുന്നു. എന്നാൽ ഇപ്പോൾ ജമ്മു കശ്മീർ ഭരണകൂടത്തിന് ഫണ്ടിന്റെ ആദ്യ ഗഡു ദുരുപയോഗം ചെയ്‌തതിനാൽ കരാറുകാരന് ഭാഗികമായി പണം നൽകാൻ കഴിഞ്ഞില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ സർക്കാർ നൽകിയ ആദ്യ ഗഡു ശരിയായി ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ ഭരണകൂടം യുസി സർട്ടിഫിക്കറ്റ് നൽകി. എന്നാൽ, ആ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടും സർക്കാർ രണ്ടാം ഗഡു ഭരണകൂടത്തിന് നൽകി. ഫണ്ടിന്റെ ആദ്യ ഗഡു ദുരുപയോഗം ചെയ്തതിനാൽ കരാറുകാരന് ഭാഗികമായി പണം നൽകാനില്ലാതെ പ്രാദേശിക ഭരണകൂടം കടുത്ത പ്രതിസന്ധിയിലാണ്.

സർചാർജുകളുടെ സെസ്പൂൾ

ധനകാര്യ കമ്മീഷന്റെ റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തിന്റെ നികുതി വിഹിതം കുറക്കാനുള്ള ശ്രമങ്ങൾ പാളിയതോടെ മോദി സർക്കാർ മറ്റു പല സാമ്പത്തിക തന്ത്രങ്ങളും പരീക്ഷിച്ചു. അതിൽ ഒന്ന് “സെസ്” “സർചാർജുകൾ” എന്ന നിയമ സമ്പ്രദായം നടപ്പിലാക്കി. ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സാധാരണ നികുതികൾക്ക് മുകളിലുള്ള അധിക ചാർജുകളാണ് ഇവ. ഈ അധിക ചാർജുകളിൽ നിന്ന് ശേഖരിക്കുന്ന പണത്തിന്റെ ഒരു പങ്ക് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. സംസ്ഥാന സർക്കാരുകളോട് അന്യായമായി കണക്കാക്കപ്പെടുന്ന ഈ നിയമ സമ്പ്രദായത്തിൽ നിന്നുള്ള വരുമാനത്തിന് സംസ്ഥാനങ്ങൾക്ക് അർഹതയില്ല. കേന്ദ്രസർക്കാരിന് മാത്രം ഉപയോഗിക്കാവുന്ന ഒരു പ്രത്യേക ഫണ്ട് പോലെയാണിത്. “ഫണ്ട് അല്ലെങ്കിൽ വരുമാനം വർദ്ധിപ്പിക്കുന്നതിന് സെസുകളുടെയും സർചാർജുകളുടെയും ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” സുബ്രഹ്മണ്യം തന്റെ പ്രസംഗത്തിൽ ചൂണ്ടികാണിക്കുന്നു. നരേന്ദ്ര മോദിയുടെ കീഴിലുള്ള ഫെഡറൽ ഗവൺമെന്റ് പിരിച്ചെടുത്ത സെസ്സുകളുടെയും സർചാർജുകളുടെയും തുക 2015 മുതൽ വർദ്ധിച്ചതായി തെളിയിക്കുന്നതാണ് താഴെ നൽകിയിരിക്കുന്ന ഡാറ്റകൾ. പതിനഞ്ചാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ നിന്നും പാർലമെന്റ് ചോദ്യങ്ങളിൽ നിന്നുമുള്ള ഡാറ്റകളാണ് ഇത്

 

