UPDATES

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അതിവേഗം വളരുന്ന ‘ചങ്ങാത്ത മുതലാളിത്തം’

അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ് ലിമിറ്റഡ് സിമന്റ് നിര്‍മാതാക്കളായ സാംഗി ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയ ഇടപാടിനു പിന്നിലെ കളികളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നത്

                       

മോദി സര്‍ക്കാര്‍, വ്യവസായികളായ തങ്ങളുടെ ചങ്ങാതിമാരെ കൂടുതല്‍ സമ്പന്നരാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ആയുധമാക്കുന്നുണ്ടെന്നാണ് ആക്ഷേപം. എതിരാളികളായ രാഷ്ട്രീയ നേതാക്കളെയും പ്രതപക്ഷ സര്‍ക്കാരുകളെയും നിശബ്ദരാക്കാനും അട്ടിമറിക്കാനും സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി), ആദായ നികുതി വകുപ്പ് എന്നിവയെ വഴിവിട്ട് ഉപയോഗിക്കുന്നുണ്ടെന്നത് സജീവമായി നിലനില്‍ക്കുന്ന ആരോപണമാണ്. ഇതിനൊപ്പം തന്നെയാണ് വന്‍ ബിസിനസുകാര്‍ക്ക് വേണ്ടി അവരുടെ എതിരാളികളെ കീഴ്‌പ്പെടുത്താനും കേന്ദ്ര ഏജന്‍സികളെ ഇറക്കുന്നത്. ഏറ്റവുമൊടുവിലായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ് ലിമിറ്റഡ് സിമന്റ് നിര്‍മാതാക്കളായ സാംഗി ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ(എസ് ഐ എല്‍) ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയ ഇടപാടിനു പിന്നിലെ കളികളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നത്.

സിമന്റ് ഉത്പാദനത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ‘ശ്രീ സിമന്റ് ഗ്രൂപ്പ്’ സാംഗി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അദാനി ഗ്രൂപ്പിനോട് മത്സരിക്കാനായിരുന്നു അവരുടെ തീരുമാനം. എന്നാല്‍ ആദായനികുതി വകുപ്പ് ശ്രീ സിമന്റ്‌സിനെതിരേ റെയ്ഡ് നടത്തി. തുടര്‍ന്നവര്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയാണുണ്ടായതെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

ഈ വര്‍ഷം ജൂണിലാണ് ശ്രീ സിമന്റ്‌സ് ഗ്രൂപ്പില്‍ ആദായനികുതി വകുപ്പ് പരിശോധന നടന്നത്. 23,000 കോടിയുടെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ പരിശോധനയില്‍ പിടിച്ചെടുത്തുവെന്നാണ് ഐടി ഉദ്യോഗസ്ഥര്‍ പിന്നീട് വെളിപ്പെടുത്തിയത്. പ്രതിവര്‍ഷം 12,00 മുതല്‍ 14,00 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി റെയ്ഡില്‍ കണ്ടെത്തിയരേഖകളുടെ സൂക്ഷ്മപരിശോധനയില്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ റെയ്ഡിനുശേഷമാണ് ശ്രീ സിമന്റ്‌സ് സാംഗി ഇന്‍ഡസ്ട്രീസ് ഇടപാടില്‍ നിന്നും പിന്‍വാങ്ങുന്നത്.

വന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം അദാനി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഇടപാടാണിത്. സിമന്റ് ഉത്പാദന രംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള വഴികൂടിയായിട്ടാണ് നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അദാനി ഗ്രൂപ്പ് ഈ ഇടപാടിനെ കാണുന്നത്.

