UPDATES

ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്;  അന്വേഷണ ഏജന്‍സിയെ മാറ്റില്ല, സുപ്രിം കോടതിക്ക് സെബിയില്‍ വിശ്വാസം

കോടതി സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം അനുവദിച്ചു.

                       

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെ അന്വേഷണത്തില്‍ അവിശ്വാസം ചൂണ്ടിക്കണിച്ചു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രിം കോടതി തള്ളി. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ നിന്ന് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ ആരോപണങ്ങളുടെ അന്വേഷണം കൈമാറണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി ജനുവരി 3 ന് തള്ളിയത്. റിപ്പോര്‍ട്ട് അന്വേഷിക്കുന്നതിനായി പുതിയ അന്വേഷണ സമിതി ആവിശ്യപെട്ടുള്ള ഹര്‍ജി തള്ളിയ കോടതി സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട 22 വിഷയങ്ങളില്‍ ബാക്കിയുള്ള രണ്ടെണ്ണത്തില്‍ മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും സെബിയോട് കോടതി ഉത്തരവിട്ടു. അനാമിക ജയ്‌സ്വാള്‍ നല്‍കിയ പൊതു തലപര്യ ഹര്‍ജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്, അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് 22 കേസുകളില്‍ 20 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ബാക്കിയുള്ള രണ്ട് കേസുകളില്‍, മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചത്. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് നഷ്ടമോ, നിയമലംഘനമോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടും, സര്‍ക്കാര്‍ ഏജന്‍സികളോടും കോടതി ആവശ്യപ്പെട്ടു. നിയമ ലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം പ്രഖ്യാപിച്ചത്. നിലവില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയും സെബിയും നടത്തിവരുന്ന അന്വേഷണത്തില്‍ അവിശ്വാസത ചൂണ്ടിക്കണിച്ച ഹര്‍ജി ആരോപണങ്ങള്‍ക്ക് മതിയായ തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി.

സെബിയില്‍ നിന്ന് അന്വേഷണം മറ്റൊരു അതോറിറ്റിയിലേക്ക് മാറ്റേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, അസാധാരണമായ സന്ദര്‍ഭങ്ങളില്‍ അന്വേഷണ ഏജന്‍സിയെ മാറ്റാന്‍ കോടതിക്ക് അധികാരമുണ്ടെങ്കിലും, നിലവിലെ അതോറിറ്റി അന്വേഷണം നടത്തുന്നതില്‍ ബോധപൂര്‍വവുമായ പരാജയം കാണിക്കുമ്പോള്‍ മാത്രമേ ഈ അധികാരം ഉപയോഗിക്കൂ എന്നും പറയുന്നു. അന്വേഷണം നടത്തുന്നതില്‍ സെബിക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാണിക്കാന്‍ ഹര്‍ജിക്കാര്‍ ഓസിസിആര്‍പിയുടെ അദനിക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചിരുന്നു. എന്നാല്‍ സത്യാവസ്ഥ സ്ഥിരീകരിക്കാതെ ഒരു ബാഹ്യ സംഘടനയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആധികാരിക തെളിവായി കണക്കാക്കാനാവില്ലെന്ന് കോടതി വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പ് നിരവധി വര്‍ഷങ്ങളായി ഒരു കൃത്രിമ സ്റ്റോക്ക് സ്‌കീമിലും അക്കൗണ്ടിംഗ് വഞ്ചനയിലും ഏര്‍പ്പെട്ടതായി ആരോപിച്ചിരുന്നു. സെപ്റ്റംബറില്‍, OCCRP അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമത്വത്തിന്റെ പുതിയ അവകാശവാദങ്ങള്‍ ഉന്നയിച്ചു. ഒസിസിആര്‍പി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്, കുറഞ്ഞത് രണ്ട് സന്ദര്‍ഭങ്ങളിലെങ്കിലും, സ്ഥിര നിക്ഷേപകരെന്ന് വിശ്വസിക്കുന്ന ആളുകള്‍ യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം ഓഹരി ഉടമകളായ അദാനി കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.ഫ്പിഐ (ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ്), എല്‍ഒഡിആര്‍ (ബാധ്യതകളുടെ പട്ടികയും വെളിപ്പെടുത്തല്‍ ആവശ്യകതകളും) ചട്ടങ്ങളില്‍ ചട്ടങ്ങളിലെ ഭേദഗതികള്‍ പിന്‍വലിക്കാന്‍ സെബിയോട് നിര്‍ദ്ദേശിക്കുന്നതിന് സാധുതയുള്ള കാരണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വിധി വ്യക്തമാക്കി.നിയുക്ത നിയമനിര്‍മ്മാണ അധികാരത്തിന് കീഴില്‍ ഈ മാറ്റങ്ങള്‍ വരുത്താന്‍ സെബിക്ക് അധികാരമുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടിക്രമം ശരിയും നിയമപരവുമാണെന്ന് കോടതി കണ്ടെത്തി. ഈ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും കര്‍ശനമാക്കുന്നതിനുമാണ് ഭേദഗതികള്‍ വരുത്തിയത്.

അദാനി ഗ്രൂപ്പ് കമ്പനികളില്‍ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വ്യാപകം, ഗ്രൂപ്പില്‍പ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടുന്നത് തന്ത്രങ്ങളിലൂടെ, കോര്‍പറേറ്റ് രംഗത്തു ദുര്‍ഭരണം, ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിനു ഭീഷണി തുടങ്ങിയവയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ പ്രധാന ആരോപണങ്ങള്‍.

Share on

മറ്റുവാര്‍ത്തകള്‍