UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അബദ്ധ ഗര്‍ഭധാരണവും കുഞ്ഞിനെ കൊല്ലുന്ന അമ്മയും; അറിഞ്ഞിരിക്കേണം ഇക്കാര്യങ്ങള്‍

ഇത് പെണ്‍കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ്. ഒരു വികാരവും ഇവര്‍ക്ക് നിയന്ത്രിക്കാനാവില്ല.

                       

കൊച്ചിയില്‍ അബദ്ധഗര്‍ഭ ധാരണത്തെ തുടര്‍ന്ന് നവജാത ശിശുവിനെ യുവതി കൊലപ്പെടുത്തി, ഹോസ്റ്റല്‍ മുറിയില്‍ യുവതി പ്രസവിച്ചു- രണ്ട് ദിവസത്തിനിടെ കേരളം ഏറെ ചര്‍ച്ച ചെയ്ത രണ്ട് സംഭവങ്ങളാണിവ. എന്ത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കൂടുതലാവുന്നത്. ഇത്തരം ആളുകളുടെ മാനസിക നില എന്താണ്. ഡോ അരുണ്‍ ബി നായര്‍ (Professor of Psychiatry Medical College Tvm, Hon Consultant Psychiatrist Sree Chithra Institute of Medical Science and Technology) അഴിമുഖത്തോട് പങ്ക് വച്ച കാര്യങ്ങള്‍

പലപ്പോഴും അബദ്ധ ഗര്‍ഭധാരണം അല്ലെങ്കില്‍ താല്‍പര്യമില്ലാത്ത ഗര്‍ഭധാരണം വ്യാപകമായി നടക്കുന്നുണ്ടെന്നതാണ് സത്യം. വീട്ടുകാര്‍ അറിയാതെയുള്ള പ്രണയത്തിന്റെ ഭാഗമായി ഉണ്ടാവുന്നതാവാം. അല്ലെങ്കില്‍ ആ വ്യക്തിയ്ക്ക് താല്‍പര്യമില്ലാതെ, അതായത് ലൈംഗീക ചൂഷണത്തിന്റെ ഭാഗമായിട്ടുള്ളതാവാം. നമ്മുടേത് പകുതി പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട സമൂഹമാണ്്. പൂര്‍ണമായും പാശ്ചാത്യവല്‍ക്കരിച്ച സമൂഹത്തില്‍ പരസ്പരം പരിചയപ്പെടുന്നു, ഇണ ചേരുന്നു. അവര്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ്. അഥവ ഗര്‍ഭം ധരിച്ചാല്‍ പോലും അത് കൂടുതല്‍ വൈകും അവര്‍ മുന്‍പ് ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുന്നു. പക്ഷെ ഇന്ത്യയില്‍ ജീവിത ശൈലിയില്‍ പാശ്ചാത്യലോകത്തിന്റെ സമാനമായ സ്വാതന്ത്ര്യം നമ്മള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിനോടൊപ്പം വച്ച് പുലര്‍ത്തേണ്ട ജാഗ്രതകളെ കുറിച്ച് അറിവില്ല. അതായത് സുരക്ഷിതമായ ലൈംഗീക ബന്ധം, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ യുക്തിസഹമായ ഉപയോഗം, ഇനി ഈ മാര്‍ഗങ്ങള്‍ പരാജയപ്പെട്ടാല്‍ നിയമപരമായ അവകാശത്തോടെ ഗര്‍ഭഛിദ്രം നടത്താനുള്ള അറിവ്, ആ അവകാശം ഉപയോഗപ്പെടുത്താനുള്ള അറിവ്. ഇത്തരം കാര്യങ്ങളുടെ പോരായ്മയാണ് ഇവിടെ പ്രശ്‌നം.

വൈകാരിക അസ്ഥിരത

അബദ്ധ ഗര്‍ഭധാരണം പോലുള്ളവയില്‍ പലപ്പോഴും ചെന്ന് വീഴുന്നത് ചില വൈകാരിക അസ്വാസ്ഥ്യങ്ങളുള്ള ആളുകളാണ്. അതായത് വൈകാരിക അസ്ഥിരതയുള്ള വ്യക്തിത്വ വൈകല്യം അഥവാ ഇമോഷണലി അണ്‍സ്‌റ്റേബിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ പോലുള്ള പേഴ്‌സണാലിറ്റി ഡിസോഡര്‍ ഉള്ളവര്‍. ഇത് പെണ്‍കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ്. ഒരു വികാരവും ഇവര്‍ക്ക് നിയന്ത്രിക്കാനാവില്ല. ദേഷ്യമാണെങ്കിലും സന്തോഷമാണെങ്കിലും ഒന്നും നിയന്ത്രിക്കാനാവില്ല. എടുത്തുചാടി കാര്യങ്ങള്‍ ചെയ്യുന്നവരാണിവര്‍. പെട്ടെന്ന് ഒരാളെ പരിചയപ്പെടുന്നു. അയാളുമായി വളരെ വേഗം അടക്കുന്നു. അയാളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് മനസിലാക്കുന്നതിന് മുന്‍പ് തന്നെ പരിധി വിട്ട് ബന്ധം വളരുകയും വളരെ പെട്ടെന്ന് എടുത്തചാട്ട രീതിയില്‍ ലൈംഗീക ബന്ധം സ്വീകരിക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭനിരോധന മാര്‍ഗം പോലെയുള്ള മുന്‍കരുതലുകള്‍ ഉപയോഗിക്കാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ വരുമ്പോള്‍ ഗര്‍ഭ സാധ്യത കൂടുതലാണ്. ഗര്‍ഭം ധരിക്കുമ്പോള്‍ അവര്‍ അത് പരാമവധി മറച്ച് വയ്ക്കുന്നു. മറച്ച് വയ്ക്കലിന്റെ പരിധി കഴിയുമ്പോഴാണ് കൊച്ചിയിലേതിനു സമാനമായ അവസ്ഥകള്‍ ഉണ്ടാവുന്നത്.