2023 ഓഗസ്റ്റ് 3-നാണ് അദാനി ഗ്രൂപ്പ് സാംഗി സിമന്റ്സ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. അദാനി സിമന്റസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സ് സാംഗി ഇന്‍ഡസ്ട്രീസിന്റെ നിലവിലുള്ള പ്രമോട്ടര്‍ ഗ്രൂപ്പായ രവി സാംഗി ആന്‍ഡ് ഫാമിലിയില്‍ നിന്നും 14,65,78,491 ഇക്വിറ്റി ഓഹരികളാണ് സ്വന്തമാക്കിയത്(വോട്ടിംഗ് ഷെയര്‍ ക്യാപിറ്റലിന്റെ 56.74 ശതമാനമാണിത്). കൂടാതെ കമ്പനി 26 ശതമാനം ഓഹരികള്‍ക്കായി ഒരു ഓപ്പണ്‍ ഓഫറും നല്‍കും, അതായത്, 6,71,64,760 ഇക്വിറ്റി ഓഹരികള്‍. ഒരു ഓഹരിയുടെ വില 114. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 7.8 ശതമാനം പ്രീമിയമാണ്. 5,000 കോടി രൂപയാണ് ഇടപാടിന്റെ എന്റര്‍പ്രൈസ് മൂല്യം. അംബുജ സിമന്റിന്റെ ആന്തരിക സമ്പാദ്യത്തില്‍ നിന്നാണ് ഇടപാടിന് പണം കണ്ടെത്തുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വലിയ കപ്പലുകള്‍ കൈകാര്യം ചെയ്യുന്നതിനായി സാംഗിപുരത്തെ ക്യാപ്റ്റീവ് തുറമുഖം വികസിപ്പിക്കുന്നതിനും എസിഎല്‍ നിക്ഷേപം നടത്തും.

സാംഗി ഇന്‍ഡസ്ട്രീസും, അവരുടെ സാംഗിപുരം തുറമുഖവും ഏറ്റെടുക്കാനുള്ള എസിഎല്ലിന്റെ നീക്കം അദാനിയുടെ തുറമുഖ കുത്തകയെ കൂടുതല്‍ സുഗമമാക്കുമെന്നാണ് ജയറാം രമേശ് പറയുന്നത്. അദാനി ഗ്രൂപ്പിന് സുപ്രധാന സ്വത്തുക്കളുടെ നിയന്ത്രണം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

‘പ്രധാനമന്ത്രിയുടെ ചങ്ങാതിമാരെ സമ്പന്നരാക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ദീര്‍ഘകാല മാതൃകയുടെ ഭാഗമാണ് നമ്മള്‍ കാണുന്നത്. ഇഡി, സിബിഐ പോലുള്ള ഏജന്‍സികള്‍ പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനും പ്രതിപക്ഷം ഭരിക്കുന്ന സര്‍ക്കാരുകളെ താഴെയിറക്കാനും മാത്രമല്ല ഉപയോഗിക്കുന്നത്, 95% അന്വേഷണങ്ങളും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ളതാണ്”; രാജ്യസഭാ എംപികൂടിയായ ജയറാം രമേശ് തന്റെ പ്രസ്താവനയില്‍ പറയുന്നു.

മുംബൈ വിമാനത്താവളം, കൃഷ്ണപട്ടണം തുറമുഖം, ഇപ്പോള്‍ സാംഗി ഇന്‍ഡസ്ട്രീസ് തുടങ്ങി വിലയേറിയ ആസ്തികള്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകളെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് കൈമാറുകയാണ്,” ജയറാം രമേശ് തന്റെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ഇന്ത്യയില്‍ അസമത്വം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴും, ഇന്ത്യന്‍ പൗരന്മാര്‍ റെക്കോര്‍ഡ് വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം നട്ടംതിരിയുമ്പോഴും പ്രധാനമന്ത്രി മോദി തന്റെ അടുത്ത സുഹൃത്തുക്കളുടെ കൈകളില്‍ അഭൂതപൂര്‍വമായ സമ്പത്ത് ശേഖരിക്കപ്പെടാനാണ് മേല്‍നോട്ടം വഹിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം. അദാനി ഗ്രൂപ്പിന്റെ ബിസിനസ് എതിരാളികള്‍ക്കുമേല്‍ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് എന്ന പേരില്‍ നിരന്തരം നടത്തുന്ന സമ്മര്‍ദ്ദം ഉപയോഗിച്ചാണ് അദാനി ഗ്രൂപ്പ് തുടര്‍ച്ചയായുള്ള നേട്ടങ്ങള്‍ സ്വന്തമാക്കുന്നതെന്നും പ്രധാനമന്ത്രി മോദിയില്‍ നിന്നാണ് ഇതിനുള്ള സഹായങ്ങള്‍ ലഭിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയോട് നിരന്തരം രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.