2015 മുതൽ 2023 വരെ, കേന്ദ്ര സർക്കാർ പിരിച്ചെടുത്ത സെസ്, സർചാർജ് പിരിവുകൾ വർദ്ധിച്ചു. 2015-ൽ, നികുതിയിൽ നിന്ന് പിരിച്ചെടുത്ത പണത്തിന്റെ 13.49% ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത് 17.36% ആയി ഉയർന്നു. ഈ അനുപാതം 2021-ലും വലിയ തോതിൽ ഉയർന്നു, സെസുകളും സർചാർജുകളും രാജ്യത്തിന്റെ മൊത്ത നികുതി വരുമാനത്തിന്റെ 20.48% കവർന്നെടുത്തു. 2011-12ൽ ഫെഡറൽ ഗവൺമെന്റ് പിരിച്ചെടുത്ത മൊത്തം നികുതിയുടെ 8.16% ആയിരുന്നു സെസുകളുടെയും സർചാർജുകളുടെയും വിഹിതം. 2017-18 നും 2021-22 നും ഇടയിൽ ഫെഡറൽ ഗവൺമെന്റ് ശേഖരിച്ച മൊത്തം സെസും സർചാർജും 2.66 ട്രില്യൺ (USD 37.65 ബില്യൺ) ൽ നിന്ന് 4.99 ട്രില്യൺ (USD 61.13 ബില്യൺ) ആയി ഇരട്ടിയായി.“2017-18 ബജറ്റിൽ കേന്ദ്രം വരുമാനത്തിന്റെ നികുതി നിരക്ക് കുറച്ചു. 500,000 രൂപ (USD 7,078) വരെ 10 ശതമാനം മുതൽ 5 ശതമാനം വരെയാണ് കുറച്ചത്. ഇത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം നേരിടാൻ 5 ദശലക്ഷം (USD 70,078) രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് സർചാർജ് ഈടാക്കി. അതുപോലെ, 2018-19 ബജറ്റിൽ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 9 രൂപയാക്കി കുറച്ചപ്പോഴും മറു ഭഗത്ത് റോഡ് സെസ് ഈടാക്കി തത്തുല്യമായ തുക വർദ്ധിപ്പിച്ചതായി.” സംസ്ഥാനങ്ങളുടെ ചെലവിൽ പണത്തിന്റെ വിഹിതം ഉയർത്താൻ ബിജെപി സർക്കാർ വിന്യസിച്ച തന്ത്രങ്ങളെക്കുറിച്ച് സ്വതന്ത്ര തിങ്ക് ടാങ്ക് സെന്റർ ഫോർ ബജറ്റ് ആൻഡ് ഗവേണൻസ് അക്കൗണ്ടബിലിറ്റിയിലെ മാലിനി ചക്രവർത്തി എഴുതിയതാണിത്. ”അങ്ങനെയാണെങ്കിൽ, ഇവ വിഭജിക്കാത്ത പൂളിന്റെ ഭാഗമാണെങ്കിൽ, നികുതിയിൽ കൂടുതൽ കൂടുതൽ സ്വയംഭരണാധികാരം വിട്ടുകൊടുക്കുന്നതിൽ സംസ്ഥാനങ്ങൾ ജാഗ്രത പുലർത്തും”. സെസ്സുകളുടെയും സർചാർജുകളുടെയും വർധനവിനെ പരാമർശിച്ചുകൊണ്ട് സുബ്രഹ്മണ്യം പറയുന്നു. 2017 ജൂലൈയിൽ ആരംഭിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) സംസ്ഥാനത്തിന്റെ നികുതി സ്രോതസ്സുകൾ മോദി സർക്കാർ ഇല്ലാതാക്കിയ മറ്റൊരു മാർഗമാണ്. പല പ്രാദേശിക നികുതികൾക്കും പകരം ദേശീയ നികുതികൾ ഉപയോഗിച്ച് ഒരൊറ്റ വിപണി സൃഷ്ടിക്കേണ്ടതായിരുന്നു ഇതിലെ ആശയം. “വരുമാനത്തിനായി സംസ്ഥാനങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാണ്,” അദ്ദേഹം പറഞ്ഞു., പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ മുമ്പ് ഉന്നയിച്ച ഒരു ആശങ്കകൂടിയാണ് ഇതിൽ പ്രതിധ്വനിക്കുന്നത്. “ജിഎസ്ടിക്ക് ശേഷം ഏതെങ്കിലും മൂന്നാം കക്ഷിയിൽ നിന്ന് സ്വതന്ത്രമായി ഫണ്ട് സ്വരൂപിക്കുന്നതിന് അവർക്ക് മുമ്പിൽ മറ്റു വഴികളില്ലെന്നാണ് ഞാൻ കരുതുന്നത്”. എന്നിരുന്നാലും, ജിഎസ്ടി വിജയിച്ചതായി താൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഎസ്ടിക്ക് മുമ്പുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ജിഎസ്ടിക്ക് ശേഷമുള്ള സംസ്ഥാന നികുതി വരുമാനം കുറഞ്ഞുവെന്ന് സമീപകാലത്തെ ഗവേഷണ പ്രബന്ധങ്ങളും വ്യക്തമാക്കുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ ഗവേഷകർ 2023 ജനുവരിയിൽ നടത്തിയ ഒരു പ്രബന്ധം സംസ്ഥാന വരുമാനം വിശകലനം ചെയ്തു കൊണ്ടായിരുന്നു. തങ്ങൾ പഠിച്ച 18 സംസ്ഥാനങ്ങളിൽ 17 സംസ്ഥാനങ്ങളിലും ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിൽ വന്നതിന് ശേഷം സംസ്ഥാനതല നികുതിയിൽ നിന്ന് പിരിച്ചെടുക്കുന്ന പണത്തിന്റെ അളവ് കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. ഓരോ സംസ്ഥാനത്തിന്റെയും മൊത്ത ആഭ്യന്തര ഉൽപ്പാദനം അല്ലെങ്കിൽ ജിഡിപി ശതമാനം നോക്കുമ്പോൾ ജിഎസ്ടിക്ക് മുമ്പുള്ള കാലഘട്ടവുമായാണ് അവർ ഇതിനെ താരതമ്യം ചെയ്തത്.