ഇവരില്‍ കാണുന്ന പൊതുസ്വഭാവങ്ങള്‍ ഇവയാണ്

സമൂഹമായുള്ള ബന്ധം കുറവായിരിക്കും. സൗഹൃദങ്ങള്‍ കുറവായിരിക്കും. ഇത്തരം കാര്യങ്ങളില്‍ ഉപദേശം ചോദിക്കാന്‍ ആരും ഉണ്ടാവില്ല

വീട്ടുകാരുമായി ആരോഗ്യ ബന്ധം ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കും

വീടിന് പുറത്ത് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ വീട്ടുകാരോ കൂട്ടുകാരോ അധ്യാപകരോ അങ്ങനെ അടുപ്പമുള്ളവരോ കാണില്ല. സാമൂഹികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരായിരിക്കും ഇത്തരം പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുന്നത്.

പ്രസവാനന്തര വിഷാദം

ചിലപ്പോഴെങ്കിലും പ്രസവത്തിന് ശേഷം വൈകാരിക അസ്വസ്ഥത കണ്ടുവരാറുണ്ട്. പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും പങ്കാളികളുടെയും വീട്ടുകാരുടെയും പിന്തുണയില്‍ അതിനെ അതിജീവിക്കും. എന്നാല്‍ ചെറിയ ശതമാനം തീവ്രമായ വിഷാദത്തിലേക്ക് പോവും. ഉറക്കമില്ലായ്മ, സങ്കടം, കുഞ്ഞ് രോഗം വന്ന് മരിച്ച് പോവുമെന്നോ കുഞ്ഞിനോ തനിക്ക് നന്നായി നോക്കാന്‍ സാധിക്കുമോ എന്ന ആശങ്ക എന്ന സംശയം. ഇവരില്‍ ആത്മഹത്യ പ്രവണത പോലെയുള്ള അവസ്ഥയിലേക്ക് എത്തിച്ചേരാം.

പോസ്‌പോര്‍ട്ടം സൈക്കോസിസ് അഥവാ പ്രസവാനന്തര ചിത്തഭ്രമം

ഇവിടെ പ്രസവ ശേഷം ഒട്ടും യുക്തിസഹമല്ലാത്ത ചിത്തഭ്രമ ചിന്തകള്‍ സ്ത്രികളിലുണ്ടാവുന്നു.
കുട്ടി അപകടകാരിയാണ് ,കുട്ടിതന്നെ കൊന്ന് കളയും, ചെവിയില്‍ അശരീരി ശബ്ദം മുഴുങ്ങുന്നത് പോലെയുള്ള അസ്വാഭാവിക അനുഭവം, ആക്രമസ്വഭാവം വരിക അങ്ങനെ വരാം. അത്തരം സന്ദര്‍ഭങ്ങളില്‍ അമ്മ ചിത്തഭ്രമത്തില്‍ അകപ്പെട്ട് അമ്മ മിഥ്യാവിശ്വാസം മൂലം തന്റെ കുട്ടിയെ കൊല്ലുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

ജീവിത നിപുണതാ വിദ്യാഭ്യാസം വേണം

സുരക്ഷിതമായ അല്ലെങ്കില്‍ ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ വികസിപ്പിക്കാനാവശ്യമായിട്ടുള്ള ജീവിത നിപുണതാ വിദ്യാഭ്യാസം സ്‌കൂള്‍ തലത്തില്‍ തന്നെ കൊടുക്കേണ്ടതുണ്ട്. സൗഹൃദങ്ങളിലും ബന്ധങ്ങളിലും ആരോഗ്യകരമായ അതിര്‍വരമ്പുകള്‍ എങ്ങനെ സ്ഥാപിക്കാം അവിടെ അപകടങ്ങള്‍ പറ്റാതെ സൂക്ഷിക്കാം എന്നുള്ള തിരിച്ചറിവ് നേരത്തെ തന്നെയുണ്ടെങ്കില്‍ ബന്ധങ്ങളുടെ അതിര്‍വരമ്പ് നിശ്ചിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കും. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സുരക്ഷിതമായ ലൈംഗീക ബന്ധത്തെ കുറിച്ചും ഗര്‍ഭനിരോധനമാര്‍ഗത്തെ കുറിച്ചെല്ലാം കൃത്യമായ അവബോധം വേണം. ആ അവബോധത്തിന്റെ ഭാഗമായിട്ട് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സിസ് ആക്ട് എന്ന നിയമം നാട്ടിലുണ്ടെന്നും അത് അവകാശം ആണെന്നും അത് നിയമപരമായിട്ട് ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ലെന്ന ബോധവും നല്‍കേണ്ടതുണ്ട്. കുട്ടികള്‍ക്കൊപ്പം ഇത്തരം ബോധവല്‍ക്കരണം മാതാപിതാക്കള്‍ക്കും കുടംബശ്രീ വഴിയും റെസിഡന്‍സ് അസോസിയേഷന്‍ പോലുള്ള വഴിയും നല്‍കേണ്ടതാണ്. കുട്ടികള്‍ ചതിക്കുഴികളില്‍ വീണാല്‍ അവരെ പിന്തുണയ്ക്കാന്‍ ഇത് വഴി മാതാപിതാക്കള്‍ക്കും സാധിക്കും.

 

Content summary; Signs of postpartum psychosis in new mothers

Share on

മറ്റുവാര്‍ത്തകള്‍