മൈക്രോബ്ലോഗിംഗ് സൈറ്റായ ‘എക്‌സില്‍’ (ട്വിറ്റര്‍) കോണ്‍ഗ്രസിന്റെ ഹം അദാനി കെ ഹേ കൗന്‍ (HAHK) എന്ന പരമ്പരയില്‍ പ്രധാനമന്ത്രി മോദിയോടുള്ള 100 ചോദ്യങ്ങളില്‍, അദാനി ഗ്രൂപ്പ് എങ്ങനെയാണ് സന്ദര്‍ഭോചിതമായി ആവര്‍ത്തിച്ച് ലാഭം നേടുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നുണ്ടെന്നാണ് ജയറാം രമേശ് പറയുന്നത്. അദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് എതിരാളികളില്‍ മോദി അന്വേഷണ ഏജന്‍സികളെക്കൊണ്ട് റെയ്ഡുകള്‍ നടത്തിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഇതില്‍ ആരോപിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സ് സാംഗി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നതാണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയ എപ്പിസോഡ് എന്നും ജയറാം രമേശ് പറയുന്നു.

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഇപ്പോള്‍ സിമന്റ് കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ അദാനി ഗ്രൂപ്പുമായി മത്സരിക്കുന്ന മറ്റ് കമ്പനികള്‍ സിബിഐ, ഇഡി, ആദായ നികുതി വകുപ്പുകളുടെ പരിശോധനകള്‍ക്ക് വിധേയമാക്കപ്പെടുകയാണ്. ഇത്തരം റെയ്ഡുകള്‍ മറ്റ് കമ്പനികളെ ലേലങ്ങളില്‍ നിന്നും ഇടപാടുകളില്‍ നിന്നും പിന്‍വലിയാന്‍ നിര്‍ബന്ധിതരാക്കുകയും, സമ്പത്ത് എല്ലാം അദാനിയിലേക്ക് എത്തപ്പെടുകയും ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട ബിസിനസ്മാന്‍ എന്നാണ് കോണ്‍ഗ്രസ് പരിഹസിക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ സാംഗി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഇങ്ങനെയാണ്;

2023 ഏപ്രില്‍ 28 ന് സിമന്റ് നിര്‍മാണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ശ്രീ സിമന്റ് സാംഗി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നു.

2023 ജൂണ്‍ 23 ന് ശ്രീ സിമന്റുമായി ബന്ധപ്പെട്ട അഞ്ച് കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡുകള്‍ നടക്കുന്നു.

2023 ജൂലൈ 19; സാംഗി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കാനുള്ള മത്സരത്തില്‍ നിന്നും ശ്രീ സിമന്റ് പിന്‍വാങ്ങുന്നു.

2023 ഓഗസ്റ്റ് 3- ആദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ് സാംഗി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നു.

ഗുജറാത്തിലെ സാംഗിപുരത്തെ സാംഗി യൂണിറ്റ് രാജ്യത്തെ ഏറ്റവും വലിയ സിമന്റ്-ക്ലിങ്കര്‍ പ്ലാന്റാണ്. സാംഗിപുരം തുറുമുഖവും ഇതിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ കുത്തക വിപുലമാക്കാന്‍ സാംഗിപുരം തുറമുഖത്തിന്റെ കൈയടക്കലും ഇനിയവരെ സഹായിക്കും. ഇതിനെല്ലാം വേണ്ടി പ്രധാനമന്ത്രി മോദി അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അദാനിയുമായുള്ള മത്സരത്തില്‍ നിന്നും പിന്മാറുന്ന ഗ്രൂപ്പുകള്‍, തങ്ങള്‍ നേരിട്ട റെയ്ഡുകളുടെ സമ്മര്‍ദ്ദത്താലാണ് ഈ പിന്മാറ്റമെന്ന് സമ്മതിക്കില്ലെങ്കിലും, സത്യം ഒരിക്കലും മൂടിവയ്ക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