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ഫെഡറൽ ഗവൺമെന്റിന്റെ തുടർച്ചയായ ശ്രമങ്ങൾ 2017-ൽ 15-ാം ധനകാര്യ കമ്മീഷൻ രൂപീകരിക്കുകയും ‘ജനകീയ നടപടികൾ’ ഒഴിവാക്കാൻ സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്താൻ ഫിസ്ക്കൽ സ്റ്റിക്കുകളും കാരറ്റും ശുപാർശ ചെയ്യാൻ ചുമതലപ്പെടുത്തുകയും ചെയ്തു.


അതേ മാതൃകയിൽ, 2022 പകുതി മുതൽ, മോദി, പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങൾ പരമ്പരാഗത മധുരപലഹാരങ്ങളെ പരാമർശിച്ച് ‘റെവിഡി സംസ്‌കാര’ത്തിൽ ഏർപ്പെടുന്നുവെന്നും ക്ഷേമപദ്ധതികളെ ജനങ്ങൾക്ക് മധുരപലഹാരങ്ങളോ സൗജന്യങ്ങളോ വിതരണം ചെയ്യുന്നതിനോട് ഇകഴ്ത്തിക്കൊണ്ട് ഉപമിക്കുന്നുവെന്നും ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് എത്രമാത്രം സാമ്പത്തിക സ്വാതന്ത്ര്യമുണ്ടെന്ന് നിയന്ത്രിക്കാനാണ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 2017-ൽ കേന്ദ്രസർക്കാർ 15-ാം ധനകാര്യ കമ്മീഷൻ രൂപവത്കരിച്ചു. സർക്കാർ ‘ജനകീയ നടപടികൾ’ എന്ന് കരുതുന്നവ സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ബുദ്ധിമുട്ടിക്കുന്നതുമായ പ്രവർത്തനങ്ങളാണെന്നും ഈ പണം ചെലവഴിക്കുന്നത് തടയാനായി സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനും മറ്റു വഴികൾ നിർദ്ദേശിക്കാനും കമ്മീഷനോട് ആവിശ്യപ്പെട്ടു. അതുപോലെ, 2022 പകുതി മുതൽ മോദി സർക്കാർ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സംസ്ഥാനങ്ങളെ ശക്തമായി വിമർശിച്ചുക്കുന്നുണ്ട്. അതുപോലെ, 2022 പകുതി മുതൽ മോദി പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സംസ്ഥാനങ്ങളെ വിമർശിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പരമ്പരാഗത മധുരപലഹാരത്തെ പരാമർശിച്ച് അവർക്ക് ഒരു ‘റെവ്ഡി സംസ്കാരം’ ഉണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. സർക്കാരുകൾ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതു പോലെ ജനപ്രീതി സമ്പാദിക്കാൻ ക്ഷേമ പദ്ധതികൾക്കായി അമിതമായി ചെലവഴിക്കുന്നതായും സൗജന്യങ്ങൾ നൽകുന്നതിയും അദ്ദേഹം ആരോപിക്കുന്നു. നേരത്തെ മോദിയുടെ ഓഫീസിൽ ജോലി ചെയ്തിട്ടുള്ള സുബ്രഹ്മണ്യം പാനൽ ചർച്ചയിൽ തന്റെ ബോസുമായി ഈ വിഷയത്തിൽ ഭിന്നത പുലർത്തിയിരുന്നതായി പറയുന്നു. “ഇവ സാമൂഹിക തീരുമാനങ്ങളാണോ എന്നതാണ് ചോദ്യം.യുഎസിലെ മെഡികെയറും മെഡികെയ്ഡും സൗജന്യങ്ങളാണെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? അപ്പോൾ, ഇവ തീർത്തും സാമ്പത്തിക തീരുമാനങ്ങളല്ല, മറിച്ച് സാമൂഹിക തീരുമാനങ്ങളാണെന്ന് ഞാൻ കരുതുന്നു. പണമടച്ച് അത് ചെയ്യണോ വേണ്ടയോ എന്ന് സാമ്പത്തികശാസ്ത്രം മാത്രമേ തീരുമാനിക്കൂ. അത് ശരിയോ തെറ്റോ എന്ന് പറയാൻ കഴിയില്ല.” ഇതൊരു രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോര്‍ട്ട്‌സ് കളക്ടീവിന്റെ ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് അല്‍-ജസീറയാണ്. റിപ്പോര്‍ട്ടിന്റെ മലയാള രൂപമാണ് അഴിമുഖം പ്രസിദ്ധീകരിക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